Yes

Yes

Nithin Chacko

ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെ എറ്റവും വിസ്മയിപ്പിച്ച ഒരു സമൂഹമേതെന്ന് ചോദ്യത്തിന് സംശയലേശമന്യേ ഒറ്റ ഉത്തരമേയുള്ളൂ …ഇസ്രായേൽ … കഴിഞ്ഞ അറുപത് വർഷത്തിലെറെയായി പലതവണ അവരത് തെളിയിച്ച് കൊണ്ടിരിക്കുന്നു. കഷ്ടിച്ച് കേരളത്തിന്റെ മുക്കാൽ ഭാഗം വലിപ്പവും മൂന്നിലൊന്ന് ജനസംഖ്യയും മാത്രമുള്ള, ഒരു തരത്തിലുള്ള പ്രകൃതി വിഭാവങ്ങളോ, ധാതു, പെട്രോളിയം നിക്ഷേപങ്ങളോ ഇല്ലാത്ത, ചുറ്റും പ്രബലരായ ശത്രുക്കളാൽ ചുറ്റപ്പെട്ട് ഞെരുങ്ങിക്കഴിയുന്ന ഈ കുഞ്ഞൻ രാജ്യം അതിജീവനത്തിന്റെയും ധീരതയുടെയും മകുടോദാഹരണമാണ്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടെ, ലോകത്ത് പല ഭാഗങ്ങളിലായി അവശേഷിച്ച ജൂത സമൂഹത്തിനു നൂറ്റാണ്ടുകൾ പഴക്കമുള്ള അവരുടെ പിതൃഭൂമിയെന്ന ആവശ്യം യാഥാർഥ്യമാക്കാനുള്ള സമയമായെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ ലോകത്തിന്റെ പലയിടത്ത് ചിതറിക്കിടന്ന ജൂതന്മാർ മധ്യപൂർവ ഏഷ്യയിലെക്ക് വൻതോതിൽ കുടിയേറാൻ ആരംഭിച്ചു. പലസ്തീൻ പ്രദേശത്തെ അറബികളിൽ നിന്ന് വലിയ ഭൂപ്രദേശങ്ങൾ വിലക്ക് വാങ്ങി, പതുക്കെ ആ സമൂഹം അവിടെ ശക്തി പ്രാപിച്ചു. യൂറോപ്പിലും അമേരിക്കയിലും മറ്റുമുള്ള അതിസമ്പന്നരായ ജൂതർ ഇതിനു വേണ്ടി വലിയ തോതിൽ പണമിറക്കിയിട്ടുണ്ട്.

തങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളി അറബികൾ തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ജൂതർ അവിടെ വലിയൊരു ജനസമൂഹമായിക്കഴിഞ്ഞിരുന്നു. അപകടം മണത്ത അറബി രാജ്യങ്ങൾ, ജൂതർക്ക് മേൽ സംഘടിതമായ യുദ്ധം അഴിച്ച് വിട്ടു. സ്വന്തമായി വലിയൊരു സൈന്യമോ ആയുധബലമോ ഒരു രാജ്യമെന്ന നിലയിൽ കെട്ടുറപ്പോ ഇല്ലാതിരുന്ന ജൂതർക്ക്, അധികം പിടിച്ച് നിൽക്കാൻ കഴിയാതെ പലായനം ചെയ്തു കൊള്ളും എന്നായിരുന്നു അറബികളുടെ കണക്കുകൂട്ടൽ. പക്ഷെ ,ഇനിയൊരു ഹോളോകോസ്റ്റ് നേരിടാൻ തയ്യാറല്ലാതിരുന്ന ജൂതസമൂഹം ധീരമായി പോരാടി. കുടിയേറ്റത്തിനിടയിൽ യൂറോപ്പിലെ ആയുധ കരിഞ്ചന്തകളിൽ നിന്ന് അവർ വൻതോതിൽ ആയുധ സംഭരണം നടത്തിയിരുന്നു എന്നത് ആരുമറിഞ്ഞില്ല.

ഒടുവിൽ ഐക്യരാഷ്ട്ര സഭ ഇടപെട്ട് യുദ്ധം അവസാനിക്കുമ്പോൾ നല്ലൊരു ശതമാനം അറബി ഭൂമി കൂടി ജൂതന്മാർ സ്വന്തമാക്കി, അറബികളെ വെസ്റ്റ്‌ ബാങ്കിലേക്ക് തുരത്തി. പത്ത് മാസം നീണ്ട ആദ്യത്തെ അറബ് ഇസ്രായേൽ യുദ്ധത്തിനൊടുവിൽ, 1948 മെയ് 14 ന് ഡേവിഡ് ബെൻഗൂറിയൻ പ്രധാനമന്ത്രിയായി ആധുനിക ഇസ്രയേൽ പിറന്ന് വീണു..

