നായിന്റെ മക്കൾ

നായിന്റെ മക്കൾ

Deon

2016 ഡയറിയിലെ ആദ്യ കുറിപ്പുകളിലെ ഒരോർമ്മ..


കളമശ്ശേരിയിൽനിന്ന് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് രാത്രി 1:30 നുള്ള ആദ്യത്തെ ക്യാബിൽതന്നെ സീറ്റുപിടിച്ചു.. ഒരു ചെറ്യേ ഉറക്കമൊക്കെ കഴിഞ്ഞ് കണ്ണുതിരുമ്മി എണീക്കുമ്പോളാണ് അറിയുന്നത് വണ്ടിമാറിപ്പോയ കാര്യം. പിറവത്തേക്കുള്ള ഒന്നുരണ്ടു ലേഡീസ് ഉണ്ടായിരുന്നതുകൊണ്ട് "ഈ ഉരു ദുബായ് കടപ്പുറം വഴിയൊന്നു തിരിച്ചു വിടുവോ ഗഫൂർക്കാ?" എന്നു

റിക്വസ്റ്റ് ചെയ്യാൻ പോലും പറ്റാതെ ഉദയംപേരൂർ കവലയിൽ ഇറങ്ങേണ്ടിവന്നു.


ഏകദേശം രണ്ടുമണി കഴിഞ്ഞിട്ടുണ്ട്.

റോഡൊക്കെ വിജനവും ശ്മശാനമൂകവുമായി കറുത്തിരുണ്ട് കിടന്നുറങ്ങുവാണ്.

അഞ്ചോ പത്തോ മിനിറ്റ് ഇടവേളകളിൽ ചില ആഡംബരക്കാറുകൾ ചീറിപ്പാഞ്ഞു പോവുന്നതല്ലാതെ ഒരു മനുഷ്യജീവിയെപ്പോലും കാണുന്നില്ലല്ലോ കർത്താവേ എന്നാലോചിച്ചു നിൽക്കുമ്പോളാണ് ഇരുട്ടിൽ നിന്ന് നമ്മുടെ കറന്റ് സെൻസേഷണൽ കഥാ നായകന്റെ രംഗപ്രവേശം..

കൊളോക്കലായി പറഞ്ഞാൽ 'ശ്വാനവീരന്റെ മാസ്സ് ഇൻട്രോ/എൻട്രി' !!!


നമ്മളീ പകലു കാണുന്നതുപോലൊന്നുമല്ല കക്ഷി രാത്രി.. മട്ടിലും ഭാവത്തിലുമൊക്കെ ആകെ ഒരു പന്തികേട്.

"എന്താടാ പട്ടീ? ഓട്രാ" ന്നു പറഞ്ഞാൽ വാലും ചുരുട്ടി സ്കൂട്ടാവുന്ന മേനകാന്റീടെ പാവം തെരുവു'നായിന്റെ മോന്' നേരം ഇരുട്ടിയാൽ സ്വഭാവം മാറും, ശൌര്യം കൂടും.

അധികനേരം ഈ നിൽപ്പ് റിസ്കാണെന്നു മനസ്സിലായതോടെ ഞാൻ പതിയെ ഹൈ മാസ്സ് ലൈറ്റിന്റെ ചുവട്ടിലേക്ക് നടന്നു.


അപ്പോഴേക്കും പുറകീന്നു ഹൈപിച്ചിൽ നല്ല ഉഗ്രൻ കുര തുടങ്ങിയിരുന്നു..

അഞ്ചേയഞ്ചു മിനിറ്റിനകം എവിടുന്നാന്നറിയില്ല ഏഴു പട്ടികൾകൂടെ എന്റെ വട്ടം കൂടി.

കൂട്ടക്കുര!!!

ഉദ്ദേശം മൂന്നുമീറ്റർ ചുറ്റളവിലൊരു പട്ടിവട്ടം. ഒത്തനടുക്ക് ഞാൻ.

ധൈര്യത്തിന്റെ ഒപ്പം ജീവനും ചോർന്നുപോവുന്നുണ്ടോന്നു തോന്നിപ്പോയി.

ഓടിക്കേറാനൊരു മരംപോലുമില്ല..

അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചു.. ജീവിതത്തിൽ ഇത്രയും പേടിച്ച വേറൊരു നിമിഷവും ഉണ്ടായിട്ടില്ല.

ആ തണുപ്പത്ത് നിന്നു വിയർത്തു, വിറച്ചു.

പതിനഞ്ചു മിനിറ്റോളം ഒരേ നിൽപ്പ്..

"കുരച്ചു പേടിപ്പിച്ചു മതിയായെങ്കിൽ നിർത്തി പൊക്കൂടേടാ നായിന്റ മക്കളേ?"

രഞ്ജിനി ഹരിദാസ് കൂടെയുണ്ടായിരുന്നെങ്കിൽ എന്നൊരുനിമിഷം ആഗ്രഹിച്ചുപോയി.


3 വണ്ടികൾ കൈ കാണിച്ചിട്ട് നിർത്താതെപോയി..

ഇതിനിടയിൽ വൈറ്റില ഹബ്ബിലെ നമ്പർ തപ്പിപ്പിടിച്ച്‌ വിളിച്ച് വൈക്കത്തേക്കുള്ള ബസ്സ് രണ്ടരക്ക് തൃപ്പൂണിത്തുറ എത്തുമെന്ന് അറിയാൻ കഴിഞ്ഞു.

ഒന്നനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിൽ ഇനിയും ഇരുപത് മിനിറ്റ്.


ദൈവദൂതനെപ്പോലെയാണ് ഹീറോ ഹോണ്ട സ്പ്ലെണ്ടറിൽ ആ മനുഷ്യൻ പ്രത്യക്ഷപ്പെട്ടതും ലിഫ്റ്റ് തന്നതും. മുറിഞ്ഞപുഴയിൽ കൊണ്ടിറക്കുമ്പോൾ ഹെല്മെറ്റിനകത്തെ ആ മുഖത്തിന് രൂപക്കൂട്ടിലെ സെന്റ് തോമസ് പുണ്യാളന്റെ ഷേപ്പായിരുന്നു. സത്യം!


പോസ്റ്റ് സ്ക്രിപ്ട്: മേലെ പറഞ്ഞ പട്ടികൾക്ക് ഞാനെതിരാണ്. വിശക്കുന്ന നായിന്റെമോന് ശരീരത്തിലെ മാംസം മുറിച്ചുകൊടുക്കാൻ മ്മള് ഷിബി ചക്രവർത്തിയൊന്നുമല്ലല്ലോ.

-DeOn-


[ Add a comment to this post ]

Report Page