Mangrove Forests in Kerala - Problems and possibilites.
Grassrouteരണ്ടായിരത്തിപ്പതിനഞ്ച് മെയ് മാസം ഇറങ്ങിയ കൂടു് മാസികയിലെ 8 മുതല്‍ 12 വരെയുള്ള താളുകളില്‍ പ്രതിപാദിക്കുന്ന കേരളത്തിലെ കണ്ടലുകളുടെ ടെക്സ്റ്റ് ഒരു റഫറന്‍സ് ആവശ്യത്തിനായി ടൈപ്പ് ചെയ്ത് എടുത്തതാണു്. ഇതില്‍ ചില പാരഗ്രാഫുകളില്‍ മറ്റുള്ള ഉറവിടങ്ങളില്‍ നിന്നു കിട്ടിയ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടു് -അതു് അവിടെത്തന്നെ സൂചിപ്പിച്ചിട്ടുമുണ്ടു്. കൂടു മാസിക ഈ ലേഖനത്തിന്റെ ലൈസന്‍സ് സംബന്ധമായി ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ നേരേ കോപ്പി പേസ്റ്റ് ചെയ്യുന്നു. ലൈസന്‍സിനെപ്പറ്റി കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍ koodumasika@gmail.com എന്ന വിലാസത്തില്‍ അവരെ നേരിട്ടു ബന്ധപ്പെടുക.
കര കാക്കാന്‍ കണ്ടല്‍ വനങ്ങള്‍
കണ്ടല്‍ വനങ്ങള്‍ (Mangroves) എന്നറിയപ്പെടുന്ന പ്രത്യേകതരം പ്രദേശങ്ങള്‍ തീരപ്രദേശങ്ങളിലെ നിത്യഹരിതവനങ്ങളാണ്. പുഴയും കടലും ചേരുന്നയിടത്തുള്ള ഉപ്പുകലര്‍ന്ന വെള്ളത്തില്‍ വളരുന്ന ഇവ കണ്ടല്‍ചെടികള്‍ എന്ന പേരിലറിയപ്പെടുന്നു. അഴിമുഖതീരങ്ങളിലും പുഴക്കരയിലുമുള്ള ഓരു വെള്ളത്തില്‍ വളരാനാവശ്യമായ പ്രത്യേകതരം അനുകൂലനങ്ങള്‍ പ്രകൃതിതന്നെ കനിഞ്ഞു നല്‍കിയിട്ടുണ്ട്. വേലിയേറ്റസമയത്ത് ജലാവൃതമായും വേലിയിറക്കസമയത്ത് അനാവൃതമായും അന്തരീക്ഷവുമായി ബന്ധപ്പെടുന്ന തണ്ണീര്‍ത്തടങ്ങളിലെ ചതുപ്പുനിലങ്ങളാണ് കണ്ടല്‍ക്കാടുകളുടെ ആസ്ഥാനം. വലിയ തിരമാലകളുടെ ശല്യമില്ലാത്ത ഈ മേഖലയില്‍ നദികളില്‍ നിന്നും ഒഴുകിയെത്തുന്ന ഫലഭൂയിഷ്ഠമായ എക്കലും, കടലില്‍ നിന്നും വേലിയേറ്റത്തില്‍ കയറിയെത്തുന്ന ധാതുലവണങ്ങളും മറ്റു പോഷകവസ്തുക്കളും കണ്ടല്‍ക്കാടുകളെ ജീവോല്‍പ്പാദനത്തിന്റെ ഭൂമിയിലെ ഏറ്റവും മികച്ച ആവാസവ്യവസ്ഥകളിലൊന്നാക്കുന്നു.
ലോകത്താകമാനം 124 രാജ്യങ്ങളിലായി ഏകദേശം 19.8 ദശലക്ഷം ഹെക്ടര്‍ പ്രദേശത്തു് കണ്ടല്‍ക്കാടുകള്‍ പരന്നു കിടക്കുകയാണ്. ഭൂമിശാസ്ത്രപരമായി കണ്ടല്‍ക്കാടുകള്‍ രണ്ടു മേഖലകളായിട്ടാണ് കാണപ്പെടുന്നതു്. ഇന്ത്യയുള്‍പ്പെടുന്ന ഇന്തോ-പസഫിക് മേഖലയും, അമേരിക്കയും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരങ്ങളും ഉള്‍ക്കൊള്ളുന്ന മറ്റൊരു മേഖലയുമാണിവ. ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ക്കാടുകളുള്ളത് ഇന്തോനേഷ്യയിലാണ്.
