Mangroves in Kerala
Grassrouteരണ്ടായിരത്തിപ്പതിനഞ്ച് മെയ് മാസം ഇറങ്ങിയ കൂടു് മാസികയിലെ 13 മുതല്‍ 18 വരെയുള്ള താളുകളില്‍ പ്രതിപാദിക്കുന്ന കേരളത്തിലെ കണ്ടലുകളുടെ ടെക്സ്റ്റ് ഒരു റഫറന്‍സ് ആവശ്യത്തിനായി ടൈപ്പ് ചെയ്ത് എടുത്തതാണു്. ഇതില്‍ ചില പാരഗ്രാഫുകളില്‍ മറ്റുള്ള ഉറവിടങ്ങളില്‍ നിന്നു കിട്ടിയ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടു് -അതു് അവിടെത്തന്നെ സൂചിപ്പിച്ചിട്ടുമുണ്ടു്. കൂടു മാസിക ഈ ലേഖനത്തിന്റെ ലൈസന്‍സ് സംബന്ധമായി ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ നേരേ കോപ്പി പേസ്റ്റ് ചെയ്യുന്നു. ലൈസന്‍സിനെപ്പറ്റി കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍ koodumasika@gmail.com എന്ന വിലാസത്തില്‍ അവരെ നേരിട്ടു ബന്ധപ്പെടുക.
എന്താണ് കണ്ടലുകൾ?
ഉപ്പുവെള്ളം കയറിയിറങ്ങുന്ന ചതുപ്പുകളിൽ വളരുന്ന സസ്യങ്ങളെയാണ് കണ്ടലുകൾ എന്നു പറയുന്നത്.
എവിടെയാണ് കണ്ടലുകള്‍ വളരുന്നത്?
പുഴയും കടലും ചേരുന്നിടത്തുള്ള തണ്ണീർത്തടങ്ങൾ, കായലോരങ്ങൾ, അഴിമുഖങ്ങൾ എന്നിവിടങ്ങളിലാണു് ഇവ സ്വാഭാവികമായി വളരുന്നതു്.
എന്താണ് കണ്ടലുകളുടെ സവിശേഷത?
നദികളിൽ നിന്ന് ഒഴുകിയെത്തുന്ന ഫലഭൂയിഷ്ഠമായ എക്കലും കടലിൽ നിന്നും വേലിയേറ്റത്തിൽ കയറിയെത്തുന്ന ധാതുലവണങ്ങളും മറ്റു പോഷകവസ്തുക്കളും കണ്ടൽക്കാടുകളെ ജീവോൽപ്പാദനത്തിന്റെ ഭൂമിയിലെ ഏറ്റവും മികച്ച ആവാസവ്യവസ്ഥകളിലൊന്നാക്കുന്നു.
കണ്ടൽക്കാടുകൾ
ലോകത്താകമാനം 124 രാജ്യങ്ങളിലായി ഏകദേശം 19.8 ദശലക്ഷം ഹെക്ടർ പ്രദേശത്ത് കണ്ടൽക്കാടുകൾ പരന്ന് കിടക്കുകയാണ്. ഭൂമിശാസ്ത്രപരമായി കണ്ടൽക്കാടുകൾ രണ്ടു മേഖലകളായിട്ടാണ് കാണപ്പെടുന്നത്. ഇന്ത്യയുൾപ്പെടുന്ന ഇന്തോപസഫിക് മേഖലയും അമേരിക്കയും പടിഞ്ഞാറൻ ആഫ്രിക്കൻ തീരങ്ങളും ഉൾക്കൊള്ളുന്ന മേഖലയും. ഇന്ത്യയിൽ ഏകദേശം 6740 ചതുരശ്ര കിലോമീറ്റർ കണ്ടല്‍ക്കാടുകളുണ്ടു്. അതില്‍ 88% സുന്ദർബൻസിലും ആൻഡമാൻ നിക്കോബാർ ദ്വീപുൾക്കൊള്ളുന്ന കിഴക്കൻ തീരങ്ങളിലുമാണ്. കേരളതീരം ഒരുകാലത്ത് കണ്ടൽക്കാടുകൾ കൊണ്ട് സമൃദ്ധമായിരുന്നു ഇപ്പോഴുള്ള വിസ്തൃതി 50 ച. കിലോമീറ്ററിലും താഴെ.
സഹ്യന്റെ മടിത്തട്ടിൽ നിന്ന് വാർന്നൊഴുകുന്ന 41 നദികൾ മലനാടും ഇടനാടും താണ്ടി അറബിക്കടലുമായി സംഗമിക്കുന്നതോടെ ഉടലെടുക്കുന്ന 34 അഴിമുഖങ്ങളും, കായൽപ്പരപ്പുകളും തോടുകളും കണ്ടൽക്കാടുകൾക്ക് വളരെ യോജിച്ച അന്തരീക്ഷമൊരുക്കുന്നു.
ഇന്ത്യയിലുള്ള 54 ഇനങ്ങളിൽ 16 എണ്ണം കേരളത്തിൽ കണ്ടുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരുവെള്ളത്തിന്റെയും വേലിയേറ്റത്തിന്റെയും അളവനുസരിച്ച് കണ്ടൽച്ചെടികളുടെ വിതരണത്തിലും വ്യത്യാസങ്ങൾ കണ്ടുവരുന്നു.
