2019 ഫെബ്രുവരി 2 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ച് നടന്ന LCHF മെഗാ സമ്മിറ്റിന്റ ഭാഗമായി Low Carb Diet and Evidence Based Medicine എന്ന വിഷയത്തെ ആസ്പദമാക്കി ബ്രിട്ടനിലെ പ്രശസ്ത കാർഡിയോളജിസ്റ്റും National Obesity Forum ഉപദേഷ്ടാവുമായ ഡോ. അസീം മല്‍ഹോത്രയുടെ…

2019 ഫെബ്രുവരി 2 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ച് നടന്ന LCHF മെഗാ സമ്മിറ്റിന്റ ഭാഗമായി Low Carb Diet and Evidence Based Medicine എന്ന വിഷയത്തെ ആസ്പദമാക്കി ബ്രിട്ടനിലെ പ്രശസ്ത കാർഡിയോളജിസ്റ്റും National Obesity Forum ഉപദേഷ്ടാവുമായ ഡോ. അസീം മല്‍ഹോത്രയുടെ…

Anees Miswar



എല്ലാവർക്കും നമസ്കാരം. ഇവിടെ ക്ഷണിക്കപ്പെട്ടതിലും നിങ്ങളോട് സംസാരിക്കാൻ അവസരം ലഭിച്ചതിലും ഞാൻ കൃതാർത്ഥനാണ്.


അമിത മരുന്ന് ഉപയോഗത്തെക്കുറിച്ചും, വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നുള്ള മോചനത്തെക്കുറിച്ചും, ഭക്ഷ്യ വ്യവസായികളും മരുന്ന് വ്യവസായികളും നിങ്ങൾ അറിയാതിരിക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ചുമാണ് ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത്.


പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഒരു ഉദ്ധരണിയുമായി ഞാൻ തുടങ്ങാം. "അറിവിൻറെ ഏറ്റവും വലിയ ശത്രു അജ്ഞതയല്ല മറിച്ച് വികലമായ അറിവുകളാണ്"


മരുന്നുകളെ കുറിച്ച് നിങ്ങൾക്ക് അറിയാം എന്ന് നിങ്ങൾ വിചാരിക്കുന്നതെല്ലാം മറന്നുകളയുക. നമുക്ക് ശൂന്യതയിൽ നിന്ന് തുടങ്ങാം പഴയതെല്ലാം വിട്ടേക്കുക. ഒരു ഡോക്ടറെന്ന നിലയിൽ എന്റ പ്രഥമ കർത്തവ്യം എൻറെ രോഗികളുടെ മികച്ച ആരോഗ്യത്തിനുവേണ്ടി വിജ്ഞാനത്തിന്റെ സമഗ്രതക്ക് സാക്ഷിയാവുക എന്നതാണ്.


ഇന്ത്യയിലും അമേരിക്ക, യുകെ തുടങ്ങിയ പശ്ചാത്യ രാജ്യങ്ങളിലും യൂറോപ്പിലുമുള്ള പ്രശ്നം രോഗിയോടുള്ള പരിഗണനയും അതിലെ മാനുഷിക മൂല്യവും പ്രതീക്ഷയും രോഗ ചികിത്സയെ തീരുമാനിക്കുന്നതിനുള്ള തീരുമാനത്തിലെ മികച്ച ഗവേഷണ തെളിവുകളും ഒരുമിപ്പിക്കാൻ കഴിയാത്തതാണ്. ഇതെല്ലാം ഒരു കുടക്കീഴിൽ വരുമ്പോൾ മാത്രമേ രോഗികൾക്ക് നല്ല ഫലം ലഭിക്കുകയുള്ളൂ. ഇത് വളരെ പ്രധാനമാണ്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രശസ്തനായ ശാസ്ത്രീയ അപഗ്രഥന വിദഗ്ധൻ ജോൺ ജുനിറ്റ പറയുന്നത്, അദ്ദേഹത്തിൻറെ വിശകലനത്തിൽ വെറും ഏഴ് ശതമാനം മാത്രമേ ഉയർന്ന നിലവാരവും വിശ്വാസ്യതയുള്ളതുമായ ശാസ്ത്രീയപഠനങ്ങൾ നടക്കുന്നുള്ളൂ. ഡോക്ടർമാർ ഉപയോഗിക്കുന്ന അറിവുകൾ, പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങൾ 90 ശതമാനവും വിശ്വാസയോഗ്യമല്ലാത്തതാണെങ്കിൽ അറിവുകളും പഠനങ്ങളും  സത്യസന്ധമല്ലാത്തതും അടിസ്ഥാനമില്ലാത്തതുമാണെങ്കിൽ രോഗികളുടെ ജീവിതം വളരെ മോശമായിത്തീരും. രോഗിയെ പരിഗണിക്കാതെ ജീവിതകാലം മുഴുവൻ മരുന്നുകഴിക്കുന്ന സ്ഥിതി വന്നാൽ, ഉദാഹരണത്തിന് കൊളസ്ട്രോൾ കുറക്കുന്ന മരുന്നുകൾ, രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ, അല്ലെങ്കിൽ പ്രമേഹത്തിനുള്ള മരുന്നുകൾ. ഇങ്ങനെ ഒരു അവസ്ഥ വന്നാൽ, രോഗികള്‍ക്ക് നല്ലൊരു പരിഹാരം ലഭിച്ചില്ലെങ്കിൽ ഒരുപക്ഷേ അവർ ആ മരുന്ന് ഉപയോഗം നിർത്തിയേക്കാം. കാരണം രോഗികൾക്ക് വേണ്ടത് രോഗ മോചനമാണ്, എന്നും രോഗിയായി ഇരിക്കലല്ല.