ഇന്ത്യയില്‍ ഈയടുത്ത കാലത്തായി നടത്തിയ പഠനങ്ങളില്‍നിന്നും വ്യക്തമാവുന്നത് ഏതാണ്ട് 6,740 ചതുരശ്ര കിമീ. പ്രദേശത്ത് കണ്ടല്‍ക്കാടുകളുണ്ട് എന്നാണ്. നമ്മുടെ കണ്ടല്‍ക്കാടുകളില്‍ 88 ശതമാനവും സുന്ദര്‍ബന്‍സിലും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുള്‍ക്കൊള്ളുന്ന കിഴക്കന്‍ തീരങ്ങളിലുമാണ്. ഇന്ത്യയുടെ കിഴക്കന്‍ തീരപ്രദേശം വലിയ നദികളായ ഗംഗ, ബ്രഹ്മപുത്ര, മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നിവയുടെ ഫലഭൂയിഷ്ഠമായ നദീതടങ്ങളാലും തിട്ടുകളാലും സമൃദ്ധമാണ്. ഇവയൊരുക്കുന്ന ജൈവസമ്പുഷ്ടമായ തണ്ണീര്‍ത്തടങ്ങള്‍ കണ്ടല്‍ക്കാടുകളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. എന്നാല്‍ താരതമ്യേന വലിപ്പം കുറഞ്ഞ നദികള്‍ ഒരുക്കുന്ന അഴിമുഖങ്ങളും തീരപ്രദേശങ്ങളും പടിഞ്ഞാറെ തീരത്തുള്ള കണ്ടല്‍ക്കാടുകള്‍ക്ക് അത്ര അനുയോജ്യമല്ലാത്ത പരിസ്ഥിതി ഉണ്ടാക്കുന്നു. കേരള തീരം ഒരു കാലത്ത് കണ്ടല്‍ക്കാടുകള്‍ കൊണ്ട് സമ്യദ്ധമായിരുന്നെങ്കിലും പുതിയ കണക്കുകള്‍ സുചിപ്പിക്കുന്നത് ഏകദേശം 50 ചതുരശ്ര കിമീ. ലും താഴെയാണ് കണ്ടലിന്റെ ഇപ്പോഴുള്ള വിസ്തൃതിയെന്നാണ്.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ മൂലയില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു സംസ്ഥാനമായ കേരളത്തിന് 590 കിമീറ്ററോളം നീണ്ടുകിടക്കുന്ന തീരപ്രദേശങ്ങളുണ്ട്. പച്ചവിരിച്ച സഹ്യന്റെ മടിത്തട്ടില്‍നിന്ന് വാര്‍ന്നൊഴുകുന്ന 41 നദികള്‍ മലനാടും ഇടനാടും താണ്ടി അറബിക്കടലുമായി സംഗമിക്കുന്നതോടെ ഉടലെടുക്കുന്ന 34 അഴിമുഖങ്ങളും, കായല്‍പരപ്പുകളും തോടുകളും കണ്ടല്‍ക്കാടുകള്‍ക്ക് വളരെ യോജിച്ച അന്തരീക്ഷമൊരുക്കുന്നു.
ഇന്ത്യയിലുള്ള 54 ഇനം കണ്ടല്‍ ചെടികളില്‍ 16 എണ്ണം കേരളത്തില്‍ കണ്ടുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരുവെള്ളത്തിന്റെയും വേലിയേറ്റത്തിന്റെയും അളവിനനുസരിച്ച് കണ്ടല്‍ച്ചെടികളുടെ വിതരണത്തിലും വ്യത്യാസങ്ങള്‍ കണ്ടുവരുന്നു.
കേരളത്തിലവശേഷിക്കുന്ന 50 ചതുരശ്ര കീ.മീ. കണ്ടല്‍ക്കാടില്‍ പകുതിയിലധികവും ഉള്ളത് കോഴിക്കോടിന് വടക്ക് കണ്ണൂരിലും കാസര്‍ഗോഡ് ജില്ലയിലുമാണ്. കണ്ടലുള്ള മറ്റു ജില്ലകളാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം തൃശ്ശൂര്‍, മലപ്പുറം എന്നിവ (പട്ടിക കാണുക). കണ്ടലിന്റെ വിസ്തൃതിയില്‍ 80 ശതമാനത്തിലേറെയും സ്വകാര്യവ്യക്തികളുടെ കൈകളിലാണ്. അവശേഷിക്കുന്ന കൊച്ചു തുണ്ടുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളായ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (VSSC), കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ടൂറിസം വകുപ്പ്, കണ്ണൂര്‍, മാഹി, കോഴിക്കോട് പ്രദേശങ്ങളില റെയില്‍വെ എന്നിവരുടെ അധീനതയിലുമാണ്. ഭൂരിഭാഗവും സ്വകാര്യവ്യക്തികളുടെ അധീനതയിലാണെ ന്നറിയുമ്പോള്‍ തന്നെ കണ്ടലിന്റെ ഭാവി എത്ര കണ്ട് സുരക്ഷിതമാണെന്ന് നമുക്ക് ഈഹിച്ചെടുക്കാം.
കണ്ടല്‍ക്കാടുകളുടെ പ്രാധാന്യങ്ങൾ.
നമ്മുടെ മഴക്കാടുകള്‍ എത്രകണ്ട് പ്രാധാന്യത്തോടുകൂടി സംരക്ഷിക്കപ്പെടുന്നുവോ അതിലേറെ മുന്‍ഗണന കൊടുത്ത് സംരക്ഷി ക്കേണ്ടതാണ് കണ്ടല്‍ക്കാടുകള്‍. ഈ തീരപ്രദേശത്തുള്ള നിത്യഹരിതവനങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. നമ്മുടെ പൂര്‍വ്വികന്മാര്‍ കണ്ടലിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നു. കണ്ടല്‍ക്കാടുകളുടെ ചില പ്രധാനപ്പെട്ട ഗുണങ്ങള്‍ താഴെ പറയുന്നു:
- പ്രകൃതിദത്തമായ വന്‍മതിലുപോലെ തീരപ്രദേശത്തെ വെള്ളപ്പൊക്കത്തില്‍നിന്നും കരയിടിച്ചിലില്‍ നിന്നും സംരക്ഷിക്കുന്നു.