കേരളത്തിലവശേഷിക്കുന്ന 50 ച.കീ.മി. കണ്ടൽക്കാടുകളിൽ പകുതിയിലധികവുമുള്ളത് കോഴിക്കോടിനു വടക്ക് കണ്ണൂരിലും കാസർഗോഡ് ജില്ലയിലുമാണ്.
പീക്കണ്ടൽ (പ്രാന്തൻ കണ്ടൽ) / Long-fruited Stilted Mangrove / Rhisophora mucronata
കണ്ടല്‍ച്ചെടി എന്നു പറയുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ആദ്യം തെളിയുന്ന ചിത്രം പ്രാന്തന്‍ കണ്ടലിന്റേതാണു്. കേരളവനംവകുപ്പു് കേരളത്തിലങ്ങോളമിങ്ങോളം വനവത്കരണപരിപാടിയുടെ ഭാഗമായി പ്രധാനമായും നട്ടുകൊണ്ടിരിക്കുന്ന കണ്ടല്‍ച്ചെടിയാണിതു്.
ചെറിയൊരു ആല്‍മരം പോലെ ചതുപ്പില്‍ വേരുകളുറപ്പിച്ചു വളര്‍ന്നു നില്‍ക്കുന്ന ഈ കണ്ടല്‍ ഏകദേശം 20 മീറ്റര്‍ വരെ ഉയരം വയ്ക്കുന്നു. ഇടതൂര്‍ന്നു നില്‍ക്കുന്ന ഇലച്ചാര്‍ത്തും കൂട്ടം കൂടി ഒരുപോലെ പന്തലിച്ചു നില്‍ക്കുന്ന തായ്‍വേരും കരയിടിച്ചിലിനെ തടയുകയും കാറ്റിനെ പിടിച്ചു നിര്‍ത്തുകയും എക്കലടിഞ്ഞു് പുതിയകര ഉണ്ടാവാനും സഹായിക്കുന്നു.
തീരപ്രദേശത്തെ ചുഴലിക്കാറ്റില്‍നിന്നും പേമാരിയില്‍നിന്നും ഒരു വന്‍മതിലുപോലെ കടലോരപ്രദേശത്തെ രക്ഷിക്കാനും പ്രാന്തന്‍ കണ്ടലിന്റെ കൂട്ടങ്ങള്‍ സഹായിക്കുന്നു. ചുഴലിക്കാറ്റിന്റെ കെടുതി കൊണ്ടു് താറുമാറായ ബംഗ്ലാദേശിന്റെ തീരങ്ങള്‍ പ്രാന്തന്‍ കണ്ടല്‍ച്ചെടി നട്ടുകൊണ്ടു് ഒരു രക്ഷാകവചം ഒരുക്കിയിരിക്കുകയാണു്. തടി നല്ല വിറകായും ഫര്‍ണ്ണിച്ചറുകളുടെ ആവശ്യത്തിനും ഉപയോഗിക്കാറുണ്ടു്. മരത്തിന്റെ തൊലിയില്‍നിന്നു് ടാനിന്‍, പശ, ചായം, റയോണ്‍ എന്നിവയും ഉത്‍പാദിപ്പിക്കാറുണ്ടു്. കായും ഇളം തളിരും ഭക്ഷ്യയോഗ്യമാണു്. ഇലകള്‍ നല്ല കാലിത്തീറ്റയായും ഉപയോഗിക്കാം. മരത്തൊലിയില്‍ നിന്നു് ഉത്പാദിപ്പിക്കപ്പെടുന്ന ഔഷധങ്ങള്‍ പ്രമേഹരോഗത്തിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഫലപ്രദമാണു്.
പ്രാന്തന്‍ കണ്ടലിനെപ്പറ്റി കൂടുതല്‍ അറിയാന്‍ വിക്കിപീഡിയ സന്ദൎശിക്കുക.
വള്ളിക്കണ്ടൽ / Tall Stilt Mangrove / Rhizophora apiculata
പ്രാന്തന്‍ കണ്ടലിന്റെ അടുത്ത ബന്ധുവായ വള്ളിക്കണ്ടല്‍ പൊതുവേ അപൂര്‍വ്വമായാണു് നമ്മുടെ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്നതു്. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്തും കോഴിക്കോടു് ജില്ലയിലെ കൊളവിപ്പാലത്തും ഇവയുടെ കുറച്ചുമരങ്ങള്‍ ഇപ്പോഴും ബാക്കിയായിട്ടുണ്ടു്. എറണാകുളത്തെ ചെല്ലാനം ചെറിയകടവില്‍ സ്വകാര്യവ്യക്തിയുടെ ഒരേക്കര്‍ വരുന്ന സ്ഥലത്തു് കേരളത്തിലെ ഏറ്റവും വലിയ വള്ളിക്കണ്ടല്‍ സമൂഹം ഉള്ളതായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അടുത്ത കാലത്തു നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പ്രാന്തന്‍ കണ്ടലില്‍ നിന്നു വ്യത്യസ്തമായി ഇലകള്‍ അറ്റം കൂര്‍ത്തതും പൂക്കളില്‍ കേസരങ്ങള്‍ കൂടുതലുമാണു്. മഴക്കാലത്താണു് പൂക്കാലം. പടര്‍ന്നുകയറുന്ന കണ്ടലായതിനാലാവണം വള്ളിക്കണ്ടല്‍ എന്ന പേരു കിട്ടിയതു്.
