WiFi

WiFi

സുജിത്ത് കുമാർ

പത്തു വർഷങ്ങൾക്ക് മുൻപ് വരെ ഒരു ആഡംബര ഫീച്ചർ ആണെന്നതിൽ നിന്നും വൈഫൈ ഇപ്പോൾ അതൊരു അത്യാവശ്യ ഫീച്ചർ എന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു. എല്ലാ ഉപകരണങ്ങളിലും ഫൈഫൈ കണക്റ്റിവിറ്റി ഉൾപ്പെടുത്താൻ നിർമ്മാതാക്കൾ മത്സരിക്കുന്നു. വൈഫൈ റൗട്ടറുകൾ വീടുകളിൽ സർവ്വ സാധാരണമായി. വൈഫൈയെക്കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ പഴി കേൾക്കുന്നത് അതിന്റെ റേഞ്ചിനാണ്‌. വീട്ടിൽ എല്ലായിടത്തും റേഞ്ച് കിട്ടുന്നില്ല, അടുത്ത വീട്ടിലെ വൈഫൈ റേഞ്ച് ബാൽക്കണീയിൽ കയറി നിന്നാൽ മാത്രമേ പിടിക്കാൻ പറ്റുന്നുള്ളൂ. അങ്ങനെ പല പല പ്രശ്നങ്ങൾ. വൈഫൈയെക്കുറിച്ചും വൈഫൈ റൗട്ടറുകളെക്കുറിച്ചും ചില കാര്യങ്ങൾ  


== ഫൈഫൈ എന്നത് ഒരു വൺ വേ കമ്യൂണിക്കേഷൻ അല്ല == 


നല്ല വില കൊടുത്ത് ഉഗ്രൻ ഒരു വൈഫൈ റൗട്ടർ വാങ്ങി വച്ചിട്ടും റേഞ്ച് കിട്ടുന്നില്ല , ഇടയ്ക്കിടെ കണക്ഷൻ കട്ടാകുന്നു എന്നു തുടങ്ങിയ പ്രശ്നങ്ങൾ സർവ്വ സാധാരണം . ഏതൊരു വൈഫൈ ഉപകരണത്തിനും രണ്ടു ഭാഗങ്ങളാണുള്ളത്. ഒന്ന് ട്രാൻസ്മിറ്റർ, രണ്ട് റിസീവർ. ഇതിൽ ട്രാൻസ്മിറ്ററിന്റെ കപ്പാസിറ്റി പവറിലും റിസീവറിന്റെ കപ്പാസിറ്റി സെൻസിറ്റിവിറ്റിയിലുമാണ്‌ കണക്കാക്കുന്നത്. കൂടുതൽ പവർ ഉള്ള ട്രാൻസ്മിറ്റർ ആണെങ്കിൽ കൂടുതൽ ദൂരത്തേയ്ക്ക് സിഗ്നലുകൾ അയക്കാൻ കഴിയും കൂടുതൽ സെൻസിറ്റിവിറ്റി ഉള്ള റിസീവർ ആണെങ്കിൽ കുറഞ്ഞ സിഗ്നൽ ശക്തിയിലും ബന്ധം സ്ഥാപിക്കാനും ഡാറ്റാ ട്രാൻസ്ഫർ നടത്താനും കഴിയുന്നു. ട്രാൻസ്മിറ്ററീൽ നിന്നുള്ള ദൂരം കൂടുന്തോറും സിഗ്നൽ സ്ട്രംഗ്ത് കുറഞ്ഞ് കുറഞ്ഞ് വരുന്നു. ഒരു മൊബൈൽ ഫൊണിൽ ഫൈവൈ ഉപയോഗിക്കുമ്പോൾ മൊബൈൽ ഫോണിന്റെ വൈഫൈ ട്രാൻസ്മിറ്ററിന്റെ പവറും റിസീവറീന്റെ സെൻസിറ്റിവിറ്റിയും ഒരുപോലെ പ്രാധാന്യമുള്ളതാണ്‌. അതുകൊണ്ടു തന്നെയാണ്‌ ഒരേ വൈഫൈ നെറ്റ് വർക്കിൽ ഒരേ ഇടത്ത് ചില മൊബൈൽ ഫോണുകൾ ഇടതടവില്ലാതെ പ്രവർത്തിക്കുന്നതും മറ്റുള്ളവയ്ക്ക് അതിനു കഴിയാത്തതും.. നല്ല വൈഫൈ റൗട്ടറുകളിൽ ശക്തമായ ട്രാൻസ്മിറ്ററും നല്ല സെൻസിറ്റിവിറ്റി ഉള്ള റിസിവറും ഉപയോഗിക്കുന്നതിനാൽ ആനുപാതികമായി റേഞ്ചിൽ വർദ്ധന ഉണ്ടാകുന്നു. മൊബൈൽ ഫോണുകളീലും മറ്റും എക്സ്റ്റേണൽ ആന്റിനയുള്ല വൈഫൈ അഡാപ്റ്ററുകൾ ഉപയോഗിക്കാൻ കഴിയില്ലെങ്കിലും ഡസ്ക്ടോപ്പുകളിലും ലാപ് ടോപ്പുകളിലും മറ്റും ഇത്തരത്തിലുള്ളവ ഉപയോഗിക്കുന്നത് ഉപയോഗപ്രദമാണ്‌. 