- കൊടുങ്കാറ്റിനെ പിടിച്ചു നിര്‍ത്തുന്നതില്‍ ഒരു പരിധിവരെ പങ്കു വഹിക്കുന്നു.
- കരയിലേക്ക് ഉപ്പിന്റെ അംശം അരിച്ചിറങ്ങാതെ ഓരുജലവും ശുദ്ധജലവും തമ്മിലുള്ള സന്തുലനം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
- അനേക ജാതി മത്സ്യങ്ങള്‍ക്കും ചെമ്മീനുകള്‍ക്കും ഞണ്ടുകള്‍ക്കും അഭയസങ്കേതവും തീറ്റപ്പാടങ്ങളും പ്രജനനകേന്ദ്രങ്ങ ളുമൊരുക്കുന്നു.
- മിക്ക കണ്ടല്‍ച്ചെടികളുടെയും തടി വ്യാവസായിക ആവശ്യത്തിനും വീടുണ്ടാക്കാനും ഫര്‍ണ്ണീച്ചറുകളുണ്ടാക്കാനും വിറകാവശ്യത്തിനും ഉപയോഗിക്കുന്നു.
- ചില കണ്ടല്‍ച്ചെടിയില്‍ നിന്നുമുണ്ടാക്കുന്ന ഓഷധങ്ങള്‍ പല മാരകരോഗങ്ങള്‍ക്കും ശമനം നല്‍കുന്നതാണ്.
- കായ്കള്‍, ഇലകള്‍ എന്നിവ ആഹാരമായി ഉപയോഗിക്കുന്നു.
- കണ്ടല്‍പൂക്കളില്‍ നിന്നുമുള്ള തേന്‍വ്യവസായവും, മെഴുകിന്റെ നിര്‍മ്മാണവും വളരെ പ്രാധാന്യം നിറഞ്ഞതാണ്.
- ചില കണ്ടല്‍ച്ചെടികളുടെ ഇലകള്‍ കന്നുകാലികള്‍ക്ക് വളരെ സവിശേഷമായ കാലിത്തീറ്റയാണ്.
- ചില കണ്ടലുകളുടെ തൊലിയില്‍ നിന്നുമെടുക്കുന്ന കറ (ടാനിന്‍) വ്യവസായത്തിന് ഉപയോഗിക്കുന്നു.
- ദേശാടനക്കിളികളുടെ അഭയസങ്കേതവും തീറ്റപ്പാടങ്ങളും കണ്ടലുകളുള്‍ക്കൊള്ളുന്ന തണ്ണീര്‍ത്തടങ്ങളാണ്.
- കണ്ടലിന്റെ സൌന്ദര്യം ആസ്വദിക്കുന്നതിനു വേണ്ടിയുള്ള വിനോദ സഞ്ചാര ഉപാധികള്‍ ലോകത്തെമ്പാടുമുള്ള സന്ദര്‍ശകരെ ആകർഷിക്കാൻ പോന്നവയാണ്.
കണ്ടല്‍ക്കാടുകളുടെ ജൈവസമ്പന്നത
ഒരു ഭാഗത്തുനിന്ന് കടലും മറുഭാഗത്തു നിന്ന് നദികളും നിരന്തരം സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന പലതരം പോഷക വസ്തുക്കളുടെ ഒരു സമ്പന്നമായ കലവറയായിട്ടാണ് കണ്ടല്‍ക്കാടുകളെ പരിഗണിച്ചുവരുന്നത്. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്നമായ ആവാസവ്യവസ്ഥകളിലൊന്നാണ് കണ്ടല്‍ക്കാടുകള്‍. ഇവയോട് കിടനില്‍ക്കുന്ന മറ്റൊരു ആവാസവ്യവസ്ഥയാണ് ഉഷ്ണമേഖലാ മഴക്കാടുകള്‍. മഴക്കാടുകള്‍ ഹെക്ടര്‍ ഒന്നിന് 50-80 ടണ്‍വരെ ജീവോത്പാദനം നടത്താന്‍ ശക്തമാണെങ്കില്‍ 29-75 ടണ്‍ വരെ ഉത്പാദിപ്പിക്കാനുള്ള കഴിവ് കണ്ടല്‍ക്കാടുകള്‍ക്കുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കണ്ടല്‍വനങ്ങളിലെ ചെളിപ്പരപ്പുകളുടെ ഉപരിതലത്തില്‍ കാണുന്ന സൂക്ഷ്മസസ്യങ്ങള്‍ നടത്തുന്ന ഉത്പാദനപ്രക്രിയ വഴി പ്രതിവര്‍ഷം ഓരോ ചതുരശ്രമീറ്റര്‍ സ്ഥലത്തും 20 ഗ്രാം നൈട്രജന്‍ ലഭ്യമാക്കാന്‍ കഴിയും. എന്നുവച്ചാല്‍ ഹെക്ടറൊന്നിന് 1250 കിലോഗ്രാം മാംസ്യം ഈ സൂക്ഷ്മസസ്യങ്ങളുടെ തലത്തില്‍ തന്നെ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്ന് വ്യക്തം. പോഷക വസ്തുക്കള്‍ ഉത്പാദിപ്പിക്കുകയും ശേഖരിക്കുകയും മാത്രമല്ല അവയെ ഖരരൂപേണയും വിലയിതമായും സമീപസ്ഥമായ തീരക്കടലുകളിലേക്ക് പതിവായി പകര്‍ന്നു നല്‍കുകയും അതുവഴി ഈര്‍ജ്ജത്തിന്റെ പ്രവാഹം ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ശക്തമായി ഒഴുക്കിക്കൊണ്ടിരിക്കുന്നതുമായ ഒരു മഹത്തായ ആവാസവ്യവസ്ഥയാണ് കണ്ടല്‍ക്കാടുകള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കണ്ടല്‍ക്കാടുകളിലെ ഓരോ ജീവികളും അവയുടെ ചൂറ്റുപാടുകളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഈ ലോലമായ ജൈവവ്യവസ്ഥയില്‍ ഒരു ജീവിക്ക് വേര്‍തിരിഞ്ഞുള്ള നിലനില്‍പ്പു് സാധ്യമല്പ.
