തുമ്പച്ചെടി

തുമ്പച്ചെടി

Deon

വൈകീട്ടും തിമിർത്തു പെയ്‌ത മഴയെ, കറുത്ത ചായയുടെ സുഖമുള്ള ചൂടേറ്റു നോക്കിയിരിക്കുമ്പോൾ വലതു കൈയിൽ പെരുവിരലിൽ വന്നിരുന്ന പുള്ളിക്കൊതുകാണ്, കഴിഞ്ഞ ഓണത്തിന് പൂക്കളമിടാൻ നേരം ഓർത്തുമറന്ന തുമ്പച്ചെടിയെ വീണ്ടും മനസ്സിലേക്കെത്തിച്ചത്.

പണ്ടൊക്കെ സന്ധ്യയോടെ വീട്ടിൽ തേങ്ങാ ചകിരിയോടൊപ്പം തുമ്പച്ചെടി ചേർത്തു പുകച്ച് കൊതുകിനെ ഓടിക്കുന്ന പതിവുണ്ടായിരുന്നു.

വളരെ എഫക്ടീവ് ആയ ഒരു നാടൻ പൊടിക്കൈ!

‘ശുഭരാത്രി’ എന്നെഴുതിയ വിഷത്തിരിയുടെ കവറിലെ മഞ്ഞ ത്രികോണം അപകടത്തിന്റെ ആണെന്ന് അറിയാഞ്ഞിട്ടല്ല.

പരിസ്ഥിതി ദിനം അയോണ്ട് ഇന്നത്തെ കൊതുകുനിവാരണം അല്പം എക്കോ ഫ്രണ്ട്‌ലി ആയിക്കോട്ടെ എന്നു കരുതി പറമ്പിലേക്കിറങ്ങി.

വിട്ടുപോവാൻ ഉദ്ദേശമില്ലെന്ന ഭാവത്തിൽ മഴ പിന്നെയും ചാറിക്കൊണ്ടിരുന്നു..

വന്നുപോയ മഴക്കാലങ്ങളിൽ മണ്മറഞ്ഞുപോയ ആ പഴയ നടവഴിയിൽ ചേമ്പും കമ്മ്യൂണിസ്റ്റ് പച്ചയും മുട്ടോളം വളർന്നു നിൽക്കുന്നു.

സന്ധ്യാ സമയത്ത് പറമ്പിലേക്ക് ഇറങ്ങുന്നതിന് പണ്ടുതൊട്ടേ വിലക്കാണ്, അമ്മ കാണണ്ട.

കാല് നീറുന്നുണ്ട്.. കൂവപ്പുല്ലിന്റെ മൂർച്ചയേറിയ തലോടലുകളിൽ നനവു പറ്റുന്നതാണ്.

ഒരുവശത്ത് ചീവീടും മറുവശത്ത് തവളകളും മത്സരിച്ച് ശബ്ദിക്കുന്നു.

ഒരു ചെറിയ കുളമുണ്ടായിരുന്നല്ലോ ഇവിടെ..

ഓർമ്മ ശരിയാണെങ്കിൽ അതിനു വലതുഭാഗത്താണ് ഞാൻ തേടുന്ന നിധി!

കാലം ഇത്ര കടന്നുപോയിട്ടും, കിണഞ്ഞു ശ്രമിച്ചിട്ടും ആ തെളിഞ്ഞ വെള്ളത്തിന്റെ ഭംഗിയെയും അതിൽ നീന്തി നടക്കുന്ന പേരറിയാത്ത ചെറുമീനുകളെയും പുറത്തെ കാഴ്ചകളിൽ നിന്ന് പൂർണ്ണമായി മറയ്ക്കാൻ അക്കണ്ട വള്ളിച്ചെടികൾക്ക് കഴിഞ്ഞിരുന്നില്ല.

ഒരുനിമിഷം ആ ആഴങ്ങളിൽ ഞാനെന്റെ കുട്ടിക്കാലത്തിലേക്ക് നോക്കി അങ്ങനെ നിന്നു.

നൊസ്റ്റാൾജിയ അടിച്ചുനിൽക്കാൻ സമയമില്ല, നേരം ഇരുട്ടുന്നേന് മുന്നേ കൂടുപറ്റണം.

എവിടെ എന്റെ തുമ്പച്ചെടി???

പത്തുമിനിറ്റ് അവിടമാകെ അരിച്ചുപെറുക്കിയിട്ട് ഒടുക്കം കണ്ടെത്തിയതോ, ഒരേയൊരു തുമ്പത്തൈ.

വംശനാശത്തിന്റെ വക്കിൽ പൊരുതിനിന്ന് പോയ കൊടും വേനലുകളെ അതിജീവിച്ച ഒരു ധീര യോദ്ധാവിനെ എനിക്കാ കണ്ണുകളിൽ കാണാൻ കഴിഞ്ഞു.

ഒരുപക്ഷേ ഈ മഴക്കാലത്തിനപ്പുറം ഒരു തൂമ്പപ്പൂക്കാലത്തിനു കാരണമാവാൻ പോവുന്ന ആ വിപ്ലവകാരിയെ ഞാനെന്തിന് കൊതുകുകൾക്ക് ശ്വസിക്കാൻ കൊടുക്കണം?

No way.

Back to my Home.

കൊതുകുതിരി തന്നെ ശരണം.

-DeOn-


[ Add a comment to this post ]

Report Page