Jabbar - ചെറുകഥ

Jabbar - ചെറുകഥ

Deon

ചെറുകഥ: “ജബ്ബാർ”

(based on a real story)


യക്ഷിക്കഥകളുടെ കൂട്ടുപിടിച്ച് ഒരു മയക്കത്തിലെന്നപോലെ നിശ്ശബ്ദയായി നിൽക്കുന്ന ചൂളപ്പറമ്പെന്ന കൊടും കാട്.

സമയം വൈകീട്ട് ആറരയോട് അടുക്കുന്നു… എങ്കിലും തണലും മായുന്ന സൂര്യനും അവിടമാകെ ഇരുട്ടിനാൽ മൂടിയിരുന്നു.

കാടിന്റെ ഒത്തനടുവിലെ പൊളിഞ്ഞ കെട്ടിടത്തിന്റെ വടക്കേചുവരിന് വെളിയിൽ പേടിച്ചുവിറച്ച് പതുങ്ങി നിൽക്കുകയാണ് ജബ്ബാർ.


പൊടുന്നനെ ഭീകരത സൃഷ്ടിച്ച് പെയ്തിറങ്ങിയ പെരുമഴ അവനെ ആകെ നനച്ചു. ആ തണുപ്പിലും ദേഹത്തുവീഴുന്ന മഴതുള്ളികളോടൊപ്പം ഭയമെന്ന വികാരം അവനിൽ നല്കിയ വിയർപ്പുകണികകളും പൊടിഞ്ഞിറങ്ങുന്നുണ്ടായിരുന്നു!


ഇടയ്ക്കിടെയുള്ള നടുക്കുന്ന ഇടിനാദത്തിന്റെ ഇടവേളകളിൽ ഏതാനും അകലത്തിൽ തന്നെത്തേടിവരുന്ന ആ ഉറച്ച കാലടികളും അവയ്ക്കടിയിൽ ഞെരിഞ്ഞമരുന്ന നനഞ്ഞ കരിയിലകളുടെ ശബ്ദവും ജബ്ബാർ തിരിച്ചറിഞ്ഞു.


അപ്പോൾ, അവന്റെ ഹൃദയമിടിപ്പിന്റെ ശക്തി ആ ദുർബലമായ ഇഷ്ടികച്ചുവരുകളെ പിടിച്ചു കുലുക്കുന്നപോലെ തോന്നി…


“അതെ! ഞാനാണ് അവസാനത്തേത്. ഇരുളുംവരെ എന്നോടൊപ്പമുണ്ടായിരുന്ന കൂട്ടുകാർ എല്ലാവരുംതന്നെ പിടിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിലവൻ എന്നെത്തേടി ഇത്രദൂരം വരേണ്ട കാര്യമില്ല!”


തന്നിലേക്ക് അടുക്കുന്ന കാൽപ്പെരുമാറ്റത്തിൽ ജബ്ബാർ അപകടം തിരിച്ചറിഞ്ഞു. ഏതുനിമിഷവും താൻ ആക്രമിക്കപ്പെടാം…

ഈ കാടിനും കൂരിരുട്ടിനും ഇനിയും അധികസമയം തന്നെ സംരക്ഷിക്കാനാവില്ല.


പതനത്തിനും വിജയത്തിനുമിടക്കുള്ള നിമിഷങ്ങളെന്ന നൂൽപ്പാലത്തിൽ അധികസമയം ചിന്തിച്ചുനിൽക്കാൻ അവനായില്ല.


സർവ്വശക്തിയും സംഭരിച്ച് ജബ്ബാർ കുതിച്ചു…!!!

ഇഷ്ടികച്ചുമർ പിന്നിലേക്ക് മറിഞ്ഞുവീണു!

ആ വലിയ ശബ്ദത്തിൽ ഒന്നു പതറിയ അയാളുടെ ഒരുനിമിഷത്തെ ഞെട്ടലിനെ മുതലെടുത്ത്‌ ജബ്ബാർ പാഞ്ഞു!!!

തനിക്കു പരിചയമില്ലാത്ത ചെറുവഴികളിലൂടെ…

കാലിലുടക്കിയ വള്ളിച്ചെടികളെയെല്ലാം നിഷ്പ്രയാസം പൊട്ടിച്ചെറിഞ്ഞ് അവൻ ഓടി, കാടിനു വെളിയിലേക്ക്!!!


പുറത്ത് ദൂരെയാ മരച്ചുവട്ടിൽ നിസ്സഹായരായി തന്നിൽ പ്രതീക്ഷയർപ്പിച്ചു നിൽക്കുന്ന തന്റെ പ്രീയപ്പെട്ടവരെ ഒരുമാത്ര നോക്കിയ ജബ്ബാറിന്റെ കാലുകൾക്ക് ചിറകുകൾവെച്ചു!! പിന്തുടരുന്ന ശക്തിയെ ഏറെദൂരം പിന്നിലാക്കി അവൻ പറന്നു… ചുവന്നുപൂത്തുനിൽക്കുന്ന ആ ഗുൽമോഹർ വൃക്ഷത്തിനെ ലക്ഷ്യമാക്കി…!!!!

.

.

.

.

.

“സാറ്റേയ്!!


-Deon-


[ Add a comment to this post ]

Report Page