പ്രണയം

പ്രണയം

Deon

ഉച്ചവെയിലിന്റെ ചൂടേറ്റ് വാടിപ്പിണങ്ങി തലതാഴ്ത്തി നിൽക്കുന്ന പച്ചപ്പായലുകളേയും അവയ്ക്കുതാഴെ തമ്മിൽ കലഹിച്ചുകൊണ്ടേയിരുന്ന കുഞ്ഞോളങ്ങളെയും പുൽകി ഒരു ചെറു കായൽക്കാറ്റ് അതുവഴികടന്നുപോയി..

തീരത്തെ വിജനമായ പാതയ്ക്കരികിലെ ചാരുകസേരയിൽ ഈ സമയം രണ്ടുപേർ മാത്രം ഇതൊന്നും ശ്രദ്ധിക്കാതെ അവരുടെ കണ്ണുകളിൽ തമ്മിലുള്ള പ്രണയത്തിന്റെ ആഴങ്ങൾ തേടുകയായിരുന്നു..

സംഭാഷണങ്ങൾക്ക് സ്ഥാനമില്ലായിരുന്ന നിമിഷങ്ങളിൽ അവരുടെ ചുണ്ടുകൾ തമ്മിൽ ചുംബനത്തിന്റെ ഭാഷയിൽ നിശ്ശബ്ദമായി എന്തോ മൊഴിയുന്നുണ്ടായിരുന്നു..


പ്രണയം..! രണ്ടുപേർ.. അവരുടെ ഇഷ്ടങ്ങൾ.. താൽപര്യങ്ങൾ.. ആ ലോകത്തേക്ക് ദൂരെനിന്നും കണ്ണുവെയ്ക്കുന്ന മൂന്നാമനെ എന്തു പേരിട്ട് വിളിക്കാം?

സദാചാരപ്പോലീസ് എന്നോ?


കുത്തനെ വീഴുന്ന പകൽവെളിച്ചത്തിന്റെ കായലിലെ പ്രതിഫലനത്തിനു മുന്നിൽ ആ രണ്ടുപേർ രണ്ടു നിഴലുകൾ പോലെ ചേർന്നിരുന്നു...

കൈയിൽ ഒരു ചൂരലുമായി മൂന്നാമൻ അവരുടെ അടുത്തേക്ക് അടുത്തു...

പിന്നിൽ നിന്ന് നാലാമന്റെ വിളി;

"വിട്ടേക്ക്... അത് രണ്ടു പെണ്ണുങ്ങളാണ്!"


നിരാശയോടെ മൂന്നാമൻ പിന്തിരിഞ്ഞു നടന്നു.

അപ്പോളും കായൽകാറ്റിന് അവരുടെ ചുംബനങ്ങൾ തീർത്ത മഞ്ഞുതുള്ളികളുടെ തണുപ്പ് ഇല്ലാതാക്കാനുള്ളത്ര ചൂട് ഉണ്ടായിരുന്നില്ല,

അവരുടെ പ്രണയത്തെ ഊതിപ്പറപ്പിക്കാനുള്ള ശക്തിയും!

-DeOn-


[ Add a comment to this post ]

Report Page