*/
Sourceലീഗ് ഇനിയും ബക്കറ്റ് നീട്ടിത്തന്നെ പിരിക്കും.!
പ്രസ് കോൺഫറൻസ് പുരോഗമിക്കുന്നതിനിടയിൽ സി.കെ സുബൈർ സാഹിബ് തന്നോട് ചോദ്യം ചോദിച്ച ഒരു മാധ്യമ പ്രവർത്തകരോട് രണ്ടു ചോദ്യങ്ങൾ ചോദിച്ചു.
"എന്തായാലും കത്വവ വിഷയത്തിൽ തുടക്കം മുതൽ ഒടുക്കം വരെ യൂത്ത് ലീഗാണ് കൂടെ ഉണ്ടായിരുന്നത് എന്ന് നിങ്ങൾക്ക് ബോധ്യമായോ.?"
ചോദിച്ചത് കൈരളിക്കാരനോടാണെന്നു തോന്നുന്നു, അഞ്ച് നിമിഷത്തെ നിശബ്ദതക്ക് ശേഷം മനസ്സില്ലാ മനസ്സോടെ അയാൾ മറുപടി പറഞ്ഞു.
"അതു ബോധ്യമായി.. പക്ഷേ..."
ഉടൻ സി.കെ സുബൈർ സാഹിബ്: "അത് കേട്ടാൽ മതി. പിന്നെ, ഇത്രയും നേരം പറഞ്ഞത് ഫാറൂഖി എന്നല്ല, ഒരു വക്കീലും ഇല്ല എന്നാണു. (എന്നിട്ട് വക്കീലുമാരെ ദീപിക മഹത്വവത്കരിച്ച് പറയുന്ന വിഡിയോ ടേപ്പ് കേൾപ്പിക്കുന്നു). ഫാറൂഖി എന്നൊരാൾ ഉണ്ടെന്ന് ഇപ്പോൾ നിങ്ങൾക്ക് ബോധ്യമായോ.?
ചോദിച്ച ആൾ നിശബ്ദനാകുന്നു.. ആ നിശബ്ദതയിൽ ഉണ്ട് ഉത്തരം. പ്രോസിക്യൂട്ടർമാർക്ക് പുറമെ ഫാറൂഖി അടക്കമുള്ള പ്രൈവറ്റ് കൗൺസിലേഴ്‌സിൻ്റെ പേര് പഠാൻകോട്ട് കോടതി ഔദ്യോഗികമായി ഇറക്കിയ വിധിപകർപ്പിൻ്റെ ആദ്യ പേജിൽ തന്നെയുണ്ട്. അത് സുബൈർ സാഹിബ് തന്നെ മാധ്യമങ്ങൾക്ക് കാണിച്ചു കൊടുത്തു.
പ്രോസിക്യൂട്ടർ ഉണ്ടായിരിക്കെ എന്തിനാണ് വേറെ വക്കീലുമാർ എന്നാണ് സിപിഎമ്മുകാർ ചോദിക്കുന്നത്. ഏതു സിപിഎമ്മുകാർ, ക്യാബിനറ്റ് റാങ്കുള്ള വേലപ്പൻ നായർ ഉൾപ്പെടെ ലക്ഷങ്ങൾ വാങ്ങുന്ന സർക്കാർ വക്കീലുമാർ ഉണ്ടായിരിക്കെ അരക്കോടിയോളം നൽകി ദുഷ്യന്ത് ദവേ അടക്കമുള്ള വക്കീലുമാരെ ഇറക്കുമതി ചെയ്ത സിപിഎമ്മുകാർ.
മാധ്യമങ്ങൾ പൊടുന്നനെ പഴയ ആരോപണങ്ങളിലേക്ക് പോവുന്നു. ഉടൻ ഫൈസൽ ബാബു ഇടപെടുന്നു. "പഴയ വെല്ലുവിളി ഞങ്ങളും ആവർത്തിക്കുന്നു. ഒരുകോടി പിരിച്ചുവെന്ന് തെളിയിച്ചാൽ ഒരു കോടി ഇനാം നൽകും."
:
തെളിഞ്ഞ വെള്ളം കലങ്ങാൻ അതിലേക്ക് ഒരു 'അട്ടിൻകുട്ടി' ഇറങ്ങിയാലും മതി. താനൂരിലെ ഒരു ബേക്കറിയിൽ, ചില്ലലമാറക്കുള്ളിലെ പപ്സിൽ കുടുങ്ങിയ ആ ഈച്ചയെ ഇനിയെങ്കിലും ആരേലും തുറന്നു വിടണം. ശ്രീ, കെ.ടി ജലീൽ, യൂത്ത് ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സാഹിബിന്, ദേശീയ കമ്മിറ്റി നേതൃത്വം നൽകുന്ന ഈ പ്രോജക്ടിൽ ഒരു റോളും ഇല്ല എന്നറിയാതെയല്ല താങ്കൾ ഇങ്ങനെ അസ്വസ്ഥനാവുന്നത്. നിങ്ങളുടെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ വീട്ടിലും മകനെ ജയിലിലും കയറ്റിയ വ്യക്തിയല്ലേ, നിങ്ങൾക്ക് ഈർഷ്യത കാണും. ശ്രീ ജലീൽ, യൂത്ത് ലീഗ് പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് കൈക്കൂലി നൽകിയാണ് ഈ കേസ് ജയിച്ചത് എന്നാണ് നിങ്ങളുടെ വാദം. ഒരു മന്ത്രിയായ താങ്കളുടെ ഈ ആരോപണം സംഘികൾ ഏറ്റെടുത്താൽ എത്ര പുണ്യാഹം തെളിച്ചാലും താങ്കളുടെ മനസ്സ് ശുദ്ധമാവില്ല. ആ കുഞ്ഞിൻ്റെ ശാപം നിങ്ങളെ കാലാകാലം വേട്ടയാടും.
