14

14


അങ്ങനെയിരിക്കേ അദ്ദേഹത്തിന്റെ വീട്ടുകൂട്ടത്തിലെ പുരോഗമനവാദിയും ലോകം കണ്ടവനുമായ ഒരു ബന്ധുവിൻറ വീട്ടിൽ ഞങ്ങൾ വിരുന്നു പോയി.

എല്ലാവരും ഞാൻ എന്ന ഹിന്ദു പെണ്ണിനെ ചാഞ്ഞും ചരിഞ്ഞും പരിശോധിച്ചു. ശരീരത്തിന് നിറം കുറവാരുന്നെങ്കിലും മുട്ടു വരെ നീണ്ട കരിനീലത്തലമുടി അക്കാലത്ത് എൻറെ ഒരു പ്ലസ് മാർക്കായിരുന്നു.

ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് പ്രശ്‌നമായത്. ബീഫ് കട്ലറ്റും ബീഫ് ഉലർത്തിയതും ചിക്കൻ പൊരിച്ചതും മൽസ്യക്കറിയും അച്ചിങ്ങാമെഴുക്കുപുരട്ടിയും പപ്പടവും സലാഡും ആയിരുന്നു ഊണിനൊപ്പമുള്ള വിഭവങ്ങൾ. മീനും ഒരു കഷണം ചിക്കനും മെഴുക്കുപുരട്ടിയും പപ്പടവും സലാഡുമായി ഊണു കഴിക്കാൻ മാത്രം അതിനോടകം ഞാൻ ക്രിസ്ത്യാനി ആയിരുന്നു.

എന്നാൽ ഞാൻ ബീഫ് തിന്നേ തീരു എന്ന് എല്ലാവരും നിർബന്ധിച്ചു. ഭീകരമായ നിർബന്ധമായിരുന്നു അത്. എനിക്ക് കരച്ചിൽ വന്നു. യുക്തിപൂർവം ചിന്തിച്ചാൽ അതിൽ കരയാനൊന്നുമില്ല. കോഴിയും മീനും ഇറങ്ങുമെങ്കിൽ ബീഫ് ഇറങ്ങില്ലേ...?

പക്ഷേ, ആ നിർബന്ധം എന്നെ ഭയപ്പെടുത്തി. ഞാൻ എൻറെ പുരുഷനെ അനുസരിക്കണമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. ഞാനിതു വരെ കഴിച്ചു വളർന്ന ഭക്ഷണവും എന്നേ അമ്മീമ്മ വളർത്തിയ രീതിയും കഠിനമായി വിമർശിക്കപ്പെട്ടു.

ഒടുവിൽ ഞാൻ ആ കട്ലറ്റും ബീഫ് ഉലർത്തിയതും കഴിച്ചു.

എനിക്കാരുമില്ല എന്ന തോന്നലോടെ... എൻറെ പുരുഷൻ പറയുന്ന മനുഷ്യാവകാശം, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, സമത്വം ഒക്കെ വെറും വാക്കുകളാണെന്ന് എനിക്ക് തോന്നി.

പിന്നെയാണ് ദമ്പതിമാരുടെ നവീകരണ ധ്യാനത്തിന് ഞങ്ങൾ പള്ളിയിൽ പോയത്.

മുൾക്കിരീടവും ചാർത്തി, ചോരയിറ്റു വീഴുന്ന പകുതി ശരീരവുമായി യേശു കുരിശിൽ കിടന്നിരുന്നു. ആ യേശുവിനെ കണ്ട് എനിക്ക് ഒച്ചവെച്ച് കരയാൻ ആഗ്രഹമുണ്ടായി.

ധ്യാനത്തിന്റെ ഇടവേളകളിൽ വിളമ്പപ്പെട്ട എല്ലാം ഞാൻ തിന്നു തീർത്തു. ഭക്ഷണം ഒട്ടും കാണാത്ത ആർത്തിക്കാരിയേപ്പോലെ..

അതൊരു നവീകരണ ധ്യാനമായിരുന്നു. ലൈറ്റ് കുറച്ച് വെച്ച വലിയൊരു ഹാളിൽ ചോരയിറ്റു വീഴുന്ന ക്രിസ്തുവിൻറെ മുഖം മാത്രം ഒരു സ്പോട്ട്ലൈറ്റിൽ തെളിഞ്ഞു. അഗാധമായ കിണറ്റിൽ നിന്നും വരുന്ന പോലെയാണ് അച്ചൻറെ ശബ്ദം കേട്ടിരുന്നത്. ഇരുണ്ട വർണ്ണമുള്ള കുപ്പായം ധരിച്ച അച്ചൻ ഒരു മന്ത്രവാദിയെപ്പോലെ ആംഗ്യങ്ങൾ കാട്ടി.

അവിടെ വെച്ച് ഹേമലത എന്ന ഒരു സ്ത്രീയെ എൻറെ പുരുഷൻറെ ബന്ധുക്കൾ കാണിച്ചു തന്നു. അവളൊരു കൺവെർട്ടാണെന്നാണ് അവർ പറഞ്ഞത്. നേരത്തെ നായരായിരുന്നുവത്രെ അവർ. ഇപ്പോൾ കൺവെർട്ട് ആയി. എന്നാലും ക്രിസ്ത്യാനി ആയില്ല.

അപ്പോൾ ഞാനും ഒരു കൺവെർട്ട് മാത്രമേ ആവുള്ളൂ. മാർഗം കൂടിയവൾക്ക് അസ്സൽ ക്രിസ്ത്യാനി ആവാൻ വഴിയില്ല.

എന്നെ നവീകരിച്ചല്ലോ എന്ന് എൻറെ പുരുഷൻറെ കൈയും പിടിച്ചു പാട്ടൊക്കെ പാടിയപ്പോൾ കുർബാന സമയമായി. ഇതാ ഇതെൻറെ ശരീരമാകുന്നു എന്ന് വാഴ്ത്തി അപ്പം കൊടുക്കുന്ന നേരത്ത് പോകാമോ അപ്പം സ്വീകരിക്കാൻ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. പോകാമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ ഒപ്പം ഞാനും അച്ചൻറെ അടുത്ത് ചെന്നു.

അച്ചൻ എൻറെ പേര് മൈക്കിലൂടെ വിളിച്ചു പറഞ്ഞ് ഹിന്ദുവായ എനിക്ക് , വിവാഹമെന്ന കൂദാശയില്ലാതെ ഒരു ക്രിസ്ത്യാനി യുവാവിനൊപ്പം പാർത്ത് അയാളെക്കൂടി പാപിയാക്കുന്ന എനിക്ക് , വാഴ്ത്തപ്പെട്ട അപ്പം കഴിക്കാനുള്ള അർഹതയില്ലെന്നറിയിച്ചു.

അപമാനം കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞു പോയി. എന്നിട്ടും അദ്ദേഹം ആ അപ്പം സ്വീകരിച്ചത് എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. ആ നിരാകരണവും അനാഥത്വവും പിന്നീടൊരിക്കലും എന്നെ വിട്ടൊഴിഞ്ഞതുമില്ല.

(തുടരും)