ദിനാരംഭം ഇസ്ലാമിൽ

ദിനാരംഭം ഇസ്ലാമിൽ


പല പ്രഭാഷണങ്ങളിൽ നിന്നും സമാഹരിച്ച വിവരങ്ങളാണ് ഞാൻ ലേഖന രൂപത്തിൽ ആക്കിയതാണ് താഴെ. ബഹുമാന്യ പണ്ഡിതർ ഇത് പരിശോധിച്ച് കൃത്യത വരുത്തണമെന്ന് അപേക്ഷിക്കുന്നു. ഇനിയും ഇതിൽ ചേർക്കേണ്ട വിവരങ്ങൾ പറഞ്ഞ് തന്നാൽ അത് ചെയ്യാവുന്നതാണ്.

കൂടാതെ, ഏറ്റവും താഴെ മറുപടി ലഭിക്കേണ്ടതായ ചോദ്യങ്ങൾ ചേർക്കുന്നു. അതിന്റെ മറുപടിയും തന്ന് സഹായിക്കുക.

----------------------------------------------------------------------------------------------------------


മുസ്‌ലിം സമൂഹം , പുതിയ ദിനം ‘മഗ്‌രിബ്’ മുതൽ ആരംഭിക്കുന്നു എന്ന് കരുതുന്നു. എന്നാൽ അതല്ല, ഫജ്‌ർ മുതലാണ് ദിനാരംഭം എന്നും മറ്റൊരു വാദമുണ്ട്.

ദിനാരംഭം എന്ന വിഷയത്തിന് സ്വന്തം നിലയിൽ വലിയ പ്രാധാന്യമില്ല. അതായത് ദിനാരംഭം മഗ്‌രിബ് മുതൽ ആണെന്ന് കരുതുന്ന ഒരാളും, ഫജ്റ് മുതൽക്കാണ് എന്ന് കരുതുന്ന ഒരാളും തമ്മിൽ ആരാധനകളിലോ, അനുഷ്ടാനകർമ്മങ്ങളിലോ ഒരു നിലക്കുള്ള ഏറ്റക്കുറച്ചിലുകളും അത് വരുത്തുന്നില്ല.

മഗ്‌രിബിന് ദിനം ആരംഭിക്കുന്നയാൾ നോമ്പ് ആരംഭിക്കുന്നത് , ആ രാത്രിയെ തുടർന്ന് വരുന്ന പകലിലാണ്, ഫജ്റിന് ദിനാരംഭം കുറിക്കുന്നയാളുടെ നോമ്പും അതേ സമയത്ത് തന്നെയാണ് ആരംഭിക്കുന്നത്.

മഗ്‌രിബിന് ദിനം ആരംഭിക്കുന്നയാൾ പെരുന്നാൾ നമസ്കരിക്കുന്നത്, തുടർന്ന് വരുന്ന ദിവസത്തിലെ പകലിൽ ആണ്, ഫജ്റിന് ദിനാരംഭം കുറിച്ചയാളും പെരുന്നാൾ നമസ്കരിക്കുന്നത് ആ സമയത്ത് തന്നെയാണ്.

ഇന്റർനെറ്റും മൊബൈലും ഒന്നും ഇല്ലാതിരുന്ന കാലത്ത് ജനങ്ങൾ ഫജ്‌ർ സമയത്തോ, അല്ലെങ്കിൽ എപ്പോഴാണോ ഉറങ്ങി എഴുന്നേൽക്കുന്നത് അപ്പോൾ മാത്രമോ ആയിരുന്നു മിക്കവാറും നോമ്പും പെരുന്നാളും അറിഞ്ഞിരുന്നത്. ആ സമയത്തുള്ള അറിവ്, അവരെ സംബന്ധിച്ച് നോമ്പ് ആരംഭിക്കുവാനോ, പെരുന്നാൾ ആഘോഷിക്കുവാനോ തടസ്സമായിരുന്നില്ല; അവർ യഥാർത്ഥത്തിൽ തലേ മഗ്‌രിബിന് പുതിയ ദിവസത്തിൽ പ്രവേശിക്കുകയും ആ ദിവസത്തിലൂടെ ഏതാണ്ട് 10 മണിക്കൂർ സഞ്ചരിക്കുകയും ചെയ്തിട്ട് കൂടി. ഇതിൽ നിന്ന് മനസ്സിലാക്കാവുന്നത് , മഗ്‌രിബിന് മറ്റൊരു ‘തിയതി രേഖപ്പെടുത്തിയ ദിവസം’ ആരംഭിച്ച് 10 മണിക്കൂറിലേറെ ആ ദിവസത്തിൽ ഉണ്ടായിരുന്നിട്ടും , ശേഷം ലഭിച്ച അറിവ് പ്രകാരം “ഫജ്റ്” മുതൽ അതേ ദിവസത്തിന് മറ്റൊരു തിയതി രേഖപ്പെടുത്താൻ തടസ്സമുണ്ടാകുന്നില്ല എന്നത്രെ. ചുരുക്കത്തിൽ മഗ്‌രിബിനായാലും ഫജ്റിനായാലും, ദിനാരംഭം വിശ്വാസികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നില്ല.

