-

-


പ്രളയ കെടുതി ചർച്ച ചെയ്യാൻ വേണ്ടി ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിൻറെ ഏറ്റവും പ്രധാന ആയുധം കേന്ദ്ര ഭൗമ മന്ത്രാലയ സെക്രട്ടറി ശ്രീ രാജീവൻ സാർ കഴിഞ്ഞ ദിവസം മനോരമക്കാരോട് പറഞ്ഞ വസ്തുതാ വിരുദ്ധമായ കാര്യങ്ങളായിരുന്നു.. അതിന് കേരളത്തിൻറെ ബഹുമാന്യനായ മുഖ്യമന്ത്രി കൃത്യമായ മറുപടി ഇന്ന് സഭയിൽ തന്നെ ശരിയായ ഡാറ്റയുടെ പിൻബലത്തിൽ നൽകുകയുണ്ടായി..


കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) കൃത്യമായ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടും അത് ഉപയോഗിക്കാതെ ഇരുന്ന കേരളത്തെ കുറിച്ചോർത്തുള്ള വിഷമമായിരുന്നത്രെ അദ്ദേഹം പങ്ക് വെച്ചത്! ആ മുന്നറിയിപ്പ് ഉപയോഗിച്ച് ഡാം തുറക്കാതെ കേരള സർക്കാർ മനപ്പൂർവം സൃഷ്ടിച്ചതാണ് ഈ പ്രളയം എന്ന അദ്ധേഹത്തിൻറെ വാദമായിരുന്നു ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും ഉപനേതാവും എല്ലാം ഇന്ന് സഭയിൽ പറഞ്ഞത്..


മുഖ്യമന്ത്രി ഏറ്റവും അർപ്പണബോധ്യത്തോടെ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ എന്ന് ഇന്ന് സഭയിൽ സാക്ഷ്യപ്പെടുത്തിയ അഡിഷണൽ ചീഫ് സെക്രെട്ടറിയും സംസ്ഥാന റിലീഫ് കമ്മീഷണറുമായ പി എച് കുര്യൻ സാറിനെ ഫോണിൽ വിളിച്ച് അറിയിച്ചതായും IMD യുടെ ഉത്തരവാദിത്വം പേറുന്ന കേന്ദ്ര മന്ത്രാലയത്തിൻറെ സെക്രെട്ടറിയായ അദ്ദേഹം കൂട്ടി ചേർത്തിരുന്നു..


ഇനി വസ്തുതകൾ നോക്കാം.. imd ഓഗസ്റ്റ് മാസം ഒന്നാം തീയതി തൊട്ട് 10 വരെ ആദ്യം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ heavy (ശക്തമായ) മഴക്ക് സാധ്യത എന്ന മുന്നറിയിപ്പായിരുന്നു നൽകിയിരുന്നത്. Heavy എന്ന് പറഞ്ഞാൽ 12 cm താഴെയുള്ള മഴയാണ് imd ഉദ്ദേശിക്കുന്നത്. 12 cm മുതൽ 20 cm വരെ very heavy rainfall എന്നും 20 cm ന് മുകളിൽ extremely heavy rainfall എന്നുമാണ് imd ഉപയോഗിക്കുന്ന ടെക്നീക്കൽ പദങ്ങൾ.. എന്നാൽ ഓഗസ്റ്റ് ആദ്യ വാരം കേരളത്തിൽ പൊതുവിൽ മഴയുടെ അളവിൽ കുറവാണ് വന്നത്.. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പോലും ഓഗസ്റ്റ് 4 മുതൽ കുറയുകയാണുണ്ടായത്. പിന്നീട് എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദം കേരളത്തിൽ ഓഗസ്റ്റ് 8 നും 9 നും അതി തീവ്രമായ മഴ നൽകിയപ്പോൾ imd കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ചു തന്ന (ഇത് imd ജനങ്ങൾക്ക് വേണ്ടി അവരുടെ website ൽ പ്രസിദ്ധീകരിച്ചിരുന്നതുമാണ്) മുന്നറിയിപ്പുകൾ ഈ പോസ്റ്റിനോട് കൂടെ ചേർക്കുന്നു.. ഇതിൽ എവിടെയെങ്കിലും extremely heavy rainfall എന്ന് കാണുന്നുണ്ടോ?


