ഗാന്ധർവ്വശ്രുതി

ഗാന്ധർവ്വശ്രുതി

Deon

17/02/17

ഒരു വെള്ളിയാഴ്ച രാത്രി !!!

നഗരത്തിരക്കുകളിൽ നിന്നുമാറി പുഴയുടെ താരാട്ടിൽ നിശബ്ദമായി മയങ്ങുകയാണ് കോളങ്ങാട്ട് തറവാട്.


ഭിത്തിയിലെ പഴയ ഘടികാരത്തിന്റെ തിളങ്ങുന്ന പെൻഡുലം കൃത്യമായ ഇടവേളകളിൽ ആ നിശബ്ദതയുടെ സൗന്ദര്യത്തെ ഭംഗിയായി ഖണ്ഡിക്കുന്നുണ്ടായിരുന്നു.


മുകളിലെ നിലയിലെ പാലമരത്തോട് ചേർന്ന മുറിയിൽമാത്രം ഒരു ചെറു വെളിച്ചം.

ആ ജനാലയുടെ മരയഴികളിൽ കൈപിടിച്ച് വെളിയിലേക്ക് കണ്ണുനട്ട് അങ്ങനെ നിൽക്കുകയാണ് ശ്രുതി.


“ഡീ…

നിനക്ക് ഉറക്കോന്നൂല്ലേ?”

– ജ്യോതിയാണ്.

“മണി പന്ത്രണ്ടാവുന്നു. പാതിരാത്രി ജനലും തുറന്നിട്ട് മാനോം നോക്കി നിക്കുന്നു. വന്നു കിടക്ക് പെണ്ണേ”


“ജോ.. നീ നോക്കിയേ, ഈ പാലമരത്തിന് എന്തു ഭംഗിയാ..”


“പിന്നേ, നീയിത് ആദ്യോയിട്ടാണല്ലോ കാണുന്നേ. നാളെ ശനിയാഴ്ച. വല്ലപ്പോഴുമാണ് മാസത്തിൽ രണ്ടവധി ഒരുമിച്ചു കിട്ടുന്നത്. രാവിലത്തെ ട്രെയിന് നാട്ടിൽ പോകാനുള്ളതാ. വന്നുകിടന്ന് ഉറങ്ങാൻ നോക്ക്”


ശെരിയാണ്, ഹോസ്റ്റലുപേക്ഷിച്ച് ഇവിടെയീ വാടകവീട്ടിലേക്ക് ചേക്കേറിയിട്ട് മാസം രണ്ടാവുന്നു.

പക്ഷേ ഇതിനുമുമ്പൊന്നും തനിക്ക് ഈ വൃക്ഷത്തിന്മേൽ ഇത്ര ആകർഷണം തോന്നിയിട്ടില്ല.


“നീ കിടന്നോ.. ഞാൻ കുറച്ചു കഴിഞ്ഞേ ഉളളൂ”

കണ്ണുകൾ തിരികെ പുറത്തേക്കെറിഞ്ഞുകൊണ്ടവൾ പറഞ്ഞു

വീടിനുമീതെ വലിയൊരു കുടയായി ഏഴിലംപാല.

നിലാവ് മുഴുവനായും അതിന്റെ ഇലകളിലേക്ക് പെയ്ത് ഒഴുകിയിറങ്ങുന്ന പോലെ.


അതുവരെ ഉറങ്ങിക്കിടന്നിരുന്ന ചില്ലകളെയാകെ തട്ടിയുണർത്തി ഇലകൾക്കിടയിലൂടെ ഒരു കിഴക്കൻകാറ്റ് അവളുടെ മുടിയിഴകളെ തലോടി മുറിയിലേക്ക് പ്രവേശിച്ചു.


കഴിഞ്ഞ ദിവസങ്ങളിലെല്ലാം താൻ പതിവായി കണ്ടിരുന്ന കാഴ്ചകൾക്കൊക്കെ ഇപ്പോൾ ഇത്ര പ്രത്യേകത തോന്നാൻ കാരണമെന്താണ്?


എല്ലാറ്റിനും നിമിത്തമായ, വായന പാതി ബാക്കിയാക്കി മേശമേൽ തുറന്നുവെച്ചിരുന്ന ആ പുസ്തകത്തിലേക്കവൾ തിരിഞ്ഞുനോക്കി..


അനുവാദമില്ലാതെ മുറിയിലേക്കു കടന്ന കാറ്റ് അപ്പോൾ അതിന്റെ താളുകളോട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.


വായന ഒരുപാടിഷ്ടമായ തനിക്ക് കോളങ്ങാട്ടെ ഇപ്പോളത്തെ ഒരേയൊരു അന്തേവാസിയായ വലിയ തമ്പുരാട്ടി തന്ന സ്വാതന്ത്ര്യം; അവരുടെ പുസ്തകമുറിയിലേക്കുള്ള പ്രവേശനം.

നാട്ടിലെ പബ്ലിക് ലൈബ്രറിയെക്കാൾ വിപുലമായ ശേഖരം! രണ്ടു മാസത്തിനിടെ വായിച്ചുതീർത്തത് മുപ്പതോളം പുസ്തകങ്ങൾ.


കൂട്ടത്തിൽ മനോഹരമായ പുറംചട്ടയോടുകൂടിയ ഒരു കുഞ്ഞു നോവൽ.