വള്ളിക്കണ്ടലിനെപ്പറ്റി കൂടുതല്‍ അറിയാന്‍ വിക്കിപീഡിയ സന്ദൎശിക്കുക.
കുറ്റിക്കണ്ടല്‍ / Small-leaved Orange Mangrove / Bruguiera cylindrica
റൈസോഫോറെസിയ കുടുംബത്തില്‍പ്പെട്ട ഈ ചെടി എട്ടു മീറ്ററോളം ഉയരത്തില്‍ വളരുന്നു. ഇവയുടെ കുടുംബത്തില്‍ നിന്നുള്ള നാലോളം ഇനം ചെടികള്‍ ഇന്ത്യയുടെ തീരങ്ങളിലുണ്ട്. മറ്റുള്ളവയില്‍ നിന്നും കുറ്റിക്കണ്ടലിനെ തിരിച്ചറിയുന്നതു് അവയുടെ നല്ല പച്ചനിറത്തിലുള്ള കമ്പുകളും തിളങ്ങുന്ന തടിയും മൂലമാണു്. മുകളിലോട്ടു് ഉന്തി നില്‍ക്കുന്ന മുട്ടുവേരുകളും പടര്‍ന്നു പന്തലിച്ചിരിക്കുന്ന വേരുപടര്‍പ്പുകളും ചിലപ്പോള്‍ പുറത്തേക്കു കാണാം. പൂര്‍ണ്ണവളര്‍ച്ചയെത്തിയ മരങ്ങള്‍ നല്ല ഉരുപ്പടിയായും ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിനും ഉപയോഗിക്കാറുണ്ടു്. മരത്തൊലിയില്‍ നിന്നുമെടുക്കുന്ന ഓഷധങ്ങള്‍, ടാനിന്‍ എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. പിണഞ്ഞുകിടക്കുന്ന വേരുകള്‍ അഴിമുഖതീരത്തെ സംരക്ഷിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നു.
പേനക്കണ്ടല്‍ / കരക്കണ്ടല്‍ / മരക്കണ്ടല്‍ / Large-leaved Orange Mangrove, Bruguiera gymnorrhiza
വലിയ തെങ്ങിനേക്കാള്‍ ഉയരത്തില്‍ വളരുന്ന മരക്കണ്ടലിന് 30 മീറ്ററിലേറെ ഉയരം വയ്ക്കുമത്രെ. വലിയ മുട്ടുവേരുകളും ചുമന്ന പൂക്കളും വിദളങ്ങളും ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. 10-15 സെ.മീ. വലുപ്പത്തിലുള്ള മഷിപ്പേനയുടെ വലുപ്പത്തിലുള്ള കായകള്‍ മഴക്കാലത്താണ് കൂടുതലായി കാണുന്നത്. പുഴയുടെയും കായലിന്റെയും കരയില്‍ വളരുന്നതിനാല്‍ കരക്കണ്ടല്‍ എന്നൊരു പേരുമുണ്ട്. എറണാകുളത്തിനു തെക്കു് വേമ്പനാട് കായലിന്റെ തീരങ്ങളിലാണു് ഇവ കുടുതലായി വളരുന്നതു്. മലബാറില്‍ കണ്ടതായി രേഖകളൊന്നുമില്ല.
സ്വര്‍ണ്ണക്കണ്ടല്‍ / Upriver Orange Mangrove, Bruguiera sexan- gula
കേരളത്തില്‍ ഈയടുത്ത കാലത്തായി കണ്ടെത്തിയ കണ്ടല്‍ ഇനമാണിത്. 10-15 വര്‍ഷം മുമ്പാണു് എറണാകുളത്തു് കുമ്പളങ്ങിയില്‍നിന്നും കണ്ടല്‍ സംരക്ഷകനായ ഇട്ടൂപ്പ് ഇവയെ കണ്ടെത്തുന്നത്. കുമരകത്തെ കണ്ടലമ്മയായി അറിയപ്പെടുന്ന മറിയാമ്മ ചേട്ടത്തി നട്ടുവളര്‍ത്തിയതും സ്വര്‍ണ്ണക്കണ്ടലായിരുന്നു. ചെറുമരമായി വളരുന്ന ഇവയുടെ തളിരിലകളും പൂക്കളും സ്വര്‍ണ്ണനിറത്തിലുള്ളതാണ്. കുറ്റിക്കണ്ടലിനെപ്പോലെ ഇവയ്ക്ക് മൂട്ടുവേരുകളുണ്ടു്. ശുദ്ധജലം കുടുതലുള്ള കരപ്രദേശങ്ങളോടാണ് ഇവയ്ക്കു് പ്രതിപത്തി. പരിഷത്ത് നടത്തിയ പഠനത്തില്‍ ഇവയുടെ ചെറുസമൂഹങ്ങള്‍ കാസറഗോഡ് ജില്ലയിലെ മൊഗ്രാല്‍ പുത്തുരിലും മലപ്പുറം തിരൂരിനടുത്തെ പുല്ലൂണിയിലും കണ്ടെത്തിയിട്ടുണ്ട്. ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാക്കിയായിട്ടുള്ളത് പുല്ലൂണിയിലാണ്. അതാണെങ്കില്‍ സ്വകാര്യവ്യക്തിയുടെ കൈകളിലുമാണ്.
