എന്റെ സ്കൂൾ

എന്റെ സ്കൂൾ

Deon
K. P. M. H. S Poothotta

ഇതാണ് ഞങ്ങളുടെ സ്കൂൾ...

പക്ഷേ ഞങ്ങൾ പഠിച്ചത് ഇവിടെയായിരുന്നില്ല.


ഈ കെട്ടിടം ഉയരും മുന്നേ ഇവിടെയൊരു ഓടിട്ട കൂടാരമുണ്ടായിരുന്നു...


മറ്റേത് 90s kid ന്റെയും പോലെ അങ്ങേയറ്റം നൊസ്റ്റാൾജിക്കായൊരിടം.


മഴ പെയ്താൽ തൂവാനം അടിക്കുന്ന,

അപ്പോഴൊക്കെ ഓടിനിടയിലൂടെ ഓരോ തുള്ളികളായവ ഓടിയെത്തുന്ന,

ഡെസ്കിലും ബെഞ്ചിലും എന്തിന് ഉത്തരത്തിലെ പലകയിൽ പോലും പൂർവ്വികരുടെ പേരുകൾ പച്ചകുത്തിയ,

തുളയുള്ള ചീളുപലകകൾ കൊണ്ട് വേർതിരിച്ച കുറച്ചു ക്ലാസ്സ് മുറികൾ.


രാവിലെ ആദ്യ പിരീഡിൽ തന്നെ ക്ലാസ്സിനിടക്ക്, തലേന്ന് തന്നുവിട്ടിട്ട് ചെയ്യാൻ മറന്നുപോയ ഹോംവർക്കിനെപ്പറ്റി ടീച്ചർ ചോദിക്കുമോയെന്ന് ടെൻഷനടിച്ചിരിക്കുമ്പോൾ... തൊട്ടുമുന്നിലെ അമ്പലത്തിന്റെ ചുറ്റുമതിലിനപ്പുറം പൊട്ടുന്ന കതിനകളോടൊപ്പം ഞങ്ങളൊക്കെ പലവട്ടം ആവർത്തിച്ചു ഞെട്ടിയിട്ടുണ്ട്.


ക്ലാസ്സിനിടക്ക് അതേ അമ്പലത്തിൽ കല്യാണം നടക്കുന്നത് എത്തി നോക്കിയതിന് പലവട്ടം ടീച്ചറുടെ വഴക്ക് കേട്ടിട്ടുണ്ട്, ഒടുക്കം ജനലിലൊരു കർട്ടൻ കൊണ്ടിട്ട് ദീപ ടീച്ചർ ഞങ്ങളുടെയൊക്കെ ഭാവിസ്വപ്നങ്ങൾക്ക് ഇളം നീല തിരശീലയിട്ടിട്ടുണ്ട്.


അറ്റത്തെ ക്ലാസ്സ്‌ ആയതുകൊണ്ട്, ഫ്രീ പിരീഡിൽ കണക്കു ടീച്ചർ സ്റ്റാഫ്‌ റൂമിൽ നിന്നും നടന്നു വരുന്നത് കാണുമ്പോ "ദൈവമേ, 10F ലേക്ക് ആയിരിക്കണേ" എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്.

(10F കാർ 10E ലേക്ക് ആയിരിക്കണേ എന്നും പ്രാർത്ഥിച്ചിട്ടുണ്ടാവണം)


ഉച്ചക്കത്തെ ലോങ്ങ്‌ ഇന്റർവെല്ലിന് ടീച്ചേഴ്സിനെയൊളിച്ച് സ്റ്റാഫ്‌റൂമിനപ്പുറെ ഞങ്ങളുടെ പഴയ തട്ടകത്തിൽ പോയി ജൂനിയർ പിള്ളേരെ വായ്‌നോക്കാറുണ്ട്... പത്താം ക്ലാസ്സിലെ ചേട്ടൻ എന്ന പവറു കാണിച്ച് അതുവഴി ഗമയിൽ നടക്കുന്നതിനിടയിൽ പ്രതാപൻ സാറിനെ കണ്ട് ഓടേണ്ടി വന്നിട്ടുണ്ട്.


അന്ന് ക്ലാസ്സിനകത്തും പുറത്തും ആ യൂണീഫോമിൽ ഒരുമിച്ചു കൂടിയപ്പോളൊന്നും അത് പകർത്താൻ, ഒരു സെൽഫിയെടുക്കാൻ കയ്യിലൊരു ക്യാമറയോ ഫോണോ ഇല്ലാതെ പോയല്ലോ എന്നോർക്കുമ്പോ സങ്കടം തോന്നാറുണ്ട്.


ഒരു ടൈം മെഷീൻ കിട്ടിയെങ്കിൽ തിരിച്ചു പോയി, പൊളിക്കുന്നതിന് മുൻപുള്ള ഞങ്ങളുടെ ക്ലാസ്സ്‌ റൂമിന്റെ ഫോട്ടോയെങ്കിലും എടുക്കാമായിരുന്നു എന്നാലോചിക്കാറുണ്ട്.


ആശയപരമായി വാട്സാപ്പിന് എതിരാണെങ്കിലും, അതിൽ ഗ്രൂപ്പ് തുടങ്ങിയ കാലം മുതൽ ഞങ്ങളുടെ വിർച്വൽ ക്ലാസ്സ്‌റൂമിൽ ഒരു മെസ്സേജ് എങ്കിലും വരാതൊരു ദിവസം കടന്നുപോയിട്ടില്ല എന്നാണോർമ്മ.


അങ്ങനെയാ നാൽപ്പത്തിയാറ് ഉഴപ്പന്മാരിലും ഉഴപ്പികളിലുമായി കുരുങ്ങിക്കിടക്കുന്ന ഓർമ്മകളെത്രയാണ് ❤️


Deepak, Roll No. 7, 10.E


[ Add a comment to this post ]

Report Page