"വൈദ്യപഠന കാലഘട്ടത്തിൽ നിങ്ങൾ പഠിച്ചിരുന്ന പകുതിയോളം അറിവുകൾ ഒരുപക്ഷേ പരമാബദ്ധമോ കാലഹരണപ്പെട്ടതോ ആയിരിക്കാം. പ്രശ്നമെന്തെന്നാൽ അത് ഏതു പകുതിയാണെന്ന്  ആർക്കും പറയാൻ കഴിയില്ല. ഏറ്റവും പ്രധാനമായി പഠിക്കേണ്ടത്, നിങ്ങൾക്ക് സ്വന്തമായി എങ്ങനെ പഠിക്കാം എന്നാണ്" എന്ന ഡേവിഡ് സാക്കറ്റിന്റെ വാക്കുകൾ വളരെ പ്രശസ്തമാണ്. ഇതാണ് ഞാൻ ചെയ്യുന്നത്. ഇതാണ് നമ്മളോരോരുത്തരും ചെയ്യേണ്ടത്. നമ്മൾ എപ്പോഴും നമ്മുടെ അറിവിനെ പുതുക്കുകയും നവീകരിക്കുകയും വേണം. എങ്കിൽമാത്രമേ രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ കാഴ്ചവെക്കാൻ സാധിക്കൂ. മരുന്ന് എന്നത് സ്ഥായിയായ ശാസ്ത്രമല്ല. അതിന് കാലാകാലങ്ങളിൽ പരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്നു.


പ്രശസ്ത ഡോക്ടർമാരായ Muir Gray, Gerd Gigerenzer എന്നിവരുടെ അപഗ്രഥനത്തിൽ ചികിത്സാരംഗത്തെ അപചയത്തിന്റെ  മൂലകാരണം സമൂഹത്തിൽ പടർന്നിരിക്കുന്ന തെറ്റായ അറിവുകളുള്ള ഡോക്ടർമാരാണ്. അതുമൂലം രോഗികളും തെറ്റിദ്ധരിക്കപ്പെടുന്നു, അപകടത്തിൽപ്പെടുന്നു.


മറ്റൊരു പ്രധാന പ്രശ്നം നീതിയുക്തമല്ലാത്ത ഗവേഷണങ്ങളാണ്. അതിനുകാരണം ഇത്തരം ഗവേഷണങ്ങൾക്ക് ധനസഹായം നൽകുന്നത് മരുന്ന് കമ്പനികളാണ്. അതുകൊണ്ടുതന്നെ രോഗികളുടെ ഗുണത്തേക്കാളേറെ മരുന്നുകമ്പനികളുടെ ലാഭത്തിനായിരിക്കും ഇത്തരം ഗവേഷണങ്ങളുടെ പ്രഥമ പരിഗണന.


അതുപോലെ വൈദ്യശാസ്ത്രരംഗത്തെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ പക്ഷപാത പൂർണമായതും നീതിയുക്തമല്ലാത്തതുമായ ലേഖനങ്ങൾ, ഏതെങ്കിലുമൊരു ചികിത്സയെക്കുറിച്ച് അതിശയോക്തി കലർന്നതും അതിൻറെ ദൂഷ്യവശങ്ങളെ മറച്ചുവെക്കുന്നതുമായ പഠനങ്ങളും വിശകലനങ്ങളും പ്രസിദ്ധീകരിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും ഇത്തരം വികലമായ അറിവുകൾ പ്രത്യക്ഷപ്പെടുന്നു. സാമ്പത്തിക താൽപര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്നു. ചുരുക്കത്തിൽ വൈദ്യശാസ്ത്ര പാഠ്യപദ്ധതി ആരോഗ്യരംഗത്തെക്കുറിച്ച് വ്യാപ്തി നൽകാൻ പരാജയപ്പെടുന്നു.


ഇന്ന് ഹാർട്ട് അറ്റാക്ക് എന്നുപറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുകയാണ്. അതിനുവേണ്ടി ആവശ്യമുള്ളവർക്കും ആവശ്യമില്ലാത്തവർക്കും ഹാർട്ട് സ്റ്റെന്റ് അഥവാ കൊറോണറി സ്റ്റെന്റ് നിർബന്ധിച്ച് വെച്ചു പിടിപ്പിക്കുന്നു. അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ബുഷിനെപോലും വെറുതെവിട്ടില്ല. 100 കിലോമീറ്റർ സൈക്കിൾ സവാരി നടത്തിയിരുന്ന അദ്ദേഹത്തിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പതിവായുള്ള ചെക്കപ്പിനെ തുടർന്ന് അദ്ദേഹത്തിന് ഡോക്ടർമാർ സ്റ്റെന്റ് വെക്കാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ എന്നാൽ ഈ സ്റ്റെന്റ് കൊണ്ട് ഹാർട്ട് അറ്റാക്ക് തടയാൻ കഴിയുമെന്നോ ആരോഗ്യം മെച്ചപ്പെടുത്താമെന്നോ പറയപ്പെട്ടിരുന്നില്ല. സ്റ്റെന്റ് ഒരിക്കലും അവസാനവാക്കല്ല. ചിലരിൽ സ്റ്റെന്റ് വെക്കുന്നത് ഹാർട്ട് അറ്റാക്ക് വരുന്നതിനും സ്ട്രോക്ക് വരുന്നതിനും കാരണമായേക്കാം. ചിലരിൽ മരുന്നിനോട് പ്രതികരിക്കാത്ത അവസ്ഥയും ഉണ്ടാവാം.


രോഗികളോട് സ്റ്റെന്റിന്റെ  സത്യാവസ്ഥ പൂർണമായും പറയേണ്ടതുണ്ട്. ഒരു പഠനത്തിൽ സ്റ്റെന്റിന്റെ സത്യാവസ്ഥ ഒരുകൂട്ടം രോഗികളെ അറിയിച്ച് അവരുടെ അഭിപ്രായം തേടിയപ്പോൾ 45 ശതമാനം ആളുകൾ മാത്രമാണ് സ്റ്റെന്റ് വെക്കാൻ സമ്മതിച്ചത്. എന്നാൽ മറ്റൊരു കൂട്ടം രോഗികളോട് സ്റ്റെന്റിന്റെ പ്രശ്നങ്ങൾ ഒന്നും പറയാതെ സ്റ്റെന്റ് വെക്കാൻ അവരുടെ അനുമതി തേടിയപ്പോൾ 70% പേരും സമ്മതിച്ചു! അപ്പോൾ തെറ്റായ അറിവുകൾ എത്രമാത്രം അപകടകരമാണെന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.


150 ഗൈനക്കോളജിസ്റ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഒരു പഠനത്തിൽ, അവരിൽ 50 പേർക്ക് സ്തനാര്‍ബുദം കണ്ടുപിടിക്കാനുള്ള മാമോഗ്രഫി പരിശോധനയിൽ 25-റിസ്ക് റിഡക്ഷൻ (25-risk reduction) എന്താണെന്നറിയില്ല.


