Story

Story


ഹലോ ശ്രീയേട്ടാ ഇന്ന് നേരത്തെ വരുമോ ഏട്ടൻ. ശാലുന്റെ ചോദ്യം കേട്ടപ്പോൾ ശ്രീനാഥ്‌ ഓർത്തു എന്തുപറ്റി ഇവൾക്ക്.

എന്താടി എന്താ ഞാൻ നേരത്തെ വന്നിട്ട്.നിന്നോടൊന്നു നന്നായിട്ടു മിണ്ടാൻ പോലും പറ്റില്ല. പിന്നെന്തിനാ മോളേ ഞാൻ വന്നിട്ട്.

എന്നും വരുന്ന പോലെ ഞാൻ വന്നേക്കാം നീ എന്തേലും എഴുതിയോ വായിച്ചോ ഇരുന്നോ ശ്രീനാഥ്‌ പറഞ്ഞു.

പറ്റില്ല ഏട്ടൻ നേരത്തെ വരണം വന്നേ പറ്റു.ഇതിനു മുന്നേ ഒരിക്കലും ഞാൻപറഞ്ഞിട്ടില്ലാലോ ഇനി ഒരിക്കലും ഞാൻ ആവശ്യപ്പെടില്ല. പക്ഷേ ഇന്ന് വരണം വന്നേ പറ്റു.

എടി മോളേ നിനക്ക് അറിയാലോ അമ്മയുടെ കാര്യം. അപ്പുറത്ത് കാൾ കട്ടാക്കിയെന്നു ശ്രീനാഥിന് മനസ്സിലായി.

ഈ പെണ്ണിന്റെ ഒരു കാര്യം. ഒന്നിനും വാശിപിടിക്കാത്ത പെണ്ണാണ് ശാലു. പിന്നിപ്പോ എന്താണ് പറ്റിയത് അവൾക്ക്‌.

എന്തിനാണ് നേരത്തെ ചെല്ലാൻ നിർബന്ധം പിടിക്കുന്നത്. എന്തായാലും ഇന്ന് നേരത്തെ ഇറങ്ങാം ഓഫീസിന്നു അവളോട്‌ പറയണ്ട. ചെല്ലില്ല പറഞ്ഞോണ്ട് വിഷമിച്ചിരിക്കുവാകും. അപ്പോൾ നേരത്തെ എത്തുമ്പോൾ അവൾക്കു സന്തോഷമാകും.

ഇങ്ങനെയുള്ള കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെങ്കിലും അവൾക്കു കൊടുക്കാൻ തനിക്ക് പറ്റുന്നില്ല. എങ്കിലും ഒരു പരാതിയുമില്ലാതെ അവൾ കഴിയുന്നു ശ്രീനാഥ്‌ ഓർത്തു.

എത്ര സന്തോഷമായിരുന്നു പ്രണയിച്ചുകൊണ്ടിരുന്നപ്പോൾ തങ്ങളുടെ ലൈഫ് അവൻ ഓർത്തു. പ്ലസ് ടു പഠിച്ച സ്കൂളിലാണ് അവർ കണ്ടുമുട്ടിയത്.

അന്നു മുതൽ നല്ല ഫ്രണ്ട്ഷിപ്പ് ആയി. ഡിഗ്രിക്ക് ഒരു കോളേജിൽ ഒരേ ക്ലാസ്സിൽ സെക്കന്റ്‌ ഇയർ ആയപ്പഴേക്കും അവരുടെ സൗഹൃദം പ്രണയമായി മാറി.

ഡിഗ്രി കഴിഞ്ഞു ശ്രീനാഥ്‌ എം ബി എ കഴിഞ്ഞു അവരുടെ കമ്പനിയിൽ തന്നെ ജോയിൻ ചെയ്യാൻ അവന്റെ അച്ഛൻ പറഞ്ഞത് അനുസരിച്ചു.

ശാലു അവർ പഠിച്ച കോളേജിൽ തന്നെ പി ജി എടുത്തു. രണ്ടുപേരും രണ്ടിടത്താണെങ്കിലും അവർ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു.

