Food allergy

Food allergy

Deon

ഫുഡ് അലർജി - എന്തു ക്രൂരമായ അസുഖമാണിത്...
'കൊഞ്ചു' (prawn) കഴിക്കാൻ പാടില്ലാത്രേ. 😭


വീട്ടിലെ ഊണ് മെന്യുവിൽനിന്ന് ഈയൊരു വിഭവം എന്നേയ്ക്കുമായി ഒഴിവാക്കാൻ തീരുമാനമായത് ഉദ്ദേശം 3 വർഷങ്ങൾക്കു മുമ്പാണ്.


2013 May
അനിയത്തീടെ റിക്വസ്റ്റ് പ്രകാരം കർശന നിബന്ധനകളോടെ മാത്രമാണ് (എനിക്ക് തൊട്ടുകൂടായ്മ) അന്നൊക്കെ വീട്ടിൽ കൊഞ്ചു പൊരിച്ചത് ഉണ്ടാക്കാൻ അച്ഛൻ സാങ്ഷൻ കൊടുക്കാറുള്ളത്.


ഒരുമിച്ചിരുന്നുണ്ണുമ്പോൾ മുന്നിൽ ലോകത്തെ ഏറ്റവും രുചിയുള്ള വിഭവം വെച്ചോണ്ട് സാമ്പാറുകൂട്ടി ചോറുണ്ണേണ്ടി വരുന്ന എന്റെ ഗതികേടിനെ, പെങ്ങള് പരമാവധി ചൂഷണം ചെയ്യുന്നുണ്ടായിരുന്നു.


"അമ്മേ, ദേ നോക്കിക്കേ.. ഇവളെന്നെ കൊതിപ്പിക്കുന്നു" 😢

"ഡീ, ചുമ്മായിരുന്നേ.. ഇങ്ങനാണേൽ ഇനി ഉണ്ടാക്കൂല്ല കേട്ടോ" 😠


അമ്മയുടെ വാണിംഗ് വകവെക്കാതെ എന്നെകാണിക്കാനെന്നോണം കൊഞ്ചിന്റെ രുചിരസങ്ങൾ അവളുടെ മുഖത്തു പിന്നെയും മിന്നിമാഞ്ഞുകൊണ്ടിരുന്നു. 😐


അത്താഴത്തിനു ശേഷമാണ് കഥയിലെ ട്വിസ്റ്റ്...
എനിക്കുള്ളത് വിളമ്പി വെച്ചിട്ട് എല്ലാവരും നേരത്തെ കഴിച്ചു കിടക്കും. ടീവിയൊക്കെ കണ്ടു വിശപ്പിനെ ദേവത മാടിവിളിച്ചപ്പോൾ ഞാൻ പതിയെ അടുക്കളയിലേക്ക് നടന്നു..


പോരാൻനേരം ചീനച്ചട്ടിയിൽ നിന്ന് സാമാന്യം വലിയ ഒരു കൊഞ്ചിന്റെ ചങ്ങായീം കൂടെയിങ്ങു പോന്നു! 😜

വിളമ്പിവെച്ച ചോറത്രയും തൂത്തുവാരി തിന്ന ചാരിതാർത്ഥ്യത്തിൽ ഉറങ്ങാൻ കിടന്ന ഞാൻ ഏറെ വൈകാതെ തന്നെ ഞെട്ടിയെണീറ്റു.

എന്താപ്പോ പറ്റിയേ?
ശ്വാസം കിട്ടുന്നില്ല.
ജലദോഷം കൊണ്ട് മൂക്കടഞ്ഞതാണോ? 🤔
(ബ്രീത്തിൻ, ബ്രീത്തൌട്ട്)
മുക്കടപ്പല്ല.
കർത്താവേ, പണി പാളീല്ലോ..

നെഞ്ചുവേദന!
തീരാൻ പോവാണോ? 😳
അച്ഛനെ വിളിച്ചാലോ?
വേണ്ട, കാര്യം അറിയുമ്പോ നല്ല വഴക്കു കേൾക്കേണ്ടി വരും.

തല കറങ്ങുന്നപോലെ.
മുറ്റത്തേക്കിറങ്ങി, അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
സംഗതി കൈവിട്ടു പോവുകയാണ്... 😱
ശ്വാസം കിട്ടാതെ ചുമക്കാൻ തുടങ്ങി.

എല്ലാരും എണീറ്റു.. കൂടുതൽ ചോദ്യങ്ങളൊന്നും കൂടാതെ അച്ഛനു കാര്യം മനസ്സിലായി.
സനിച്ചേട്ടന്റെ കാറുവിളിച്ച് നേരെ വൈക്കത്തേക്ക്.


ആദ്യോയിട്ടാണ് ഒരു ഓക്സിജൻ മാസ്കൊക്കെ വെച്ച് കിടക്കുന്നത്...
(സംഭവം സൂപ്പറാ, വായുവലിച്ചു ചാവാൻ കിടക്കുന്ന നേരത്ത് ഫ്രഷ് O2 ഉള്ളിലേക്കു കിട്ടുമ്പോളുള്ള ആ ഒരു സുഖം ഉണ്ടല്ലോ... ന്റെ സാറേ!!) 😇

10 മിനിറ്റ് കൊണ്ട് എല്ലാം ബാക്ക് ടു നോർമൽ.
മാസ്ക് മാറ്റി ഇസിജി എടുക്കുന്ന നേരത്ത് അമ്മയുടെ മുഖത്തേക്ക് ഒന്നു നോക്കി..
സങ്കടം, സന്തോഷം, സഹതാപം, പരിഹാസം, ദേഷ്യം..
എല്ലാം കൂടി ചാലിച്ചെടുത്ത ഒരു ചിരി! ഞാനും ചിരിച്ചു ☺


അമ്മ, അച്ഛൻ, അനിയത്തി.
എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് ഏറ്റവും ഇഷ്ടപ്പെട്ട രുചികളിലൊന്ന് ബഹിഷ്കരിച്ച ആ മൂന്നുപേരുടെ കഥ തുടരുകയാണ്! ❤


@DeonWrites


Read more:

Memories


Report Page