ഓഗസ്റ്റ് 8 ന് ഉച്ചയ്ക്ക് 1 മണിക്ക് imd പുറപ്പെടുവിച്ച അടുത്ത 5 ദിവസത്തേക്കുള്ള മുന്നറിയിപ്പിലാകട്ടെ ഇടുക്കിയിലും വയനാട്ടിലും പത്തനംതിട്ടയിലും ഉൾപ്പെടെ ഓഗസ്റ്റ് 9 ന് Heavy rainfall പ്രെഡിക്ഷനും അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ Light to moderate rainfall warning (അതായത് 1.5 cm മുതൽ 6.5 cm മഴ മാത്രം) മാത്രമാണ് നൽകിയിരുന്നത്. അപ്പോഴും ശക്തമായ മഴയുണ്ടായപ്പോൾ അതനുസരിച്ച് തുടർ നടപടികൾ കേരളം സ്വീകരിച്ച് കൊണ്ടിരുന്നു. ഓഗസ്റ്റ് 10 ന് imd പുറപ്പെടുവിച്ച 5 ദിവസത്തേക്കുള്ള (പേമാരി പെയ്തിറങ്ങിയ ഓഗസ്റ്റ് 14 ന് അന്ന് പ്രവചിച്ചിരുന്നത് light to moderate rainfall മാത്രമായിരുന്നെന്ന് ഒന്നോർത്ത് നോക്കിയേ!) ജില്ല തിരിച്ചുള്ള മഴ മുന്നറിയിപ്പിൽ പോലും extremely heavy rainfall അഥവാ അതി തീവ്ര മഴ പ്രവചിച്ചിട്ടില്ല.


എന്തിനേറെ കേരളം മഴയിൽ മുങ്ങിയ ദിവസങ്ങളിൽ, ഓഗസ്റ്റ് 14 ന് അയച്ച് തന്ന special bulletin ൽ പോലും extremely heavy അതായത് 20 cm അധികം മഴ കേരളത്തിൽ ഒരു ജില്ലയിലും പ്രവചിച്ചിരുന്നില്ല. ഇടുക്കി ജില്ലയിൽ മാത്രം അടുത്ത രണ്ട് ദിവസങ്ങളിലും 20 cm ൽ അധികം മഴ പെയ്തു. അതൊന്നും പക്ഷെ കൃത്യമായി പ്രവചിക്കാൻ imd ക്ക് സാധിച്ചതുമില്ല. പക്ഷെ അതിന് മുന്നേ തന്നെ കേരളം കേന്ദ്ര സേനയെ ഉൾപ്പെടെ എത്തിച്ച് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു (ഓഗസ്റ്റ് 9 മുതൽ കേരളത്തിൽ കേന്ദ്ര ദുരന്ത നിവാരണ സേന സജ്ജമായിരുന്നു).

അതായത് imd മഴയുണ്ടാകുമെന്ന് പറഞ്ഞ സമയത്ത് മഴ ചിലപ്പോൾ കുറയുകയും കുറച്ച് മഴയുണ്ടാകുമെന്ന് പറഞ്ഞ സമയങ്ങളിൽ അതി തീവ്ര മഴയുണ്ടാകുകയും ചെയ്ത അവസ്ഥയാണ് ഇക്കുറി കേരളത്തിൽ ഉണ്ടായിരുന്നത്.. അതാണ് അപ്രതീക്ഷിതമായ അതി തീവ്ര മഴ എന്ന് സർക്കാർ ആദ്യം മുതൽ പറയുന്നത്. യഥാർത്ഥത്തിൽ സർക്കാരിന് മാത്രമല്ല imd ക്ക് പോലും അപ്രതീക്ഷിത മഴയാണ് ഇക്കുറി കേരളത്തിൽ പെയ്തത് എന്നതാണ് വസ്തുത.