ഈ വിഷയത്തിലെ വിയോജിപ്പുകൾ ചുറ്റിക്കറങ്ങുന്നത് നോമ്പ്, പെരുന്നാൾ എന്നീ വിഷയങ്ങളെ ചുറ്റിപറ്റിയാണ് എന്നതിനാൽ, അക്കാര്യത്തിൽ ഇരു വീക്ഷണപ്രകാരവും ഒരു നിലക്കുള്ള ‘കുറവുകളും’ സംഭവിക്കുന്നില്ല എന്ന് മനസ്സിലാക്കാം.

എന്നാൽ ഈ വിഷയം ബാധിക്കുന്ന ഒരു മേഖലയുണ്ട്, അതാണ് ‘ഇസ്ലാമിക മാസ നിർണ്ണയം’ എന്ന ചർച്ച. ചന്ദ്രക്കല കണ്ണു കൊണ്ട് തന്നെ കാണണം , ഒരു വിധ കണക്കും പരിഗണിക്കേണ്ട എന്ന് കരുതുന്നവർരെയും ‘ ദിനാരംഭം ‘ നേർക്ക് നേരെ ബാധിക്കില്ല. എന്നാൽ ഇസ്‌ലാം സ്വീകരിച്ച കാലഗണയായ ചന്ദ്രമാസത്തിന് ഒരു മുൻനിശ്ചയപ്രകാരമുള്ള ‘കലണ്ടർ’ വേണം എന്ന് കരുതുന്നവർക്ക്, അതിനായി അവർ സ്വീകരിക്കുന്ന മാനദണ്ഡങ്ങളിൽ ‘ദിനാരംഭം’ ചർച്ചയാകും.

ഫജ്‌ർ മുതലാണ് ദിനാരംഭം എന്ന് വാദിക്കുന്നവർ, ആഗോള കലണ്ടറും തദടിസ്ഥാനത്തിലുള്ള  മാസനിർണ്ണയവുമാണ് മുന്നോട്ട് വക്കുന്നത്. അത് പ്രകാരം ഒരു യൂണിവേഴ്സൽ ഡേ യുടെ 00:00Hr മുതൽ 24:00Hr വരെയുള്ള സമയത്തിനകത്ത് നടക്കുന്ന അമാവാസിയെ , ആ ദിവസത്തേതായി പരിഗണിക്കുകയും, തന്മൂലം അതേ ദിവസത്തെ നടന്ന് കൊണ്ടിരിക്കുന്ന മാസത്തിന്റെ അവസാന ദിനമായി കണക്കാക്കി തുടർന്ന് വരുന്ന യൂണിവേഴ്സൽ ഡേ പുതിയ മാസത്തിലെ ആദ്യ ദിവസമായി സ്വീകരിക്കുകയും ചെയ്യുന്നു. യൂണിവേഴ്സൽ ഡെ 00:00Hr എന്നത് മക്കയിലെ പുലർച്ചെ 03:00Hr ആകുന്നു. അതായത് ഭൂമിയിൽ ഒരു റമദാൻ ഒന്നോ, ശവ്വാൽ ഒന്നോ മറ്റോ , സംഭവിക്കുന്നത് ഡേറ്റ്ലയിനിലെ നട്ടൂച്ച = മക്കയിലെ പുലർച്ചെ 03:00 മണി വരെ എന്ന cut-off time സ്വീകരിച്ച് കൊണ്ടാണ്.

എന്നാൽ, മഗ്‌രിബിന് ദിനാരംഭം കണക്കാക്കുന്നവർക്ക് , മഗ്രിബോടെ പുതിയ മാസമാരംഭിക്കുകയോ, പഴയമാസം 30ലേക്ക് കടക്കുകയോ വേണം. അതായത് അവരുടെ cut-off time മഗ്രിബിനാണ്. ഇതിലെ വ്യത്യാസം മാസാരംഭത്തിൽ പ്രതിഫലിക്കും.