സ്വൎണ്ണക്കണ്ടലിനെപ്പറ്റിയുള്ള വീഡിയോ കാണുക.
ചെറുകണ്ടല്‍, എഴുത്താണിക്കണ്ടല്‍, നല്ല കണ്ടല്‍ / Narrow-leaved Kandelia, Kandelia candel
പ്രാന്തന്‍ കണ്ടലിന്റെ കുടുംബത്തില്‍പ്പെട്ട ചെടിയാണിത്. എട്ടു മീറ്ററോളം ഉയരത്തില്‍ വളരും. നീണ്ടു വെളുത്ത പൂക്കള്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്താണു് കുടുതലായി കണ്ടുവരുന്നതു്. ഒരു കുലയില്‍ നാലു പൂക്കള്‍ വരെ കണ്ടുവരുന്നു. പരാഗണം നടത്തുന്നത് ചെറിയ പ്രാണികളും പൂമ്പാററകളുമാണ്. കായ്കൾ നീണ്ടതും കൂര്‍ത്ത അഗ്രമുള്ളതുമാണു്. 30-60 സെന്റിമീറ്റര്‍ നീളത്തില്‍ വരെ കാണാവുന്നതാണു്. പ്രാന്തന്‍ കണ്ടലിനെപ്പോലെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ കായ്കള്‍ താഴോട്ട് പ്രസവിച്ചാണ് വിത്തുവിതരണം നടത്തുന്നത്. എഴുത്താണിക്കണ്ടല്‍ സാധാരണയായി കാണപ്പെടുന്നത് അഴിമുഖങ്ങളില്‍നിന്നും മാറി തോടുകളിലും പുഴക്കരയിലുമാണ്. കായ്കള്‍ പുഴുങ്ങി പച്ച നിറത്തിലുള്ള തൊലി കളഞ്ഞ് അരിഞ്ഞെടുത്ത് വെയിലത്തുണക്കി പഞ്ചസാരയുടെയൊപ്പം പലഹാരമായി കഴിക്കാറുണ്ട്. പ്രമേഹരോഗത്തിന് ഈ ചെടിയില്‍ നിന്നുത്പാദിപ്പിക്കുന്ന ഔഷധം വളരെ വിശേഷപ്പെട്ടതാണു്.
എഴുത്താണിക്കണ്ടലിന്റെ ചില ചിത്രങ്ങള്‍ ഇവിടെ ക്ലിക്‍ ചെയ്തു കാണുക.
ആനക്കണ്ടല്‍ /മഞ്ഞക്കണ്ടല്‍ / Tagal Mangrove, Ceriops tagal
ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലും ആന്തമാന്‍ ദ്വീപുകളിലും കാണപ്പെടുന്ന ആനക്കണ്ടല്‍ നീണ്ടകര അഴിമുഖത്തിനടുത്തുള്ള വിന്‍സന്റ് വക തുരുത്തില്‍ കുറച്ചെണ്ണം ബാക്കിയായിട്ടുള്ളതായി പഠനങ്ങള്‍ വെളിവാക്കുന്നു. നാലു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഭംഗിയുള്ള മരമാണിത്. ഇലകള്‍ ദീര്‍ഘവൃത്താകൃതിയിലുള്ളതും കട്ടിയുള്ളതുമാണ്. വെളുത്തപൂക്കള്‍ കൂട്ടമായാണ് കാണപ്പെടുന്നത്. ധാരാളം പൂന്തേനുള്ളതിനാല്‍ പ്രാണികളെ ആകര്‍ഷിക്കാറുണ്ടു്. ഉണങ്ങാത്ത പഴയ മുറിവുകള്‍ ഉണങ്ങുന്നതിന് ഈ കണ്ടലിന്റെ തൊലി അരച്ചു പുരട്ടാറുണ്ടു്. ഇവയുടെ കമ്പുകള്‍ തിളപ്പിച്ചുണ്ടാക്കുന്ന കഷായം മലമ്പനിക്ക് ഉത്തമ ഔഷധമാണത്രെ.
