Mangrove Associates

Mangrove Associates

Grassroute

കണ്ടല്‍ക്കൂട്ടാളികള്‍

കണ്ടല്‍ക്കാടുകളിലും അവയോടു ചേര്‍ന്നും ഒട്ടേറെ സസ്യങ്ങള്‍ വളരുന്നുണ്ട്‌. ഇവ കണ്ടല്‍ക്കൂട്ടാളികള്‍ എന്നറിയപ്പെടുന്നു. ഇതര ആവാസ വ്യവസ്ഥകളിലും കാണപ്പെടുന്ന ഇത്തരം ഇരുപതിലേറെ സസ്യങ്ങള്‍ കേരളത്തിലെ കണ്ടല്‍ക്കാടുകളില്‍ വളരുന്നുണ്ടു്. ചില പ്രധാന കണ്ടല്‍ക്കൂട്ടാളികളെ പരിചയപ്പെടാം

ചക്കക്കണ്ടല്‍ / കാട്ടാത്ത / Annona glabra

അനോനേസിയേ കുടുംബത്തിലുള്‍പ്പെടുന്ന ഈ സസ്യം കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കണ്ടല്‍പ്രദേശങ്ങളിലാണ്‌ കൂടുതലും കണ്ടുവരുന്നത്‌. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും ഉണ്ടായിരുന്ന ഈ സസ്യം ശ്രീലങ്കയില്‍ നിന്നാണ്‌ ഇവിടെയെത്തിയതെന്നു കരുതപ്പെടുന്നു. അതിനാല്‍ത്തന്നെ ചിലയിടങ്ങളില്‍ ലങ്കപ്പഴം എന്നറിയപ്പെടുന്നു. ഇംഗ്ലീഷില്‍ Allegator Apple, Mangrove Apple, Monkey Apple, Pond Apple എന്നീ പേരുകളില്‍ അറിയപ്പെടുന്നു. വിറവാലന്‍ എന്ന ചിത്രശലഭത്തിന്റെ ലാര്‍വാഭക്ഷണ സസ്യമാണിത്‌.

കുഴിമുണ്ടന്‍ / Ardisia elliptica

മിര്‍സിനേസിയേ കുടുംബത്തില്‍പ്പെടുന്ന ഈ കുറ്റിച്ചെടി കൊല്ലം ആലപ്പുഴ ജില്ലകളിലെ കണ്ടല്‍പ്രദേശങ്ങളിലും കായലോരങ്ങളിലും വളരുന്നു. ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്‌.

കാക്കഞാറ / മൊളക്ക / Ardisia solanacea

നിത്യഹരിത വനസസ്യമായ ഈ ചെറുവ്യക്ഷം കണ്ടല്‍ക്കാടുകളിലും കാണപ്പെടുന്നുണ്ട്‌. ആറുമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ നാഗശലഭത്തിന്റെ (Atlas Moth) ലാര്‍വാഭക്ഷണസസ്യമാണ്‌.

സമുദ്രക്കായ്‌ / സമുദ്രച്ചാമ്പ / Barringtonia racemosa

ലെസിത്തിഡേസീ കുടുംബത്തില്‍പ്പെടുന്ന ഈ ചെറുവൃക്ഷം കണ്ണൂര്‍, കാസര്‍ഗോഡ്‌, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കായലോരങ്ങളിലും കണ്ടല്‍മേഖലകളിലും വളരുന്നു. വിഷാംശമുള്ള ഇതിന്റെ കായ്കള്‍ നഞ്ച്‌ ആയി ഉപയോഗിക്കാറുണ്ട്‌. Fish killer tree എന്നാണ്‌ ഇംഗ്ലീഷ്‌ നാമം. ഇതേ ജനുസ്സില്‍പ്പെട്ട പുഴയാലം Ringtonia acutangula എന്ന ചെറുമരവും കണ്ടല്‍പ്രദേശങ്ങളില്‍ കാണാറുണ്ടു്. സമുദ്രാക്ഷം, സമുദ്രവാഴി എന്നും പേരുകളുണ്ടു്.

