ഓർമ്മയിലെ പേരക്കാമാങ്ങകൾ

ഓർമ്മയിലെ പേരക്കാമാങ്ങകൾ

Deon

എന്റെ 2015 ഡയറിയിലെ നൊസ്റ്റയുടെ മഷിപുരണ്ട മുഷിഞ്ഞ താളുകളിൽനിന്ന് ചീന്തിയെടുത്ത ഒരോർമ്മക്കുറിപ്പുകൂടി..


April 8, Wednesday

ഹർത്താൽ!!!

മനസ്സിനും ശരീരത്തിനും വല്ലാത്തൊരു പോസിറ്റിവ് എനർജി തരുന്ന വാക്ക് അല്ലേ?

പതിവിലും നേരത്തേയെണീറ്റ് കുളിച്ചു കുട്ടപ്പനായി പുറത്തേക്കിറങ്ങി.

ചരിത്രത്തിൽ എറെ വിവാദങ്ങൾക്കു പാത്രമായ, കുപ്രസിദ്ധമായ കുമ്പേൽ ജംഗ്ഷൻ ജൂനിയറുപിള്ളേർ കയ്യേറിയിരിക്കയാണ്.

ഒരു ഡീവിയേഷനപ്പുറം വിച്ചൂന്റെ വീടിനു മുന്നിൽ ഗ്യാങ്ങ് കംപ്ലീറ്റ് കുറ്റിയടിച്ചിട്ടുണ്ട്.


ഏതാണ്ട് ‘നടയടി’ ഗണത്തിൽ പെടുത്താവുന്ന Welcome Troll ഏറ്റുവാങ്ങി ഞാനും ചർച്ചകളിലേക്കു പ്രവേശിച്ചു.

തള്ള്, ചളി, പ്രേമം, തേപ്പ്, രാഷ്ട്രീയം, അമേരിക്ക തുടങ്ങി നയൻതാരയുടെ വെയ്റ്റ് ലോസ്സ് യുവാക്കളിൽ ഉണ്ടാക്കിയ കടുത്ത നിരാശ വരെ എത്തിനിന്നു വിഷയങ്ങൾ.


ക്രിക്കറ്റാണ് വഴിത്തിരിവായത്..

ആൺകുട്ടികളുടെ കുട്ടിക്കാല നൊസ്റ്റാൾജിയകളിൽ ക്രിക്കറ്റിനുള്ള പ്രാധാന്യം പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

ഞങ്ങളടക്കം നാലു തലമുറകൾ കൌമാരം ഉത്സവമാക്കിയ പറമ്പാണ് പുറകിൽ കാടുപിടിച്ചു കിടക്കുന്നത്.

അവിടെ ആഘോഷിച്ച് അവിസ്മരണീയമാക്കേണ്ട വിലപ്പെട്ട സമയമാണ് ഇപ്പോളത്തെ ന്യൂ ജെനറേഷൻ മക്കൾ ദേ തൊട്ടപ്പുറെ മൊബൈലും പിടിച്ച് തലകുനിച്ചുനിന്നു പാഴാക്കിക്കളയുന്നത്.


കൂട്ടുകാരുടെ കൂടെയിരിക്കുമ്പോൾ എല്ലാവരുടെയും wavelength ഒരു special ലെവലിലേക്ക് എത്തുന്നതും ഒരുമിച്ച് ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതും വല്ലാത്തൊരു അനുഭവമാണ്.

തീപ്പന്തു കളിച്ചതും, മാവേട്ടെറിഞ്ഞതും, ഓടിപ്പിടുത്തവും, ചൂണ്ടയിടലും പിന്നെ പുഴയിലെ കൂട്ടക്കുളിയുമൊക്കെ ഓരോരുത്തരായി ഓർത്തെടുത്തു പറയുമ്പോൾ, ശരീരം ഇവിടെയും മനസ്സ് ഒരുമിച്ച് ഒരുപാട് പുറകിലേക്കും പോവുന്ന അവസ്ഥ.

‘മുത്തുച്ചിപ്പി’ ഒളിപ്പിച്ചു വെച്ചപ്പോളും, ആരുംകാണാതെ കൌതുകത്തോടെ, നെഞ്ചിടിപ്പോടെ അതിരുന്നു വായിച്ചപ്പോളും നമ്മളനുഭവിച്ച ത്രില്ലും ടെൻഷനുമൊക്കെ ഒറ്റ ക്ലിക്കിൽ സണ്ണിചേച്ചി മുന്നീവന്നു നിൽക്കുന്ന മൊബൈല് കയ്യിലുള്ള പുത്തൻ പിള്ളേർക്ക് മനസ്സിലാവില്ലല്ലോ!!!


ഒരു കല്ലെടുത്തെറിയാൻ പാകത്തിന് നാട്ടിൽ നല്ലൊരു മൂവാണ്ടൻ മാവുപോലുമില്ലാത്ത ഇപ്പോളത്തെ പിള്ളേരുടെ ദുരവസ്ഥയെ ഞാനൊരൽപം ദുഃഖത്തോടെ സ്മരിച്ചു.


“ഡാ, നമുക്ക് പേരക്കാ മാങ്ങ പറിക്കാൻ പോയാലോ?”