ഉപ്പട്ടി, ഉപ്പൂത്ത / White Mangrove, Avicennia officinalis
ഒട്ടുമിക്ക പുഴക്കരയിലും അഴിമുഖങ്ങളിലും വലിയ മരമായി വളര്‍ന്നു നില്‍ക്കുന്നവയാണു് ഉപ്പട്ടി. ഈ പേര് ഉപ്പ് ഊറ്റി എന്നതില്‍നിന്നു വന്നതാവാം. പ്രത്യേകതരം കോശസംവിധാനം അധികമുള്ള ഉപ്പിനെ ഇലകളിലുടെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. പുഴവെള്ളത്തിലുള്ള ഉപ്പിന്റെ അംശം കരയിലേക്ക് കയറാതെ സംംരക്ഷിച്ചു നിര്‍ത്താന്‍ ഒരു പരിധിവരെ സഹായിക്കുന്ന കാവല്‍ ഭടന്മാരാണ് ഉപ്പട്ടി മരം. 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെടി നമ്മുടെ നാട്ടിലെ കണ്ടല്‍ക്കാടുകളിലെ പ്രധാന മരങ്ങളിലൊന്നാണു്. ഇവയുടെ പ്രത്യേകതരം വേരുകള്‍ മുകളിലേക്ക് വളരുന്നു. ഇത്തരം ശ്വസനവേരുകളെ Pneumatophores എന്നാണ് വിളിക്കുന്നതു്. പുഴക്കരയിലെ ചതുപ്പുനിലങ്ങളില്‍ കൊച്ചുപൂന്തോട്ടം പോലെയൊരുക്കുന്ന ഇവയുടെ ശ്വസനവേരുകളുടെ കൂട്ടം മത്സ്യങ്ങള്‍ക്കും ചെമ്മീനുകള്‍ക്കും ഞണ്ടുകള്‍ക്കും പ്രജനനകേന്ദ്രങ്ങളൊരുക്കുന്നു.
നമ്മുടെ മത്സ്യസമ്പത്തിന്റെ വലിയ ഒരംശത്തിന് മുട്ടയിടുന്നതിനും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനും ഇത്തരം ആവാസവ്യവസ്ഥ ഏറെ സഹായകമാണ്. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളിലാണ് പൂക്കള്‍ ഉണ്ടാവുന്നത്, നല്ല കടും മഞ്ഞ നിറത്തിലുള്ള പൂക്കള്‍ പൂന്തേന്‍ കൊണ്ട് സുലഭമായിരിക്കും. ഈ സമയത്ത് ധാരാളം തേനീച്ചകളും കടന്നലുകളും വണ്ടുകളും പുമ്പാറ്റകളും ഉപ്പട്ടിയുടെ പൂക്കള്‍ തേടിയെത്താറുണ്ട്. മഴക്കാലം കഴിയുന്നതോടെയാണ് ഉപ്പട്ടിയില്‍ കായ്കള്‍ ഉണ്ടാവുന്നത്. ബദാമിന്റെ ആകൃതിയിലുള്ള ഇളംപച്ച നിറത്തിലുള്ള കായ് ചിലയിടങ്ങളില്‍ മനുഷ്യര്‍ കഴിക്കാറുണ്ടത്രെ. ഉപ്പട്ടിയുടെ തടി വീടുണ്ടാക്കാനും, ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. നന്നായി കത്തുന്നതിനാല്‍ വീടുകളില്‍ വിറകായും ഉപയോഗിക്കാറുണ്ടു്. ഇലകള്‍ കന്നുകാലികളുടെ ഇഷ്ടഭോജ്യമാണ്.
ഉണങ്ങിയ ഇല കത്തിച്ച് പുക ശ്വസിക്കുന്നത് ആസ്തമക്ക് വലിയ ആശ്വാസമായി ഗുജറാത്തിലെ ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയുടെ പച്ചക്കായയില്‍ നിന്നുമുണ്ടാക്കുന്ന മരുന്ന് ചുടുകുരുക്കള്‍ക്ക് വലിയ ആശ്വാസമത്രെ. മറ്റു രാജ്യങ്ങളില്‍ ഉപ്പട്ടിയില്‍ നിന്നും കുഷ്ഠരോഗത്തിനുള്ള മരുന്ന് കണ്ടെത്തിയിട്ടുണ്ടു്. തൊലിയില്‍ നിന്നും എടുക്കുന്ന കറ (Resin) ഒരു തരം മരുന്നാവശ്യത്തിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ചെറുഉപ്പട്ടി / ചക്കപ്പൂ / Grey Mangrove, Avicennia marina
ഉപ്പട്ടിയോട് അടുത്ത സാദൃശ്യമുള്ള ചെറുഉപ്പട്ടിയുടെ ഇല ചെറുതും ഇളം മഞ്ഞകലര്‍ന്നതുമാണ്. പത്തുമീറ്റര്‍ വരെ വളരുന്ന ഒരു ചെറിയ മരമാണിത്. അതിഗാഢതയുള്ള ഉപ്പുള്ള സ്ഥലങ്ങളിലാണ് ചെറുഉപ്പട്ടി വളരുന്നത്. ഉപ്പട്ടിയുടെ പൂവിനെക്കാള്‍ ചെറുതും പൂന്തേനിന്റെ മണം കൂടുതലുമാണ്. ധാരാളം തേനീച്ചകളെയും മറ്റു പ്രാണികളെയും ആകര്‍ഷിക്കാറുണ്ട്. ഏപ്രില്‍ മൂതല്‍ ഓഗസ്റ്റ് വരെയാണ് പൂക്കാലം. മരത്തിനു ചുറ്റും മേല്പോട്ട് വളരുന്ന ധാരാളം ശ്വസനവേരുകളും കാണാം.