== ഒന്നിൽ കൂടുതൽ ആന്റിനകൾ ഉള്ള വൈഫൈ റൗട്ടറുകൾക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഉണ്ടോ ?== 

നിങ്ങൾ ഒരു മുറീയ്ക്കുള്ളിൽ മാത്രമാണ്‌ വൈഫൈ ഉപയോഗിക്കുന്നതെങ്കിൽ എക്സ്റ്റേണൽ ആയി ഒരു ആന്റിനപോലും ഇല്ലാത്ത വൈഫൈ റൗട്ടറുകൾ പോലും നന്നായി പ്രവർത്തിക്കും. ഒന്നിൽ കൂടുതൽ ആന്റിനകളുള്ള റൗട്ടറുകളിൽ MIMO (Multi input Multi Output) സാങ്കേതിക വിദ്യ ആണ്‌ ഉപയോഗപ്പെടുത്തുന്നത്. ഹൈ ഫ്രീക്വൻസി സിഗ്നലുകൾ ആണ്‌ വൈഫൈയ്ക്കായി ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ വളരെ നേർ രേഖകളിലായാണ്‌ വൈഫൈ തരംഗങ്ങൾ സഞ്ചരിക്കുക. ഇത്തരത്തിൽ ഒരു വൈഫൈ നെറ്റ് വർക്കിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ റൗട്ടറൂകളുമായി വിവിധ കോണുകളിൽ നിന്നും ബന്ധം സ്ഥാപിക്കുവാൻ ഒന്നിൽ കൂടുതൽ ദിശകളിളിൽ നിന്നും സിഗ്നലുകൾ സ്വീകരിക്കാനും  ഒന്നിൽ കൂടുതൽ ഇടങ്ങളിലേക്ക് പരമാവധി സിഗ്നലുകൾ പ്രസരിപ്പിക്കുവാനും കഴിയുന്ന രീതിയിൽ കൂടുതൽ ആന്റിനകൾ ഉപയോഗിക്കുന്നു. ഇതുവഴി സാധാരണ റൗട്ടറുകളീലും കൂടുതൽ റേഞ്ചും ഇടതടവില്ലാത്ത കണക്ഷനും സ്വാഭാവികമായും ലഭ്യമാകുന്നു. 


