സെപ്റ്റംബർ എന്ന കൂട്ടുകാരി

സെപ്റ്റംബർ എന്ന കൂട്ടുകാരി

Deon

കൊഴിഞ്ഞ പൂക്കളെല്ലാം ഭൂമിക്കു സമ്മാനിച്ച് വസന്തം പിൻവാങ്ങുമ്പോൾ, വരുന്ന ശിശിരത്തിന്റെ പ്രതീക്ഷകളിലേക്കുള്ള നിർവികാരതയുടെ യാത്രയാണ് സെപ്തംബർ...

ആടയാഭരണങ്ങളണിയാത്ത കന്യകയെപ്പോലെ ആരുടെയും വർണ്ണനകൾക്കു പാത്രമാവാത്തതിൽ പരിഭവമേതുമില്ലാതെ അവളങ്ങനെ കടന്നുപോവുകയാവും.


കഴിയുമെങ്കിൽ അവളോടൊന്നു സംസാരിക്കണം.

രാത്രിയുടെമാത്രം നിശബ്ദതയിൽ, ചെറുനിലാവെളിച്ചത്തിൽ പുറത്തേക്കിറങ്ങി ആകാശം നോക്കിയിട്ടുണ്ടോ?

കണ്ണുചിമ്മുന്ന താരകങ്ങളോട് ഋതുക്കളെക്കുറിച്ചു തിരക്കിയിട്ടുണ്ടോ?

വീശുന്ന പാതിരാക്കാറ്റിന്റെ തണുപ്പിൽ ഇനിയും വിരിഞ്ഞിട്ടില്ലാത്ത പാരിജാതത്തിന്റെ ഗന്ധം അറിഞ്ഞിട്ടുണ്ടോ?


കണ്ണുതുറന്നുതന്നെ പിടിക്കണം..

മനസ്സിനെ ശരീരത്തിൽനിന്നു വേർപെടുത്തണം..

ഒരിക്കൽക്കൂടി മേലേക്ക് പറത്തിവിടണം..

അതങ്ങനെയൊഴുകി നീങ്ങുന്നത് താഴെനിന്നു കാണണം..


ഒന്നു ചിമ്മിത്തുറക്കുമ്പോളേക്കും അതേ കണ്ണുകളിലേക്ക് ആ മനസ്സു തിരികെയെത്തണം..

കൊതിതീരെ കേൾക്കാൻ കൈനിറയെ കഥകളുമായി!


പിന്നെയുറങ്ങണം.. കേട്ടു കേട്ടങ്ങനെ.

ഒരുപാട് സന്തോഷത്തോടെ ഉറക്കമുണരണം.


അന്ന് പൂക്കളോടൊപ്പം തന്നിലെ ജീവന്റെ പച്ചപ്പിനെയും മണ്ണിലേക്കർപ്പിച്ച് ഡിസംബറിലെയും ജനുവരിയിലെയും തണുപ്പിനെപ്പുണർന്ന് അവൾ വീണ്ടും കാത്തിരിക്കുകയാവും, മറ്റൊരു വസന്തത്തിനായി. ☺

-DeOn-


[ Add a comment to this post ]

Report Page