മറ്റൊരു പഠനത്തിൽ പറയുന്നത്, മാമോഗ്രഫി സ്ക്രീനിംഗ് നടത്തുമ്പോൾ അത് ചില സ്ത്രീകളെ ദോഷകരമായി ബാധിക്കുന്നു എന്നാണ്‌. ചിലപ്പോൾ അവരിലുണ്ടാകുന്ന അപകടകാരികളല്ലാത്ത ചെറിയ മുഴയോ തടിപ്പോ ഒക്കെ കാൻസറാണെന്ന അബദ്ധധാരണയിൽ സ്തനകാൻസർ ചികിത്സ നടത്തുന്നു. ഡോക്ടർമാരുടെ തെറ്റായ അറിവും നിഗമനങ്ങളും മൂലമാണിത്. രോഗികൾക്ക് അവർ ഓപ്പറേഷന് വിധേയമാവണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാനുള്ള അവസരം നൽകേണ്ടതുണ്ട്. അതാണ് ചികിത്സയിലെ ധാർമികമായ വഴി.


ടൈപ്പ്-2 പ്രമേഹം ഉള്ളവരുടെ ചികിത്സാവിശദാംശങ്ങൾ പരിശോധിച്ചാൽ അവർക്ക് സ്റ്റാറ്റിൻ മരുന്നുകൾ നിർദ്ദേശിക്കപ്പെട്ടതായി കാണാം. ദിവസേന കഴിക്കാനും അത് നാല് വർഷം വരെ തുടരാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ സ്ട്രോക്ക് വരാതിരിക്കാൻ 48 ശതമാനം സാധ്യത കുറവാണെന്ന് രോഗിയെ ധരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇത് തെറ്റിദ്ധാരണാജനകമാണ്.  യഥാർത്ഥത്തിൽ 1.3 ശതമാനം മാത്രമേ സ്റ്റാറ്റിൻ മരുന്നുകൾ ഉപയോഗിക്കുന്നത് കൊണ്ട് ഗുണം ലഭിക്കുന്നുള്ളൂ. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇത് പ്രയോജനപ്പെടുന്നത് ആയിരത്തിൽ 13 പേർക്ക് മാത്രം! എന്നാൽ സ്റ്റാറ്റിൻ മരുന്നുകൾ അഭികാമ്യമാണെന്നും പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വരുത്തിത്തീർക്കാൻ, മരുന്നുകമ്പനികൾ പ്രശസ്ത മെഡിക്കൽ ജേർണലുകളായ ലാൻസെറ്റ്, ബി.എം.ജെ, JAMA എന്നിവയടക്കമുള്ളവയെ ഉപയോഗപ്പെടുത്തുന്നു. ഇത് ഞാൻ വെറുതെ പറയുന്നതല്ല. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) അവരുടെതന്നെ 2009ൽ ഇറങ്ങിയ ബുള്ളറ്റിനിൽ പറയുന്നുണ്ട്. ഇതെല്ലാം ചികിത്സാരംഗത്തെ അധാർമിക പ്രവണതകൾ ആണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.


എൻറെ അനുഭവത്തിലുള്ള ഒരു കേസ് പറയാം. 49 വയസ്സുള്ള ഒരു ഇന്ത്യക്കാരന് ടൈപ്പ്-2 പ്രമേഹം മൂലം ഹൃദയാഘാതം വരുകയും അദ്ദേഹത്തിന്റെ ഡോക്ടർ സ്റ്റാറ്റിൻ അടക്കമുള്ള മരുന്നുകൾ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ അയാൾക്ക് നെഞ്ചിലും പേശികളിലും നല്ല വേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ് എന്നെ വന്ന് കണ്ടപ്പോൾ, കുറച്ചുദിവസത്തേക്ക് സ്റ്റാറ്റിൻ മരുന്ന് കഴിക്കാതിരിക്കാൻ ഞാൻ നിർദ്ദേശിച്ചു. ഒരാഴ്ചക്കുള്ളിൽ അയാളുടെ വേദന മാറുകയും ചെയ്തു. എന്നാൽ അയാളെ ചികിൽസിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർ സ്റ്റാറ്റിൻ നിർത്തിയാൽ നിങ്ങൾ മരണപ്പെടുമെന്ന് ഭയപ്പെടുത്തുകയാണ് ഉണ്ടായത്. എന്നാൽ യഥാർത്ഥത്തിൽ സത്യസന്ധമായി വിശകലനം ചെയ്താൽ, സ്റ്റാറ്റിൻ മരുന്നുകൾ നിർത്തിയാൽ മരണസാധ്യത പതിനായിരത്തിൽ ഒരാൾക്ക് (10000:1) മാത്രമാണ്! ഡോക്ടർമാർക്ക് തെറ്റായ അറിവ് ലഭിക്കുന്നതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.


ഇനി കൊളസ്ട്രോളിന്റെ കാര്യമെടുക്കാം. വർഷങ്ങളായി നമ്മെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത് കൊളസ്ട്രോളാണ് ഏറ്റവും വലിയ അപകടകാരി എന്നാണ്. ഹൃദയാഘാതം വരാനുള്ള പ്രധാന കാരണം കൊളസ്ട്രോളാണ് എന്ന് നാം വിശ്വസിച്ചിരിക്കുന്നു. ഞാൻ പറയുന്നത്, അത് ഒരു കാരണമാവാം എന്നാൽ കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള ഉപാധികളാണ് ഏറെ അപകടകരം. LDL കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോൾ ആയി കണക്കാക്കുന്നു. 99% ആളുകളും LDL കൊളസ്ട്രോൾ താഴ്ന്ന് നിൽക്കാൻ ശ്രമിക്കുന്നു. HDL  കൊളസ്ട്രോൾ നല്ല കൊളസ്ട്രോളായി ഗണിക്കപ്പെടുന്നു. എന്നാൽ LDL കൊളസ്ട്രോൾ 7.8 എന്ന ഉയർന്ന ലെവലിൽ എത്തുമ്പോൾ മാത്രമേ അത് അപകടകരമാവുകയുള്ളൂ. ട്രൈഗ്ലിസറൈഡ് കുറക്കുകയും HDL കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയുമാണ് വേണ്ടത്. അതിൻ്റെ ഭാഗമായി ഉണ്ടാവുന്ന LDL കൊളസ്ട്രോളിലെ വർദ്ധനവ് ഒരു വലിയ പ്രശ്നമാക്കേണ്ടതില്ല എന്നാണ് ഞാൻ പറയുന്നത്.