ഈയടുത്ത കാലത്തുവരെ കണ്ടല്‍ക്കാടുകളുള്‍ക്കൊള്ളുന്ന പ്രദേശത്തെ പാഴ്‌നിലങ്ങളായിട്ടാണ് കരുതിയിരുന്നത്. ചെളിവെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശമായതിനാല്‍ കൊതുകുകള്‍ക്കും മറ്റു ക്ഷുദ്രജീവികള്‍ക്കും വസിക്കാനുള്ള കുറ്റിക്കാടുകള്‍ മാത്രമായിട്ടാണ് അറിയപ്പെട്ടിരുന്നത്. നമ്മുടെ തീരത്തു കണ്ടുവരുന്ന ഒട്ടുമിക്ക കക്കകളും ഞണ്ടുകളും ചെമ്മീനുകളും പ്രജനനം നടത്തുന്നതും ആഹാര സമ്പാദനം നടത്തുന്നതും കണ്ടല്‍ക്കാടുകള്‍ക്കിടയിലാണ്. ഇന്ത്യയില്‍ കണ്ടലിനോടനുബന്ധിച്ച് ഉത്പാദിപ്പിക്കപ്പെടുന്ന ചെമ്മീനുകളുടെ ഏകദേശ കണക്ക് ഒരു വര്‍ഷം 30,000 ടണ്ണോളം വരുമെന്ന് ഒരു പഠന റിപ്പോര്‍ട്ടില്‍ കാണുന്നു. ലോക മത്സ്യ സമ്പത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും കണ്ടല്‍ക്കാടുകളെയോ അവയോടബന്ധപ്പെട്ടിരിക്കുന്ന തീരജലാശയങ്ങളെയോ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കടലില്‍ നിന്ന് നദിയിലേക്കും നദിയില്‍ നിന്ന് കടലിലേക്കും കാലാകാലങ്ങളായി പ്രജനന പോഷക ആവശ്യങ്ങള്‍ക്കായി പ്രയാണം ചെയ്യാറുള്ള മത്സ്യങ്ങള്‍ക്ക് പര്യനുകൂലനതാവളമൊരുക്കുന്നത് കണ്ടല്‍ക്കാടുകളും അവയുള്‍ക്കൊള്ളുന്ന തണ്ണീര്‍ത്തടങ്ങളുമാണ്. ഇത്തരം മത്സ്യങ്ങള്‍ കണ്ടല്‍വനങ്ങളെ തീറ്റപ്പാടങ്ങളായും പ്രജനന താവളങ്ങളായും ബാല്യകാല വാസസ്ഥലങ്ങളായും ഉപയോഗപ്പെടുത്തുന്നു. കണ്ടല്‍ക്കാടുകളെ ഏറ്റവും ആശ്രയിക്കുന്ന മറ്റൊരു ജന്തുവാണ് ഞണ്ടുകള്‍. ഞണ്ടുകൾ പ്രജനനം നടത്തുന്നതും ആഹാരം തേടുന്നതും കണ്ടല്‍ക്കാടുകള്‍ക്കിടയിലാണ്. ഇവ കണ്ടല്‍ ഞണ്ട്, പച്ചഞണ്ട് (Mangrove crab-Scylla serrata) എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ ഏറെ ആവശ്യക്കാരുള്ള ഈ ഞണ്ടുവര്‍ഗ്ഗങ്ങള്‍ നമ്മുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാകുന്നുണ്ട്.
