മണ്ണും മനസ്സും

മണ്ണും മനസ്സും

Deon

“മണ്ണിൽ കളിക്കല്ലേ മോളേ, അഴുക്കാവൂല്ലേ..”

മണിക്കുട്ടിയെ അമ്മ വിലക്കി.

തെല്ലു പരിഭവത്തോടെ അവൾ അകത്തേക്കു കയറുമ്പോൾ ഞാനോർത്തു..

വർഷങ്ങൾക്കു മുമ്പ് ഇതേ മണ്ണിൽ കളിച്ചിരുന്ന എന്നെയും അനിയത്തിയെയും പുഞ്ചിരിയോടെ നോക്കിനിന്ന അമ്മയെ.

എന്നുമുതലാണ് അമ്മയ്ക്ക് മണ്ണ് അഴുക്കായത്?


ഒന്നാലോചിച്ചു നോക്കൂ..

എൽ.പി സ്‌കൂൾ കഴിഞ്ഞ് എപ്പോളാണ് അവസാനമായി നമ്മളൊക്കെ മണ്ണിൽ കളിച്ചിട്ടുള്ളത്?

കാലം ശരീരത്തെയും മനസ്സിനെയും പ്രകൃതിയിൽ നിന്നും അകറ്റുകയാണോ.


മണ്ണപ്പം ചുട്ടും മണ്ണിൽ കിടന്നുരുണ്ടും ‘ജീവിച്ച’ ഒരു ബാല്യകാലമുണ്ടായിരുന്നു നമുക്കൊക്കെ..


ഓണത്തിന് തുമ്പയും മുക്കുറ്റിയുമടക്കം ഒരുമിച്ചു മത്സരിച്ചു പൂത്തിരുന്ന തൊടികളുടെ കാലം..

കൊല്ലം മുഴുവൻ കാത്തിരുന്ന് വേനലവധിക്ക് കൃത്യമായി കായ്ച്ചിരുന്ന മൂവാണ്്ടൻ മാവുകളുടെ കാലം..

പിന്നെ സ്‌കൂൾ തുറക്കാൻ നോക്കി നിന്നിട്ട് പെയ്തിറങ്ങുന്ന പെരുമഴകളുടെ കാലം!


വീട്ടീന്ന് ഒരു കിലോമീറ്റർ നടന്നാണ് സ്‌കൂളിലേക്ക് പോകുക.

നാടിനെയും നാട്ടാരെയും അറിഞ്ഞ് വഴിയിലെ മാവിലും ചാമ്പമരത്തിലും കണ്ണുവെച്ച് പഞ്ചാരപ്പഴത്തെയും പെട്ടിക്കടയിലെ പത്തു പൈസയുടെ ഗ്യാസ് മിട്ടായിയും നുണഞ്ഞ് കാറിന്റെയും ലോറിയുടെയും കണക്കെടുത്ത് കൂട്ടുകാരോടൊപ്പം ബഡായി പറഞ്ഞും കേട്ടുമുള്ള ആ ഓരോ യാത്രയും ഉത്സവം തന്നെയായിരുന്നു.


നാലുമണി ബെല്ലിനു ശേഷമുള്ള വൈകുന്നേരങ്ങൾ ആഘോഷങ്ങളുടേതായിരുന്നു..

ഹോംവർക്കുകൾ ടെൻഷനടിപ്പിക്കാത്ത, കാർട്ടൂണുകളും സ്മാർട്ട്ഫോണുകളും സ്വാധീനിക്കാത്ത, ആഡ്രോയ്ഡ് പ്ലാറ്റ്ഫോമിനെക്കാൾ പാടങ്ങളെയും പറമ്പുകളെയും സ്നേഹിച്ചിരുന്ന നാളുകൾ.


ബാല്യം ഒരുപാട് മാറിയിരിക്കുന്നു..

അറിഞ്ഞോ അറിയാതെയോ നമ്മൾ തന്നെയാണവരെ മണ്ണിൽ നിന്നുമകറ്റുന്നത്..

അവരുടെ നൊസ്റ്റാൾജിയകളിൽ മണ്ണിനും പ്രകൃതിക്കും സ്ഥാനമില്ല. അങ്ങനെയാവണമെന്നു വാശിപിടിക്കാനും നിർവ്വാഹമില്ലല്ലോ..

മനുഷ്യരുടെ മനസ്സുപോലെ മണ്ണും അഴുക്കായി തുടങ്ങിയിരിക്കുന്നു, ഒന്നു കഴുകിയാൽ പോവാത്തത്ര കനത്തിൽ.


അമ്മ പറഞ്ഞതു ശെരിയാണ്…

“ഈ മണ്ണിൽ കളിക്കാതിരിക്കുന്നതു തന്നെയാണ് മോളേ നല്ലത്”

-DeOn-


[ Add a comment to this post ]

Report Page