== വൈഫൈ റൗട്ടറുകളുടെ സ്ഥാനം == 

ഒരു മുറീക്കുള്ളിലോ‌ അടുത്തടുത്ത ഒന്നോ രണ്ടോ‌ മുറികളിലോ മാത്രം ഉപയോഗിക്കാനാണെങ്കിൽ വൈഫൈ റൗട്ടറുകളുടെ സ്ഥാനത്തിനു വലിയ പ്രാധാന്യമൊന്നും നൽകേണ്ടതില്ലെങ്കിലും എല്ലായ്പോഴും  ഉയരത്തിൽ സ്ഥാപിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. രണ്ടു നില വീടുകളിലും മറ്റും സീലിംഗിനോട് ചേർന്ന് സ്ഥാപിക്കുന്നത് രണ്ടു നിലകളിലുമുള്ള മുറികളീൽ മെച്ചപ്പെട്ട റേഞ്ച് ലഭിക്കാൻ സഹായിക്കുന്നു.  Wifi Scanner പോലെയുള്ള ഏതെങ്കിലും ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഏത് സ്ഥാനത്ത് വൈഫൈ റൗട്ടർ സ്ഥാപിക്കുമ്പോഴാണ്‌‌ എല്ലായിടത്തും ഏകദേശം ഒരുപോലെയുള്ള റേഞ്ച് ലഭിക്കുന്നത് എന്ന് പരിശോധിച്ച് ഒരു തീരുമാനത്തിലെത്താൻ കഴിയും. വൈഫൈ ആന്റിന ലംബമായി നിർത്തുന്നത് റൂമിൽ എല്ലായിടത്തും ഒരു പോലെ റേഞ്ച് ലഭിക്കാൻ സഹായിക്കുന്നു. ആന്റിന തിരശ്ചീനമായി നിർത്തിയാൽ മുകളിലും താഴേയുമുള്ള ഇടങ്ങളിൽ ആയിരിക്കും കൂടുതൽ റേഞ്ച് ലഭിക്കുക. അതിനാൽ ഒന്നിൽ കൂടൂതൽ ആന്റിന ഉള്ള റൗട്ടറുകൾ ആണെങ്കിൽ ഒരു ആന്റിന ലംബമായും മറ്റൊരു ആന്റിന തിരശ്ചീനമായും സ്ഥാപിക്കുക. ഇത് രണ്ടാം നിലയിലും മറ്റും കൂടുതൽ റേഞ്ച് ലഭിക്കാൻ സഹായിക്കുന്നു. വൈഫൈ സിഗ്നലുകളെ തകരാറിലാക്കുന്ന മൈക്രോവേവ് ഓവൻ, കോഡ് ലെസ് ടെലിഫോൺ തുടങ്ങിയവയ്ക്ക് സമീപം വയർലെസ് റൗട്ടറുകൾ സ്ഥാപിക്കാതിരിക്കുക. ഭദ്രമായി സൂക്ഷിക്കാനായി സ്റ്റീൽ അലമാരിയ്ക്കകത്ത് വൈഫൈ റൗട്ടറുകൾ വച്ചാൽ റേഞ്ച് ഗണ്യമായി കുറയുമെന്ന് പറയേണ്ടതില്ലല്ലോ.  