സമുദ്ര ജൈവോത്പാദനത്തില്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും സമ്പന്നമായിട്ടുള്ളത് കേരളം പോലുള്ള തീരദേശ സംസ്ഥാനങ്ങളാണ്. അന്തര്‍ദ്ദേശീയ സമുദ്രോത്പന്ന വിപണിയില്‍ പ്രിയങ്കരമായിട്ടുള്ള പിനയ്ഡ് വര്‍ഗ്ഗത്തില്‍പ്പെടുന്ന ചെമ്മീനുകള്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് കേരളതീരത്തുനിന്നാണ്. മിക്ക വ്യാവസായിക പ്രാധാന്യമുള്ള ചെമ്മീന്‍ വര്‍ഗങ്ങളും മുട്ടയിടുന്നത് സമുദ്രത്തിലാണ്. മുട്ടവിരിഞ്ഞുണ്ടാകുന്ന ചെമ്മീന്‍ കുഞ്ഞുങ്ങൾ വേലിയേറ്റത്തിലൂടെ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ അഴിമുഖത്തേക്കും കായല്‍പ്പരപ്പുകളിലേക്കും കയറിവരുന്നു. കണ്ടല്‍ക്കാടുകളുടെ സവിശേഷ പരിസ്ഥിതി ഇവയുടെ യാവനാരംഭം വരെയുള്ള വളര്‍ച്ചയ്ക്ക് കാരണമാകുന്നു. പ്രായപൂര്‍ത്തിയാകുന്നതതോടെ കടലിലേക്ക് തിരിച്ചുപോയി പ്രജനനം നടത്തുന്നതോടുകൂടിയാണ് അവയുടെ ജീവിത ചക്രം പൂര്‍ത്തിയാവുന്നത്. വിലപ്പെട്ട സമുദ്ര-ജൈവ വിഭവങ്ങളുടെ ആരോഗ്യപരമായ നിലനില്‍പ്പിന് കണ്ടല്‍ വനങ്ങളുടെ അനിവാര്യത എത്രത്തോളമുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ മത്സ്യസമ്പത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത് കണ്ടല്‍ക്കാടുകള്‍ ഉള്‍ക്കൊള്ളുന്ന തീരദേശ ജലാശയങ്ങളാണ്.
മത്സ്യസമ്പത്തിനു പുറമെ നമ്മുടെ തീരപ്രദേശങ്ങളില്‍ ദേശാടകരായെത്തുന്ന തീരപക്ഷികള്‍ എട്ടുമാസത്തോളം ആഹാരം തേടിയെത്തുന്നത് കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന ചതുപ്പു നിലങ്ങളിലാണ്. കണ്ടല്‍ക്കാടുകള്‍കൊണ്ട് സമൃദ്ധമായ കോഴിക്കോട് ജില്ലയിലെ കടലുണ്ടി അഴിമുഖവും, കൊളാവി പാലവും കണ്ണൂര്‍ ജില്ലയിലെ മടക്കര, ചെമ്പല്ലിക്കുണ്ട, കുഞ്ഞിമംഗലം എന്നിവയും അറിയപ്പെടുന്ന നീര്‍പക്ഷി സങ്കേതങ്ങളാണ്.
പതിമൂന്നോളം ഇനം സസ്തനികളെ കണ്ടല്‍ പ്രദേശങ്ങളില്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട സസ്തനി നീര്‍നായയാണ്. നമ്മുടെ തണ്ണീര്‍ത്തട ആവാസവ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട മൃഗമായ ഈ ജീവികൾ വസിക്കുന്നത് കണ്ടല്‍ക്കാടുകള്‍ക്കിടയിലാണ്. കണ്ടല്‍ക്കാടുകളുടെ നാശം ഈ ജീവികളുടെ എണ്ണത്തില്‍ വളരെ കുറവ് വരുത്തിയിട്ടുമുണ്ട്. കണ്ടല്‍ക്കാടുകളുടെ അനുകൂലനങ്ങൾ ഉപ്പുരസമുള്ള ചതുപ്പുള്ള പ്രദേശങ്ങളില്‍ വളരുന്നതിനാവശ്വമായ പല അനുകൂലനങ്ങളും കണ്ടല്‍ച്ചെടികളില്‍ കാണാം. ലവണജലവും പ്രാണവായുവും ദുര്‍ലഭമായ കോശത്തിലെ അധഃസ്തരവുമായി ഇണങ്ങിച്ചേരാന്‍ കഴിവുള്ള സവിശേഷ സസ്യവര്‍ഗ്ഗങ്ങള്‍ക്കു മാത്രമേ കണ്ടല്‍സമൂഹത്തിൽ നിലനില്‍ക്കാന്‍ കഴിയുകയുള്ളു. പ്രാന്തന്‍ കണ്ടലിലുള്ള (Rhizophora mucronata) താഴ്വേരുകൾ (Stilt Roots) ചെളിയില്‍ പിടിച്ച് വളരുകയും തിരയില്‍നിന്നും കാറ്റില്‍നിന്നും കരയെ സംരക്ഷിക്കുകയും ചെയ്യുന്നു. ഉപ്പട്ടി (Avicennia sp.) പോലുള്ള ചെടികള്‍ മുകളിലോട്ടു വളരുന്ന ശ്വസന വേരുകളിലുള്ള (Pneumato- phores) ചെറിയ രന്ധ്രങ്ങളിലൂടെ (Lenticel) ഓക്സിജന്‍ വലിച്ചെടുക്കുകയും ശ്വസനപ്രക്രിയ നടത്തുകയും ലെയ്യുന്നു. ഓരുവെള്ളത്തില്‍ വളരുന്നത് ഇവയ്ക്ക് ലവണ സഹിഷ്ണുതയുള്ള പ്രത്യേകതരം കോശങ്ങള്‍ അധികമുള്ള ഉപ്പിനെ തടയുവാനും പുറംതള്ളാനും സഹായിക്കുന്നു. പ്രതിവ്യാപനം (Reverse Osmosis) എന്ന പ്രക്രിയവഴി വേരുകള്‍ ഉപ്പിന്റെ അംശമില്ലാതെ ശുദ്ധജലം നേര്‍ത്ത കോശസ്തരങ്ങളിലൂടെ അരിച്ചെടുത്ത് ഉള്ളിലേക്ക് വലിച്ചെടുക്കുന്നു. ഉപ്പട്ടി പോലുള്ള കണ്ടല്‍ ചെടികള്‍ അധികമുള്ള ഉപ്പ് പുറന്തള്ളുന്നത് ഇലയിലുള്ള പ്രത്യേകതരം ലവണസ്രാവഗ്രന്ഥികളിലുടെയാണ് (Salt secreting glands). ഇങ്ങനെ പുറന്തള്ളപ്പെടുന്ന ഉപ്പിന്റെ നേരിയ തരികള്‍ ഇലകള്‍ക്കിടയില്‍ കാണാവുന്നതാ ണ്. ചില കണ്ടല്‍ച്ചെടികള്‍ ഉപ്പിന്റെ കാഠിന്യം കുടിയ മാസങ്ങളില്‍ ഇല പൊഴിക്കുന്നതായും കണ്ടിട്ടുണ്ട്.