ബ്ലാത്തിക്കണ്ടല്‍ /ചക്കരക്കണ്ടല്‍ / Mangrove Apple, Sonneratia caseolaris
സൊണേരേഷിയേസി കുടുംബത്തില്‍പെട്ട, 6-8 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഒരു ചെറിയ മരമാണിത്. നല്ല ഉറപ്പുള്ള ഓറഞ്ച് നിറത്തോടു കൂടിയ കുറ്റികള്‍ പോലുള്ള ശ്വസന വേരുകള്‍ ചതുപ്പില്‍ മരത്തിനു ചുറ്റും കാണാം. സാധാരണയായി പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു മരത്തിന്റെ ചുറ്റും 250 മുതല്‍ 400 വരെയുള്ള ശ്വസനവേരുകള്‍ കാണാനാവുന്നതാണു്. നീണ്ട വൃത്താകൃതിയിലുള്ള അഗ്രമുള്ള ഇലകള്‍ 5-10 സെമീ. വരെ നീളമുള്ളവയാണു്. പിങ്ക് നിറത്തിലുള്ള വലിയ പൂക്കളും, പമ്പരം പോലെ വട്ടത്തിലുള്ള കായയും ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതാണു്. ചക്കരക്കണ്ടല്‍ പൊതുവെ കണ്ടല്‍ക്കാടുകളില്‍ എണ്ണത്തില്‍ കുറവാണെങ്കിലും വടക്കെ മലബാറിലെ ചില സ്ഥലങ്ങളില്‍ ധാരാളമായി കാണാവുന്നതാണു്. കുപ്പം പുഴയിലെ തെക്കുമ്പാട് തുരുത്തിലും തലശ്ശേരിയിലും കോഴിക്കോടിനടുത്തും ചില വന്മരങ്ങൾ ഇന്നും ബാക്കിയായിട്ടുണ്ടു്. ഇലകള്‍ ധാരാളമായി കന്നുകാലികള്‍ക്കു വേണ്ടി ശേഖരിക്കാറുണ്ടു്. അടുത്തകാലത്തായി നടത്തിയ പഠനങ്ങളില്‍ മറ്റു കാലിത്തീറ്റകളേക്കാള്‍ പതിന്മടങ്ങു് പോഷകമൂല്യം ഏറിയതാണു് ഇവയുടെ ഇലയെന്നു് കണ്ടെത്തിയിരിക്കുന്നു. പഠനത്തില്‍ കന്നുകാലികളുടെ പാലുത്‌പാദനം വളരെയധികം വര്‍ദ്ധിച്ചതായും കണ്ടിരുന്നു. തടി വീടുണ്ടാക്കാനും വിറകായും ഉപയോഗിക്കുന്നു. ഇതിന്റെ കായ കറികളിലിട്ടു കഴിക്കാറുണ്ടു്. വിനാഗിരിയുടെ ഉത്പാദനത്തിനും, വിരകളെ നിയന്ത്രിക്കുന്നതിനും ഈ ചെടി ഉപകരിക്കുന്നു.
നക്ഷത്രക്കണ്ടല്‍ / White-flowered Apple Mangrove, Sonneratia alba
ചക്കരക്കണ്ടലിന്റെ അടുത്ത ബന്ധുവാണിതു്. അഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ കൊച്ചുമരത്തിന്റെ പ്രധാനവ്യത്യാസം ആല്‍ബ എന്ന സ്പീഷീസ് നാമം സൂചിപ്പിക്കുന്നതുപോലെ വെളുത്തനിറത്തിലുള്ള പുക്കളാണിതിനു്. കായകള്‍ക്ക് ചുറ്റുമുള്ള വിദളങ്ങള്‍ നക്ഷത്രത്തെപോലെ വിന്യസിച്ചിരിക്കുന്നതിനാല്‍, നക്ഷത്രക്കണ്ടല്‍ എന്നൊരു പേര് കൊളാവിപാലത്തെ തീരസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇവ കൂടുതലായും കാണുന്നത് കണ്ണൂര്‍ ജില്ലയിലാണ്. അപൂര്‍വ്വമായി തിരുവനന്തപുരത്തെ വേളിയില്‍ നിന്നും കൊല്ലത്തെ ആശ്രമം കണ്ടല്‍ക്കാടുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കണ്ണാമ്പൊട്ടി / കമ്മട്ടി / Blind your eye Mangrove or Blinding Tree, Excoecaria agallocha)
Euphorbiaceae എന്ന കുടുംബത്തില്‍പ്പെട്ട ഈ കൊച്ചുമരം കണ്ടല്‍ക്കാടുകളിലെ രണ്ടാമത്തെ നിരയില്‍പ്പെടുന്നവയാണ്. ഈ ചെടിയുടെ ഇലത്തണ്ട് ഒടിക്കുമ്പോള്‍ ഉണ്ടാവുന്ന പാൽ പോലെത്തെ ദ്രാവകം കണ്ണില്‍ തട്ടിയാല്‍ അന്ധത ബാധിക്കുമെന്നതിനാലാണ് കണ്ണാമ്പൊട്ടി എന്ന പേരിലറിയപ്പെടുന്നത്. ഇവയ്ക്ക് കമ്മട്ടി എന്ന പേരുമുണ്ട്. ഇവയുടെ വളഞ്ഞു പുളഞ്ഞ് വളരുന്ന വേരുകള്‍ മണ്ണിനെ പിടിച്ചു നിര്‍ത്താനും അതുവഴി മണ്ണൊലിപ്പു തടയാനും സഹായിക്കുന്നു. ഇത്തരത്തില്‍ വളരുന്ന നീണ്ട വേരുകള്‍ മുറിച്ചെടുത്ത് ശുദ്ധജലത്തിലിട്ടു പതം വരുത്തി പ്രത്യേകരീതിയിലുള്ള കത്തിയുപയോഗിച്ച് കോര്‍ക്ക് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. കടുപ്പം കുറഞ്ഞ തടിയായതിനാല്‍ തീപ്പെട്ടി നിര്‍മ്മാണത്തിനും കനംകുറഞ്ഞ പെട്ടികള്‍ ഉണ്ടാക്കാനും കടലാസ് നിര്‍മ്മാണത്തിനും പ്ലൈവുഡ് വ്യവസായത്തിലും ഈ മരം ഉപയോഗിക്കുന്നുണ്ട്.