ആയിരക്കണക്കിന് വർഷങ്ങൾ നീണ്ട പ്രവാസവും, അതിഭീകരമായ ഹോളോകൊസ്റ്റും ജൂത സമൂഹത്തിന്റെ മനസ്സിൽ വല്ലാത്തൊരു പ്രതികാരവാഞ്ഛയും അതിജീവന ത്വരയും നിറച്ചിരുന്നു. ഇനിയൊരു ഹൊളോകൊസ്റ്റിനു ഞങ്ങളെ കിട്ടില്ല എന്ന സന്ദേശം ആദ്യം മുതൽ തന്നെ അവർ നൽകിയിരുന്നു. തലമുറകളായി പ്രഖ്യാപിത ശത്രുക്കളായ ജൂതർക്ക്, തങ്ങളുടെ മൂക്കിനു കീഴിൽ സ്വന്തം രാഷ്ട്രമുണ്ടാകുക എന്നത് എന്നത്തെയും പോലെ അന്നും അറബിരാജ്യങ്ങൾക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു.

1967 ആയപ്പോഴേക്കും, ഇസ്രയേൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മധ്യപൂർവേഷ്യയിലെ നിർണായക ശക്തിയായിക്കഴിഞ്ഞിരുന്നു. ഇസ്രയേലിനെ ഇനിയും വളരാൻ വിട്ടാൽ ശരിയാകില്ല എന്ന തീരുമാനത്തിലെത്താൻ, പ്രമുഖ അറബിരാജ്യങ്ങൾക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. അതിനിടയിൽ ലെബനോണ്‍ അതിർത്തിയിൽ ഇസ്രയേൽ വൻ സൈനിക സന്നാഹം നടത്തുന്നതായി സോവിയറ്റ് യൂണിയൻ അറബ് രാജ്യങ്ങളെ അറിയിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ദ്രുതഗതിയിൽ സൈനിക സഖ്യങ്ങൾ രൂപപ്പെട്ടു. അറബ് വൻശക്തിയായ നാസറിന്റെ ഈജിപ്റ്റ്‌ നയിച്ച സഖ്യത്തിൽ ജോർദാൻ, സിറിയ എന്നിവർ പ്രധാന പങ്കാളികളായി.

ജോർദാൻ സൈന്യത്തോടൊപ്പം ഇറാഖി കരസേനയും കൂടി ചേർന്നതോടെ നാലുവശത്തു നിന്നും ഇസ്രയേൽ വളയപ്പെട്ടു. ജൂതരാജ്യത്തെ ഭൂമുഖത്ത് നിന്ന് തുടച്ച് മാറ്റുമെന്ന് നാസർ പ്രഖ്യാപിച്ചു. അവരുടെ ആത്മവിശ്വാസം അത്രയേറെ വലുതായിരുന്നു. ഇസ്രായേലിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു എന്ന് ചിന്തിക്കാത്ത ഒരു കുട്ടി പോലും അന്ന് ലോകത്തുണ്ടായിരുന്നില്ല. എല്ലാം നിരീക്ഷിച്ച് കൊണ്ട് കൃത്യമായ പദ്ധതികളുമായി ഇസ്രയേലും മുൻപോട്ട് പോയി. അതിനിടയിൽ ബീച്ചുകളിൽ ഉല്ലസിക്കുന്ന ഇസ്രയേൽ പട്ടാളക്കാരുടെ ചിത്രങ്ങൾ പാശ്ചാത്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

തങ്ങൾ അഭിമുഖീകരിക്കാൻ പോകുന്ന കൊടിയ വിപത്തിനെക്കുറിച്ച് അവർ അജ്ഞരാണ് എന്ന ഒരു സന്ദേശം ഇതിലൂടെ അറബ് സൈനിക വൃത്തങ്ങളിൽ പ്രചരിച്ചത് അവരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. അത് പക്ഷെ മോസ്സാദ് നടത്തിയ വലിയൊരു നീക്കമായിരുന്നു. ഈ സമയത്ത് ശത്രുരാജ്യങ്ങളുമായി താരതമ്യം ചെയ്‌താൽ ദുർബലമായ തങ്ങളുടെ വ്യോമസേനയുമായി ഇസ്രയേൽ കഠിന പരിശീലനത്തിലായിരുന്നു.

