എന്റെ മൂന്ന് വിലപ്പെട്ട വാളുകൾ

എന്റെ മൂന്ന് വിലപ്പെട്ട വാളുകൾ

Deon

വിച്ചാപ്പിയുടെ 'വാൾ'പേപ്പറും, 'വാൾ'പോസ്റ്റും ഒക്കെ കണ്ടപ്പോ ഓർമ്മ വന്നത്...

എന്റെയീ സാഹസിക ജീവിതത്തിനിടയിലെ നൊസ്റ്റാൾജിയയുടെ ടച്ചുള്ള മൂന്നു സുന്ദരൻ വാളുകളെക്കുറിച്ചാണ് പറയാൻ പോകുന്നത്...


1. ജിതിന്റെ ചേച്ചിയുടെ വിരുന്നിന് ചിക്കൻ ബിരിയാണിയും കഴിച്ച് എല്ലാരും കൂടെ ടെറസിലിരുന്നു കാറ്റുകൊള്ളുന്ന സമയം.

ചിക്കന്റെ ചെറിയൊരു നൂല് അണപ്പല്ലുകൾക്കിടയിൽ കിടന്ന് നാവിനെ കളിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായല്ലോ എന്ന് ഉപബോധ മനസ്സിന് ബോധ്യപ്പെട്ടപ്പോളാണ് ഞാനെന്റെ ചൂണ്ടുവിരൽ അണ്ണാക്കിലേക്ക് തള്ളിയത്.

വളരെ പണിപ്പെട്ട് ആ കുഞ്ഞു കുരിപ്പിനെ നീക്കം ചെയ്യുന്നതിനിടയിൽ വായ്ക്കകത്ത്‌ അസ്വാഭാവികമായ രുചിവ്യത്യാസം ഉള്ളതായി നാവ് തലച്ചോറിന് മെസ്സേജ് അയച്ചു. പതിയെ കൈ പുറത്തേക്ക് എടുക്കുന്നതിനിടയിൽ ഞാനാ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി...

ചാരി ഇരിക്കുന്നതിനിടയിൽ ബാലൻസിനായി നാട്ടിയ വലതു കൈപ്പത്തി അതുവരെ മുക്കി വെച്ചിരുന്നത്ത് ഞാൻ കഴിച്ച അതേ ബിരിയാണിയും തിന്ന് ടെറസിൽ വന്ന് അപ്പിയിട്ടിട്ട് പോയ കാക്കമലരിന്റെ കാഷ്ഠത്തിൽ ആയിരുന്നു എന്ന്.

കയ്പ്പ് തിരിച്ചറിഞ്ഞ നാവിന്റെ മെസ്സേജ് റീഡ് ചെയ്ത് കൈ പുറത്തേക്ക് എടുത്തോളാൻ തലച്ചോർ റിപ്ലൈ കൊടുത്തപ്പോളേക്കും ഉമിനീരും ഒരു ലോഡ് കാഷ്ഠവും അങ്ങു ആമാശയത്തിൽ ചെന്ന് ചിക്കൻ ബിരിയാണിയോട് കമ്പനി കൂടിയിരുന്നു.

കൊടുത്തു... വാൾ 1

(NB: കാക്കക്കാഷ്ഠത്തിന് കയ്പ്പാണ്)


2. സാബുച്ചേട്ടന്റെ വീട്ടിൽ വലയില് മലമ്പാമ്പ് കുടുങ്ങിയതറിഞ്ഞ് രാവിലെ കഴിച്ചോണ്ടിരുന്ന പുട്ടും പഴവും മൂടിവെച്ചിട്ട് ഓടി കാണാൻ ചെന്നതാണ്. ശാ ശീ ശൂ ന്നൊക്കെ അപശബ്ദം ഉണ്ടാക്കി കുറച്ചുനേരം പാവം പാമ്പിനെ കളിപ്പിച്ചിട്ട് മാറിനിന്നു കൂട്ടാരോട് വർത്താനം പറയുന്നേന്റെ ഇടയിൽ തൊട്ടടുത്തു നിന്ന തെങ്ങിൻതൈയിൽ നിന്നും ഒരു ഓലത്തുമ്പ് പൊട്ടിച്ചെടുത്തു. പച്ച ഈർക്കിലിയുടെ പൊടിമധുരം അന്നും എന്റെയൊരു വീക്ക്നെസ് ആയിരുന്നൂലോ!