ചില്ലക്കമ്പട്ടി / Mock Willow, Excoecaria indica
അത്യപൂര്‍വ്വമായ ഈ കണ്ടരുച്ചെടി തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല-ഇടവ കായല്‍ത്തീരങ്ങളില്‍ ഇപ്പോഴും ബാക്കിയായിട്ടുണ്ടു്. കണ്ണാമ്പൊട്ടിയോട് ഏറെ സാമ്യമുള്ള ഇവ പത്തു മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്. 60 സെ.മീ. വരെ ചുറ്റളവും തടിക്കുണ്ടാകുമത്രെ. ആണ്‍-പെണ്‍ ചെടികള്‍ വെവ്വേറെ കാണാം. ഇന്ത്യയില്‍ സുന്ദർബന്‍സിലാണ് ഇവ കാര്യമായി കാണപ്പെടുന്നത്. കണ്ണാമ്പൊട്ടിയെപ്പോലെ മരത്തിലെ കറ പൊള്ളലുണ്ടാക്കുന്നതാണ്.
പൂക്കണ്ടല്‍ / River Mangrove, Aegiceras corniculatum
കണ്ടല്‍ക്കാടുകള്‍ക്കിടയിലെ ഉയരം കുറഞ്ഞ കുററിച്ചെടികളാണിവ. അഴിമുഖത്തിനടുത്തും പുഴക്കരയിലും പ്രത്യേകിച്ചു് പ്രാന്തന്‍ കണ്ടലിനടിയില്‍ ഇവയെ ധാരാളമായി കാണാം. തൂവെള്ളനിറത്തിലുള്ള പൂക്കള്‍ സുഗന്ധവാഹിയാണു്. പൂക്കാലം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലത്താണു്. പരാഗണം നടത്തുന്നതു് തീരെ ചെറിയ പ്രാണികളും തേനീച്ചുകളുമാണ്. ചന്ദ്രക്കല പോലുള്ള ഇളംമഞ്ഞ നിറത്തിലുള്ള കായ് മഴക്കാലം കഴിഞ്ഞ ഉടനെ തന്നെ ചെളിയില്‍ വീണ് മുളച്ചുവരുന്നതായി കാണാം. തേന്‍ വ്യവസായത്തില്‍ ഇവയുടെ സുഗന്ധമേറിയ തൂവെള്ള പുക്കളില്‍നിന്നും ലഭിക്കുന്ന തേനിന്റെ ഉപയോഗം വളരെ പ്രസിദ്ധമാണ്. അതുപോലെതന്നെ തേന്‍മെഴുകും വളരെയധികം വിലയേറിയതാണ്. ഈ കണ്ടലിന്റെ തടി വിറകാവശ്യത്തിനും കുടില്‍ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്.
കടക്കണ്ടല്‍ / Black Mangrove, Luminitzera recemosa
അഞ്ചു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ചെറുമരമാണ് ഈ കണ്ടല്‍. ചുവപ്പു കലര്‍ന്ന തവിട്ടു നിറത്തിലുള്ള തടിയില്‍ കൂട്ടമായി ഇലകള്‍ കാണാം. വെളുത്ത പൂക്കള്‍ കുലകളായി അഞ്ചു ദളങ്ങളോടു കൂടിയവയാണ്. മാര്‍ച്ച് മുതൽ ജുലൈ വരെയാണ് പൂക്കാലം. കേരളത്തില്‍ ഈ കണ്ടല്‍ച്ചെടി വളരെ അപൂര്‍വ്വമാണ്. കൊല്ലം ജില്ലയിലെ ആയിരംതെങ്ങിലും കണ്ണൂര്‍ ജില്ലയിലെ കവ്വായിപുഴയുടെ തീരത്തും കുറച്ചു ചെടികള്‍ ബാക്കിയായിട്ടുണ്ടു്. തടി വിറകാവശ്യത്തിനും ടാനിന്‍ വ്യവസായിക ആവശ്യത്തിനും ഉപയോഗിക്കാറുണ്ട്. ഈ ചെടിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഓഷധങ്ങള്‍ പലതരം ചൊറിച്ചിലുകള്‍ക്ക് വളരെ ഫലപ്രദമാണത്രെ.