ജൂണ്‍ അഞ്ചിന്, എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഇസ്രയേൽ ഈജിപ്റ്റ്‌ വിമാനത്താവളങ്ങൾ ആക്രമിച്ചു. വളരെ സവിശേഷമായ ഒരു തന്ത്രമാണ് അവർ പ്രയോഗിച്ചത്. തങ്ങളുടെ വിമാനങ്ങളെ പല വ്യൂഹങ്ങളായി തിരിച്ച് തുടർച്ചയായി ആക്രമിക്കുക. ഒരു വ്യൂഹം ആക്രമണം കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും അടുത്ത വ്യൂഹം ആക്രമണം തുടങ്ങിയിട്ടുണ്ടാകും. അപ്പോഴേക്കും ആദ്യം മടങ്ങിവന്ന സംഘം വീണ്ടും ഇന്ധനവും ആയുധങ്ങളും നിറച്ച് അടുത്ത ആക്രമണത്തിനു തയ്യാറെടുക്കും. അങ്ങനെ തുടർച്ചയായ വ്യോമാക്രമണങ്ങളുടെ തിരമാല തന്നെ അവർ തീർത്തു.

ഈജിപ്റ്റിന്റെ ആകാശം മുഴുവൻ ഇസ്രായേലിന്റെ വിമാനങ്ങൾ സംഹാരതാണ്ഡവമാടി…രണ്ട് ദിവസം കൊണ്ട് തങ്ങളുടെ മൂന്നിരട്ടി വരുന്ന ഈജിപ്റ്റ്‌ വ്യോമസേനയുടെ 700 ല പരം വിമാനങ്ങളും റഡാർ സ്റ്റേഷനുകളും മുഴുവൻ വിമാനത്താവളങ്ങളും ഇസ്രയേൽ ചുട്ടുകരിച്ചു. ഈജിപ്റ്റിന്റെ ഒറ്റ വിമാനത്തിനു പോലും പറന്നുയരാൻ സാധിച്ചില്ല.

റണ്‍വേകൾ താറുമാറാവുകയും വിമാങ്ങൾ നഷ്ടപ്പെടുകയും ചെയ്തതോടെ സിനായ് മരുഭൂമിയിൽ തമ്പടിച്ചിരുന്ന ഈജിപ്റ്റ്‌ കരസേനക്കുള്ള ബന്ധം മുറിഞ്ഞു. ആ അവസരത്തിൽ ആക്രമിച്ച് കയറിയ ജൂതസൈന്യത്തിനു മുൻപിൽ ചിതറിയോടിയ ഈജിപ്റ്റ്‌ പട്ടാളത്തെ ഇസ്രയേൽ സേന വളഞ്ഞിട്ട് കശാപ്പ് ചെയ്തു. യുദ്ധത്തിന്റെ മൂന്ന് നാല് ദിവസത്തിൽ തന്നെ സിനായ് മരുഭൂമി പിടിച്ചെടുത്ത് ഇസ്രയേൽ കരസേന സൂയസ് കനാൽ വരെയെത്തി. ജൂതരാജ്യത്തെ തുടച്ച് നീക്കാൻ ഒരുമ്പെട്ടിറങ്ങിയ ഈജിപ്റ്റിന്റെ പതനം അതോടെ പൂർത്തിയായി.