ഹൃദ്രോഗങ്ങളെക്കുറിച്ച് പറയുമ്പോൾ അതൊരു പ്രത്യേക വീക്ഷണകോണിലൂടെ കാണേണ്ടതുണ്ട്. പലതരം അപകടകരമായ ഘടകങ്ങൾ ഇതിലുണ്ട്. ഇളം പ്രായക്കാർക്കുണ്ടാകുന്ന ഹൃദയാഘാതം തടയാൻ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ഇൻസുലിൻ റെസിസ്റ്റൻസിനെ പ്രതിരോധിക്കുക എന്നതാണ്. അതുപോലെ ഹൃദയാഘാതത്തിന് കാരണമാവുന്ന മറ്റൊരു ഘടകമാണ് ഉയർന്ന രക്തസമ്മർദ്ദം. ഇത് ഇന്ത്യയിലും ലോകത്തിൽ തന്നെയും ഒരു വലിയ പ്രശ്നമായിരിക്കുന്നു. അതുപോലെ കുറഞ്ഞ അളവിലുള്ള HDL കൊളസ്ട്രോൾ ഉയർന്ന ബോഡിമാസ് ഇൻഡക്സ് (BMI) ഒക്കെ പ്രശ്നക്കാരാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇൻസുലിൻ റസിസ്റ്റൻസ് ആണ്. എന്നാൽ ഇതിനെ ചെറുക്കാൻ നമുക്ക് പ്രത്യേകിച്ച് മരുന്നുകളില്ല. അതുകൊണ്ടുതന്നെ അതിനു വലിയ കമ്പോളമില്ല. ആളുകൾ ഇതിനെക്കുറിച്ച് അജ്ഞരുമാണ്. ഇൻസുലിൻ റസിസ്റ്റൻസ് ചെറുക്കാൻ ഏറ്റവും നല്ല മാർഗ്ഗം അന്നജം കുറഞ്ഞ ഭക്ഷണരീതി അഥവാ ലോ കാർബ് ഡയറ്റ് മാത്രമാണ്. വലിയ വിപണന സാധ്യത ഇല്ലാത്തതിനാൽ ആരും ഈ ഭക്ഷണ രീതിയെ കുറിച്ച് ബോധവാന്മാരല്ല. 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോഗങ്ങൾ ഉണ്ടാവുന്നതിന് പ്രത്യക്ഷ കാരണമല്ല. LDL കൂടുതലുള്ളവർക്ക് ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ടുള്ള മരണത്തെക്കുറിച്ച് പേടിക്കേണ്ടതില്ല. കൊളസ്ട്രോളിന് വളരെ പ്രധാനപ്പെട്ട ധർമങ്ങളുണ്ട് നമ്മുടെ ശരീരത്തിൽ. കൊളസ്ട്രോൾ ഇല്ലെങ്കിൽ നാം മരിക്കും. നമ്മുടെ കരളാണ് കൊളസ്ട്രോൾ ഉണ്ടാക്കുന്നത്. രോഗപ്രതിരോധ വ്യവസ്ഥയിൽ പ്രധാന പങ്കാണ് കൊളസ്ട്രോൾ വഹിക്കുന്നത്.


ഇനി സ്റ്റാറ്റിൻ മരുന്നുകളെക്കുറിച്ച് പറയാം. മനുഷ്യ ചരിത്രത്തില്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ നിർദ്ദേശിക്കപ്പെട്ട മരുന്നാണ് സ്റ്റാറ്റിൻ. എന്നാൽ ഹൃദ്രോഗങ്ങൾ ഇല്ലാത്തവർക്ക് പോലും സ്റ്റാറ്റിൻ മരുന്നുകൾ നിർദ്ദേശിക്കപ്പെടുന്നു. വിവിധ പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്, സ്റ്റാറ്റിൻ ഉപയോഗംമൂലം ഒരുദിവസംപോലും ആയുസ്  നീട്ടികിട്ടില്ല എന്നാണ്. എന്നാൽ പഠനങ്ങൾ തെളിയിക്കുന്നത് 80% ഹൃദ്രോഗങ്ങളും ബന്ധപ്പെട്ടുകിടക്കുന്നത് പുകവലിയിലും ജീവിതരീതികളിലുമാണ്. അതുപോലെ വ്യായാമത്തിന്റെ കുറവ്, മാനസിക പിരിമുറുക്കം എന്നിവയും ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നു. 20 ശതമാനം ആളുകൾക്ക് സ്റ്റാറ്റിൻ മരുന്നുകൾ ഉപയോഗിക്കുന്നതുമൂലം പാർശ്വഫലങ്ങളുണ്ട്. സ്റ്റാറ്റിൻ എടുക്കുന്ന അഞ്ചിൽ ഒരാൾക്ക് പേശിവേദന, കടുത്ത ക്ഷീണം, സ്ത്രീകളിലെ ലൈംഗികപ്രശ്നങ്ങൾ, ഓർമ്മക്കുറവ്, ആമാശയത്തിലെ പ്രശ്നങ്ങൾ, വയറുവേദന തുടങ്ങിയ പാർശ്വഫലങ്ങൾ നേരിടേണ്ടിവരുന്നു.


ബട്ടർ, നെയ്യ്, ചീസ് തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന പൂരിതകൊഴുപ്പ് (Saturated fat) രോഗഹേതുവാകുന്നു എന്ന് ജനങ്ങൾ ധരിച്ചുവച്ചിരിക്കുന്നു. ഇതിനെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. ഹൃദ്രോഗങ്ങൾക്ക് പൂരിത കൊഴുപ്പുമായി പ്രബലമായ ബന്ധമൊന്നുമില്ല. പഞ്ചസാരയാണ് പ്രധാന പ്രശ്നക്കാരൻ.


1940കളിലും 50കളിലും പുകവലി സമൂഹത്തിൽ വലിയ പ്രശ്നമായിരുന്നില്ല. ആ കാലഘട്ടത്തിൽ ഡോക്ടർമാർ പോലും പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു! അവരാണ് അതിന് വിപണി ഉണ്ടാക്കി കൊടുത്തിരുന്നത്. പരിശോധനാമുറിയിൽ പോലും ഡോക്ടർമാർ ആ കാലഘട്ടത്തിൽ പുകവലിച്ചിരുന്നു!