ചുള്ളിക്കണ്ടല്‍ / Sea Holly Mangrove, Acanthus ilicifolius
കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ആദ്യം ചുവടുറപ്പിക്കുന്ന ഈ ചെടി, രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതായി കാണാം. വ്യത്യസ്തമായ ആകൃതി കൊണ്ടും മുള്ളുകള്‍ നിറഞ്ഞ ഇലകള്‍കൊണ്ടും ആരെയും ആകര്‍ഷിക്കുന്നതാണിത്. വളരെ ആകര്‍ഷകമായ നീലനിറത്തിലുള്ള പുക്കള്‍ മാര്‍ച്ച് മാസം മുതല്‍ ഓഗസ്റ്റ് വരെ കാണാം. കൂട്ടമായി പൂക്കുന്ന ഇവയെ കണ്ടല്‍ക്കാട്ടിലെ നീലക്കുറിഞ്ഞി എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഉത്തരകേരളത്തിലെ പൂരോത്സവത്തിന്റെ സമയത്ത് കാമനെ അണിയിച്ചൊരുക്കാന്‍ ഉപയോഗിക്കുന്ന പല പൂക്കളിലൊന്നാണു് ചുള്ളിപ്പൂ. വൃക്കയുടെ ആകൃതിയിലുള്ള കായ്കള്‍ വളരെ ഔഷധഗുണമുള്ളവയാണു്. വാതസംബന്ധമായ അസുഖങ്ങള്‍ക്ക് ഇവ വളരെ ഫലപ്രദമാണത്രേ. ചുള്ളിയുടെ വേരുകള്‍ ആസ്ത്മ, തളര്‍ച്ച, കുടൽ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കാറുണ്ടു്.
മച്ചിന്‍തോല്‍ / Mangrove Fern, Acrostichum aureum
കണ്ടല്‍ക്കാടുകളിലെ പന്നല്‍ വര്‍ഗത്തില്‍പ്പെട്ട ഏക ചെടിയാണിതു്. സാധാരണയായി കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെട്ട സ്ഥലങ്ങളിലാണ് കൂടുതലായും വളരുന്നതു്. ഒന്നര മീറ്ററോളം ഉയരത്തില്‍ വളരുന്ന ഭംഗിയുള്ള ചെടിയാണിതു്. മഴക്കാലം കഴിഞ്ഞ ഉടനെയാണ് വിത്തുകള്‍ ഉത്പാദിപ്പിക്കുന്നത്. ഇലകള്‍ക്കടിയിലുള്ള വിത്തുത്പാദനകേന്ദ്രങ്ങള്‍ ഈ സമയത്തു് മൊത്തത്തില്‍ തിളങ്ങുന്ന സ്വര്‍ണ്ണനിറമായി മാറുന്നു. ഇവയുടെ ഇലകള്‍ ചിതല്‍ ആക്രമണത്തെ തടയുന്നതിനാൽ പഴയകാലത്ത് മരത്തിന്റെ മച്ച് പണിയുന്നതിനുമുമ്പ് വിരിക്കാറുണ്ടു്. മരത്തിനിടയില്‍ ഇങ്ങനെ വിരിക്കുന്നത് ചിതല്‍ വരാതെ സൂക്ഷിക്കുന്നുവെന്നു് പഴമക്കാര്‍ പറയാറുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ഈ പന്നല്‍ച്ചെടികള്‍ക്കു് മച്ചിന്‍തോല്‍ എന്ന പേരു വരാന്‍ കാരണം. ഇളം തണ്ടും തളിരിലയും ഭക്ഷ്യയോഗ്യമായതിനാല്‍ സുന്ദരവനത്തിലും ആന്തമാനിലും ഉള്ള ജനങ്ങള്‍ ഇതു കഴിക്കാറുണ്ട്. ഇവയുടെ വേരുകളിലെ കിഴങ്ങുകള്‍ അരച്ചുണ്ടാക്കുന്ന കുഴമ്പു് ചുടുകുരുക്കള്‍ക്കും ചൊറിച്ചിലിനും വളരെ ഫലപ്രദമായ ഔഷധമാണു്.
കണ്ടല്‍ക്കൂട്ടാളികള്‍ വായിക്കുക
കണ്ടലുകളുമായി ബന്ധപ്പെട്ട നിലവിലുള്ള telegra.ph പേജുകളുടെ ലിസ്റ്റ് താഴെ ചേൎക്കുന്നു.
- Mangroves in Kerala - https://telegra.ph/Mangroves-in-Kerala-08-02 (This is the the text extracted from Koodu Magazine)
- കേരളത്തിലെ കണ്ടല്‍ ഇനങ്ങളെ പരിചയപ്പെടുത്തുവാനുള്ള എക്സിബിഷന്‍ ഫ്രെയിമുകള്‍ - https://telegra.ph/Exhibition-frames-11-02
- കണ്ടല്‍ അനുബന്ധ സസ്യങ്ങള്‍ - Exhibition Frames by Grassroute https://telegra.ph/Exhibition-frames-II-11-04
- Mangrove Forests in Kerala - Problems and possibilites.
- ഈ പോസ്റ്റിലുള്ള മുളകളുടേയും കണ്ടല്‍, കണ്ടല്‍-അനുബന്ധ സ്പീഷിസുകള്‍ തുടങ്ങിയവയുടെ പോസ്റ്ററുകള്‍ പി.ഡി.എഫ് / എസ്.വി.ജി ഫോര്‍മാറ്റുകളില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്‍ ചെയ്യുക