== വൈഫൈ റൗട്ടർ മാറ്റിയാൽ ഇന്റർനെറ്റ് സ്പീഡ് കൂടുമോ ==

 സാധാരണഗതിയിൽ ഇന്റർനെറ്റിന്റെ സ്പീഡും വൈഫൈ നെറ്റ് വർക്കും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. 150 എം ബി പി എസ് പരമാവധി കപ്പാസിറ്റിയുള്ള വൈഫൈ റൗട്ടറുകളാണ്‌ സാധാരണ ഗാർഹിക ഉപയോഗത്തിൽ കൂടുതലായി പ്രചാരത്തിലുള്ളത് ഇപ്പോൾ 300 എം ബി പി എസ്സും സർവ്വ സാധാരണമായിക്കൊണ്ടിരിക്കുന്നു. ഇവിടെ റൗട്ടറീന്റെ ബാൻഡ് വിഡ്ത്ത് എന്നത് വൈഫൈ റൗട്ടന്റെയും അതിനോട് ബന്ധപ്പെട്ടിരിക്കുന്ന മറ്റ് ഉപകരണങ്ങൾക്ക് ഇടയിലുമുള്ള ഡാറ്റാ ട്രാൻസ്ഫർ കപ്പാസിറ്റി ആണ്‌. ഇതും ഇന്റർനെറ്റ് സ്പീഡുമായും യാതൊരു ബന്ധവും ഇല്ല. പക്ഷേ നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ വേഗത 300 എം ബി പിഎസ് ആണെങ്കിൽ 150 എം ബി പി എസ്സിന്റെ വയർ ലെസ് റൗട്ടർ ഉപയോഗിച്ചാൽ പകുതി സ്പീഡേ കിട്ടൂ എന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ നമ്മൂടെ കാര്യത്തിൽ 300 എം ബി പി എസ് പോയിട്ട് 10 എം ബി പി എസ് വരെ ഒരു സ്വപ്നം മാത്രമായതിനാൽ അതിനെക്കുറിച്ച് തല പുണ്ണാക്കേണ്ടതില്ല. പിന്നെ വൈഫൈ നെറ്റ് വർക്കിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണമാണ്‌ . ഒരു കോളേജ് കാമ്പസ്സിലും മറ്റും 150 എം ബി പി എസ് കപ്പാസിറ്റിയുള്ള റൗട്ടർ ഉപയോഗിക്കുന്നും അതിൽ ഒരേ സമയം 100 മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നു എങ്കിൽ ഒരു കണക്ഷനും പരമാവധി 15 എം ബി പി എസ് മാത്രമേ ലഭിക്കുകയുള്ളൂ എന്നറിയുക. അതിനി 1 ജി ബി പി എസ് സ്പീഡ് ഉള്ള ഇന്റർ നെറ്റ് കണക്ഷൻ ആയാലും. 


== വൈഫൈ ആന്റിനയ്ക്ക് അഡീഷണൽ ഫിറ്റിംഗ് ആയി സി ഡി, അലുമിനീയം ഫോയിൽ ഒട്ടിച്ച് ഉണ്ടാക്കിയ ആന്റിന തുടങ്ങിയവ റേഞ്ച് കൂട്ടാൻ ഫലപ്രദമാണോ‌?==

 വൈഫൈ റേഞ്ച് കൂട്ടാനുള്ല സൂത്രപ്പണികളായി ഇത്തരത്തിൽ റൗട്ടർ ആന്റിനയോട് ചേർന്ന് ഡിസ്ക് രൂപത്തിലും ഡിഷ് രൂപത്തിലുമുള്ള നിർമ്മിതികൾ കൂട്ടീച്ചേർത്ത് ഉപയോഗിച്ചാൽ മതി തുടങ്ങി ധാരാളം വിദ്യകൾ കാണാറില്ലേ. അവയിൽ പൂർണ്ണമായും അടിസ്ഥാനമില്ല എന്നല്ല. വൈഫൈ സിഗ്നലുകൾ ഉയർന്ന ഫ്രീക്വൻസിയിൽ ഉള്ളവ ആയതിനാൽ അവയെ റിഫ്ലക്റ്ററുകൾ ഉപയോഗിച്ച് ഒരു പ്രത്യേക ഇടത്തിൽ കേന്ദ്രീകരിക്കാൻ കഴിയും അതായത് നമ്മൂടെ സാറ്റലൈറ്റ് ഡിഷ് ആന്റിനകൾ ചെയ്യുന്നതുപോലെത്തന്നെ. ഇതുവഴി ഒരു പ്രത്യേക ദിശയിൽ നിന്നും വരുന്ന സിഗ്നലുകളെ ആന്റിനയിലേക്ക് കേന്ദ്രീകരിക്കാൻ ഇതുവഴി കഴിയുമെങ്കിലും ഉപകരണങ്ങൾ നമ്മൾ പല ഇടങ്ങളിലായി മാറി മാറി ഉപയോഗിക്കുനതിനാൽ ഇതുകൊണ്ട് ഉദ്ദേശിച്ച ഫലം എല്ലായ്പോഴും കിട്ടണം എന്നില്ല. 