എന്തോ ഒരിഷ്ടം അതിനോട്.

പൂർണ്ണമായും കൈപ്പടയിലെഴുതിയത്. സുന്ദരമായ കൈയ്യക്ഷരം.

തമ്പുരാട്ടിക്ക് പ്രീയപ്പെട്ടവർ ആരോ നൽകിയതാവണം, അവർക്കു മാത്രം വായിക്കാനായി. അത്രയ്ക്ക് കരുതലോടെയാണത് സൂക്ഷിച്ചുവെക്കപ്പെട്ടിരുന്നത്.


എങ്കിലും, ഒരാൾക്ക് തന്നിലുള്ള വിശ്വാസത്തിന്മേൽ റിസ്കെടുത്ത് ആ പുസ്തകം അവിടെനിന്ന് ഇവിടെയീ മേശയിൽ എത്തിക്കണമെങ്കിൽ അതിനകത്ത് തന്നെ സ്വാധീനിച്ച മറ്റെന്തോ ഉണ്ടെന്നവൾക്ക് ഉറപ്പായിരുന്നു.


“നീലി”

ചോളരാജാവിന്റെ പുത്രി. കൊല്ലവർഷം മുപ്പതിൽ ജീവിച്ച അല്ലിയുടെ പുനഃർജന്മമായ കള്ളിയങ്കാട്ട് നീലിയെയും അവളുടെ പ്രതികാര കഥകളെയും ഒരുപാട് കേട്ടറിഞ്ഞിട്ടുണ്ട്.


വർഷങ്ങൾക്കിപ്പുറം പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുളിക്കത്തറ ഇല്ലത്തെ ‘ദേവു’ എന്ന ബ്രാഹ്മണ സ്ത്രീയുടെ ജീവിതവും അവളുടെ പ്രണയവുമാണ് നോവലിൽ..


തെക്കൻ പാട്ടുകളിലും, തിരുവിതാംകൂറിലെ നാടോടിക്കഥകളിലും കേട്ടറിഞ്ഞ കള്ളിയങ്കാട്ട് നീലിയോടുള്ള ആരാധന ദേവുവിനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുകയായിരുന്നു…

വിശ്വാസങ്ങളുടെ അലിഖിത നിയമങ്ങൾക്ക് വിപരീതമായി ക്രമേണ നീലി ദേവുവിലൂടെ പുനർജനിക്കുന്നു!


വരച്ചുവെക്കപ്പെട്ടപോലെ ഓരോ വരികളും.

താളുകൾ മറിക്കുന്തോറും ശ്രുതി ചെറിയ ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞു;

പുളിക്കത്തറ എന്ന മുഖമൂടിയിൽ എഴുതപ്പെട്ടിരിക്കുന്നത് കോളങ്ങാട്ട് തറവാട് തന്നെയല്ലേ??

അതെ!

തേക്കിൽ തീർത്ത അഞ്ചഴി ജാലകവും, പുറത്തെ പൂക്കാത്ത പലമരവും, പിന്നിലെ പുഴയും ഒക്കെ അതേപോലെ!!!


ഒരിക്കൽക്കൂടി ശ്രുതി ജനാലയ്ക്കരികിലേക്ക് നടന്നു..

ഇവിടെവെച്ചല്ലേ നീലിയുടെ പാതി പുനർജന്മമായ ദേവു അവസാന നാളുകളിൽ തന്റെ പ്രീയപ്പെട്ടവനായ ഗന്ധർവനോട് സല്ലപിച്ചത്???

താൻ നിത്യം കയറിയിറങ്ങാറുള്ള അതെ കോണിപ്പടികളിൽ ഇരുന്നല്ലേ അവൾ ഏങ്ങലടിച്ചു കരഞ്ഞത്? ഇവിടെ ഈ മുറിയിൽ വെച്ചല്ലേ ദേവു മരണപ്പെട്ടത്???


ഭയം ശ്രുതിയെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു..

“ഈശ്വരാ! ഏതു ശക്തിയുടെ പിന്തുണയിലാണ് ഞാനിവിടെയെത്തപ്പെട്ടത്”


തമ്പുരാട്ടിയുണരുംമുമ്പ് ഇതവിടെ തിരിച്ചെത്തിക്കേണ്ടതുണ്ട്.

തിടുക്കത്തിൽ അവൾ ആ പുസ്തകത്തിന്റെ അവസാന പേജുകൾ മറിച്ചുനോക്കി..

അതിൽ ഇങ്ങനെയെഴുതിയിരുന്നു…


“ഇരുന്നൂറ് വർഷങ്ങൾക്കുശേഷം കാലം അവളെ ഇവിടെയെത്തിക്കും. അന്ന് കുംഭമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയും അവളുടെ ജന്മനാളായ ചോതിയും ഒരുമിച്ചു വരുന്ന രാത്രി, നീലി അവളിലൂടെ ഇതേമുറിയിൽവെച്ച് ഒരിക്കൽക്കൂടി പുനഃർജനിക്കും. ഗന്ധർവനുമായി പ്രണയസാഫല്യം നേടും!”

– DeOn –


അഭിനേതാക്കൾ:

Sruthi Haridas (ഞങ്ങളുടെ നീലി)

Vishnu Pulickatharayil (അവളുടെ ഗന്ധർവ്വൻ)

& Jyothilakshmi Manu


[ Add a comment to this post ]

Report Page