1977ന് ശേഷം ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങളാണ് നിർദ്ദേശിക്കപ്പെട്ടത്. കാർബോഹൈഡ്രേറ്റിന്റെ  അളവ് ഭക്ഷണത്തിൽ ഉയർത്തുക എന്നതായിരുന്നു അവയിൽ പ്രധാനം. അതോടെ ഭക്ഷ്യ വ്യവസായികൾ ലോ ഫാറ്റ് ഭക്ഷണം  എന്ന പേരിൽ ഉയർന്ന തോതിൽ പഞ്ചസാര അടങ്ങിയിട്ടുള്ള ഭക്ഷ്യപദാർത്ഥങ്ങൾ വിപണനം തുടങ്ങി. ലോ ഫാറ്റ് ഭക്ഷണങ്ങൾ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. റൊട്ടി, പാസ്ത, ഉരുളക്കിഴങ്ങ്, വെളുത്ത അരി, പഞ്ചസാര തുടങ്ങിയവയൊക്കെ നല്ല ആഹാരമായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിന്റെയൊക്കെ പരിണിതഫലമെന്നോണം പൊണ്ണത്തടിയന്മാരും പ്രമേഹരോഗികളും കുത്തനെ വർധിച്ചു. വലിയ കുത്തക കമ്പനികളാണ് പ്രത്യേകിച്ചും പഞ്ചസാര കമ്പനികളാണ് ഈ മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത്.


ഇതുവരെ വിശ്വസിക്കപ്പെട്ടിരുന്നത് അല്ലെങ്കിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നത് വെളിച്ചെണ്ണ വലിയ അപകടകാരി ആണെന്നായിരുന്നു. എന്നാൽ ഏറ്റവും പുതിയ പഠനങ്ങൾ തെളിയിക്കുന്നത് വെളിച്ചെണ്ണ LDL കൊളസ്ട്രോൾ ഉണ്ടാകുന്നില്ല എന്നാണ്, മാത്രമല്ല നല്ല കൊളസ്ട്രോളായ HDL  ഉയർത്തുകയും ചെയ്യുന്നു. വെളിച്ചെണ്ണ ഹൃദയത്തിന് സംരക്ഷണം ഒരുക്കുന്നുവെന്ന് സാരം. പൂരിതകൊഴുപ്പുകൾ (saturated fats) പലതരമുണ്ട്. ചുവന്ന മാംസം, പാലുൽപന്നങ്ങൾ എന്നിവയിലെല്ലാം പൂരിതകൊഴുപ്പ് നന്നായി അടങ്ങിയിട്ടുണ്ട്. സൺഫ്ലവർ ഓയിൽ, സോയാബീൻ ഓയിൽ, കോൺ ഓയിൽ പോലുള്ള സസ്യഎണ്ണകൾ ആരോഗ്യകരമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ ഇത്തരം എണ്ണകൾ ചൂടാക്കുമ്പോൾ ആൽഡിഹൈഡ് സംയുക്തങ്ങൾ (Aldehyde compounds) ഉണ്ടാക്കപ്പെടുന്നു. ഇത് ഹാനികരമാണ്, വിഷമാണ്. ഇങ്ങനെയുണ്ടാകുന്ന ആൽഡിഹൈഡുകൾ കാർസിനോജനുകൾ (കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ) ആണെന്ന് WHO സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം എണ്ണകളുടെ സ്ഥിരമായ ഉപയോഗം ഉപയോഗം മറവിരോഗത്തിനും ചിത്തഭ്രമത്തിനും  കാരണമാകുന്നു.


ഭക്ഷണക്രമീകരണത്തിലൂടെ കൊളസ്ട്രോൾ കുറക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതായത് പൂരിതകൊഴുപ്പുകൾ കുറച്ചുകൊണ്ട് LDL കൊളസ്ട്രോൾ കുറക്കുന്ന രീതി ആരോഗ്യപരമായി ഗുണം ചെയ്യുന്നില്ല. സ്റ്റാറ്റിൻ മരുന്നുകൾ കഴിച്ചുകൊണ്ട് LDL കൊളസ്ട്രോൾ കുറക്കുന്നത് അപകടകരമാണ്. സ്റ്റാറ്റിൻ  കഴിക്കുന്നവർ, കൊളസ്ട്രോൾ നിയന്ത്രണ വിധേയമാണെന്നും തങ്ങൾക്ക് ഇഷ്ടമുള്ളത് എന്തും കഴിക്കാമെന്നും ധരിച്ചുവച്ചിരിക്കുന്നു. തെറ്റായ ചിന്തയാണിത്. സ്റ്റാറ്റിൻ മരുന്നുകൾ തന്നെയും, അമിതമായ ലോ ഫാറ്റ് ഭക്ഷണങ്ങളും (ഉയർന്ന പഞ്ചസാര അടങ്ങിയ) അവരെ പ്രമേഹത്തിലേക്ക് നയിക്കുന്നു.