== വയർലെസ് റൗട്ടറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ == 

 സാങ്കേതികമായി വയർ ലെസ് റൗട്ടറുകൾ വയർലെസ് B, G, N , AC എന്നീ വിഭാഗങ്ങളിൽ ലഭ്യമാണ്‌. ഇതിൽ B, G വിഭാഗത്തിൽ പെട്ടീട്ടുള്ളവ ഇപ്പോൾ ഏകദേശം അപ്രത്യക്ഷമായിട്ടൂണ്ടെങ്കിലും N, AC റൗട്ടറുകളൂം അഡാപ്റ്ററുകളും ആണ്‌ പ്രധാനമായും വിപണിയിൽ ഉള്ളത്. IEEE യുടെ വയർലെസ് നെറ്റ്‌‌വർക്കിംഗ് പ്രോട്ടോക്കോളുകളായ IEEE 802.11ന്റെ വിവിധ തലമുറകളാണ്‌ ഇവ. 

ഇതിൽ ഏറ്റവും പഴയതായ വയർലെസ് B വിഭാഗത്തിൽ പരമാവധി വേഗത 11 എംബി പി എസ്സും റേഞ്ച് 115 അടിയും ആണ്‌. G യിൽ ഇത് യഥാക്രമം 54 എം ബി പി എസ്സും 125 അടിയും ആണ്‌. 2009 നു ശേഷം നിലവിൽ വന്ന വയർലെസ് N സാങ്കേതിക വിദ്യയിൽ സ്പീഡ്‌ 300 എം ബി പി എസ്സും റേഞ്ച് 230 അടിയും ആണ്‌ . ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ്‌ വയർലെസ് AC. ഇതിൽ പരമാവധി വേഗത 1 ഗിഗാബിറ്റ്സ് പ്രതി സെക്കന്റ് ആണെങ്കിൽ റേഞ്ച് പകുതിയാണ്‌ ( 115 അടി). ഇതിനും പുറമേ 802.11a എന്നൊരു വിഭാഗം  കൂടീ ഉണ്ട്. ഇതിന്റെ പരമാവധി വേഗത 54 എം ബി പി എസ് ആണ്‌. രണ്ടു ബാൻഡുകളിൽ ആയി വയർ ലെസ് റൗട്ടറുകൾ ലഭ്യമാണ്‌ 2.4GHz ഉം 5 ‌GHz ഉം . ഇതിൽ ഏതാണ്‌ കൂടുതൽ നല്ലത് ഏതാണ്‌ മോശം എന്ന് ഒറ്റ വാക്കിൽ പറയാനാകില്ല. രണ്ടീനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉള്ളതിനാൽ ഡ്യുവൽ ബാൻഡ് റൗട്ടറുകളും ലഭ്യമാണ്‌. എങ്കിലും മൈക്രോ വേവ് ഓവൻ ഉൾപ്പെടെയുള്ള ഗാർഹിക / വ്യാവസായിക ഉപകരണങ്ങൾ പലതും 2.4 ഗിഗാഹെട്സ് റേഞ്ചിൽ ഉള്ള തരംഗങ്ങൾ പുറത്തു വിടുന്നു എന്നതിനാൽ ഇവയ്ക്ക് വൈഫൈ നെറ്റ് ‌‌സിഗ്നലുകളെ തടസ്സപ്പെടുത്തുന്നു എന്നതിനാൽ 5 ഗിഗാഹെട്സ് റൗട്ടറുകൾ ആണ്‌ ഈ അവസരത്തിൽ കൂടുതൽ മെച്ചപ്പെട്ടത്. 2.4 GHz നെ അപേക്ഷിച്ച് 5 GHz ഇന്റർഫെറൻസുകൾ താരതമ്യേന കുറവാണ്‌.  അതായത് വയർലെസ് റൗട്ടറുകൾ വാങ്ങുമ്പോൾ ഏറ്റവും കൂറഞ്ഞത് N അല്ലെങ്കിൽ AC തെരഞ്ഞെടുക്കുക.  എല്ലാ സാങ്കേതിക വിദ്യകളും സപ്പോർട്ട് ചെയ്യുന്ന A/B/G/N/AC റൗട്ടറുകളും വിപണിയിൽ ഉണ്ട്. ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് റൗട്ടറുകളുടെ മാത്രം സാങ്കേതിക വിദ്യ പുതിയതായതുകൊണ്ടായില്ല , വൈഫൈ നെറ്റ് വർക്കിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും അത് സപ്പോർട്ട് ചെയ്യുന്നതായാലേ ഉദ്ദേശിച്ച ഫലം തരൂ.. 


