കാട്ടാമ്പള്ളിൽ

കാട്ടാമ്പള്ളിൽ

Deon

“ശരി, സമ്മതിച്ചു. എപ്പോൾ?”

ഇന്നുതന്നെ..!

“ഉം”


ഒരു നൂറുരൂപ ബെറ്റ് എന്നതിലുപരി അത് അവന്റെ അഭിമാനത്തിന്റെ പ്രശ്നമായിരുന്നു.


സമയം രാത്രി പതിനൊന്നിനോടടുക്കുന്നു..

വീട്ടിൽ പറയാതെ ഇറങ്ങി.

പറഞ്ഞാൽ സമ്മതിക്കില്ല.

വഴിയരികിലെ വള്ളിച്ചെടികൾ കയ്യേറിയ തുരുമ്പ് പിടിച്ചു ദ്രവിച്ച ആ പൂട്ടിയിട്ട ഗേറ്റിനു മുന്നിൽ സ്ട്രീറ്റ് ലൈറ്റിനു താഴെയായി കൂട്ടുകാർ നേരത്തെ തന്നെ എത്തിയിരുന്നു..


ആഹാ, വന്നല്ലോ ധൈര്യശാലി!

എങ്ങനാ, ഒന്നുകൂടി ആലോചിച്ചിട്ട് പോരെ?

ആവേശത്തിന്റെ പുറത്ത് അബദ്ധം കാണിക്കണോ?

പരിഹാസച്ചുവയുള്ള വാക്കുകൾക്ക് നേരെ ഒരു പുച്ഛം നൽകി അവൻ ചോദിച്ചു;

“കണ്ടീഷൻസ് പറ”


അധികം ഒന്നുമില്ല,

അങ്ങോട്ടും ഇങ്ങോട്ടുമുള്ള പത്തുമിനിറ്റ് നടത്തം ഉൾപ്പെടെ ഒരു മണിക്കൂർ ആ വീടിനുള്ളിൽ.

പറ്റുവോ?


“പറ്റും!”

ന്നാ ചെല്ല്


ഒരാൾപൊക്കമുള്ള മതിൽ ചാടിക്കടന്ന് കാടുപിടിച്ച നടപ്പാതയിലൂടെ അവനാ വീടിനെ ലക്ഷ്യമാക്കി നടന്നു!


“കാട്ടാമ്പള്ളിൽ”

ഇസ്ലാം വിശ്വാസപ്രകാരം കൊടും പാപമായി കണക്കാക്കുന്ന സുഹ്ർ കൂടോത്രക്രിയകൾ ചെയ്തുപോന്നിരുന്ന മൂസാപ്പയുടെ തറവാട്.

തെറ്റിലൂടെ സമ്പാദിച്ച ലക്ഷക്കണക്കിന് വരുന്ന സ്വത്തുക്കളിൽ ഒരു ഭാഗമാണ് ഈ മൂന്നേക്കർ പുരയിടവും നടുവിലെ ആൾതാമസമില്ലാത്ത വീടും.

മൂസാപ്പയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ എറണാകുളത്തെ മൂത്ത മോളുടെ വീട്ടിലേക്ക് മാറിയതു മുതൽ ഒരുപാട് വാടകക്കാർ മാറിമാറി വന്നിട്ടുണ്ട് ഇവിടെ.

അവരിൽ അവസാനത്തെതാണ് ഒൻപതുകൊല്ലം മുന്പ് ഇവിടെവെച്ച് ദുർമരണപ്പെട്ട വിധവയായ സ്ത്രീയും, അവരുടെ നാലുവയസ്സുള്ള മോളും.


അന്ന് ആ രണ്ടു ശരീരങ്ങളും വീടിനുള്ളിൽ നിന്ന് പുറത്തേക്കെടുക്കുമ്പോൾ കൂടിനിന്ന നാട്ടുകാരുടെ കൂട്ടത്തിൽ താനുമുണ്ടായിരുന്നു.

ആ സ്ത്രീയുടെ വലതു നെറ്റിയിൽ കണ്ട ആഴത്തിലുള്ള മുറിവ് മൂസാപ്പയുടെ ഊന്നുവടിയുടെ പിച്ചളപ്പിടികൊണ്ട് ഏറ്റതാണത്രേ.


ദുർമന്ത്രവാദത്തിന് ഇരകളായ ആത്മാക്കളുടെ പ്രതികാരമാണ് ഈ കൊലകളെന്നും, മരണപ്പെട്ട സ്ത്രീയുടെ അന്ത്യകർമ്മങ്ങൾ ശരിയായി നടത്താഞ്ഞതിനാൽ അവർ ഇവിടം വിട്ട് പോയിട്ടില്ല എന്നും കഥകൾ പരന്നു..

സ്വാഭാവികം!