Rhizophoraceae കുടുംബത്തില്‍പ്പെട്ട കണ്ടല്‍ ച്ചെടികള്‍ പ്രസവിക്കുന്ന വിത്തുകളാണ് (Viviparous germination) ഉത്പാദിപ്പിക്കുന്നത്. മാതൃചെടിയില്‍ തൂങ്ങിനില്‍ക്കുന്ന കായ്കളില്‍നിന്നു തന്നെ വിത്തുകള്‍ മുളച്ച് താഴെ പതിക്കുന്നു. ഇങ്ങിനെ പ്രസവിച്ചുവീണ കായ്കള്‍ ഏറ്റിറക്കു സമയത്ത് അനുയോജ്യമായ സ്ഥലങ്ങളില്‍ തറഞ്ഞുനിന്ന് വളരുകയും ചെയ്യുന്നു.
കണ്ടല്‍ക്കാടുകള്‍ നേരിടുന്ന ഭീഷണികൾ
കേരളത്തിലെ കണ്ടല്‍ക്കാടുകളില്‍ 90 ശതമാനവും പാടങ്ങളും തെങ്ങിന്‍ തോപ്പുകളും മറ്റും ഉണ്ടാക്കുന്നതിനായി പൂര്‍ണ്ണമായി നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അവശേഷിക്കുന്ന കണ്ടലാവട്ടെ, വേണ്ടത്ര വീണ്ടുവിചാരമില്ലാതെ താല്‍ക്കാലിക ലാഭദൃഷ്ടിയോടെ വികസന പ്രക്രിയകള്‍ക്ക് വിധേയമാക്കി ലാഘവബുദ്ധിയോടെ വീണ്ടും കയ്യേറ്റം ചെയ്യപ്പെടുന്നതാണ് നാമിന്നും കണ്ടുകൊണ്ടിരിക്കുന്നത്.
പ്രകൃത്യാ സുലഭമായി ലഭിച്ചുകൊണ്ടിരിക്കുന്ന കണ്ടല്‍ക്കാടുകള്‍ക്കിടയിലുള്ള ചെമ്മീന്‍ സമ്പത്ത് നമ്മുടെ നാട്ടില്‍ ഒരു കാലത്ത് ചെമ്മീന്‍ കെട്ടുകളിലൂടെ ലഭ്യമായിരുന്നു. മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തിമൂലം വന്‍തോതില്‍ കണ്ടല്‍വനം നശിപ്പിച്ചുകൊണ്ട് ചെമ്മീന്‍കൃഷി ആരംഭിച്ചത് തീരപ്രദേശത്തിന്റെ തന്നെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്. ചെമ്മീന്‍ ഫാമുകളില്‍നിന്നും പുറന്തള്ളുന്ന രാസവസ്തുക്കളും ഔഷധങ്ങളും ഭക്ഷണ പാഴ്വസ്തുക്കളും അതിപോഷകത്തിന് വഴി തെളിയിക്കുകയും അതുവഴി മത്സ്യങ്ങളുടെ കൂട്ടമരണങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. സുലഭമായ ജലലഭ്യതയും ഗതാഗത സൗകര്യങ്ങളും വിലകുറഞ്ഞ ഭൂമിയും പാഴ്‍വസ്തുനിര്‍മ്മാര്‍ജ്ജന സൗകര്യങ്ങളും താപവൈദ്യുത നിലയങ്ങളും മരമില്ലുകളും തുറമുഖങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് കണ്ടലുള്‍ക്കൊള്ളുന്ന തണ്ണീര്‍ത്തടങ്ങളിലാണ്. ഇവ പുറന്തള്ളുന്ന മാലിന്യങ്ങള്‍ തങ്ങിനില്‍ക്കുന്നത് കണ്ടല്‍ക്കാടുകള്‍ക്കിടയിലാണ്. ഇതിനു പുറമേ ജനസാന്ദ്രതയേറിയ തീരപ്രദേശത്തുനിന്നും പട്ടണങ്ങളില്‍നിന്നും നിത്യേന അഴിമുഖങ്ങളിലേക്കെത്തുന്ന മനുഷ്യജന്യമായ മാലിന്യങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ആശുപത്രിയില്‍ നിന്നുള്ള പാഴ്‍വസ്തുക്കള്‍, അറവുശാലയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ എല്ലാം ഒഴുകിയെത്തുന്നത് കണ്ടലുകള്‍ക്കിടയിലും അവയുടെ ശ്വസന വേരുകള്‍ക്കിടയിലുമാണ്. ഇത് മത്സ്യങ്ങളുടെ പ്രജനനകേന്ദ്രങ്ങളെ സാരമായി ബാധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