 അടുത്തത് വൈഫൈ റൗട്ടറൂകളുടെ പോർട്ടൂകൾ ആണ്‌. പൊതുവേ വൈഫൈ റൗട്ടറുകളിൽ ഒരു വൈഫൈ പോർട്ട്, ഇന്റർനെറ്റ് കണക്റ്റ് ചെയ്യാനുള്ല വാൻ പോർട്ട്, രണ്ടോ‌ നാലോ എട്ടോ ലാൻ പോർട്ടൂകൾ തുടങ്ങിയവയാണ്‌ കണ്ടു വരുന്നത്. ഇതിൽ വയർ മുഖേന ബന്ധിപ്പിക്കേണ്ട ഉപകരണങ്ങൾ ഉണ്ടെങ്കിൽ , ഡസ്ക്ടോപ്, ഡി വി ആറുകൾ തുടങ്ങിയവ അതനുസരിച്ച് ലാൻ പോർട്ടുകൾ ഉള്ള റൗട്ടറുകൾ തെരഞ്ഞെടുക്കാം. 

 

 വലിയ വില കൊടൂത്ത് അത്യന്താധുനികമായ നിരവധി ആന്റിനകളും റേഡിയോകളും ഉപയോഗിച്ചുകൊണ്ടൂള്ള MIMO റൗട്ടറുകൾ മാത്രം വാങ്ങി വച്ചതുകൊണ്ട് നിങ്ങളുടെ നെറ്റ്‌‌വർക്ക് പ്രതീക്ഷിച്ച പ്രകടനം നൽകണം എന്നില്ല. അതിനാൽ ഉപയോഗം അറിഞ്ഞുകൊണ്ട് മാത്രം വൈഫൈ റൗട്ടറുകൾ തെരഞ്ഞെടുക്കുക. ഓഫീസിൽ ഉപയോഗിക്കുന്ന റൗട്ടറിന്റെ ഗുണഗണങ്ങൾ കണ്ട് അതേ മോഡൽ വലിയ വിലകൊടുത്ത് വീട്ടിൽ വാങ്ങി വച്ച് പണം കളയേണ്ടതില്ല എന്നർത്ഥം. 


അടുത്തതു സുരക്ഷയാണ്‌. മിക്കവാറും ഇപ്പോൾ വിപണിയിൽ ഉള്ള എല്ലാ വയർ ലെസ് റൗട്ടറുകളിലും നെറ്റ്‌‌വർക്ക് സുരക്ഷിതമാക്കാനുള്ല ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ തന്നെ ഉപയോഗിക്കുന്നതിനാൽ അതിനെക്കൂറിച്ചോർത്ത് തലപുണ്ണാക്കേണ്ട കാര്യമില്ല. 


