ഒരു ദുഃസ്വപ്നം

ഒരു ദുഃസ്വപ്നം

Deon

“ഡാ, മതി കിടന്ന് ഉറങ്ങിയത്. മണി പത്തു കഴിഞ്ഞു. എണീറ്റുപോയി പല്ലുതേക്ക്.”


അമ്മയുടെ ക്ലീഷേ ഡയലോഗ് കേട്ടാണ് ഉറക്കമുണർന്നത്.

ഭിത്തിയിലെ ക്ലോക്കിൽ സമയം 8:45.

തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കിറങ്ങി.

സൂര്യോദയം മിസ്സ് ചെയ്യുന്നത് ഇതാദ്യമായിട്ടല്ല,

എങ്കിലും പ്രകൃതിക്ക് എന്തോ മാറ്റം ഉള്ളതുപോലെ.

ഉറക്കച്ചടവല്ലെന്ന് ഉറപ്പിക്കാൻ കണ്ണൊന്നു തിരുമ്മി ഒരിക്കൽക്കൂടി മുറ്റത്തേക്ക് നോക്കി..

പരിസരമൊക്കെ ആകപ്പാടെ ഒരു ചുവപ്പ് മയം.

ചെവിയിൽ എന്തോ ഇരമ്പം, മൊത്തത്തിൽ ഒരസ്വസ്ഥത.

ഒന്നു നടന്നിട്ടു വരാൻ തോന്നി..

അനിയത്തി പത്രം വായിക്കുന്നുണ്ട്.

ഇവൾക്കിന്നു ക്ലാസ്സില്ലേ?

അല്ലെങ്കിൽ ഞാൻ എണീക്കും മുന്നേ കോളേജിലേക്ക് പോകുന്നതാണ്.

“ഡീ, നിനക്കിന്ന് ക്ലാസ്സില്ലേ???”

കാര്യമായി എന്തോ വായിക്കുകയാണ് കക്ഷി. ചോദിച്ചത് കേട്ടില്ല എന്നു തോന്നുന്നു.

ചോദ്യം ആവർത്തിക്കാതെ, മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ റോഡിലേക്കിറങ്ങി..


ഉറക്കപ്പിച്ച് മുഴുവനായങ്ങു വിട്ടുമാറിയിട്ടില്ല…

കാലുകൾക്ക് ബലം കൊടുക്കാതെ ഒഴുകി നീങ്ങുന്ന ഫീൽ.

രാധുവും അഭിയുമൊക്കെ സ്‌കൂളിൽ പോവാനുള്ള തയ്യാറെടുപ്പിലാണ്.

തിരക്കിട്ട് ആദ്യം ഇറങ്ങിവന്നത് അഭിയായിരുന്നു.

എന്നെയൊന്ന് മൈൻഡ് പോലും ചെയ്യാതെ അവൻ ധൃതിയിൽ മുന്നോട്ടു നടന്നു..

പിന്നാലെ അമ്മയുടെ കൈ പിടിച്ച് രാധുവും.

ഈ പിള്ളേർക്കിത് എന്തുപറ്റി?

ഇന്നലെ വൈകീട്ടുവരെ എന്റെകൂടെ കളിച്ചിരുന്ന കുട്ടികളാണ്..

ഒന്നു നോക്കി ചിരിക്കുക പോലും ചെയ്യാതെ പോകുന്നത്..


എന്തോ നിരാശയിൽ തിരികെ നടക്കാൻ ഒരുങ്ങവേ,

സാമാന്യം നല്ല വേഗത്തിൽ വന്ന ഒരു ബൈക്ക് തൊട്ടു തൊട്ടില്ല എന്നമട്ടിൽ എന്നെ ഭയപ്പെടുത്തി കടന്നുപോയി.


എല്ലാവർക്കും അവരവരുടെ തിരക്കുകളാണല്ലോ പ്രധാനം..

ഞാൻ വീട്ടിലേക്ക് നടന്നു.

മുന്നിലെത്തിയതും അകത്തുനിന്ന് അമ്മയുടെ നിലവിളി..

വരാന്തയിലിരുന്ന അനിയത്തി ഓടി അകത്തേക്ക് കയറി, അവളും ഉച്ചത്തിൽ കരയുകയാണ്..

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

കാലുകൾക്ക് ഇപ്പോളും തീരെ ബലമില്ലാത്തതു പോലെ.

ഒരുവിധം വേച്ചു വേച്ച് ഞാൻ വീടിനകത്തേക്ക് കയറി.

എന്റെ മുറിയിൽ നിന്നാണ്..

കട്ടിലിൽ കിടക്കുന്ന എന്റെ ചലനമറ്റ ശരീരത്തെ കെട്ടിപ്പിടിച്ച് അമ്മയും പെങ്ങളും അലമുറയിടുകയാണ്!!!


എന്തു ചെയ്യണമെന്നറിയാതെ ഞാൻ ഹാളിലെ തറയിലേക്ക് വീണു..

എഴുന്നേൽക്കാൻ കഴിയുന്നില്ല,

അമ്മേ, ഞാനിവിടുണ്ട് എന്നു പറയാൻ പോലും.

ആരൊക്കെയോ ഓടിക്കൂടി..

നിസ്സഹായനായി തറയിൽ വീണുകിടക്കുന്ന എന്നെ ആരും ശ്രദ്ധിച്ചില്ല.. കട്ടിലിൽ കിടന്ന എന്റെ ജീവനില്ലാത്ത ശരീരത്തെ അവർ പൊക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി.

ആളൊഴിഞ്ഞ മുറിയിലേക്ക് ഞാൻ നോക്കി,

അവിടെ കട്ടിലിൽ കിടക്കുന്ന മൊബൈൽ ഫോണിൽ അപ്പോളും ഫേസ്ബുക്കിലെ നോട്ടിഫിക്കേഷൻ വന്ന് ഇല്ലാത്ത എന്നെ തട്ടിവിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു!

-DeOn-


[ Add a comment to this post ]

Report Page