മിന്നൽ വേഗത്തിൽ ഈജിപ്റ്റിന്റെ ചിറകരിഞ്ഞു കൊണ്ടിരുന്ന സമയത്ത് തന്നെ ഏതാണ്ടതേ രീതിയിൽ സിറിയൻ സൈന്യത്തെയും കീഴടക്കി ഗോലാൻ കുന്നുകളും ഗാസ മുനമ്പും ഇസ്രയേൽ പിടിച്ചെടുത്തു. ആ സമയം ജോർദ്ദാൻ അതിർത്തിയിൽ ഭീകരമായ കരയുദ്ധവും ആരംഭിച്ചു. കനത്ത യുദ്ധത്തിനും ആൾ നാശത്തിനുമൊടുവിൽ ജൂണ്‍ പത്തോടെ ജോർദാൻ ഇറാഖ് സംയുക്ത സൈന്യത്തെ ജോർദാൻ നദിക്ക് കിഴക്കോട്ട് തുരത്തി ഇസ്രയേൽ സേന ജറുസലേമിൽ പ്രവേശിച്ചു. സഹസ്രാബ്ദങ്ങളായി തങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട വിശുദ്ധ നഗരത്തിൽ വിജയക്കൊടി നാട്ടിയ ഇസ്രയേൽ സേന വിലാപമതിലിൽ തലചേർത്തു പൊട്ടിക്കരഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിൽ ആറാം ദിവസം യുദ്ധം അവസാനിക്കുമ്പോൾ പോരാട്ടം തുടങ്ങുന്നതിനു മുൻപുണ്ടായിരുന്നതിന്റെ മൂന്നിരട്ടി ഭൂമി ഇസ്രായേലിന് സ്വന്തമായി. അറബ് സംയുക്ത സൈന്യത്തിന് 20000 സൈനികരെ നഷ്ടപ്പെട്ടപ്പോൾ ഇസ്രായേലിന്റെ നഷ്ടം 2000-800 ഓളം വിമാനങ്ങൾ സംയുക്ത സേനക്ക് നഷ്ടപ്പെട്ടപ്പോൾ ഇസ്രായേലിനു നഷ്ടപ്പെട്ടത് 20 വിമാനങ്ങൾ. ഏതാനും വർഷങ്ങൾക്ക് ശേഷം വീണ്ടും അതിസാഹസത്തിനു മുതിർന്ന ഈജിപ്റ്റ്‌ ഒരിക്കൽ കൂടി ജൂതരാഷ്ട്രത്തിന്റെ പോരാട്ടവീര്യത്തിനു മുൻപിൽ തോറ്റു തുന്നം പാടി-യോം കിപ്പുർ യുദ്ധത്തിൽ.

ഇസ്രായേലിന്റെ അസ്ഥിത്വം അംഗീകരിക്കാതെ തങ്ങൾക്ക് നിലനില്‍പ്പില്ല എന്ന് മനസ്സിലാക്കിയ ഈജിപ്റ്റും ജോർദാനും പിന്നീട് ജൂതരാഷ്ട്രവുമായി സന്ധി ചെയ്തു. പിടിച്ചെടുത്ത സിനായ് മരുഭൂമി ഈജിപ്റ്റിനും ജോർദാൻ നദിയുടെ കിഴക്കൻ തീരങ്ങളും ഇസ്രയേൽ വിട്ടുകൊടുത്തു. അന്നത്തെ യുദ്ധ നായകനായിരുന്ന ഇസഹാക്ക് റബീൻ പിന്നീട് ഇസ്രയേൽ പ്രധാനമന്ത്രിയായി. ഓസ്ലോയിൽ വച്ച് യാസർ അരഫാത്തുമായി സമാധാന കരാറിൽ ഒപ്പ് വെച്ച് തുടർന്ന് സമാധാനത്തിനുള്ള നോബൽ സമ്മാനം വരെ അദ്ദേഹത്തെ തേടിയെത്തിയത് ചരിത്രത്തിന്റെ മറ്റൊരു നിയോഗം. പലസ്തീനികളുമായി സന്ധിചെയ്യാൻ ഒരുമ്പെട്ട റബീൻ ഒരു ജൂത തീവ്രവാദിയുടെ തന്നെ തോക്കിനിരയായത് വിധിയുടെ ക്രൂരമായ മറ്റൊരു തമാശ.

ഇന്ന് ആറുദിവസത്തെ യുദ്ധം ലോകത്തിലെ എല്ലാ പട്ടാളവും വിശകലനം ചെയ്യുന്ന വലിയൊരു റഫറൻസ് ആണ്. പ്ലാനിംഗ്, ഇന്റലിജൻസ്, വേഗത, മനോവീര്യം ഇതെല്ലാം കൂടി ചേർന്ന ഒരു സൈനിക വിസ്മയമായിരുന്നു ആ ആറ് ദിവസങ്ങളിൽ ലോകം കണ്ടത്. കഠിനാധ്വാനവും ബുദ്ധിശക്തിയും സമർപ്പണവും ഒത്തു ചേർന്ന ഒരു സമൂഹത്തിന് ഒരു വെല്ലുവിളിയും പ്രശ്നമല്ല എന്ന് തെളിയിച്ച മറ്റൊരു ഉദാഹരണം. ആ അർത്ഥത്തിൽ മനുഷ്യ രാശിക്ക് മുഴുവനുമുള്ള പാഠപുസ്തകമാണ് ഇസ്രയേൽ ലോകത്തിനു നൽകിയത്.

Report Page