ഒരു കേസ് പരിശോധിക്കാം. 55 വയസ്സുകാരനായ ടോണി റോയൽ എന്നുപേരുള്ള  വൈമാനികന്‍ ആണ് കക്ഷി. അദ്ദേഹം വളരെ നന്നായി വ്യായാമം ചെയ്യുന്ന ആളാണ്. എന്നാൽ അദ്ദേഹത്തിന്റെ ഭക്ഷണരീതിയിൽ  ലോ ഫാറ്റ് വിഭവങ്ങളും പഞ്ചസാരയും വളരെ കൂടുതലായിരുന്നു. അടുക്കും ചിട്ടയുമില്ലാത്ത ഈ രീതി പിന്തുടർന്ന അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും ഡോക്ടറെ കാണിക്കുകയും ചെയ്തു. ഡോക്ടർ അദ്ദേഹത്തിന് സ്റ്റെന്റ് വെക്കുകയും സ്റ്റാറ്റിൻ അടക്കം നിരവധി മരുന്നുകൾ നിർദ്ദേശിക്കുകയും ചെയ്തു. കുറച്ചുകാലം സ്ഥിരമായി സ്റ്റാറിനും മറ്റു മരുന്നുകളും കഴിച്ചു തുടങ്ങിയതോടെ നിരവധി പാർശ്വഫലങ്ങൾ അദ്ദേഹത്തെ തേടിവന്നു. പഴയപോലെ വ്യായാമം ചെയ്യാൻ കഴിയാതെയുമായി. തന്നിൽ വന്നിരിക്കുന്ന മാറ്റങ്ങൾ മരുന്ന് കഴിക്കുന്നത് കൊണ്ടാണോ എന്ന് സംശയിച്ച് അദ്ദേഹം ഇപ്പോൾ കഴിച്ചുകൊണ്ടിരിന്ന മരുന്നുകളെ കുറിച്ചും സ്റ്റാറ്റിൻ മരുന്നിനെ കുറിച്ചും വിശദമായി പഠിച്ചു. ഗുണത്തേക്കാളേറെ ദോഷമാണ് ഇവയുണ്ടാക്കുന്നത് എന്ന് മനസ്സിലാക്കിയ അദ്ദേഹം അതോടെ മരുന്ന് കഴിക്കുന്നത് അവസാനിപ്പിച്ചു. അതിൻറെ പരിണിതഫലമായി അദ്ദേഹം പഴയപോലെ ഊർജസ്വലനാവുകയും എല്ലാ പാർശ്വഫലങ്ങളിൽനിന്നും മുക്തി നേടുകയും ചെയ്തു. അതേസമയം തന്നെ അദ്ദേഹം ലോ കാർബ് ഡയറ്റിനെ കുറിച്ചും കീറ്റോജെനിക് ഡയറ്റിനെ കുറിച്ചും പഠിക്കാൻ ആരംഭിച്ചു. അതിനെത്തുടർന്ന് അദ്ദേഹം പഴയ ഭക്ഷണരീതി അവസാനിപ്പിക്കുകയും ലോ കാർബ് ഡയറ്റിലേക്ക് മാറുകയും ചെയ്തു. മൂന്നുമാസത്തിനകം അദ്ദേഹത്തിന്റെ ശരീരഭാരം 16 കിലോ കുറയുകയും കൊളസ്ട്രോൾ റേഷ്യോ മുൻപത്തേക്കാളും കുറയുകയും ചെയ്തു. പിന്നീട് അദ്ദേഹം എന്റെ വർക്കുകളെ കുറിച്ച് മനസ്സിലാക്കി എന്നെ കാണാൻ വരികയും സംശയനിവാരണം നടത്തുകയും ചെയ്തു. ഇന്ന്‌ അദ്ദേഹം 55 വയസ്സുകാരനാണെന്ന് പറയുകയേ ഇല്ല. പഴയ യൗവനം തിരിച്ചുകിട്ടിയ അദ്ദേഹം ഇപ്പോൾ നല്ലൊരു സ്പോർട്സ്മാൻ കൂടിയാണ്. ഈ കേസിനെക്കുറിച്ച് ഞാൻ ഡെയിലി മെയിലിൽ (Daily Mail) എഴുതുകയും വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.


ബീറ്റ ബ്ലോക്കർ (Beta blocker) മരുന്നുകളെക്കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഹൃദ്രോഗികൾക്ക് ഡോക്ടർമാർ ഈ മരുന്ന് നിർദ്ദേശിച്ചിരുന്നു. അത് ഇപ്പോഴും തുടരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ബീറ്റ ബ്ലോക്കർ മരുന്നുകളെ കുറിച്ച് നടത്തിയ ഗവേഷണങ്ങൾ തെറ്റായിരുന്നുവെന്ന് തെളിഞ്ഞു. ഈ തെറ്റായ ഗവേഷണം മൂലം ലോകത്താകമാനമായി 8 ലക്ഷം ആളുകളാണ് മരണപ്പെട്ടത്. ഒരു മരുന്ന് കാരണം 8 ലക്ഷം ആളുകൾ മരണപ്പെടുക എന്നത് എത്രമാത്രം ദൗർഭാഗ്യകരമാണ്! യു.കെയിൽ മാത്രം പതിനായിരം ആളുകൾ മരണപ്പെട്ടു. ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന മരുന്നുകൾ തന്നെ മരണത്തിന് കാരണമാകുകയാണ്. ഹൃദ്രോഗത്തിനും കാൻസറിനും ശേഷം തെറ്റായ മരുന്നുകൾ കൊണ്ടാണ് ഇന്ന് ആളുകൾ മരണപ്പെടുന്നത്.


പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ മിക്ക മരുന്നുകമ്പനികളും മറച്ചുവെക്കുകയും ഡാറ്റയിൽ കൃത്രിമം കാണിച്ചും രോഗികളെ വഞ്ചിക്കുകയാണ്. ചിലസമയങ്ങളിൽ അവർ പിടിക്കപ്പെടുകയും പിഴ അടക്കാൻ ബാധ്യസ്ഥരാകും ചെയ്യും. എന്നാൽ അതിന്റെ എത്രയോ ഇരട്ടി പണം അവർ മരുന്ന് വിൽപനയിലൂടെ സ്വന്തമാക്കിയിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുകയാണ്. അതുപോലെ മരുന്നുകമ്പനികൾ പഴയ മരുന്ന് കൂടുതൽ ഗവേഷണം നടത്തി എന്നും പഴയതിനേക്കാൾ ഫലം നല്‍കുമെന്നും പറഞ്ഞ്‌ മാർക്കറ്റിൽ ഇറക്കുന്നു. ഇത്തരം 'പുതിയ' മരുന്നുകൾക്ക് ഉയർന്ന വില ഈടാക്കുകയും രോഗികളെ കബളിപ്പിക്കുകയും ചെയ്യുന്നു.


പ്രശസ്തമായ മെഡിക്കൽ ജേർണൽ ലാൻസെറ്റിന്റെ എഡിറ്റർ പറയുന്നത്, പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങളിൽ പകുതിയും അവാസ്തവവും അവിശ്വസനീയവും ആണ് എന്നാണ്. മരുന്നുകമ്പനികളും മെഡിക്കൽ ജേർണലുകളും അവയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പലപ്പോഴായി പുറത്തുവന്നതാണ്.


