ജനയുഗം പത്രത്തിന്റെ സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്കുള്ള മാറ്റം

ജനയുഗം പത്രത്തിന്റെ സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്കുള്ള മാറ്റം


അതെ ചിലതെല്ലാം സംഭവിക്കുന്നു.


ഒന്ന് - ജനയുഗം എന്ന പത്രത്തിനെ അതിന്റെ എഡിറ്റോറിയൽ പ്രവർത്തനം മുഴുവനും നമ്മൾ (ഞാൻ, Mujeeb B Positive, Hussain Kh Rachana, അശോകൻ മാഷ്, അമ്പാടി ആനന്ദ്, കണ്ണൻ) ഗ്നൂലിനക്സിലേക്ക് മാറ്റി. അവരു കൈകാര്യം ചെയ്യുന്ന എല്ലാ മേഖലകളും. ഫോട്ടോ എഡിറ്റിംഗ്, ന്യൂസ് ടൈപ്പിംഗ്, ടൈപ്പ്സെറ്റിംഗ്, പിഡിഎഫ്, പ്രീഫ്ലൈറ്റ്, സിഎംവൈകെ സപ്പോർട്ട്, നെറ്റ്വവർക്ക്, ഇന്റർനെറ്റ് അങ്ങനെ സകലതും. ഏറ്റവും രസകരമായ കാര്യം പല പ്രസ്സുകളും വിന്റോസ് എക്സ്പി ഉപയോഗിച്ചാണ് പ്രിന്റിംഗ് നടത്തുന്നത് അതുകൊണ്ട് അവിടെ യുണീക്കോഡ് ചെലവാകില്ല. അതുകൊണ്ട് പിഡിഎഫ് ആക്കുമ്പോ ഫോണ്ടിനുപകരം ഷേപ്പുകളാക്കിയാണ് അയക്കുന്നത് (ഓരോ തമാശകളേ). ഈ സംവിധാനത്തിനായി ഒരു ജനയുഗം ഗ്നൂലിനക്സ് തന്നെ ഉണ്ടാക്കി (ഇതുമൂന്നാമത്തെ ഗ്നൂലിനക്സാണ് ഇതിനുമുൻപേ ഇഎംഎസ് ഗ്നൂലിനക്സ്, തെങ്ങ് ഓഎസ്(https://keralinux.com/) എന്നിങ്ങനെ രണ്ടെണ്ണം നേരത്തേ ഉണ്ടാക്കിയിട്ടുണ്ട്). ഹുസൈൻ മാഷ് ആറേഴ് പുതിയ ഫോണ്ടുകള്‍ തന്നെ ഉണ്ടാക്കി. ടിഎൻജോയ് ഫോണ്ട് ഇതിനകം പുറത്തിറക്കി. ബാക്കി വരുന്നു.


രണ്ട് - ആസ്കി മലയാളത്തിനെ യുണീക്കോഡിലാക്കാനായി ഒരു സോഫ്റ്റ് വെയർ (ഫ്രീക്കൻസ്) ഉണ്ടാക്കി. പയ്യൻസ് എന്ന എസ്.എം.സിയുടെ പ്രോഗ്രാമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പണി ചെയ്തത്. പയ്യൻസിന്റെ മാപ്പിംഗ് ഫയലുകൾ എടുത്ത് സി++ലാണ് പ്രോഗ്രാം എഴുതിയത്. അത് മെച്ചപ്പെടുത്തികൊണ്ടിരിക്കുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും കിട്ടുന്ന പല ടെക്സ്റ്റിൽ ഒളിച്ചിരിക്കുന്ന പലതരം ദുഷ്ട അക്ഷരങ്ങളെ ഒഴിവാക്കാനുള്ള വിദ്യയും ഇതിൽ ഉൾപ്പെടുത്തി. ഇല്ലെങ്കിൽ ഹൈഫനേഷൻ എന്ന സംഗതി പ്രവർത്തിക്കില്ല.


മൂന്ന് - പേജുമേക്കറിൽ ടൈപ്പ് ചെയ്ത ആസ്കിമലയാളം പിഎംഡി ഫയൽ തുറന്ന് അതിലെ മാറ്ററിനെ യുണീക്കോഡിലേക്ക് മാറ്റാനുള്ള സംഗതി ഫ്രീക്കൻസിലേക്ക് ചേർത്തു. എന്നുവച്ചാൽ കഴിഞ്ഞ ഇരുപതുകൊല്ലമായി മലയാളത്തിൽ ടൈപ്പ്സെറ്റ് ചെയ്ത എല്ലാ പിഎംഡി ഫയലുകളെയും വിന്റോസോ പേജുമേക്കറോ ഇല്ലാതെ ഗ്നൂലിനക്സിലെ കുഞ്ഞ് പ്രോഗ്രാമുപയോഗിച്ച് മനുഷ്യർക്കുപകാരപ്പെടുന്ന തരത്തിൽ യുണീക്കോഡിലാക്കിമാറ്റാൻ കഴിയും. (അമ്പാടിക്ക് പ്രത്യേക നന്ദി). സർവ്വകലാശാലകളിലും വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന നൂറുകണക്കിന് പിഎംഡി ഫയലുകളെ കൈകാര്യം ചെയ്യാം.


അങ്ങനെ ഫ്രീസോഫ്റ്റ് വെയറിലെ സോഫ്റ്റ് വെയർ സ്വാതന്ത്ര്യം മുമ്പെങ്ങും ഉപയോഗിച്ചിട്ടില്ലാത്തവിധം പ്രയോഗിക്കുന്നു. ആളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. അതിന്റെ വലിയ സന്തോഷം.


ജനയുഗം സ്വതന്ത്ര സോഫ്റ്റ്‍വെയറിലായ പ്രഖ്യാപനം നവം. 1 ന് കേരള മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തും.


അങ്ങനെയിരിക്കുമ്പോള്‍ ഇതിനേക്കാള്‍ ഉഗ്രനായി ചിലതെല്ലാം സംഭവിക്കുന്നു. കാത്തിരിക്കുക ...