Mint_marks

Mint_marks

Satheesan Kallingal

#Mint_marks



      എന്താണ് mint mark ??.. നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം വളരെയധികം ഇടപഴകുന്ന,എന്നാൽ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് #മിൻ്റ്_മാർക്ക്.. നാം ഉപയോഗിക്കുന്ന നാണയങ്ങളിൽ കാണുന്ന ഒരു അടയാളമാണ് മിൻ്റ് മാർക്ക്.. നാണയത്തിൽ അത് അടിച്ച വർഷം രേഖപ്പെടുത്തിയതിന് താഴെയായി കാണുന്ന ഒരു അടയാളമാണിത്.. ഓരോ നാണയങ്ങളും നിർമ്മിച്ച സ്ഥലത്തെ,(അച്ചടികേന്ദ്രത്തെ) തിരിച്ചറിയുന്ന ഒരു അക്ഷരമോ മറ്റ് ചിഹ്നങ്ങളോ ആണ് മിൻ്റ് മാർക്കുകൾ.. ഇത് പല നാണയങ്ങളിലും വ്യത്യസ്തമായിരിക്കും കേട്ടോ.. അതായത് ഓരോ നാണയങ്ങളിലെയും അടയാളങ്ങൾ ഓരോ വിധത്തിലായിരിക്കും.. ചിലതിൽ മിൻ്റ് മാർക്ക് ഇല്ലാതെയും കാണാം.. എന്ത് കൊണ്ടാണിത് എന്നറിയണ്ടേ!.. 

     ഓരോ നാണയങ്ങളും അടിച്ചിറക്കുന്ന പ്രത്യേക കേന്ദ്രങ്ങളെയും പ്രതിനിധീകരിച്ച് വ്യത്യസ്ത തരത്തിലുള്ള മിൻ്റ് മാർക്കുകളുണ്ട്.. ഓരോ അടയാളങ്ങളിൽ നിന്നും അച്ചടികേന്ദ്രങ്ങൾ മനസ്സിലാക്കാമെന്ന് സാരം.. അതേതെല്ലാം,അച്ചടികേന്ദ്രങ്ങളേതെല്ലാം എന്ന് നോക്കാം..    

        ഇന്ത്യയിൽ നാല് നാണയ അച്ചടികേന്ദ്രങ്ങളാണുള്ളത്.. 

#കൊൽക്കത്ത_മിൻ്റ് (പശ്ചിമ ബംഗാൾ)

#മുംബൈ_മിൻ്റ് (മഹാരാഷ്ട്ര)

#ഹൈദരാബാദ്_മിൻ്റ് (തെലുങ്കാന)

#നോയിഡ_മിൻ്റ് (ഉത്തർപ്രദേശ്)

  

★കൊൽക്കത്ത മിന്റ് ___ ഇന്ത്യയിലെ ആദ്യത്തെ നാണയ അച്ചടികേന്ദ്രമാണ് കൊൽക്കത്ത.. 1757ലാണ് ഇത് സ്ഥാപിതമായത്.. ആദ്യത്തെ അച്ചടി കേന്ദ്രമായതിനാൽ തന്നെ കൊൽക്കത്ത മിൻ്റിന് പ്രത്യേക അടയാളങ്ങൾ ഇല്ല.. അതായത് മിൻ്റ് മാർക്ക് ഇല്ലാത്ത നാണയങ്ങൾ, അച്ചടിച്ച വർഷത്തിന് താഴെയുള്ള സ്ഥലം അടയാളങ്ങളൊന്നുമില്ലാതെ ശൂന്യമാണെങ്കിൽ, ആ നാണയം കൊൽക്കത്തയിലെ കേന്ദ്രത്തിൽ നിന്നുമുള്ളതാണെന്നർത്ഥം..

★മുംബൈ മിന്റ് ___ രാജ്യത്തെ രണ്ടാമത്തെ നാണയ അച്ചടികേന്ദ്രം മുംബൈയിൽ ആരംഭിച്ചത് 1829 ലാണ്.. മുംബൈ കേന്ദ്രത്തിൽ അച്ചടിച്ച നാണയങ്ങൾക്ക് മൂന്ന് വ്യത്യസ്ത അടയാളങ്ങളാണുള്ളത്.. #ഡയമണ്ട് മാർക്ക് ആണ് മുംബൈ മിൻ്റിൻ്റേതായ ഒന്ന്.. ഇത് കൂടാതെ 1995 വരെ #B എന്ന അടയാളവും 1995 മുതൽ #M എന്ന അടയാളവും മുംബൈ കേന്ദ്രത്തിന്റേതായ മിൻ്റ് മാർക്കുകളിലുണ്ട്.. മാത്രമല്ല, ജവഹർലാൽ നെഹ്റു ജന്മശതാബ്ദി അനുസ്മരണ നാണയങ്ങളിലെ മിൻ്റ് മാർക്ക് #U ആയിരുന്നു...

★ഹൈദരാബാദ് മിന്റ് ___ 1903ൽ ഹൈദരാബാദിലെ നൈസാം സർക്കാർ ആരംഭിച്ച ഹൈദരാബാദ് മിന്റ് ആണ് മൂന്നാമത്തെ നാണയ അച്ചടി കേന്ദ്രം..1953ൽ ഇന്ത്യ ഗവൺമെന്റ് അത് ഏറ്റെടുക്കുകയായിരുന്നു.. അതിന്റെ നിലവിലെ മിൻ്റ് മാർക്ക് അഞ്ച് മൂലകളുള്ള നക്ഷത്രചിഹ്നമാണ്.. എന്നാൽ 1953_1960 കാലയളവിൽ ലംബമായി മുറിച്ച രീതിയിലുള്ള ഡയമണ്ട് ചിഹ്നവും (split diamond) 1960_1968 കാലയളവിൽ ഡയമണ്ടിന് നടുവിൽ ഒരു കുത്ത് ഇട്ട പോലെയുള്ള അടയാളവും (dot in the diamond) മിൻ്റ് മാർക്കായി രേഖപ്പെടുത്തിയിരുന്നു..

★നോയിഡ മിന്റ് ___ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആരംഭിച്ച ഒരേയൊരു നാണയകേന്ദ്രമാണ് നോയിഡയിലേത്.. 1984 ലാണ് നാലാമത്തെ കേന്ദ്രമായി ഇത് ആരംഭിച്ചത്.. ഒരു ഡോട്ട് ആണ് നോയിഡ നാണയങ്ങളിലെ മിൻ്റ് മാർക്കായി ഉപയോഗിക്കുന്നത്..ഫെറിറ്റിക് സ്റ്റെയിൻലെസ് സ്റ്റീൽ (എഫ്എസ്എസ്) നാണയങ്ങൾ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ നാണയ അച്ചടികേന്ദ്രം കൂടിയാണ് നോയിഡ....

        അപ്പോൾ ഇനി മുതൽ മിൻ്റ് മാർക്ക് നോക്കി നാണയങ്ങളുടെ ഉത്ഭവകേന്ദ്രം മനസ്സിലാക്കാമല്ലോ അല്ലേ!!....

(ഇന്ത്യൻ നാണയങ്ങളിൽ മാത്രമല്ല ഇത്തരം മിൻ്റ് മാർക്കുകൾ ഉള്ളത് കേട്ടോ)....


SatheesanKallingal

Report Page