(ഫേസ്‍ബുക്കില്‍ നിന്നുള്ള കുറിപ്പു് താഴെ)

തീരദേശ ചതുപ്പ് വനങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിലെ അഴിമുഖങ്ങളുടെ അരികുകളിലും മൊസാംബിക്ക്, ക്വാസുലു-നതാൽ (ദക്ഷിണാഫ്രിക്ക) എന്നിവയുടെ കിഴക്കൻ തീരത്ത് നിന്ന് മഡഗാസ്കർ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, മാലദ്വീപ്, തായ്ലൻഡ്, ലാവോസ്, തെക്ക് ചൈന, വടക്കൻ ഓസ്‌ട്രേലിയ, തീരദേശ തായ്‌വാൻ, റ്യുക്യു ദ്വീപുകൾ, പല പോളിനേഷ്യൻ ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം ഇത് കാണപ്പെടുന്നു.
മിച്ചൽ റിവർ ഡിസ്ട്രിക്റ്റിലെ തദ്ദേശവാസികൾ ഈ ചെടിയെ യാക്കൂറോ എന്ന് വിളിക്കുന്നതായും ഈ വൃക്ഷത്തിന്റെ വേരിന് കയ്പേറിയ രുചിയുണ്ടെന്നും ഇത് ഹിന്ദു പരിശീലകർ ഉപയോഗിക്കുന്നതായും വിത്തുകളും പുറം തൊലിയും നാട്ടുവൈദ്യത്തിൽ ഉപയോഗിക്കുന്നതായും 1889 -ൽ ഇറങ്ങിയ ദ യൂസ്ഫുൾ നേറ്റീവ് പ്ലാന്റ്സ് ഓഫ് ആസ്ത്രേലിയ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ചുവപ്പ് കലർന്ന നിറമാണ് തടിക്ക്, കൂടാതെ സിങ്കോണകളുമായി ബന്ധപ്പെട്ട സ്വഭാവസവിശേഷതകളുണ്ടെന്നും പറയപ്പെടുന്നു. പൊടിച്ച കായ ലഘു ഭക്ഷണമായി ഉപയോഗിക്കുന്നു . ചർമ്മത്തിലെ രോഗങ്ങളിൽ ബാഹ്യമായി പ്രയോഗിക്കുന്നതു കൂടാതെ വേറെയും ഔഷധങ്ങളായി ഉപയോഗിക്കുന്നുണ്ടത്രേ. (ട്രഷറി ഓഫ് ബോട്ടണി). സൗത്ത് ആഫ്രിക്കയിൽ ഇതൊരു സംരക്ഷിത മരമാണ്.

കണ്ടല്‍ക്കഴഞ്ചി / കാക്കമുള്ള്‌ / Caesalpinia crista

സീസാരുപിനിയേസിയേ കുടുംബത്തിൽപ്പെടുന്ന വള്ളി സസ്യം. നിറയെ മുള്ളുകളുള്ള ഈ സസ്യത്തിന്‌ മനോഹരമായ സ്വര്‍ണ്ണനിറത്തിലുള്ള പുക്കളുണ്ട്‌.

പുഴമുല്ല / ചങ്കുംകുപ്പി / Clerodendrum inerme

വെര്‍ബിനേസിയേ കുടുംബത്തിരുപ്പെടുന്ന കുറ്റിച്ചെടി. തോട്ടത്തിനുള്ള കുറ്റിച്ചെടിയായി നട്ടുപിടിപ്പിക്കാറുണ്ട്‌. Seaside cledodendrum, Garden quinine എന്നീ ഇംഗ്ലീഷ്‌ നാമങ്ങളില്‍ അറിയപ്പെടുന്നു.

ഒതളം / ചാത്തന്‍കായ്‌ / Cerbera odollam

അപ്പോസൈനേസിയേ കുടുംബത്തില്‍പ്പെടുന്ന ചെറുവൃക്ഷം. മാങ്ങയെപ്പോലുള്ള കായ്കള്‍ വിഷമുള്ളതാണ്‌. Sea Mango, Dogbane എന്നിവയാണ്‌ ഇംഗ്ലീഷ്‌ നാമങ്ങള്‍. ഔഷധമായും ഉപയോഗിച്ചുവരുന്നു.

ഒതളത്തെപ്പറ്റിയുള്ള വളരെ വിശദമായ ഒരു വീഡിയോ കാണാന്‍ ഇവിടെ ക്ലിക്‍ ചെയ്യുക.

