ഇടവഴിയിലെ മൂർഖൻ

ഇടവഴിയിലെ മൂർഖൻ

Deon

“ഈ ഇടവഴിയുമായിട്ട് എനിക്കൊരു ഫ്ലാഷ്ബാക്കുണ്ട്!”


ഒരു പത്തു പതിനെട്ടു കൊല്ലം മുമ്പാണ്.


ഞങ്ങളന്ന് ചെമ്പ് S.N.L.P സ്‌കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു.

ഞങ്ങളെന്നു പറയുമ്പോ ഞാനും എന്റെ ചങ്ക് ബ്രോസും.


അന്നൊക്കെ എൽ.പി സ്‌കൂളിന്റെ വലിയൊരു പ്രത്യേകതയെന്തെന്നാൽ നാട്ടിലെ നമ്മുടെ സമപ്രായക്കാരായ കൂട്ടുകാർ തന്നെയാവും ക്ലാസ്സ്‌മേറ്റ്സും എന്നുള്ളതാണ്.


പിറ്റേന്ന് ശാസ്ത്രമേള നടക്കുന്നതിനാൽ അന്ന് സ്‌കൂൾ ഉച്ചക്കു വിട്ടു.

നാട്ടിലന്ന് ഇത്രയും വീടുകളൊന്നുമില്ല.

തോടുകളും പറമ്പുകളും കുറ്റിക്കാടുകളും ഒക്കെയായി വിജ്രംഭിച്ചു കിടക്കുവാണ്.


നാളുകൾക്കു മുമ്പ് മഹേഷ് ചേട്ടന്റെ പെങ്ങൾ സരിതചേച്ചി ചെറു പ്രായത്തിൽ തന്നെ പാമ്പുകടിയേറ്റ് മരിച്ചത് എല്ലാവര്ക്കും വലിയ ഷോക്ക് ആയിരുന്നു.

മുഖം ഓർമ്മയില്ലെങ്കിലും എന്നെയൊക്കെ ഒരുപാട് എടുത്തോണ്ട് നടന്നിട്ടുണ്ട്.


ആ ഒരു സംഭവം കാരണം ആളനക്കമില്ലാതെ കാടുപിടിച്ചു കിടക്കുന്ന തൊടികളിലേക്ക് നോക്കുന്നതുപോലും പേടിയോടെയായിരുന്നു.


ഇനി ഫ്ലാഷ് ബാക്കിലേക്കു വരാം..

‘സാറ്റുകളി’ അന്നത്തെ വൈകുന്നേരങ്ങളുടെ ഒരു അവിഭാജ്യ ഘടകമായിരുന്നു.

കുട്ടുവിനെ എണ്ണാനേൽപ്പിച്ചിട്ട് ഞാനും കേയാറും ഒളിക്കാനോടി.

(*K.R : എണ്ണത്തിൽ കൂടുതലുള്ളത്കൊണ്ട് ‘വിഷ്ണുമാരെ’ തിരിച്ചറിയാൻ എളുപ്പത്തിന് അവരുടെ last name വെച്ച് അഭിസംബോധന ചെയ്യുന്ന പതിവ് 90കളിലേ നിലവിൽ ഉണ്ടായിരുന്നു)


കുറച്ചു മുമ്പ് പറഞ്ഞ ഇടവഴി.

മത്സരിച്ച് ആദ്യം ഓടിക്കയറിയത് ഞാനാണ്.

സെക്കന്റുകൾക്കുള്ളിലാണ് പിന്നെയുള്ള സംഭവങ്ങളൊക്കെ നടക്കുന്നത്..

നല്ല വഴുക്കൽ ഉള്ള എന്തിലോ കാലു തട്ടി. താഴേയ്ക്കു നോക്കുമ്പോൾ ഒരു ജിമിട്ടൻ പാമ്പ്! (*Big: കൊളോക്വലി പറഞ്ഞതാണ്)

പേടിച്ച് അലറിവിളിച്ച് എയറിൽ ഉയർന്നു ചാടിയ ഞാൻ രണ്ടാമത് ലാൻഡ് ചെയ്തത് ആ വഴിപോക്കന്റെ മുതുകത്തേക്കാണ്.

കുറ്റം പറയാൻ പറ്റില്ല, ചോദിച്ചു വാങ്ങിയ കടി.


“ദീപക്കിനെ പാമ്പുകടിച്ചേ…”

കൂടെവന്നവൻ അലറിവിളിച്ച് തിരിഞ്ഞോടുമ്പോഴും ഒന്നും മനസ്സിലാവാതെ ഞാൻ വായും പൊളിച്ചു നിന്നു.

താഴെ വലതുകാലിന്റെ ചെറുവിരലിൽനിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു.


അച്ഛൻ മുണ്ടിന്റെ തുമ്പ് വലിച്ചുകീറി എന്റെ കാലിൽ കെട്ടിത്തരുമ്പോൾ ആ മുഖത്തുണ്ടായിരുന്ന ടെൻഷൻ ഇപ്പോളും ഓർമ്മയുണ്ട്.

മരണം.. ആ വാക്കിന്റെ അർത്‌ഥവും വ്യാപ്തിയും മനസ്സിലാക്കാനുള്ളത്ര പക്വതയൊന്നും ദീപക് എന്ന ഏഴുവയസ്സുകാരന് അന്നുണ്ടായിരുന്നില്ല.


എന്നെ സൈക്കിളിനു പുറകിലിരുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് അച്ഛൻ ആഞ്ഞു ചവിട്ടി..

സഹതാപത്തോടെ നോക്കുന്ന ചുറ്റും കൂടിയവരുടെ കണ്മുന്നിൽ എനിക്കാവട്ടെ ഒരു കുഞ്ഞു സെലിബ്രിറ്റി ആയ ഫീൽ.