വീണ്ടും പഞ്ചസാരയിലേക്ക് വരാം. ബ്രിട്ടനിൽ മുതിർന്നവരിൽ മൂന്നിൽ രണ്ട് ആളുകൾ പൊണ്ണത്തടിയോ  അമിതഭാരമോ ഉള്ളവരാണ്. അതുപോലെ കുട്ടികളിൽ മൂന്നിലൊരാൾ പൊണ്ണത്തടിയോ അമിതഭാരമോ ഉള്ളവരാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇതിന്റെയെല്ലാം മൂലകാരണം നമ്മുടെ ഭക്ഷണരീതിയിൽ സംഭവിച്ച അപചയമാണ്. ഇന്ന്‌ നമ്മൾ അമിതമായി പാക്കറ്റ് ഭക്ഷണത്തെ ആശ്രയിക്കുന്നു. അമിതമായി പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് എല്ലാവർക്കും വേണ്ടത്. ജങ്ക്ഫുഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പഞ്ചസാരയിൽ നിന്ന് നമ്മുടെ ശരീരത്തിന് ഗുണകരമായി ഒന്നും ലഭിക്കാനില്ല. പഞ്ചസാരയുടെ പ്രശ്നങ്ങൾ അത് നമ്മുടെ പല്ലിൽ തട്ടുന്നതോടുകൂടി തുടങ്ങുന്നു. അമിതഭാരം, പൊണ്ണത്തടി, കുട്ടികളിലുണ്ടാവുന്ന ശരീരവേദന, പല്ലുകളുടെ നാശം, രക്തത്തിൽ ട്രൈഗ്ലിസറൈഡ് വർദ്ധിക്കുക, HDL കൊളസ്ട്രോൾ കുറയുക, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങി നിരവധി രോഗങ്ങളാണ് പഞ്ചസാരയുടെ അമിത ഉപയോഗം മൂലം കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്നത്.


കുറഞ്ഞ കലോറിയുള്ള പാക്കറ്റ് ഭക്ഷണമാണ് മറ്റൊരു പ്രശ്നം. കലോറി കുറവാണെന്ന് പറഞ്ഞ് ഡയറ്റ് കോളപോലുള്ള ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നു. എന്നാൽ യഥാർത്ഥത്തിൽ കലോറി കുറയുന്നതല്ല  പ്രധാനം, അത് എവിടെനിന്ന് വന്നു എന്നുള്ളതാണ് പ്രധാനം. വ്യത്യസ്ത ഭക്ഷണങ്ങളിൽനിന്ന് ലഭിക്കുന്ന ഊർജ്ജത്തിന് ശരീരത്തിൽ വ്യത്യസ്തമായ സ്വാധീനമാണുള്ളത്. ഭക്ഷണത്തിന്റെ രൂപത്തിനും ഭാവത്തിനും അനുസരിച്ച് അത് മാറും. എല്ലാ കലോറിയും ഒരുപോലെയല്ല. കലോറിയിൽ നാരുകളും പ്രോട്ടിനും കൊഴുപ്പും പഞ്ചസാരയും അടങ്ങിയിരിക്കുന്നു. എന്നാൽ വിവിധ ഭക്ഷ്യ വിഭവങ്ങൾക്കനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നു. ഭക്ഷ്യ വ്യവസായികൾ കുറഞ്ഞ കലോറി എന്ന് പറയുന്നതിൽ കഴമ്പില്ല. ഏതുതരം കലോറിയാണ് നമുക്ക് ലഭിക്കുന്നത് എന്നതാണ് പ്രധാനം. ഒരു കാൻ  കോളയിൽ 150 കലോറി (പഞ്ചസാരയുടെ രൂപത്തിൽ) അടങ്ങിയിരിക്കുന്നു. അതായത് 8.5 ടീസ്പൂൺ പഞ്ചസാര. നിങ്ങൾ ഒരുപക്ഷേ പൊണ്ണത്തടിയോ അമിതഭാരമോ ഇല്ലാത്ത ആളായിരിക്കാം. അതുപോലെ നിങ്ങൾ വ്യായാമം ചെയ്യുന്ന ആളായിരിക്കാം. എന്നാൽ നിങ്ങൾ കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വ്യായാമവും നല്ല ശാരീരിക പ്രകൃതിയും നിങ്ങൾക്ക് കൂടുതൽ പഞ്ചസാര അകത്താക്കാൻ അനുമതി തരുന്നില്ല എന്ന് സാരം.


കൊക്കോകോള പോലുള്ള വൻകിട കമ്പനികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരുടെ കണക്കിൽ ഒരാൾക്ക് 22.5 ടീസ്പൂൺ (36%) പഞ്ചസാര കഴിക്കാമെന്നാണ്! ഇങ്ങനെയാണ് അവരുടെ ഉൽപ്പന്നങ്ങളിൽ എഴുതിയിരിക്കുന്നത്. ജനങ്ങൾ ഇത്തരം മാർക്കറ്റിംഗ് തന്ത്രങ്ങളിൽ പെട്ട് നല്ലതാണെന്ന് ധരിച്ച് കോളപോലുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു.


ശ്വാസകോശ കാൻസറും പുകവലിയും തമ്മിലുള്ള ബന്ധം പുറത്തുവരാൻ 15 വർഷമെടുത്തു. പുകയില കമ്പനികളുടെ സ്വാധീനം അത്രമാത്രം വലുതായിരുന്നു. ജനങ്ങളുടെ ആരോഗ്യത്തിന് യാതൊരുവിധ പരിഗണനയും നൽകാതെയാണ് കോർപ്പറേറ്റ് കമ്പനികൾ അവരുടെ മാർക്കറ്റിംഗ് തന്ത്രങ്ങൾ മെനയുന്നത്.


മറ്റൊരു പ്രധാന വില്ലൻ അമിതമായി സംസ്കരിച്ച (Ultra processed) ഭക്ഷണമാണ്. അതായത് പാക്കറ്റിൽ വരുന്ന ഭക്ഷണ സാധനങ്ങൾ. അഞ്ചോ അതിലധികമോ ചേരുവകൾ ഉണ്ടെങ്കിൽ അത് പ്രോസസ്ഡ് ഫുഡ് ആണെന്ന് മനസ്സിലാക്കാം. ഇത്തരം ഭക്ഷണങ്ങൾ വല്ലപ്പോഴും മാത്രമേ കഴിക്കാൻ പാടുള്ളൂ. എന്നാലിന്ന് യുകെയിൽ ഭക്ഷണത്തിന്റെ പകുതിയും പാക്കറ്റ് ഭക്ഷണങ്ങൾക്ക് വഴിമാറി. ഇത്തരം ഭക്ഷണങ്ങളിൽ 77 ശതമാനം പഞ്ചസാരയും കാർബോഹൈഡ്രേറ്റും ആണ് ആണ് അടങ്ങിയിരിക്കുന്നത്.