പൂഞ്ഞാലിവള്ളി / Derris scandens

കണ്ടല്‍ക്കാടുകള്‍ക്കു പുറമേ ഇലപൊഴിയും വനങ്ങളിലും കണ്ടുവരുന്നു. ജൂണ്‍-ജുലായ്‌ മാസങ്ങളിലാണ്‌ പുക്കുന്നത്‌. പൂക്കള്‍ ധാരാളം ഷഡ്പദങ്ങളെ ആകര്‍ഷിക്കുന്നു. വെള്ളിവരയന്‍ ആര (White-banded Awl) എന്ന ചിത്രശലഭത്തിന്റെ ലാര്‍വാഭക്ഷണസസ്യമാണ്‌.

പൊന്നാംവള്ളി / Derris trifoliata

കണ്ടല്‍ക്കാടുകളിലും കായലോരങ്ങളിലും വളരുന്ന വള്ളിച്ചെടി. പുള്ളിയാര (Common Awl) എന്ന ചിത്രശലഭത്തിന്റെ ലാര്‍വാഭക്ഷണസസ്യം. Fabaceae സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു.

മേല്‍ക്കാണിച്ചിരിക്കുന്ന ലിങ്ക് പ്രവൎത്തിക്കുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്‍ ചെയ്യുക.

പുന്നല്‍ / Calophyllum inophyllum

കുടമ്പുളി ഉള്‍പ്പെടുന്ന ക്ലൂസിയേസിയേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന വ്യക്ഷം. കടലോരങ്ങളിലും കണ്ടല്‍ക്കാടുകളിലും വളരുന്നു. Indian Laurel, Alexandrian Laurel, Oil-nut Tree എന്നിവയാണ്‌ ഇംഗ്ലീഷ്‌ നാമങ്ങള്‍. വിത്തില്‍നിന്ന്‌ എടുക്കുന്ന എണ്ണ വ്യാവസായികാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കൂന്നു. പാതയോരവൃക്ഷമായി വെച്ചുപിടിപ്പിക്കാറുണ്ട്‌

നീര്‍പ്പൊങ്ങല്യം / Dolichandrone spathaceae

ബിഗ്നോണിയേസിയേ സസ്യകുടുംബത്തിലെ ഒരംഗം. പുഴയോരങ്ങളിലും കാണപ്പെടുന്ന വൃക്ഷം. ചിലയിനം ട്യൂമറുകളുടെ ചികിത്സയില്‍ അടുത്തകാലത്തായി ഇതിന്റെ ഇലകള്‍ ഉപയോഗിച്ചുവരുന്നുണ്ട്‌.

ആറ്റുപരത്തി / താലിപ്പരത്തി / Hibiscus tiliaceus

മാല്‍വേസിയേ സസ്യകുടുംബത്തില്‍പ്പെടുന്ന ചെറുവ്യക്ഷം. വേലിച്ചെടിയായി നട്ടുപിടിപ്പിക്കാറുണ്ട്‌. Sea hibiscus, Yellow Mallow എന്നീ ഇംഗ്ലീഷ്‌ പേരുകളുമുണ്ട്‌. നീര്‍പ്പരുത്തി, പുഴപ്പരുത്തി എന്നീ പേരുകളിലും അറിയപ്പെടുന്നു.

പൂവരശ് / ചെന്തമരി / Thespesia populnea

ആറ്റുപരുത്തിയുടെ അതേ കുടുംബത്തില്‍പ്പെടുന്ന വൃക്ഷം. ഇലയും തോലും ഓഷധാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്‌. പാതയോരങ്ങളില്‍ വെച്ചുപിടിപ്പിക്കാറുണ്ട്‌. Cork Tree, Portia Tree, Indian Tulip Tree തുടങ്ങിയ ഇംഗ്ലീഷ്‌ നാമങ്ങളുണ്ട്‌. ചീലാന്തി എന്ന പ്രാദേശിക നാമത്തിലും അറിയപ്പെടുന്നു.

പുഴമുഞ്ഞ / Premna latifolia

വെര്‍ബെനേസിയേ സസ്യകുടുംബത്തിലെ കുറ്റിച്ചെടി. ഇലകള്‍ക്കും തണ്ടുകള്‍ക്കും രൂക്ഷഗന്ധമാണ്‌. അതിനാല്‍ കോഴിപ്പേനുകളെ അകറ്റാനുള്ള മരുന്നായി ഉപയോഗിക്കാറുണ്ട്‌. പൂക്കള്‍ ധാരാളം ഷഡ്പദങ്ങളെ ആകര്‍ഷിക്കുന്നു.