ആസൂത്രിതമല്ലാത്ത അശാസ്ത്രീയമായ രീതിയിലുള്ള ബണ്ട് നിര്‍മ്മാണം കാരണം കണ്ടല്‍ക്കാടുകള്‍ക്കും അവയോടനുബന്ധിച്ചു ജീവിക്കുന്ന മത്സ്വസമ്പത്തിനും വന്ന നാശനഷ്ടങ്ങള്‍ കണക്കില്ലാത്തതാണ്. വേനല്‍ക്കാലത്ത് ഓരുവെള്ളം കയറാതെയും മഴക്കാലത്ത് മഴവെള്ളത്തെ നിയന്ത്രിച്ചും നെല്‍കൃഷിക്കായി നമ്മുടെ നദികളിലും കായലുകളിലും കോടിക്കണക്കിന് രൂപ ചെലവിട്ടു നിര്‍മ്മിച്ചുണ്ടാക്കിയ ബണ്ടുകള്‍ നമ്മുടെ സ്വാഭാവിക പരിസ്ഥിതിക്കുണ്ടാക്കിയ വ്യതിയാനങ്ങള്‍ വളരെ ഗണ്യമായതാണ്. ഉദ്ദേശിച്ച ഫലം കിട്ടാതാകുകയും കണ്ടല്‍ക്കാടുകളില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ക്കും മറ്റു ജീവികള്‍ക്കും തങ്ങളുടെ പ്രജനനകേന്ദ്രങ്ങളും തീറ്റപ്പാടങ്ങളും നഷ്ടപ്പെടുന്നതുമുലം മൊത്തം മത്സ്യസമ്പത്തിന്റെ ഉത്പാദനശേഷി കുറഞ്ഞു വരുന്നു. 1974-ല്‍ വേമ്പനാട് കായലില്‍ കെട്ടിയ തണ്ണീര്‍മുക്കം ബണ്ടും കണ്ണൂരിലെ കാട്ടാമ്പള്ളി, ഇരിണാവ് അണക്കെട്ടും പരിസ്ഥിതിക്കുണ്ടാക്കിയ ഭീമമായ നഷ്ടങ്ങള്‍ വിവരണാതീതമാണ്. കേരളം ഒരു തീരദേശ സംസ്ഥാനമായതിനാല്‍ നമ്മുടെ ജനസംഖ്യയില്‍ കൂടിയ പങ്കും വസിക്കുന്നത് കടലോരപ്രദേശത്താണ്. ആയതിനാല്‍ ഒട്ടുമിക്ക വികസന പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് കായലുകളും നദികളും കണ്ടലും അഴിമുഖവും നിറഞ്ഞ പ്രദേശങ്ങളിലാണ്. അവശേഷിക്കുന്ന കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചുകൊണ്ട് പുതിയ റോഡുകളും സൂപ്പര്‍ ഹൈവേകളും റെയില്‍വേ ലൈനുകളും വന്നു കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ 10-15 വര്‍ഷത്തിനിടെ മംഗലാപുരം-ഷൊര്‍ണ്ണൂര്‍ റെയില്‍വെ പാളത്തിന്റെ ഇരട്ടിപ്പിക്കല്‍ സമയത്ത് പഴയങ്ങാടി, കുഞ്ഞിമംഗലം, തലശ്ശേരി, മാഹി ഭാഗങ്ങളില്‍ നല്ലൊരു പങ്ക കണ്ടല്‍ക്കാടുകള്‍ അപ്രത്യക്ഷമായിരിക്കുന്നു.
കണ്ടല്‍ക്കാടുകളുടെ പരിപാലനം
കണ്ടല്‍ക്കാടുകള്‍ അമൂല്യമായ ഒരു പരിസ്ഥിതിവ്യൂഹമാണെന്നുള്ള തിരിച്ചറിവുമൂലം അവയെക്കുറിച്ച് കൂടുതലറിയാന്‍ സാധാരണ ജനങ്ങള്‍ക്കു താല്‍പര്യമുണ്ടായി വരികയാണ്. എന്നാല്‍ നമ്മുടെ അധികാരികള്‍ വേണ്ടത്ര വീണ്ടുവിചാരമില്ലാതെ, താല്‍ക്കാലിക ലാഭദൃഷ്ടിയോടെ വികസനപ്രക്രിയകള്‍ക്കു വിധേയമാക്കപ്പെടും അനിയന്ത്രിതമായ ചൂഷണത്തിനടിമപ്പെട്ടും നശിച്ചുകൊണ്ടിരിക്കുന്ന കണ്ടല്‍ക്കാടുകള്‍ ലാഘവബുദ്ധിയോടെ വീണ്ടും കയ്യേറ്റം ചെയ്യുന്നതാണ് നാമിന്നും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ പരിണിതഫലങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഒരു അവബോധം ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ കണ്ടല്‍ സംരക്ഷണത്തിനു വേണ്ട ആരോഗ്യകരമായ ഒരു നയം ഉരുത്തിരിഞ്ഞു വരികയുള്ളു.