അതിൻറെ കാരണങ്ങൾ അന്വേഷിക്കുകയും തൻ്റെ വകുപ്പിന് കീഴിലുള്ള വലിയ ചരിത്രവും രാജ്യത്തിൻറെ അഭിമാനവുമായ IMD പോലൊരു സ്ഥാപനത്തിൻറെ സൗകര്യങ്ങൾ വർധിപ്പിച്ച് പ്രവചനം കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ട നടപടികളാണ് ഒരു മുതിർന്ന ശാസ്ത്രജ്ഞൻ കൂടിയായ അദ്ദേഹത്തിൽ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 8 ന് രാത്രിയോടെ പെയ്ത അതിശക്തമായ മഴ കാരണം 2 അടിയോളം ജലനിരപ്പ് ഉയർന്നത് മൂലമാണ് ഇടുക്കിയുടെ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വന്നത്.. ഓഗസ്റ്റ് 7 നു പോലും അങ്ങനെ അതിശക്തമായ മഴ imd പ്രവചിച്ചിരുന്നില്ല. ചെറിയ മഴയെന്ന് പ്രവചിക്കപ്പെട്ട സമയങ്ങളിലാകട്ടെ കേരളത്തിൽ imd തന്നെ പിന്നീട് red alert പ്രഖ്യാപിക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്. ഓഗസ്റ്റ് 8 നും 9 നും 10 നും പ്രസിദ്ധീകരിച്ച ജില്ലാ മഴ മുന്നറിയിപ്പിൽ imd പ്രവചിക്കുന്നത് തുടർ ദിവസങ്ങളിൽ ഇടുക്കി, വയനാട്, പത്തനംതിട്ട, ആലപ്പുഴ ഉൾപ്പെടെ ചെറിയ മഴ (light to moderate rainfall) മാത്രം പ്രവചിച്ചത് തന്നെ ഇത്തവണ അവരുടെ പ്രവചനം എത്രത്തോളം ദയനീയമായിരുന്നു എന്ന് കാണിച്ചു തരുന്നു.


ഈ സീസണിൽ കാലവർഷക്കെടുതിക്ക് തയ്യാറെടുക്കാൻ മെയ് 16 ന് സ്റ്റേറ്റ് റിലീഫ് കമ്മീഷണർ വിളിച്ചു ചേർത്ത യോഗത്തിൽ imd നൽകിയ മുന്നറിയിപ്പ് അതിലും കേമമായിരുന്നു. സാധാരണ പെയ്യാറുള്ള മഴയുടെ 97% ( 5% or -5% വ്യത്യാസം വന്നേക്കാം) മഴ മാത്രമാണ് ഈ സീസണിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി, ജൂൺ മുതൽ സെപ്തംബര് വരെ) വഴി നമ്മുടെ രാജ്യത്ത് പൊതുവിൽ ലഭിക്കും എന്നതായിരുന്നുവത്. ആദ്യം മൺസൂൺ എത്തുകയും ശക്തമായ മഴ സ്ഥിരമായി പെയ്യുകയും ചെയ്യുന്ന കേരളത്തിന് മാത്രമായ നമ്മുടെ കേരളത്തിന് മാത്രമായി ദീർഘ കാല പ്രവചനം (long range forecast) തരാനുള്ള ശേഷി imd ക്ക് ഇത് വരെ ആർജിക്കാൻ കഴിഞ്ഞിട്ടില്ല.