ചോദിക്കുമ്പോൾ എന്റെകണ്ണിലുണ്ടായ അതേ തിളക്കവും പ്രതീക്ഷകളും ഓരോരുത്തരുടെയും കണ്ണുകളിൽ പ്രതിഫലിക്കുന്നതായി കണ്ടു.


പടിഞ്ഞാറ് നടുത്തുരുത്തിന്റെ തെക്കേ മൂലയ്ക്ക് ഇക്കരയാണ് പേരക്കാമാവ്. ഞങ്ങളുടെയൊക്കെ വേനലവധിയുടെ ഒരുഭാഗം ആ മാവിൻചോട്ടിലായിരുന്നു.

നാട്ടിലെ ഏറ്റവും ഉയരമുള്ള മാവെന്ന ‘കൂമ്പേൽ വേൾഡ് റെക്കോഡ്’ കരസ്ഥമാക്കിയ പടുവൃക്ഷം.

കയറിപ്പറിക്കൽ ദുഷ്കരം.

‘പ്രിയൂർ’ മാങ്ങയുടെ ഏതോ വകഭേദമാണ്..

പച്ചമാങ്ങക്കുപോലും പേരക്കയോടും ആപ്പിളിനോടും സാമ്യമുള്ള രുചി.

അസാമാന്യ കഴിവും ഉന്നവുമുള്ള തലമൂത്ത പിള്ളേർക്കുമാത്രം പ്രാപ്യമായ മധുരം.


“മാങ്ങ ഉണ്ടായിക്കാണുവോ അതിലിപ്പോ?”


“ഉവ്വെടാ, ഇന്നലേം കൂടി ഞാൻ അതുവഴി പോയപ്പോ കണ്ടതല്ലേ.. കുറച്ചു മുകളിലാ പക്ഷേ”

( കുറഞ്ഞത് രണ്ടു കൊല്ലമെങ്കിലും ആയിട്ടുണ്ട് അങ്ങോട്ടൊക്കെ പോയിട്ട്. മിഷൻ ഉപേക്ഷിക്കാനുള്ള മനസ്സുവാരാത്തകൊണ്ട് വെറുതേ തട്ടിവിട്ടതാണ്.)


എന്റെയാ ഒരൊറ്റ ഡയലോഗിന്റെ ബലത്തിലാവണം, മോർട്ടീന്റെ പുക ശ്വസിച്ച കൊതുകിനെപ്പോലെ, ഹോർലിക്സ് കുടിച്ച കുട്ടിയെപ്പോലെ പഴയതിലും ഉന്മേഷത്തോടെ സടകുടഞ്ഞേണീറ്റു എല്ലാവരും.

പിന്നെ വേലിമേന്നു ഓടിച്ചെടുത്ത ഉരുളൻ ശീമക്കൊന്നക്കമ്പുകളുമായി 2002 കാലഘട്ടത്തെ അനുസ്മരിപ്പിക്കുംവിധം പരസ്പരം കളിയാക്കിയും കളിപറഞ്ഞും മാവിൻചോട്ടിലേക്ക്!


ഒന്നുരണ്ടു പുതിയ വീടുകൾ തലപൊക്കിയതൊഴിച്ചാൽ പറയത്തക്ക മാറ്റമൊന്നുമില്ലാത്ത നാട്ടുവഴി.

അഞ്ചുമിനിറ്റ് നടത്തം കൊണ്ടെത്തിച്ചത് ആ പഴയ നൊസ്റ്റാൾജിയയിൽ!


ആളനക്കമില്ലാതെ, ബാല്യത്തിന്റെ കൊതികൾ കല്ലുകളും വടികളുമൊക്കെയായി ചെന്നു സ്പർശിക്കാതെ, കാത്തുവെച്ച മധുരം ആർക്കും ഉപകാരപ്പെടാതെ മണ്ണിൽവീണു പാഴായിപ്പോകുന്നത് നിസ്സഹായയായി നോക്കിനിൽക്കേണ്ടിവന്നപ്പോളുള്ള വേദനയുടെ മടുപ്പിക്കുന്ന ഭാരം ഇനിയും അനുഭവിക്കാൻ മനസ്സുവരാത്തതുകൊണ്ടാവണം..

ആത്മഹത്യയെന്നു വിശേഷിപ്പിക്കാവുന്നവിധം തന്റെ സിരകളിലേക്കു പടർന്നുകയറി ചോരയും നീരുമൂറ്റി പന്തലിച്ചുനില്കുന്ന ഇത്തിൾക്കണ്ണികളുടെമാത്രം പച്ചപ്പിൽപൊതിഞ്ഞ് ഉണങ്ങിയ കൊമ്പുകളുമായി അതേ തലയെടുപ്പോടെ ആ ഭീമൻ ഇന്നും തലയുയർത്തിനിൽക്കുന്നു!


പരസ്പരമൊന്നും പറയാതെ, തമ്മിൽ നോക്കി ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്ത്, കൂടെ കൊണ്ടുവന്ന പ്രതീക്ഷയുടെ കമ്പുകളത്രയും അലക്ഷ്യമായി കാട്ടിലേക്കെറിഞ്ഞ് ഞങ്ങൾ തിരികെ നടന്നു.. നാവിൽ ഓർമ്മകളിലെ പേരക്കാമാങ്ങതൻ മധുരവുമായി!

-DeOn-


[ Add a comment to this post ]

Report Page