ഇരുട്ടിനെ ഭയക്കുന്ന, ആത്മാക്കളിലും പ്രേതകഥകളിലും വിശ്വസിക്കുന്ന തന്റെ സമ പ്രായക്കാരിൽ നിന്നും അവൻ വ്യത്യസ്തനാവാൻ കാരണം അവന്റെ അച്ഛനാണ്.

ചെറുപ്പം മുതൽ മുത്തശ്ശി പറഞ്ഞ കെട്ടുകഥകളേക്കാൾ അവനു പ്രിയം കമ്മ്യൂണിസ്റ്റുകാരനായ തന്റെ അച്ഛന്റെ അനുഭവസാക്ഷ്യങ്ങളും ചരിത്രവുമായിരുന്നു!

“മരിച്ചവരെയല്ല, ജീവിച്ചിരിക്കുന്നവരെയാണ് നാം പേടിക്കേണ്ടത്”

എന്ന് അച്ഛൻ പറയാറുണ്ട്.


അവൻ തിരിഞ്ഞു നോക്കി, നാട് ഉറങ്ങുകയാണ്..

ദൂരെനിന്നും വഴിവിളക്ക് നൽകിയ നേർത്ത വെളിച്ചത്തിന്റെ ഔദാര്യത്തെയും നിഴൽ വിഴുങ്ങാൻ തുടങ്ങിയിരുന്നു.

ഇരുട്ടിന്റെ കാഠിന്യത്തിനനുസരിച്ച് തന്റെ ഹൃദയമിടിപ്പിന്റെ വേഗവും കൂടിവരുന്നതായി അവൻ മനസ്സിലാക്കി..

‘ഭയം’

അതിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ ആ വികാരം നമ്മെ ഭരിച്ചുതുടങ്ങും.


ഒരുമണിക്കൂർ!

നാളെ തലയുയർത്തി ക്ലാസ്സിലേക്ക് കയറുവാൻ ഈ ഒരു മണിക്കൂർ അതിജീവിക്കേണ്ടതുണ്ട്.

ഏതാനും മിനിറ്റുകൾ കൂടി,

കയ്യിലിരുന്ന ഫോണിന്റെ ഫ്ലാഷ് ലൈറ്റ് നയിച്ചവഴിയിലൂടെ, കരിയിലകളെ ഉറക്കെ ചവിട്ടിയരച്ച് വീടിനു മുന്നിലെത്തി!!!


മരങ്ങൾ മറയാവാതെ ചെറിയ നിലാവെളിച്ചത്തിൽ കാട്ടാംപറമ്പിലെ പ്രേതാലയം!

അഴുക്കുപിടിച്ച ഭിത്തി, സിമന്റ് ചീളുകൾ അടർന്നുപോയ തൂണുകൾ, അവിടിവിടെയായി വീണുകിടക്കുന്ന ഓടു കഷണങ്ങൾ, കറ പിടിച്ചു പായൽ കയറിയ തറ…

പത്തു വർഷത്തോളമായി ആൾതാമസമില്ലാത്ത ഒരു പഴയ തറവാടിന് ഇതിൽ കൂടുതൽ എന്തു ഭീകരതയുണ്ടാവാനാണ്!


അപ്പുവേട്ടൻ പറഞ്ഞതുപോലെ പിൻവാതിൽ പൂട്ടിയിരുന്നില്ല.

ഏറെ പണിപ്പെട്ട് സാക്ഷ മാറ്റി വലിയ ശബ്ദത്തോടെ അതു തള്ളിത്തുറന്നവൻ അകത്തേക്ക് കയറി.

ഫോണിൽ സമയം പതിനൊന്ന് പത്ത്.

അൻപത് മിനിറ്റുകൾ കൂടി.

തെളിവായി ക്യാമറ ഓണാക്കി വീടിനകത്തു നിന്നുള്ള തുറന്ന വാതിലിന്റെ ചിത്രം വാട്ട്സാപ്പിലെ തങ്ങളുടെ ഗ്രൂപ്പിലേക്കയച്ചു.


ഫർണിച്ചറുകൾ അടക്കം സാധനസാമഗ്രികളൊക്കെ അന്നേ മാറ്റിയിരിക്കണം..

വീഴാറായ ചുവരുകൾക്കുള്ളിൽ ഒരുകുന്ന് പൊടിയും കുറെ മാറാലകളുമല്ലാതെ മറ്റൊന്നുമില്ല..

അടുക്കളയിൽ നിന്ന് നേരെ സ്വീകരണമുറിയിലേക്ക്.

ഭിത്തിയിൽ അവ്യക്തമായ കുറെ ചിത്രങ്ങൾ.. കടും ചുവപ്പുനിറത്തിൽ എഴുത്തുകൾ, മച്ചിലെ തടിപ്പലകകളിൽ തൂക്കിയിട്ട ഏലസ്സുകൾ…

ഓരോന്നായി ക്യാമറയിലേക്ക് പകർത്തി അവനാ മുറിയുടെ മുന്നിലെത്തി.