ഇതും കൂടി വായിക്കുക.

മഞ്ഞനാത്തി / Morinda citrifolia

നോനി എന്ന വ്യാപാരനാമത്തില്‍ ഇപ്പോള്‍ അറിയപ്പെടുന്ന ചെറുവൃക്ഷം. റുബിയേസിയെ കുടുംബത്തില്‍പ്പെടുന്ന ഈ സസ്യം ഇംഗ്ലീഷില്‍ അറിയപ്പെടുന്നത്‌ Indian Mulberry, Great Morinda എന്നീ പേരുകളിലാണ്‌. പഴുത്ത കായില്‍ നിന്നും പോഷകമുല്യമുള്ള ടോണിക്കുകള്‍ ഉത്പാദിപിക്കുന്നു.

ഉങ്ങ്‌ / മിനാറി / Pongamia pinnata

കണ്ടല്‍ക്കൂട്ടാളിയായ ഈ വൃക്ഷം തണല്‍വ്യക്ഷമായി വെച്ചുപിടിപ്പിക്കാറുണ്ട്‌. ഔഷധത്തോട്ടങ്ങളിലൂം വളര്‍ത്തുന്നു. പുള്ളിയാര, വെള്ളിവരയൻ ആര, കാട്ടുവരയന്‍ ആര, സൂര്യശലഭം എന്നീ ചിത്രശലഭങ്ങളുടെ ലാര്‍വാഭക്ഷണസസ്യമാണ്‌. Fabaceae സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. Indian Beach Tree എന്നാണ്‌ ഇംഗ്ലീഷില്‍ അറിയപ്പെടുന്നത്‌.

കൈത / Pandanus sp.

കൈതയുടെ മുന്നിനങ്ങള്‍ കണ്ടല്‍ക്കൂട്ടാളികള്‍ കൂടിയാണ്‌. Pandanus odorifer, Pandanus canaranus, Pandanus furcatus എന്നിവയാണവ. ഔഷധാവശ്യങ്ങള്‍ക്കും പായ നെയ്യുന്നതിനും കരയിടിച്ചില്‍ തടയുന്നതിനും സഹായകമാണിവ.

മണിവള്ളി / Ipomoea campanulata

കണ്ടല്‍ക്കാടുകളില്‍ വളരെ ഉയരത്തില്‍ പടരുന്ന ആരോഹിസസ്യം. കോണ്‍വോള്‍വുലാസീ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ആര്‍ദ്ര ഇലപൊഴിയും വനങ്ങളിലും വളരാറുണ്ട്‌.

അടമ്പ് / കുതിരക്കുളമ്പന്‍ / ചുവന്ന അടമ്പ്‌ / Ipomoea pes-capre-ssp. pescaprae

കടലോരത്തെ പുഴിമണലിലും കണ്ടല്‍ക്കാടുകളിലുമായി നിലത്ത്‌ പടര്‍ന്നു വളരുന്നു. മണ്ണൊലിപ്പു തടയുന്നതിനാല്‍ റെയില്‍പ്പാതയോരങ്ങളില്‍ വെച്ചുപിടിപ്പിക്കാറുണ്ടായിരുന്നു.

കണ്ടല്‍ക്കാടുകള്‍ വായിക്കുക.
  1. Mangrove Associates - https://telegra.ph/Mangrove-Associates-08-02 (This also is the the text extracted from Koodu Magazine)
  2. കേരളത്തിലെ കണ്ടല്‍ ഇനങ്ങളെ പരിചയപ്പെടുത്തുവാനുള്ള എക്സിബിഷന്‍ ഫ്രെയിമുകള്‍ - https://telegra.ph/Exhibition-frames-11-02
  3. കണ്ടല്‍ അനുബന്ധ സസ്യങ്ങള്‍ - Exhibition Frames by Grassroute https://telegra.ph/Exhibition-frames-II-11-04
  4. Mangrove Forests in Kerala - Problems and possibilites.
  5. ഈ പോസ്റ്റിലുള്ള മുളകളുടേയും കണ്ടല്‍, കണ്ടല്‍-അനുബന്ധ സ്പീഷിസുകള്‍ തുടങ്ങിയവയുടെ പോസ്റ്ററുകള്‍ പി.ഡി.എഫ് / എസ്.വി.ജി ഫോര്‍മാറ്റുകളില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്‍ ചെയ്യുക


Report Page