ഇന്ത്യൻ ബ്യുറോ ഓഫ് സ്റ്റാൻഡേർഡ്സ് അനുസരിച്ച് രാജ്യത്ത് അതിശക്തമായി മഴക്ക് സാധ്യതയുള്ള മേഖലകളിൽ 150 km2 ൽ ഒരു മഴ മാപിനി സ്ഥാപിക്കണമെന്നാണ്. അതായത് കേരളത്തിൽ അപ്പോൾ imd ചുരുങ്ങിയത് 258 മഴ മാപിനിയെങ്കിലും സ്ഥാപിച്ചിരിക്കേണ്ടതാണ്. പക്ഷെ കേരളത്തിൽ ആകെയുള്ളത് 69 മഴ മാപിനികൾ മാത്രമാണുള്ളത്. അതും തീരമേഖലകളിൽ കേന്ദ്രീകരിക്കുകയും ചെയ്തിരിക്കുന്നു. വെറും 5 ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ മാത്രമാണ് കേരളത്തിലുള്ളത്. ഇത്ര ദുർബലമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉത്തരവാദിത്വം വഹിച്ചു കൊണ്ട് ഈ പ്രതിസന്ധിയെനിയും ഇന്ത്യയിൽ ഒരിടത്തും ആവർത്തിക്കാതെ ഇരിക്കാൻ നേതൃത്വം നൽകേണ്ട സെക്രെട്ടറിയാണ് വസ്തുതാ വിരുദ്ധമായ പ്രസ്താവന നടത്തി സ്വയം ചെറുതാവുന്നത് എന്നത് ഖേദകരമാണ്.


അത് കൊണ്ട് ഇനി വടക്കു കിഴക്കൻ മൺസൂൺ അഥവാ നമ്മുടെ തുലാ വർഷം എങ്ങനെ ആയിരിക്കും കേരളത്തിന് എന്നും പ്രത്യേകമായി മുൻകൂട്ടി പ്രവചിക്കാൻ imd ക്ക് സാധിക്കില്ല..


ഇതൊക്കെ അടിസ്ഥാനമാക്കിയാണ് ഇവിടെ മൺസൂൺ എത്തും മുന്നേയുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത്.. പക്ഷെ എന്താണ് സംഭവിച്ചത് എന്ന് നമ്മൾ കണ്ടതാണല്ലോ.. ജൂലൈയിൽ 15% അധിക മഴയായിരുന്നെങ്കിൽ ഓഗസ്റ്റിൽ റെക്കോർഡ് മഴയാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് പെയ്തത്. കേരളത്തിൽ പ്രളയമുണ്ടായതിന് കാരണം അറിയയേണ്ടവർ ആ മഴയുടെ അളവൊന്ന് പഠിച്ചാൽ മതി. കേരളത്തിലെ ഭൂവിനിയോഗത്തിൽ കഴിഞ്ഞ കുറേ കാലങ്ങളായി വന്ന മാറ്റങ്ങളും!


ആ പ്രവചനങ്ങളിൽ എന്ത് കൊണ്ട് വീഴ്ച പറ്റി എന്നത് imd പഠിക്കേണ്ടതാണ്. വളരെ അപ്രതീക്ഷിതമായി രൂപം കൊള്ളുന്ന ഇത്തരം ന്യൂന മർദ പ്രതിഭാസത്തെ നേരത്തെ പ്രവചിക്കാനുള്ള ശേഷി imd ആർജ്ജിച്ചെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഓഖിയിൽ പാർലിമെന്റ് കമ്മിറ്റി അന്വേഷണ ശേഷം ഇത് പോലെ തന്നെയാണ് അന്നും imd ക്ക് പറ്റിയത് എന്നായിരുന്നു കണ്ടെത്തൽ. imd തിരുവനന്തപുരം കേരളത്തോട് ഇത്തവണ നല്ല സഹകരണം കാണിച്ചിരുന്നു എന്നത് വിസ്മരിക്കുന്നില്ല. പക്ഷെ നിർഭാഗ്യവശാൽ അവർ നൽകിയ മുന്നറിയിപ്പുകൾ ഒട്ടുമിക്കതും തെറ്റി പോകുന്ന രീതിയാണ് ഈ സീസണിൽ കണ്ടത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി സ്ഥാപിച്ച 2 ഡോപ്ലർ റഡാറുകൾ പോലും കൃത്യ സമയത്ത് പ്രവർത്തിച്ച് ഡാറ്റ ലഭ്യമാക്കിയില്ല. അത് കൊണ്ട് തീർച്ചയായും സങ്കീർണമായ ട്രോപ്പിക്കൽ കാലാവസ്ഥയിൽ വരുന്നതും സവിശേഷ ഭൂപ്രകൃതിയുള്ളതുമായ കേരളത്തിൻറെ കാലാവസ്ഥാ പ്രവചനത്തിൽ കൂടുതൽ കൃത്യത ആർജ്ജിക്കാൻ വേണ്ടിയുള്ള പ്രവർത്തനം imd നടത്തണമെന്നാണ് കേരളത്തിന് അവരോട് ആവശ്യപ്പെടാനുള്ളത്.