ഉദാഹരണമായി, കേരളത്തിലെ ചക്രവാളത്തിൽ സൂര്യന് മുമ്പായി അസ്തമിച്ച ചന്ദ്രൻ, പിറ്റേന്ന് ഉദിക്കുന്നത് സൂര്യന് ശേഷമായിരിക്കും. പുതിയമാസത്തിന്റെ ഒരു അടയാളം സൂര്യന് ശേഷമുള്ള ചന്ദ്ര ഉദയമാണ്. അപ്രകാരം വ്യക്തമായ ഒരു ദൃഷ്ടാന്തം ഉണ്ടായിരുന്നിട്ടും, അത് സ്വീകരിക്കാൻ കഴിയാതെ വരുന്നത് മഗ്രിബിന് ദിനാരംഭം കുറിച്ചതിനാലാണ്.

 

ബഹുഭൂരിപക്ഷം മനുഷ്യരും സജീവരായി ക്രയവിക്രയങ്ങളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്ന മഗ്രിബിന് ദിനം മാറ്റം നടക്കുക എന്നത് അപ്രായോഗികമായ ഒരു സംഗതിയാണ്. മനുഷ്യർ ഉന്മേഷത്തോടെ പ്രവൃത്തി പഥത്തിലേക് ഇറങ്ങുന്ന പകൽ മുതലാണ് ദിനാരംഭം, അതല്ലാതെ അദ്ധ്വാനിച്ച് തളർന്ന് കൂടണയുന്ന സമയം മുതല്ല. ഇതാണ് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നത്.

“ദിനാരംഭം” ഇപ്രകാരമാകുന്നു എന്ന് നേർക്ക്നേർ പറയുന്ന ഖുർആൻ - ഹദീസുകൾ ഇല്ല. ഖുർആനിലെയും ഹദീസിലെയും “സൂചനകളിൽ” നിന്ന് വായിച്ചെടുക്കുന്ന അനുമാനം മാത്രമാണ് ‘മഗ്‌രിബും’ ‘ഫജ്റും’.

 “ദിനാരംഭം” മഗ്രിബിനാണെന്ന് വാദിക്കുന്നതിന് പ്രധാനമായ അവലംഭം ഖുർആനിൽ ധാരാളമായി വന്ന ‘ലൈൽ-നഹാർ’ എന്ന ക്രമമാണ്.

എന്നാൽ മറ്റു ചില ക്രമങ്ങളും ഖുർആനിൽ കാണാം.

a) يَا مَرْيَمُ اقْنُتِي لِرَبِّكِ وَاسْجُدِي وَارْكَعِي مَعَ الرَّاكِعِينَ ﴿٤٣﴾  (3:43) മറിയം (അ) യോട് നമസ്കരിക്കാൻ പറഞ്ഞത് ആദ്യം സുജൂദും , പിന്നെ റുകൂഉമാണ്. ഇവിടെ ക്രമം പാലിക്കപ്പെടുന്നില്ല.

b) വൽ ഫജ്്ർ വലയാലിൻ അശർ…. , “വള്ളുഹാ വല്ലൈലി …..”  ഇവിടങ്ങളിൽ പകൽ ആദ്യവും പിന്നെ രാത്രിയും വന്നു.

d) بُكْرَةً وَعَشِيًّا (19:11), بُكْرَةً وَأَصِيلًا )76:25(   ……. ഇവിടങ്ങളിൽ പകൽ ആദ്യവും പിന്നെ രാത്രിയും വന്നു.

e) وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّـهِ ۚ (2:196) ….. ആദ്യം ചെയ്യുന്നത് ഉമ്രയും പിന്നീട് ഹജ്ജുമാണ്, എന്നാൽ ആ ക്രമത്തിലല്ല മേൽ വചനത്തിലുള്ളത്.

 

يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ

സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് നിന്നാൽ, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. 5: 6 .

നമസ്കാരത്തിന് നിന്നിട്ടല്ലല്ലോ വുളു എടുക്കുന്നത്.

അതു കൊണ്ട് ക്രമം മാത്രം സ്വീകരിച്ച് , അതിൽ നിന്ന് ‘മഗ്രിബാണ്’ ആദ്യം എന്ന് നിരൂപിക്കാനാകില്ല.

) لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ ﴿٤٠﴾   (36:40) ഇതിലെ ‘സബഖ’ എന്ന പദം ഖുർആനിൽ പ്രയോഗിച്ചിടത്തൊക്കെ ‘മുന്നിൽ’ എന്ന ആശയത്തെയല്ലേ കുറിക്കുന്നത് ? അതിൽ നിന്നും രാത്രിക്ക് മുന്നിൽ പകലാണ് എന്നല്ലേ വരിക ?

“സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു. (36:40)”

ഇതിലെ ‘സബഖ’ എന്ന പദം ഖുർആനിൽ പ്രയോഗിച്ചിടത്തൊക്കെ ‘മുന്നിൽ’ എന്ന ആശയത്തെയാണ് കുറിക്കുന്നത്. ഈ പരാമർശമാണ് ദിനാരംഭത്തെക്കുറിക്കുന്ന കൂടുതൽ നല്ല സൂചന.

മറ്റു ചില സൂചനകൾ : -

1 -  حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّـهِ قَانِتِينَ   (2:236 , സ്വലാത്തുൽ വുസ്ത അസ്വ്്ർ നമസ്കാരമാണ് എന്ന് വീക്ഷണം ഉണ്ട്. ‘വസത്’ എന്ന പദം അക്ഷരാർത്ഥത്തിൽ തന്നെ മധ്യം എന്നതിനെ കുറിക്കുന്നു. അസ്ർ നമസ്കാരം മധ്യം വരാൻ , ക്രമം ഫ്ജ്രിൽ നിന്ന് തന്നെ ആരംഭിക്കേണ്ടതുണ്ട്.

2- يَا أَيُّهَا الَّذِينَ آمَنُوا لِيَسْتَأْذِنكُمُ الَّذِينَ مَلَكَتْ أَيْمَانُكُمْ وَالَّذِينَ لَمْ يَبْلُغُوا الْحُلُمَ مِنكُمْ ثَلَاثَ مَرَّاتٍ ۚ مِّن قَبْلِ صَلَاةِ الْفَجْرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ الظَّهِيرَةِ وَمِن بَعْدِ صَلَاةِ الْعِشَاءِ ۚ ثَلَاثُ عَوْرَاتٍ لَّكُمْ ۚ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌ بَعْدَهُنَّ ۚ طَوَّافُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍ ۚ كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمُ الْآيَاتِ ۗ وَاللَّـهُ عَلِيمٌ حَكِيمٌ ﴿٥٨﴾

സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ (അടിമകള്‍) രും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്‌) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മേറ്റീവ്ക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്‌. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്‌) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. (58)

ഒരു ദിവസത്തിൽ അനുവാദം ചോദിക്കേണ്ട സമയങ്ങൾ വിവരിക്കുന്നത്, ഫജീറിൽ നിന്ന് ആരംഭിക്കുന്ന ക്രമത്തിലാണ്.

ദിവസത്തിലെ ആദ്യ നമസ്കാരം ഏത് എന്ന ചോദ്യത്തിന് , ഒരു മുസ്ലിമിന്റെ നൈസർഗ്ഗിക ബോധം നൽകുന്ന മറുപടി.... അത് ഫജ്റ് എന്ന് തന്നെയായിരിക്കും. ആ നൈസർഗ്ഗികതയാണ് പ്രകൃതിപരം.


ചോദ്യങ്ങൾ:-

1) ഒരു ദിവസത്തെ ആദ്യ നമസ്കാരം ഏത് ? അവസാന നമസ്കാരം ഏത്? അതിന്റെ തെളിവുകൾ റെഫറൻസ് സഹിതം നൽകുക.

2) “നാളെ” എന്നതിനെ കുറിക്കുന്ന അറബിയിലെ പദങ്ങൾ ഏതൊക്കെ ? ആ പദങ്ങൾ ഭാഷാപരമായി “പകലിനോടോ”, അതല്ല “രാത്രിയോടോ” ആണ് ബന്ധപ്പെട്ടിരിക്കുന്നത് ?

3) റമളാനിൽ തറാവീഹ് ആരംഭിക്കുന്നത് , നോമ്പിന്റെ തലേ രാത്രിയിലാണല്ലോ. ഇതിന് ദിനാരംഭവുമായി ബന്ധമുണ്ടോ ?

4)ഒരു കുട്ടിയുടെ ജനനം ഉണ്ടായാൽ അത് ഏത് സമയം മുതൽ പുതു ദിവസത്തിലും , ഏത് സമയം വരെ പഴയ ദിവസത്തിലും രേഖപ്പെടുത്തണം? അതായത് മഗ്രിബിന് മുമ്പ് ജനിച്ച കുട്ടിക്ക് പഴയ ദിവസം ജനനത്തിയതിയും, മഗ്രിബിന് ശേഷം ജനിച്ച കുട്ടിക്ക് പുതിയ ദിവസം ജനനത്തിയതിയുമാകുമോ? അത് പോലെ ഫജ്റിന് മുമ്പ് / ശേഷം എന്നതാണോ ഫജ്ർ വാദക്കാരുടെ വേർതിരിവിന്റെ സമയം.



 

 

Report Page