തീരദേശ പരിപാലനവും തീരദേശ നിയന്ത്രണനിയമങ്ങളും കണക്കിലെടുക്കുമ്പോള്‍ കണ്ടലിനു ലഭിക്കേണ്ട മുന്തിയ പരിഗണനയില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈയടുത്ത കാലത്തായി ഉത്തരകേരളത്തിലെ വിവിധ ഉടമസ്ഥതയിലുള്ള കണ്ടല്‍ വനങ്ങള്‍ വനംവകുപ്പിന് കൈമാറാന്‍ വേണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടു തുടക്കം കുറിച്ചത്. കണ്ടല്‍വന സംരക്ഷണത്തിനും പരിപാലത്തിനുമായി വനംവകുപ്പ് ഈയിടെ നടത്തിയ ശില്‍പ്പശാലകളില്‍ നിന്നും ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു.
- കേരളത്തിലെ കണ്ടല്‍ക്കാടുകളില്‍ 80 ശതമാനത്തിലേറെയും സ്വകാര്യവ്യക്തികളുടെ കൈകളിലാണ്. മതിയായ നഷ്ടപരിഹാരം കൊടുത്ത് അവ അക്വിസിഷന്‍ നടത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക. അവ സംരക്ഷിക്കുന്ന സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ധനപരമായും മറ്റു പല മാര്‍ഗ്ഗങ്ങളിലൂടെയും പ്രോത്സാഹനങ്ങള്‍ നല്‍കുക.
- പരിസ്ഥിതി പ്രാധാന്യമുള്ള വലിയ കണ്ടല്‍ വനങ്ങളെ ജൈവ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കുക.
- കണ്ടല്‍ക്കാടിനെ ആശ്രയിച്ച് ജീവിക്കുന്ന തദ്ദേശീയ നിവാസികളുടെ പ്രശ്നങ്ങള്‍ വിശദമായി പഠിച്ച് തക്ക നിര്‍ദ്ദേശങ്ങളും നടപ ടികളും എടുക്കുക.
- കണ്ടല്‍ നശിപ്പിച്ചുകൊണ്ടുള്ള ചെമ്മീന്‍ കൃഷിയും മറ്റു നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങളും എത്രയും വേഗം നിയന്ത്രിയ്‌ക്കുക, നിരോധിക്കുക.
- നിലവിലുള്ള വനസംരക്ഷണ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കേസുകള്‍ രേഖപ്പെടുത്താനും ശിക്ഷിക്കാനുമുള്ള നടപടികള്‍ വനംവകുപ്പില്‍ നിന്നുമുണ്ടാകണം.
- സാമൂഹ്യ വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജനപങ്കാളിത്തത്തോടെ കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കുക, അവ പരിപാലിക്കാന്‍ സാമുഹ്യ-സാംസ്‌കാരിക ക്ലബ്ബുകളുടെയും സമിതികളുടെയും സഹായം തേടാവുന്നതാണ്.
- പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂള്‍, കോളേജ് വിദ്യാർത്ഥികളിൽ കണ്ടല്‍ക്കാടുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുക.
- ജില്ല തിരിച്ചുള്ള കണ്ടല്‍ക്കാടുകളുടെ വിസ്തൃതിയും കണ്ടല്‍ച്ചെടികളുടെ ജൈവവൈവിധ്യവും പഠിക്കാന്‍ സര്‍വ്വകലാശാലകളിലും കോളേജുകളിലും കണ്ടല്‍ പഠനകേന്ദ്രങ്ങള്‍ (Mangrove Study Centre) തുടങ്ങുക.
- കേരളത്തിലെ കണ്ടല്‍ക്കാടുകളില്‍ വൈവിധ്യം കൊണ്ടും വിസ്തൃതികൊണ്ടും സമ്പന്നമായ കണ്ണൂരിലെ കണ്ടല്‍ക്കാടുകളെ സംസ്ഥാനത്തിന്റെ ജനിതക വിഭവ (Genetic Resource Centre) കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള നടപടികൾ എടുക്കുക.
- സമഗ്രമായ പ്രകൃതി സംരക്ഷണത്തിനായി സംസ്ഥാനത്ത് വനം-പരിസ്ഥിതി വകുപ്പ് രൂപീകരിച്ച് തീരദേശ സംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ വനപാലകര്‍ക്ക് അധികാരം നല്‍കുക.
കണ്ടലുകളുമായി ബന്ധപ്പെട്ട നിലവിലുള്ള telegra.ph പേജുകളുടെ ലിസ്റ്റ് താഴെ ചേൎക്കുന്നു.
- Mangroves in Kerala - https://telegra.ph/Mangroves-in-Kerala-08-02 (This is the the text extracted from Koodu Magazine)
- Mangrove Associates - https://telegra.ph/Mangrove-Associates-08-02 (This also is the the text extracted from Koodu Magazine)
- കേരളത്തിലെ കണ്ടല്‍ ഇനങ്ങളെ പരിചയപ്പെടുത്തുവാനുള്ള എക്സിബിഷന്‍ ഫ്രെയിമുകള്‍ - https://telegra.ph/Exhibition-frames-11-02
- കണ്ടല്‍ അനുബന്ധ സസ്യങ്ങള്‍ - Exhibition Frames by Grassroute https://telegra.ph/Exhibition-frames-II-11-04