അധിക ഫീച്ചറുകൾ- ഒന്നിൽ കൂടുതൽ വാൻ പോർട്ടുകൾ. ഒന്നിൽ കൂടുതൽ ഇന്റർനെറ്റ് കണക്ഷനുകൾ ഉപയോഗിക്കാനുള്ള സംവിധാനം ഉള്ള റൗട്ടറുകൾ ഉണ്ട്. ഉദാഹരണമായി ചില റൗട്ടറുകളിൽ 4ജി. 3. ജി ഡോംഗിളുകൾ നേരിട്ട്‌ കണക്റ്റ് ചെയ്യാനാകും . ഇവിടെ ഒരു ഇന്റർനെറ്റ് കണൿഷൻ വിച്ഛേദിക്കപ്പെട്ടാലും രണ്ടാമത്തെ കണക്ഷനിലൂടെ ഉപയോഗിക്കുന്നവർക്ക് യാതൊരു വിധ തടസ്സങ്ങളും അനുഭവേദ്യമാകാതെ ഇന്റർനെറ്റ് ലഭ്യമാക്കപ്പെടുന്നു.  ചില റൗട്ടറുകളിൽ എക്സ്റ്റേണൽ സ്റ്റോറേജ് ഡ്രൈവുകൾ കണക്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. എക്സ്റ്റേണൽ ഹാർഡ് ഡിസ്കോ പെൻ ഡ്രൈവോ ഇതിൽ കണക്റ്റ് ചെയ്ത് ഹോം നെറ്റ് വർക്കിൽ ഒരു കോമൺ ക്ലൗഡ് സ്റ്റൊറേജ് സംവിധാനം എളുപ്പത്തിൽ സജ്ജമാക്കാൻ  ഇതുവഴി കഴിയുന്നു.  


ഇനി നിങ്ങൾ ഉപകരണങ്ങളൊക്കെ ഒന്ന് അഴിച്ച് പണിയാനും സ്വന്തമായി അതിൽ കൈമുദ്ര പതിപ്പിക്കാനുമെല്ലാം ആഗ്രഹിക്കുന്ന ആളാണെങ്കിൽ റൗട്ടറിന്റെ ഫിംവെയർ ഒക്കെ മാറ്റി നല്ല ഉഗ്രൻ ഫീച്ചറുകൾ ഉള്ള ഓപ്പൺ സോഴ്സ് ഫിംവെയറായ DDWRT ഇന്സ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ സൗകര്യമുള്ള കോമ്പാറ്റിബിൾ റൗട്ടറുകൾ വാങ്ങുന്നതും നന്നായിരിക്കും. ആൻഡ്രോയ്ഡ് ഫോണൊക്കെ കസ്റ്റം റോം ഫ്ലാഷ് ചെയ്യുന്നതുപോലെ ഒന്നാണ് ഇതും. കൂടുതൽ വിവരങ്ങൾ DDWRT വെബ് സൈറ്റിൽ ലഭിക്കും. 


== വയർലെസ് റിപ്പീറ്ററുകൾ ==

 വയർലെസ് നെറ്റ്‌‌വർക്കിന്റെ റേഞ്ച് കൂട്ടാനായി ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്‌ വയർലെസ് റിപ്പീറ്ററുകൾ ഉപയോഗിക്കുക എന്നത്. പൊതുവേ രണ്ടു നില വീടുകളിൽ ഒരൊറ്റ റൗട്ടർ കൊണ്ട് എല്ലാ മുറികളിലും നല്ല രീതിയിൽ റേഞ്ച് ലഭിക്കാനുള്ള സാദ്ധ്യതയില്ല. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ വൈഫൈ റിപ്പീറ്ററുകൾ ഉപയോഗിക്കുന്നതാണ്‌ ഏറ്റവും നല്ല മാർഗ്ഗം . അയൽവാസിയുടെ വൈഫൈ ഫ്രീ ആയി കിട്ടുന്നു എങ്കിൽ അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ ഇതിലും നല്ലൊരു മാർഗ്ഗം വേറേ ഇല്ല.  


വാൽക്കഷണം - വൈഫൈ റൗട്ടർ തലയിണയായി ഉപയോഗിച്ചാൽ ക്യാൻസർ വരുമോ, തലവേദന ഉണ്ടാകുമോ എന്നെല്ലാം  സംശയമുള്ളവർക്കായി പണ്ടെഴുതിയ ഒരു പോസ്റ്റ് ആദ്യ കമന്റിൽ


FBPost

Report Page