ഒരു മഴ കൂടി

ഒരു മഴ കൂടി

Deon


ഈ മഴയും പുഴയും നാട്ടുവഴികളുമൊക്കെ ഇന്നത്തേതുപോലെതന്നെ ഒരു പത്തു കൊല്ലം ഫ്ലാഷ്ബാക്കിലും ഫേവറേറ്റ് ഫീലിംഗ്സ് തന്നെയായിരുന്നു.


സ്കൂളിലെ വലിയ (സമ്മർ) വെക്കേഷൻ സമയങ്ങളിലാണ് ഒറ്റക്കും അല്ലാതെയും ഇതൊക്കെ കൂടുതൽ എക്സ്പ്ലോർ ചെയ്തിട്ടുള്ളത്.


പുതിയ റോഡും പാലങ്ങളും വീടുകളും എല്ലാം അനിവാര്യമായ വികസനങ്ങൾ ആണെങ്കിലും ചുമ്മാ ഓർത്തു നോക്കുമ്പോ പഴയവ ഒക്കെ ഭയങ്കര മിസ്സിംഗ്‌ ആണ്.


"ആ വീടിരിക്കുന്നിടത്ത് ഒരു പറമ്പായിരുന്നു...

വലിയൊരു മൂവാണ്ടൻ മാവുണ്ടായിരുന്നു, അരികിലൊരു കുളവും..."

ഇത്രയും ഓർക്കുമ്പോ തന്നെ ഉള്ളൊന്ന് പിടയും... സങ്കടം വരും.


അന്ന് ഒരു ഫോട്ടോയിൽ പോലും പകർത്താൻ കഴിയാഞ്ഞ, പടം വരയ്ക്കാനുള്ള കഴിവുണ്ടായൊരുന്നെങ്കിൽ ഒപ്പി വെച്ചേനേയല്ലോന്ന് ഞാൻ ഇടയ്ക്കിടെ നെടുവീർപ്പിടാറുള്ള, പല തവണ വരയ്ക്കാൻ ശ്രമിച്ചിട്ടും പാളിപ്പോയ ആ ചിത്രങ്ങളൊക്കെ ചുമ്മാ ഓർമ്മവരും...


വൈകീട്ട് തകർത്തു പെയ്യാനൊരുങ്ങി നിൽക്കുന്ന നല്ലൊരു മഴ...

മുകളിലുള്ള മഴക്കാറ് പോരാഞ്ഞ് ദൂരെയുള്ള മേഘങ്ങളെയൊക്കെ വാരിക്കൂട്ടി നമ്മുടെ മേലെ വെച്ചു തന്നിട്ട് തെങ്ങിനെയും മാവിനെയും കുലുക്കിച്ചിരിപ്പിക്കുന്ന ഒരുഗ്രൻ കാറ്റ്... ആ ചിരിയിൽ ചറപറാ പൊഴിയുന്ന പഴം മാങ്ങകൾ...

മഴയ്ക്കു മുന്നേയുള്ള പ്രകൃതി ❤️

ആകാശം അങ്ങനെ കരുത്തിരുണ്ടു കൂടി ചുറ്റും ഉള്ളതൊക്കെ വല്ലാത്തൊരു ഭംഗിയിൽ കാണുമ്പോത്തന്നെ വീട്ടിൽ ഇരുന്നാൽ ഇരിപ്പുറക്കാതാവും...


അങ്ങനെ ഉണങ്ങാനിട്ട തുണികളെടുക്കാൻ തിരക്കിട്ടു പോകുന്ന അമ്മയുടെ പുറകെ ഞാനും!


ആ പറമ്പിലൂടെ, മുന്നേ ചാറിയ മഴയിൽ നനഞ്ഞ പുല്ലിലൂടെ വെറുതെ ഓടിനടക്കാൻ തോന്നും... താഴേക്ക് തെന്നി വീഴുന്ന ഇലകളൊക്കെ നിലം തൊടും മുന്നേ പിടിച്ചെടുക്കാൻ തോന്നും... മാഞ്ചോട്ടിൽ വീണുകിടക്കുന്ന മധുരങ്ങളിൽ പുതിയതിനെ മാത്രം തിരഞ്ഞെടുത്ത് പോക്കറ്റിലാക്കാൻ തോന്നും... മഴ വരാൻ പോവുന്നൂന്ന് മനസ്സിലാവാത്ത കുളത്തിലെ മീനുകളെ ചുമ്മാ എത്തിനോക്കി ചിരിക്കാൻ തോന്നും...


പടിഞ്ഞാറ്, പുഴയുടെ അങ്ങേ അറ്റത്തുനിന്ന് മഴ ഇങ്ങനെ വെള്ളത്തിലൂടെ ഓടിവരുന്നത് ഇക്കരെ നിന്നാൽ കാണാം... കക്ഷിയെ കാണുമ്പോ തന്നെ ഞങ്ങൾ തമ്മിലൊരു പന്തയം വെക്കും... മഴ തീരം തൊടും മുന്നേ ഞാൻ ഓടി വീട്ടിൽ കയറും... നനഞ്ഞാൽ അമ്മയുടെ കയ്യിൽ നിന്ന് കണക്കിന് കിട്ടും എന്നുള്ളോണ്ട് എപ്പോളും ഞാൻ തന്നെയാവും ജയിക്കുക.


പിന്നെയാ മഴ പെയ്തു തോരുന്നത് അങ്ങനെ ഇറയത്തിരുന്നു കാണും. ഈയൊരു കാര്യം മാത്രം മുടക്കിയതായി ഓർമ്മയിലില്ല, തോടും പുഴയും ഒക്കെ ഉള്ളോണ്ട് ഇന്നും മഴ പെയ്യുന്നത് കാണുന്നതിലെ പുതുമ പോയിട്ടില്ല.


എന്റെ നൊസ്റ്റാൾജിയ മുഴുവനും മഴയാണ്...

ഞാൻ ജനിച്ചത് ഒരു മഴയുള്ള ദിവസമാണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

കുട്ടിക്കാലവും സ്‌കൂളും കോളേജും ആദ്യ പ്രണയവും അവസാന പ്രണയത്തിന്റെ ക്ലൈമാക്സും എല്ലാം ഏതെങ്കിലും ഒരു വിധത്തിൽ മഴയുമായി റിലേറ്റഡാണ്.

അതോണ്ട് ഈ പുഴയിൽ മഴ പെയ്യുന്ന കാലത്തോളം ഞാനതിനെ ആദ്യമെന്നപോലെ അനുഭവിച്ചുകൊണ്ടേയിരിക്കും... 😌


-DeOn-


[ Add a comment to this post ]

Report Page