കോഞ്ചന

കോഞ്ചന

Deon

അനിയത്തി conjuring സീരീസിന്റെ വല്ല്യൊരു ആരാധികയാണ്. ടീവിയിൽ ‘Annabelle’ യും ‘Conjuring’ ഉം ഒക്കെ വരുമ്പോ നാലാമത്തെ പ്രാവശ്യവും ഇരുന്നുകണ്ടു പേടിക്കാറുണ്ട്!

Exam ഒക്കെ ആയതുകൊണ്ട് conjuring 2 തീയേറ്ററിൽ പോയി കാണാൻ പറ്റാഞ്ഞതിന്റെ സങ്കടം മാറ്റാനാണ് പടത്തിന്റെ BlueRay പ്രിന്റ് ഒപ്പിച്ചെടുത്ത് convert ചെയ്ത് DVD പരുവത്തിലാക്കി ഇന്നലെ കൊണ്ടുകൊടുത്തത്.

HBO (ഹോം ബോക്സോഫീസ്) ൽ സെക്കൻഡ് ഷോ തുടങ്ങി…

തീയേറ്റർ ഫീൽ കിട്ടാനായി ലൈറ്റ് ഒക്കെ ഓഫ് ചെയ്ത് ഇരുന്നാണ് കാഴ്ച.

പേടിച്ചിട്ടാണോ എന്തോ, interval ആയപ്പോ അമ്മ എണീറ്റുപോയി.

കിട്ടിയ ഗ്യാപ്പിന് അങ്ങു ലണ്ടനിലെ റിയൽ സ്റ്റോറിയും ഇങ്ങു വീടിനുപുറകിലെ പാലമരവും പിന്നെ മ്മടെ സ്വന്തം കർക്കടകവാവും ഒക്കെ കൂട്ടിക്കുഴച്ച് വമ്പനൊരു കുക്ക്ഡപ്പ് സ്റ്റോറിയങ്ങു കാച്ചി!

(കഥയുണ്ടാക്കാനും തള്ളിമറിക്കാനും നമ്മളെ കഴിഞ്ഞല്ലേ ഉള്ളൂ)

ഭയങ്കര ധൈര്യശാലി ആയോണ്ട് എന്നെ ഉറങ്ങാൻ വിടാതെ അടുത്തുപിടിച്ചിരുത്തി..

അടുക്കളേലൊരു പാത്രമനങ്ങിയാൽ അപ്പൊ അലറിവിളിക്കുമെന്ന അവസ്ഥയിലാണ് കക്ഷി.

ചിരി അടക്കിപ്പിടിച്ചാണ്

തീരുംവരെ മിണ്ടാതെ കൂട്ടിരുന്നത്.

ഒരുമണി ഒക്കെ ആയപ്പോ സിനിമ തീർന്നു.

End credits കാണിച്ചു തുടങ്ങുന്നേനു മുന്നേ അവളുതന്നെയാണ് ഓടിപ്പോയി ടീവി ഓഫാക്കിയത്.

ഇന്നിനിയേതായാലും ഒറ്റയ്ക്കു കിടക്കൂല്ലെന്ന് ഉറപ്പായിരുന്നു..

ടീവീല് കാഞ്ചന കണ്ട അന്നുരാത്രി പുതപ്പും തലയിണേം എടുത്തോണ്ട് അമ്മേടടുത്തു പോയിക്കിടന്ന ടീമാണ്.

വെറുതെ ഒരു തമാശയ്ക്കാണ് പുറത്തിറങ്ങി ജനലിന്റെ അടുത്തൂന്നു 'ബു ഹ ഹ ഹാ' ന്നു പതിയെ ചിരിച്ചത്.

ഓള് ഒച്ചവെച്ച് ആകെ സീനാക്കി. ഉറങ്ങിക്കിടന്നിരുന്ന അമ്മേം അച്ഛനും, എന്തിന് അപ്പുറത്തെ വീട്ടിലെ ദേവകിയമ്മവരെ എണീറ്റു.

ആർക്കും ഒന്നും മനസ്സിലായില്ല.

മുഖത്തോടു മുഖം നോക്കിമൂന്നാല് സെക്കന്റ് നേരം നിശബ്ദത..

ഞങ്ങളു രണ്ടാൾടേം ഞെട്ടലിന്റെ ഹാങ്ങോവർ

വിട്ടുമാറിയപ്പോ ആ സങ്കടോം ദേഷ്യോം പേടിയുമൊക്കെ തീർത്തത് എന്റെ പുറത്തായിരുന്നു.

നിന്നുവാങ്ങാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല.

ആദ്യോയിട്ടാണ് ഞങ്ങള് തല്ലുകൂടുമ്പോ അമ്മയും അച്ഛനും ഇങ്ങനെ കയ്യുംകെട്ടി നോക്കിനിൽക്കുന്നത്!

പിരിയാൻനേരം അമ്മയുടെവക ഒരു പഞ്ച് ഡയലോഗ്:

“മേലാൽ ഇമ്മാതിരി സിനിമേംകൊണ്ട് ഈ വീട്ടിലേക്കുവന്നുപോകരുത്,

അവന്റെയൊരു ‘കോഞ്ചന’!

-DeOn-


[ Add a comment to this post ]

Report Page