എൻ്റെ ജീവിതത്തിൽ ഇറ്റലിയിലെ ഒരു ഗ്രാമമായ പിയോപ്പി (Pioppi) സന്ദർശിക്കാൻ  അവസരം ലഭിച്ചിരുന്നു. പിയോപ്പി ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ളവരുടെ ഗ്രാമമായി അറിയപ്പെടുന്നു. അവരുടെ ശരാശരി ആയുർദൈർഘ്യം 90 വർഷമാണ്. ഗ്രാമീണരെല്ലാം വാർദ്ധക്യത്തിലും ആരോഗ്യവാന്മാരാണ്. ഇവരുടെ ആരോഗ്യ രഹസ്യം മനസ്സിലാക്കാൻ വേണ്ടി ഞങ്ങൾ ഒരു സ്വതന്ത്ര പഠനം നടത്തി. ഈ പഠനത്തെ അടിസ്ഥാനമാക്കി The Pioppi Diet എന്നപേരിൽ ഞങ്ങൾ ഒരു പുസ്തകവും രചിച്ചു. ഈ പുസ്തകം ഇപ്പോൾ അന്താരാഷ്ട്രതലത്തിൽ മികച്ച വിൽപ്പന കാഴ്ചവെക്കുന്നു എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ. ലോ കാർബ് ഹൈ ഫാറ്റ് ഡയറ്റ് തന്നെയാണ് പിയോപ്പി ഡയറ്റിന്റെയും അടിസ്ഥാനം. കൊഴുപ്പ് കഴിക്കുന്നതുകൊണ്ട് നിങ്ങളുടെ കൊഴുപ്പ് കൂടുകയില്ല. അതുപോലെ പൂരിതകൊഴുപ്പ് (Saturated fat) നിങ്ങളുടെ രക്തധമനികളെ തടസ്സപ്പെടുത്തുകയില്ല. വ്യായാമം വളരെ നല്ലതാണ്. എന്നാൽ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ ഡയറ്റ് മാത്രമാണ് നല്ല വഴി. മരുന്നുകളേക്കാൾ ഫലവത്താവുക നല്ല ഭക്ഷണശീലങ്ങളാണ്. അതുമാത്രമേ നിങ്ങളെ പ്രമേഹത്തിൽ നിന്ന് രക്ഷിക്കുകയൊള്ളൂ- ഇതാണ് പിയോപ്പി ഡയറ്റിന്റെ അടിസ്ഥാനം. ഇന്ത്യൻ സാഹചര്യങ്ങളിലും ഈ ഡയറ്റ് മുന്നോട്ടുകൊണ്ടുപോകാൻ സാധ്യമാണ്. കാർബോഹൈഡ്രേറ്റുകൾ കുറഞ്ഞ ഈ ഡയറ്റ് ആണ് എന്തുകൊണ്ടും നല്ലതും ആരോഗ്യകരവും. ലോ കാർബ് ഡയറ്റും വ്യായാമവും സമന്വയിപ്പിച്ച് മുന്നോട്ടുപോകണം. ദിവസവും 20 മിനുട്ട് നടക്കുന്നതും വളരെ നല്ലതാണ്. യോഗ പോലുള്ള മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങളും നല്ലതാണ്. ഞാൻ എല്ലാ ദിവസവും 30 മിനിറ്റ് ഇതുപോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട് അതുകൊണ്ട് എനിക്ക് വലിയ ആശ്വാസം തോന്നാറുണ്ട്.


ഞാൻ അവസാനിപ്പിക്കുകയാണ്, ക്ഷമയോടെ ശ്രവിച്ച് എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. അവസാനമായി കുറച്ചു കാര്യങ്ങൾ കൂടി പറയട്ടെ, ഹൃദ്രോഗികൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകളാണ് ആസ്പിരിനും സ്റ്റാറ്റിനും. എന്നാൽ ഇവ ഉപയോഗിക്കുന്നതുകൊണ്ട് നിങ്ങൾക്ക് വളരെ കുറഞ്ഞ നേട്ടം മാത്രമേ ലഭിക്കുകയുള്ളൂ. ചുരുക്കത്തിൽ ഇത്തരം മരുന്നുകൾ ശാശ്വതമല്ല എന്നർത്ഥം. കൊറോണറി സ്റ്റെന്റിന്റെ കാര്യവും വ്യത്യസ്തമല്ല. മെഡിറ്ററേനിയൻ ഡയറ്റ് അഥവാ ലോ കാർബ് ഡയറ്റ് മാത്രമാണ് ഇതിന് പരിഹാരം. ശാസ്ത്രീയമായ പഠന ഗവേഷണങ്ങളിലൂടെ തെളിയിച്ചതാണിത്. സ്റ്റാറ്റിൻ മരുന്നുകളേക്കാൾ 3 ഇരട്ടി ഫലം ചെയ്യുന്നതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണ് ഈ ഡയറ്റ്. പക്ഷേ അധികമാളുകൾക്കും ഇതറിയില്ല. ഇത് ജനങ്ങളിലേക്ക് എത്തിക്കണം. എങ്കിൽ ചികിത്സാരംഗം കൂടുതൽ സുതാര്യമാക്കാൻ സാധിക്കും. ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ സഹായകമാവും.


ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ ക്രിസ്റ്റ്യൻ ബർണാർഡിന്റെ  ഒരു ചെറിയ ഉദ്ധരണി കൂടി പറഞ്ഞ് ഞാൻ അവസാനിപ്പിക്കുകയാണ്:

"ഞാൻ ഹൃദയം മാറ്റിവെച്ചുകൊണ്ട് 150 രോഗികളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. എന്നാൽ ഞാൻ രോഗപ്രതിരോധ മാർഗ്ഗങ്ങളിൽ ശ്രദ്ധചെലുത്തിയിരുന്നെങ്കിൽ എനിക്ക് 150 മില്യൺ രോഗികളെ രക്ഷിക്കാമായിരുന്നു"

ജീവിതരീതിയാണ് രോഗത്തിനുള്ള ഏറ്റവും നല്ല മരുന്ന് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു. എല്ലാവർക്കും നന്ദി.

 °Translated by ANEES MISWAR°


| LCHF MALAYALAM GROUP |

Report Page