‘പാമ്പുകടിയേറ്റ ചെമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി’ എന്ന് ചരിത്രം സുവർണ്ണ ലിപികളിൽ എഴുതുമായിരിക്കും!

നാളെ (നാളെ എന്നൊന്ന് ഉണ്ടാകുമോ എന്നുപോലും ചിന്തിച്ചിരുന്നില്ല) സ്‌കൂളിൽ അഭിമാനത്തോടെ പറയണം എല്ലാവരോടും!


ആശുപത്രി അപ്പോളേക്കും ജനനിബിഢമായിക്കഴിഞ്ഞിരുന്നു. (നാട്ടുകാർക്കൊക്കെ എന്നോട് ഇത്രേം സ്നേഹമുണ്ടായിരുന്നോ എന്നോർത്തുപോയി)


ഡോക്ടർമാർ ഓപ്പറേഷൻ, ഓപ്പറേഷൻ ഡോക്ടർമാർ.

(മുറിവുള്ള കാല് ഡ്രസ്സ് ചെയ്യുന്നു, അയിനാണ്)

കൂട്ടിൽ ഇട്ട മയിലിനെ നോക്കുന്നപോലെ ഇടക്ക് ഓരോരുത്തരായി വന്ന് എത്തി നോക്കുന്നുമുണ്ട്.


“ഞാൻ മരിച്ചു പോകുവോ ഡോക്ടറേ?”

(സീരിയസ് സിറ്റുവേഷൻസിലെ പഞ്ച് ഡയലോഗ്സ്. വീട്ടുകാരൊക്കെ ഇപ്പോളും കളിയാക്കാനായിട്ട് ദുരുപയോഗം ചെയ്യുന്നത് എന്തു കഷ്ടാല്ലേ)


“ഏയ്.. പേടിക്കാനൊന്നൂല്ല”

ഇഞ്ചക്ഷനു കുറിച്ചുകൊണ്ട് ഡോക്ടർ കൂട്ടിച്ചേർത്തു…

“വിഷം ഏറ്റിട്ടില്ല, നീർക്കോലി ആണ്”


അതുവരെ ആനന്ദത്തിന്റെ കൊടുമുടിയിൽ നിന്ന എനിക്ക് അതു കേട്ടപ്പോൾ തല കറങ്ങുന്നപോലെ തോന്നി..

‘നീർക്കോലി’

വിധി എന്തിനാണെന്നോടിത്ര ക്രൂരത കാട്ടുന്നത്?

ഇതിലും ഭേദം വല്ല പട്ടിയും കടിക്കുന്നതായിരുന്നു. കോപ്പ്


“നീർക്കോലി അല്ലച്ഛാ, മൂർഖനാ. ഞാൻ കണ്ടതാ…”

ഞാൻ പറഞ്ഞു നോക്കി

(വിഷം തീണ്ടാത്തതിൽ നിരാശപ്പെട്ട സൗത്തിന്ത്യയിലെ ആദ്യത്തെ പാമ്പുകടി കിട്ടിയവൻ)


മറുപടിയായി അച്ഛനും നേഴ്‌സുമാരും എന്നെനോക്കി ഒന്നു ചിരിച്ചു..

“നീർക്കോലിയാ, വെറുതെ പേടിച്ചു”

കൂടി നിന്നവരെല്ലാം ആശ്വാസത്തോടെ പിരിഞ്ഞുപോകാൻ തുടങ്ങി.


എന്റെ മനസ്സിൽ മുഴുവൻ നാളത്തെ സ്‌കൂൾ ആയിരുന്നു.

നാലാളോട് പറയാൻ പറ്റിയ പേരാണോ ഈ വൃത്തികെട്ട പാമ്പിന്. അറ്റ്ലീസ്റ്റ് ഡോക്ടർക്ക് ഒരു ചേര എന്നേലും പറയാർന്നില്ലേ ആളോളോട്? അതിനും വിഷമില്ലല്ലോ

ഞാനിനി എങ്ങനെ എന്റെ ഫ്രണ്ട്സിന്റെ മുഖത്തു നോക്കും?

നാണക്കേട് at its peak.


കേയാർ..

എനിക്ക് അന്നും നല്ല ന്യൂസ് വാല്യൂ ഉണ്ടായിരുന്നതുകൊണ്ടും അവൻ നല്ല റേറ്റിങ് ഉള്ള ന്യൂസ് ചാനൽ ആയതിനാലും സംഗതി പിറ്റേന്നു തന്നെ സ്‌കൂള് മുഴുവൻ ഫ്ലാഷ് ആയി.


പാമ്പുകടിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതുകൊണ്ടല്ല, നീർക്കോലി ആണ് കടിച്ചതെന്ന് പറയാനുള്ള നാണക്കേടുകൊണ്ടാണ് കുഞ്ഞു ന്യൂട്ടൻ ശാസ്ത്രമേള മിസ്സ് ചെയ്തതെന്ന് ഏലമ്മ ടീച്ചറോടും തങ്കപ്പൻ സാറിനോടും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല!


P.S: ഇന്നത്തെ ശാസ്ത്രമേളകളിലൂടെ വളർന്നുവരേണ്ടിയിരുന്ന (എന്നെപ്പോലത്തെ) നാളെയുടെ ശാസ്ത്രജ്ഞൻമാർക്ക് വിലങ്ങുതടിയായിക്കിടക്കുന്ന ‘ഇടവഴികളിലെ നീർക്കോലികളോട്’ അറപ്പാണ് വെറുപ്പാണ്! 😜

-DeOn-


[ Add a comment to this post ]

Report Page