ആദ്യത്തെ സ്കൂൾ

ആദ്യത്തെ സ്കൂൾ

Deon
S.N.L.P.S Chempu

ഓർത്തെടുക്കാൻ ശ്രമിക്കുമ്പോളൊക്കെയും ഓർമ്മകളിങ്ങനെ മുന്നിൽ തെളിഞ്ഞു നിൽക്കണം!

ആ കാഴ്ചകളോട് സംവദിക്കുന്നത് ഒരു പ്രത്യേക സുഖമാണ്.


S.N.L.P.S - എസന്നെൽപ്പീ എന്ന് ഞങ്ങൾ വിളിച്ചിരുന്ന എന്റെ സ്‌കൂൾ!

"ആദ്യത്തെ സ്‌കൂൾ!"

ഇരുപതു വർഷങ്ങൾക്കു മുന്പ് കണ്ട രൂപത്തിൽ മാറ്റമൊന്നുമില്ലാതെ നിത്യ യൗവനവുമായാ യൂക്കാലിപ്റ്റസ് വൃക്ഷം.

ചില്ലകളുടെ തണലിൽ ഓടുമേഞ്ഞ നേഴ്സറി കെട്ടിടത്തിന്റെ മിനുസപ്പെടുത്തിയ തറയ്ക്ക് അതേ തണുപ്പും തിളക്കവും.

"ആദ്യത്തേത്"

എന്നും എല്ലാവര്ക്കും പ്രിയമുള്ള ഓർമ്മകളുടെ ടാഗ്.

ആദ്യത്ത അദ്ധ്യാപകർ..

പാഠങ്ങൾ, പരീക്ഷകൾ െസൗഹൃദങ്ങൾ, വഴക്കുകൾ..


ആദ്യത്തെ സ്‌കൂളിലെ അസംബ്ലിയും ക്ലാസ്സ് റൂമും കഞ്ഞിപ്പുരയും സ്റ്റാഫ് റൂമും ഗ്രൗണ്ടും മരച്ചുവടുമൊക്കെ ആർക്കാണ് മറക്കാൻ സാധിക്കുക????


ഒരിക്കൽ ജീവിച്ചുതകർത്ത ലൊക്കേഷനിലേക്ക് ഓർമ്മകളിങ്ങനെ ഓടിയെത്തുകയാണ്, നല്ല HD ദൃശ്യമികവോടെ!!!


ഒന്നാംക്‌ളാസ്സിലെ കണ്ണീരിന്റെ നനവുള്ള ആദ്യദിനം മുതൽ കൊല്ലപ്പരീക്ഷ കഴിഞ്ഞ് അച്ഛന്റെകൂടെ ടീസി വാങ്ങാൻ വന്നതുവരെയുള്ള വ്യക്തവും അവ്യക്തവുമായ ഒരുപാട് സുന്ദരനിമിഷങ്ങൾ.


ആദ്യമായി സ്റ്റേജിൽ കയറിയത് ഇവിടെയാണ്, പ്രസംഗമത്സരത്തിന് നാലാംക്‌ളാസ്സിലെ ചേച്ചിയോട് പരാജയപ്പെട്ട രണ്ടാം ക്‌ളാസ്സുകാരനായ ആ കുഞ്ഞു ദീപക്..

പ്രതിഷേധമായി നിറത്തിലെ "മിന്നിതെന്നും നക്ഷത്രങ്ങൾ"ക്ക് കൂട്ടുകാരോടൊപ്പം ചുവടുവച്ച് നേടിയ ആദ്യ സമ്മാനം..

മുഖത്തോട് മുഖം നോക്കിനിന്നെഴുതിയ കേട്ടെഴുത്തുകൾ, സ്ളേറ്റിൽ അച്ചടിച്ച മാർക്ക് ലിസ്റ്റുകൾ..

ഹിൽപ്പാലസ്സുവഴി നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ആദ്യത്തെ വൺഡേ ടൂർ..

ഏലമ്മ ടീച്ചർ ചാർത്തിത്തന്ന, അന്നേറെ അഭിമാനത്തോടെ ഏറ്റുവാങ്ങിയ ക്ലാസ്സ് ലീഡർ എന്ന ആദ്യ പൊൻതൂവൽ..

പാമ്പുകടിച്ചു ആശുപതിയിൽ അഡ്മിറ്റ് ആകേണ്ടി വന്നപ്പോൾ സങ്കടത്തോടെ നഷ്ടപ്പെടുത്തിയ ശാസ്ത്രമേള..

യൂണിഫോം നിർബന്ധമല്ലാതിരുന്ന കാലത്ത് വെള്ളയും നീലയും നിറം പകർന്ന ആദ്യ ഗ്രൂപ്പ് ഫോട്ടോ..

അശോകൻ സാറിന്റെയും ഏലമ്മ ടീച്ചറുടെയുമൊക്കെ മുഖങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക?


അന്ന് പടിയിറങ്ങുമ്പോൾ മിസ്സ് ചെയ്തത് സുഹൃത്തുക്കളെ മാത്രമായിരുന്നു...

ഹണിയും ജിജീഷും ശ്രീമോ ളും ഷിനുവും മൻസൂറുമൊക്കെ വേറേ സ്‌കൂളിലേക്ക് പോയതിലുള്ള ദുഃഖം.

നൊസ്റാൾജിയയായി മാറാനുള്ള പ്രായം അപ്പോൾ ആ ഓർമ്മകൾക്കും ചിന്തിക്കാനുള്ള പക്വത എന്റെ മനസ്സിനും ഇല്ലാതിരുന്നതുകൊണ്ടാവണം.


ഗാലറിയിലെ പഴയ ഒന്ന് രണ്ട് മൂന്ന് നാല് ക്‌ളാസ്സുകളിലെ ഗ്രൂപ്പ് ഫോട്ടോകളിലേക്ക് വിരലെത്തി..

പിന്നീട് ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും മായാതെ മനസ്സിലുള്ളപോലെ തന്നെ പലരുടെയും മുഖങ്ങൾ.

ഇക്കാലത്തിനിപ്പുറവും ആ ഒന്നാം ക്‌ളാസ്സിലെ പകുതിയിലധികം പേരോടും മുറിയാത്ത സൗഹൃദമുണ്ട്.

നമ്മളിനിയും കാണും. മിണ്ടും. ഓർമ്മകൾ പങ്കുവെക്കും..

പഴയ നാലാംക്‌ളാസ്സുകാരായിത്തന്നെ, അതേ നിഷ്കളങ്കതയോടെ.

ഉറപ്പ് !!!

-DeOn-


[ Add a comment to this post ]


Report Page