19

19


ഞാൻ കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയായിരുന്നു. അമ്മക്കും അമ്മീമ്മക്കും അനിയത്തിമാർക്കും എന്നിലുള്ള വിശ്വാസം കുറഞ്ഞു വന്നു. അവരാഗ്രഹിച്ചതും അദ്ദേഹം അവർക്ക് നല്കുമെന്ന് ഞാൻ പറഞ്ഞു കേൾപ്പിച്ചതും ഒന്നും അവർക്ക് കിട്ടിയില്ല. അതേസമയം സന്തോഷമായി ജീവിക്കുന്നുവെന്ന് ഞാൻ പറയുകയും ഭാവിക്കുകയും അദ്ദേഹത്തിന് അവരെയൊക്കെ വലിയ കാര്യമാണെന്ന് അറിയിക്കുകയും ചെയ്യുന്നു. അവർ ചിന്താക്കുഴപ്പത്തിലായത് സ്വാഭാവികം.

അച്ഛൻ വരാതെ എൻറെ വീട്ടിലേക്ക് പോകില്ല എന്ന നിലപാട് ഉണ്ടായിരുന്നു അദ്ദേഹത്തിന്. അമ്മയും അനിയത്തിമാരും ഞങ്ങളുടെ വീട്ടിൽ വന്നതുകൊണ്ട് കാര്യമില്ല. സ്ത്രീവാദിയെന്ന് അറിയപ്പെട്ടിരുന്നെങ്കിലും എൻറെ അമ്മ അത്ര ബഹുമാനിക്കപ്പെടേണ്ട ഒരു സ്ത്രീയായി അദ്ദേഹത്തിന് തോന്നിയതേയില്ല.

സ്വന്തം അമ്മ കൊടുത്തയക്കുന്ന ഏത് വസ്തുവും അച്ചാറോ വൈനോ എന്തുമാവട്ടെ ഞാൻ ദൈവീകമായ ഒരനുഗ്രഹമായി കാണണമെന്ന് അദ്ദേഹം ശഠിച്ചു. അവർക്ക് ആ സന്മനസ്സ് എന്നോട് കാണിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ഞാൻ എപ്പോഴും ഓർമിക്കേണ്ടതുണ്ടായിരുന്നു.

പക്ഷേ,. എത്ര ശ്രമിച്ചിട്ടും പകലെല്ലാം ശരീരത്തെ ജോലിയിലേർപ്പെടുത്തി ക്ഷീണിപ്പിച്ചിട്ടും ചെറുപ്പത്തിൻറെ മോഹങ്ങൾ എന്നെ വിട്ടുപോയില്ല. ശരീരാവയവങ്ങൾക്ക് ചില ധർമങ്ങളൊക്കെ ഉണ്ടല്ലോ. മൂക്ക് ചെയ്യുന്നത് വായക്ക് ചെയ്യാൻ ഒക്കില്ല.

എൻറെ നൊമ്പരങ്ങൾ സഹിക്കാൻ പറ്റാതെ വന്ന ഒരു രാത്രി ഞാൻ ബഹളം വെച്ചു. കരയുകയും തലമുടി പിച്ചിപ്പറിക്കുകയും നഗ്നയായി വാതിൽ തുറന്ന് പുറത്തിറങ്ങുമെന്ന് അട്ടഹസിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ മാറ്റത്തിൽ അദ്ദേഹം പരിഭ്രാന്തനായി. എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും എനിക്ക് ചോക്ലേറ്റ് തന്നു സമാധാനിപ്പിക്കുകയും ചെയ്യുമ്പോൾ അദ്ദേഹം ഒരു കഥ പറഞ്ഞു കേൾപ്പിച്ചു.

തികഞ്ഞ വിഷാദത്തിലായിരുന്നു ആ വാക്കുകൾ..

സെമിനാരിയിൽ പഠിക്കാൻ പോയ സങ്കടം, അവിടെ അനുഭവിച്ച വിവിധ തരം ലൈംഗിക പീഡനങ്ങൾ, അവിടത്തെ പഠിത്തം നിറുത്തുമ്പോഴേക്കും മനസ്സിലുറച്ച വ്യത്യസ്തമായ ലൈംഗിക താല്പര്യങ്ങൾ, വേദന, സങ്കടം... പ്രശസ്തനായ ഒരു കവി അദ്ദേഹത്തേ ലൈംഗികമായി ഉപയോഗിച്ച വിധം... ആ അനുഭവങ്ങളിലെ ചില വാക്കുകൾ അദ്ദേഹത്തെ ഉത്തേജിതനാക്കുന്ന രീതി....

ഞാൻ തകർന്നു പോയി.. എൻറെ മനസ്സിൽ വേദനയുടെ അഗ്നിയെരിഞ്ഞു.

അദ്ദേഹം എന്നെ മനസ്സിലാക്കാൻ ശ്രമിക്കാമെന്ന് പറഞ്ഞപ്പോൾ.... അതു കേട്ടപാടെ ഞാൻ എല്ലാം മറന്നു.

മൂന്നു വയസ്സിലും പന്ത്രണ്ട് വയസ്സിലുമൊക്കെ എന്നെ ഉപദ്രവിച്ചവരെ ഞാൻ ഓർത്തു. അന്നത്തെ എൻറെ നൊമ്പരം ഞാൻ ഓർത്തു.

അദ്ദേഹത്തോടൊരു മകനെപ്പോലെ എനിക്ക് വാൽസല്യം തോന്നി. അദ്ദേഹം എന്നെ മനസ്സിലാക്കുന്നതു വരെ കാത്തിരിക്കാൻ ഞാൻ തയാറായി... നിറഞ്ഞ സ്നേഹത്തോടെ..

ഞാൻ പൂർണമായും അദ്ദേഹത്തിനു കീഴടങ്ങി.. ആ പറഞ്ഞതൊക്കെയും കള്ളമാണെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റുമായിരുന്നില്ല.

സ്നേഹം എത്ര വിചിത്രമാണ്...

( തുടരും )