കൂട്ടാരോട് ന്തോ വല്യ തള്ള് തള്ളുന്നേന്റെ ഇടേല് ഓലത്തുമ്പ് ഒരറ്റത്തൂന്നും കടിച്ചു തുടങ്ങി.

പഴയപോലൊരു ടേസ്റ്റ് വ്യത്യാസം ഉള്ളതായി നാവ് പിന്നെയും തലച്ചോറിന് മെസ്സേജ് അയച്ചു.

"ന്താപ്പോ ഇതിന് ചെറിയൊരു പുളി?"

മടക്കിയ ഓലക്കഷ്ണം നിവർത്തിനോക്കിയ ഞാൻ ഒന്നൂടെ ഞെട്ടി...

ഒരു സുന്ദരൻ ചൊറിയൻ പുഴു.

അരയ്ക്ക് കീഴ്പ്പോട്ട് മുറിഞ്ഞു പോയിട്ടുണ്ട്, പാവം!

ദേവ്യേ...

അതിന്റെ ബാക്കി പകുതി എന്റെ വയറ്റില് ആണെന്ന് ബോധ്യപ്പെട്ടപ്പോ തലച്ചോറ് തന്നെ അടുത്ത സിഗ്നലും കൊടുത്തു...

വാൾ 2

(NB: പച്ച നിറത്തിലെ ചൊറിയൻ പുഴുവിന് പുളിപ്പാണ്)


3. ഈ വാളിന് ഒരു പത്തു പതിനഞ്ചു കൊല്ലത്തെ പഴക്കമുണ്ട്.

പ്രൈമറി സ്കൂൾ സമയത്തെ ഏതോ ഒരു സമ്മർ വെക്കേഷനിടയിലാണ്.. വെക്കേഷനുകൾ എന്നാൽ ഞങ്ങൾക്ക് ക്രിക്കറ്റും ചൂണ്ടയിടലും പിന്നെ പുഴയിലെ കുളിയുമാണ്!

അങ്ങനെ ഒരിക്കൽ ഞാനും കേയാറും കുട്ടുവും കൂടി മീൻ പിടിക്കാൻ പോയി... ഇരയായി കരുതിയ മൈദാഅട മുഴുവൻ മീനിനെ തീറ്റിച്ച് കുറെ കഥയും പറഞ്ഞ് ഇരിക്കുന്നതല്ലാതെ ആ പോക്കുകൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്ന് മൂന്നാൾക്കും നന്നായറിയാം.

എന്നാൽപിന്നെ ഇത്തവണ ഇത്തിരി വെറൈറ്റി ആയിക്കോട്ടെ എന്നു കരുതി ഞങ്ങൾ കൊഞ്ചിനെ കുടുക്കിട്ടു പിടിക്കാൻ തീരുമാനിച്ചു. (എന്റെ കൊഞ്ച് അലർജി കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത കാലഘട്ടമാണ്)

അങ്ങനെ ഈർക്കിൽ കുടുക്ക് ഉണ്ടാക്കി ഒന്നു രണ്ടു മണിക്കൂറത്തെ കഠിനപ്രയത്നത്തിനൊടുവിൽ ആൾക്ക് ഒന്നിന് 2 എന്ന കണക്കിൽ 6 കൊഞ്ചിൻ കുഞ്ഞുങ്ങളെ കുട്ടയിലാക്കി!

മുളകും ഉപ്പും തേച്ച് ചുട്ടു തിന്നാൽ കിടു ടേസ്റ്റ് ആന്നെന്നു പറഞ്ഞത് കുട്ടുവാണ്.

വീട്ടീന്ന് കറിച്ചട്ടി എടുക്കൽ റിസ്ക് ആയതിനാൽ അതിന് പോംവഴിയും അവൻ തന്നെ കണ്ടുപിടിച്ചു...

ക്രിക്കറ്റ് കളിക്കുന്ന പറമ്പിൽ ബോളിങ് എൻഡിൽ തടസ്സമായി നിന്നിരുന്ന ഒരു തെങ്ങുണ്ടായിരുന്നു ഞങ്ങൾക്ക്.