ഓഗസ്റ്റ് 14 ന് ശേഷമാണ് കേരളത്തിൽ മഹാ പ്രളയം തീർത്ത അതി തീവ്രമായ മഴ പെയ്തിറങ്ങിയത്.. സർവകാല റെക്കോർഡുകളും തകർത്ത ആ മഴ പെയ്തു തുടങ്ങിയപ്പോൾ imd റെഡ് അലെർട് പ്രഖ്യാപിക്കുകയും വിളിച്ച് പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷെ അതിനും 5 ദിവസം മുന്നേ തന്നെ ഇടുക്കിയും ഇടമലയാറും മുല്ലപ്പെരിയാറുമുൾപ്പെടെ കേരളത്തിലെ ഡാമുകൾ ഒക്കെയും നിറയുകയും തുറക്കുകയും ചെയ്തിരുന്നു. അതായത് ഓഗസ്റ്റ് 9 ന് തുറന്ന ഡാം ന് വേണ്ടി മുന്നൊരുക്കങ്ങൾ നടത്താൻ പിന്നെയും മൂന്ന് നാല് ദിവസത്തിന് ശേഷം, ഓഗസ്റ്റ് 14 ന് imd തന്ന മുന്നറിയിപ്പും ഫോൺ കോളുമൊക്കെ കേരളം ഉപയോഗിക്കാതിരുന്നതിലാണ് കേന്ദ്ര ഭൗമ മന്ത്രാലയ സെക്രെട്ടറി സങ്കടപ്പെട്ടതെന്ന് ചുരുക്കം... അതായത് റിലീഫ് കമ്മീഷണർ ഒരു ടൈം മെഷീനിൽ കയറി ഒരാഴ്ച പിന്നോട്ട് പോയി തയ്യാറെടുപ്പ് നടത്തണമെന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക!


ആരുടേയും വൈദഗ്ദ്ധ്യത്തിലോ പ്രാഗത്ഭ്യത്തിലോ ഒരു സംശയവുമില്ല. പക്ഷെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരും expert കാളുമായിരിക്കുന്ന ആളുകൾ ഇത്തരത്തിൽ നിരുത്തരവാദിത്തപരമായ പ്രസ്താവനകൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല.. യഥാർത്ഥത്തിൽ കേരളത്തിലെ ബഹുമാനപ്പെട്ട പ്രതിപക്ഷത്തിൻറെ മുഴുവൻ ഊർജവും ഇന്ന് ഈ വിഷയത്തിൽ കളയേണ്ടി വന്നത് മാത്രമാണ് മിച്ചമായത്.


ഒരു കാര്യം കേരളത്തിന് വളരെ വ്യക്തമാകേണ്ടതാണ്.. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൃത്യമായ ഡാറ്റ വെച്ച് കൊണ്ട് മാത്രമാണ് ഇത്രയും ദിവസം സംസാരിച്ചത്.. അത് തന്നെയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആത്മവിശ്വാസത്തിൻറെ രഹസ്യവും.


ഈ കാര്യത്തിൽ സംശയം ചോദിച്ചു വിളിച്ച സുഹൃത്ത് കാര്യങ്ങൾ വ്യക്തമാക്കി കൊടുത്ത ശേഷം പറഞ്ഞത് "ആദ്യം സ്വന്തം കണ്ണിലെ കരടെടുത്ത് കളയാൻ പറ അവരോടെന്നാണ്.." ആ വാക്കുകൾ തന്നെ എല്ലാ ബഹുമാനത്തോടെയും ഓർമിപ്പിച്ച് കൊണ്ട് നിർത്തുന്നു.

(പരാമർശിച്ച രേഖകൾ comment ൽ നൽകുന്നു)