അഭിമന്യു 'കുടുംബ സഹായ ഫണ്ട്' എന്ന പേരിൽ കോടിയിലധികം രൂപയാണ് പിരിച്ചത്. അതിലേക്ക് ഞാനും പണം നൽകിയിട്ടുണ്ട്. കുടുംബ സഹായ ഫണ്ട് എന്ന് കണ്ടതുകൊണ്ടാണ് നൽകിയത്. പിന്നീട് ദേശാഭിമാനി തന്നെ അത് എന്തിനു വിനിയോഗിച്ചു എന്ന് വ്യക്തമാക്കി. എറണാകുളത്ത് വിദ്യാർത്ഥി മന്ദിരം എന്നപേരിൽ പാർട്ടി ഓഫീസ് ഉണ്ടാക്കി. എങ്കിൽ ആദ്യമേ തന്നെ അതുപറഞ്ഞ് പിരിക്കണമായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പിണറായി വിജയനാണ് അത് ഉദ്ഘാടനം നിർവ്വഹിച്ചത്. അതിൽ നിന്ന് 25 ലക്ഷം രൂപക്ക് കുടുംബത്തിന് വീടുവച്ചു നൽകി പോലും. ആ വീട് കണ്ടാലും പറയും 25 ലക്ഷം ഉണ്ടെന്ന്.
ഡൽഹി കലാപബാധിതർക്ക് വേണ്ടി 5 കോടി പിരിച്ചുവെന്നാണ് കണക്ക്. അതിൻ്റെ സ്റ്റേറ്റ്മെൻ്റും പുറത്ത് വിടൂ. എന്നിട്ടാവാം സുതാര്യതയെ കുറിച്ചൊക്കെ ആത്മീയ പ്രഭാഷണം നടത്തുന്നത്.
സജീവ പാർട്ടി പ്രവർത്തകനും ഭാരവാഹിയുമായ ഒരു ഇടത് പ്രവർത്തകൻ പോലും കാശിനു അത്യാവശ്യം വന്നപ്പോൾ എന്നെ വിളിച്ചിട്ടുണ്ട്. ഞാൻ ഇതുവരെ കാണാത്ത ഒരു കെ.എം.സി.സിക്കാരനാണ് അന്ന് അവനു നൽകാൻ എനിക്ക് പതിനായിരങ്ങൾ നൽകിയത്. അവനോടു ഞാൻ പറഞ്ഞത് ഒരേയൊരു കാര്യമാണ്, നിനക്ക് ഇനിയും എന്നെ വിളിക്കാം. വിധേയത്വം ഒരിക്കലും എന്നോടുണ്ടാവരുത്. അവൻ വീണ്ടും വിളിച്ചു. വീണ്ടും നൽകി. നിനക്ക് ഇനിയും വിളിക്കാം. എനിക്ക് സന്തോഷം മാത്രമേ ഉണ്ടാകൂ. ഞാൻ സഹായിച്ചത് വിളിച്ചുപറഞ്ഞതല്ല. മറിച്ച് വിളിക്കുമ്പോൾ എടുത്തുതരാൻ ഇവരുടെ കയ്യിലും ഉള്ളത് കൈനീട്ടി പിരിച്ചുവച്ച പണം മാത്രമാണ്.
ലീഗ് പിരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വീടുകൾ ഉണ്ടാക്കി നൽകിയിട്ടുണ്ട്. സിഎച്ച് സെൻ്ററുകൾക്ക് കോടികൾ ചെലവുണ്ട്. സൗജന്യ ഡയാലിസിസ് സെൻ്ററുകൾ നിലച്ചാൽ ഒരുപാട് കുടുംബങ്ങൾ വഴിയാധാരമാവും. ലീഗ് നിയമ പോരാട്ടം നടത്താൻ സഹായിക്കുന്ന മനുഷ്യക്കുരുതിയുടെ ഒരുപാട് ഇരകളുണ്ട്. ലീഗിന് സ്വന്തമായി റിസർവ് ബാങ്ക്, അല്ലെങ്കിൽ നിങ്ങളെ പോലെ ഗുണ്ടാപിരിവ്, ഒന്നുമില്ല. ആളുകൾ വിശ്വസ്തതയോടെ നാണയത്തുട്ടുകൾ നൽകുന്ന, പാർട്ടി നാമം പതിപ്പിച്ച ബക്കറ്റുകൾ മാത്രമേയുള്ളൂ. അതുകൊണ്ട്, ലീഗ് ഇനിയും പിരിക്കും.!