ചുവട്ടിൽ മൂത്രം ഒഴിച്ചാൽ മരം കരിഞ്ഞുപോകും എന്ന് കാർന്നോന്മാർ ആരോ പറഞ്ഞതുകേട്ട് ഞങ്ങളുടെ മുന്നത്തെ തലമുറ ചേട്ടന്മാർ നാലുനേരം ചോട്ടിൽ മുള്ളി മുള്ളി കരിച്ചു കളഞ്ഞ ആ തെങ്ങിന്റെ ബാക്കി കുറ്റി ഇപ്പോളും അവിടുണ്ട്... മനോഹരമായ ഒരു പുകയില്ലാ അടുപ്പുപോലെ!

കൊഞ്ചും ചുടാം കുറ്റിയും കരിക്കാം!

മുളക്‌, ഉപ്പ്, മഞ്ഞൾപ്പൊടി, തീപ്പെട്ടി. മോഷണമുതലുകൾ ഓരോന്നായി പറമ്പിലേക്ക് എത്തി. ഒരു പ്രൊഫഷണലിനെപ്പോലെ കേയാർ കൊഞ്ച് ഒരുക്കി.

മുളകും ഉപ്പും ഒക്കെ തേച്ച് തെങ്ങിൻ കുറ്റിയിലേക്ക് 1,2,3,4,5,6 ഓരോന്നായി എണ്ണി വെച്ച് താഴെ തുളയിൽ നിന്നും തീ കൊടുത്തു.

ചുട്ട മണം! ആഹാ...!

തീ കെടുത്തി, പൊട്ടിച്ച വാഴയിലത്തുണ്ട് കഴുകി മൂന്നായി ഭാഗിച്ച് നിന്നു. ഈർക്കിൽ വെച്ച് കോർക്ക് ഉണ്ടാക്കി കേയാർ ഓരോന്നായി എടുത്ത് ഓരോ ഇലയിൽ തന്നു...

1 , 1, 1. വീണ്ടും

ജന്മനാ കൊതിയനായ കുട്ടു കിട്ടിയപാടെ രണ്ടും വെട്ടി വിഴുങ്ങി സൂപ്പർ എന്ന് ആംഗ്യം കാണിച്ചു. കേയാർ ഒരെണ്ണം കഴിച്ചു. ഞാനും ഒന്നെടുത്ത് ടേസ്റ്റ് ചെയ്തു. കൊള്ളാല്ലോ!!!

3 എണ്ണം കൂടി ബാക്കി കാണണം കുറ്റിയിൽ.

അവസാന റൌണ്ട്.

2, 2, 2.

വായിലേക്ക് വെക്കാൻ തുടങ്ങവേ കേയാർ അലറി...

"ഡാ...."

"എന്താടാ?"

"6 എണ്ണം അല്ലേ ഉണ്ടായിരുന്നുള്ളൂ?"

"അതേ. എന്താ"

"ദേ നോക്കിയേ..."

ഞാനും കുട്ടുവും എത്തിനോക്കി.

തെങ്ങിൻകുറ്റിയിൽ അതാ രണ്ടെണ്ണം കൂടെ!!!

ഇലയിലേക്ക് ഒഞ്ഞുകൂടെ നോക്കേണ്ടിവന്നു, ചുട്ട കൊഞ്ചും കണ്ടൻ പുഴുവും (ചെല്ലിയുടെ ലാർവ) തമ്മിലുള്ള വ്യത്യാസം അറിയാൻ!!!

പിന്നെ പറയേണ്ടല്ലോ...

സ്പോട്ടിൽ മൂന്നു വാളുകൾ!!!

(NB: കൃത്യമായി അറിയില്ലെങ്കിലും കണ്ടൻ പുഴുവിനെ ചുട്ടതിന് തരക്കേടില്ലാത്ത രുചിയുണ്ട് എന്നാണ് ഓർമ്മ!

ഒന്നു പരീക്ഷിച്ചു നോക്കിക്കോളൂ.. 😜

-DeOn-


[ Add a comment to this post ]


Report Page