ഇതിനുള്ളിലാണ് ആ സ്ത്രീയും കുഞ്ഞും മരിച്ചുകിടന്നത്..

ഒരു നാടിനെ മുഴുവൻ ഭീതിയിലാക്കിയ രണ്ട് ആത്മാക്കൾ..

അവരുടെ തൊട്ടടുത്താണ് താനിപ്പോൾ!

അതും ഒറ്റയ്ക്ക്.

ഒന്നുറക്കെ കരഞ്ഞാൽ പോലും ആരെങ്കിലും കേൾക്കുമോ എന്ന് സംശയമാണ്..

പൂട്ടിയിരുന്നില്ല എങ്കിലും ആ മുറി തുറക്കാനുള്ള ധൈര്യം അവനുണ്ടായില്ല..


പതിനൊന്നര ആവുന്നതേയുള്ളൂ,

കാലിനിടയിലൂടെ ഓടിപ്പോകുന്ന കരിമ്പൂച്ചയെയോ, തന്നെ ഭയപ്പെടുത്താൻ ദേഹത്തേക്ക് പറന്നു വീഴുന്ന വവ്വാലിനെയോ ഒക്കെ പ്രതീക്ഷിച്ചിരുന്ന അവന് പക്ഷേ കാറ്റുപോലും കയറാൻ മടിക്കുന്ന ആ ചുവരുകൾക്കുള്ളിലേക്ക് തുറന്നിട്ട പിൻവാതിലിലൂടെ ചെവിയിലേക്കെത്തിയ പാതിരാപ്പക്ഷിയുടെ കരച്ചിൽ മാത്രമേ ആ നിമിഷം കൂട്ടിനുണ്ടായുള്ളൂ.

ആവശ്യത്തിന് ചിത്രങ്ങളെടുത്തു കഴിഞ്ഞു.

ഇനി പുറത്തേക്കിറങ്ങാം.


വലതുകയ്യിലിരുന്ന ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണവൻ കണ്ണു തുറന്നത്..

കൂട്ടുകാരാണ്.

“ഡാ, മതി. ഇനി പോര്”

ഉം.


ഫോണിൽ സമയം പന്ത്രണ്ട് കഴിഞ്ഞു.. മുകളിൽ നിന്ന്

തലയിലേക്ക് ഇളകിവീണ ഓട് താഴെ ചിതറിക്കിടക്കുന്നു..

കടന്നുപോയത് അരമണിക്കൂർ!

ബോധം പൂർണമായി തിരികെ കിട്ടിയിരുന്നില്ല..

എങ്ങനെയോ നടന്ന് ഗേറ്റിനരികിലെത്തി..

കൂട്ടുകാരോട് എന്തൊക്കെയോ സംസാരിച്ചു, ഗുഡ് നൈറ്റ് പറഞ്ഞു പിരിഞ്ഞു.


നാളെമുതൽ എല്ലാവരുടെയും മുന്നിൽ തനിക്കൊരു ഹീറോ പരിവേഷമായിരിക്കും.

വീട്ടിൽ വന്നുകയറി കട്ടിലിലേക്ക് കിടന്ന് അവൻ ചിന്തിച്ചു,

എങ്കിലും ആ അര മണിക്കൂർ നേരം അവിടെ എന്താണ് സംഭവിച്ചത്?

പോക്കറ്റിൽ നിന്നും ഫോണെടുത്ത് അപ്പുവേട്ടന്റെ നമ്പറിലേക്ക് വിളിച്ചു.

“അപ്പുവേട്ടാ, ഞാനാ പിറകിലത്തെ വാതിൽ അടയ്ക്കാൻ മറന്നു. നമുക്ക് നാളെ ഒരിക്കൽക്കൂടി അവിടംവരെ പോണം… രാത്രി!”


ഫോൺ മാറ്റിവെച്ച് ഉറങ്ങാനായി കണ്ണുകൾ അടച്ചുവെങ്കിലും അപ്പോളും അവന്റെ കാതിൽ മുഴങ്ങിയത് കാട്ടാമ്പള്ളിയിലെ വീടിനുള്ളിൽ കേട്ട കുട്ടിയുടെ ഏങ്ങലടിച്ചുള്ള കരച്ചിലും, മുന്നിൽ തെളിഞ്ഞത് ആ അടുക്കളയിൽ വെച്ച് താൻ നേരിട്ടുകണ്ട, വലതു നെറ്റിയിൽ മുറിവുള്ള സ്ത്രീ രൂപവും മാത്രമായിരുന്നു!!!

-DeOn-


[ Add a comment to this post ]

Report Page