പിജി കഴിഞ്ഞു ശാലു വീട്ടിൽ തന്നെ ആയിരുന്നു. ടെസ്റ്റുകളൊക്കെ എഴുതി ജോലിക്ക് ശ്രമിക്കുവാരുന്നു.

ഇതിനിടയിൽ ശ്രീനാഥ്‌ ശാലുവിന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചു ആദ്യം എതിർത്തെങ്കിലും പിന്നീട് ഏക മകന്റെ ആഗ്രഹത്തിന് അവർ വഴങ്ങി.

അങ്ങിനെ കല്യാണം തീരുമാനിച്ചു ഡ്രസ്സ്‌ എടുക്കാൻ ശ്രീനാഥും കുടുംബവും ശാലുവിനെയും കൂട്ടിയാണ് പോയത്.

എല്ലാം കഴിഞ്ഞു തിരികെ വരുന്ന വഴിയിൽ ആക്‌സിഡന്റ് ഉണ്ടായി അവിടെ വെച്ചേ ശ്രീനാഥിന്റെ അച്ഛൻ മരിച്ചു.

അമ്മയും ശ്രീനാഥും കുഞ്ഞു പരിക്കുകളോടെ രക്ഷപെട്ടു. ശാലുവിന്റെ ജീവിതം വീൽ ചെയറിലായി.

അതോടെ കല്യാണം മുടങ്ങി. അവളെ കെട്ടാൻ തീരുമാനിച്ചോണ്ടാ തന്റെ ഭർത്താവ് മരിച്ചതെന്നും മാത്രമല്ല വീൽ ചെയറിൽ ജീവിക്കുന്ന ഒരുത്തിയല്ല എന്റെ മരുമകൾ ആകേണ്ടതെന്നും പറഞ്ഞു ശ്രീനാഥിന്റെ അമ്മ ആ കല്യാണത്തിന് സമ്മതിച്ചില്ല.

അവൾ അല്ലാതെ തനിക്ക് വേറൊരു പെണ്ണ് വേണ്ടെന്ന് ശ്രീനാഥ്‌ ഉറച്ച തീരുമാനം എടുത്തതോടെ അവന്റെ അമ്മക്ക് കല്യാണത്തിന് സമ്മതിക്കാതെ വേറെ വഴിയില്ലെന്നായി.

കല്യാണംനടത്തികൊടുത്തെങ്കിലും അവർഇതുവരെയും ശാലുവിനെ മരുമകളായി അംഗീകരിച്ചിട്ടില്ല.

അവരുടെ കൺമുന്നിൽ പോലും ചെല്ലരുതെന്നാണ്പറഞ്ഞേക്കുന്നത്. ആറു മാസമായി കല്യാണം കഴിഞ്ഞിട്ട്. ഇതുവരെയും ആ അമ്മക്ക് മാറ്റമൊന്നും വന്നിട്ടില്ല.

വീൽചെയറിൽ ഇരുന്നു അവൾ ആ വീട്ടിലെ മുഴുവൻ ജോലികളും ചെയ്യും. എന്നാലും അവർ മകൻ വരുമ്പഴേ കുറ്റങ്ങൾ നിരത്തും.

അതൊക്കെ ശ്രീനാഥിനും ശാലുവിനും ശീലമായി. എന്തു കേട്ടാലും ശ്രീയേട്ടൻ തന്നെ ജീവനോളം സ്‌നേഹിക്കുന്നുണ്ടെന്ന് ശാലുവിന് അറിയാം അതു മാത്രം മതിയാരുന്നു അവൾക്ക്.

അതുകൊണ്ട് അമ്മ പറയുന്നതൊന്നും അവൾ കാര്യമാക്കില്ല.

ശ്രീനാഥ്‌ നേരത്തെ ഓഫീസിൽ നിന്നിറങ്ങി.

വീട്ടിൽ ചെന്നപ്പോൾ അമ്മയെ കണ്ടില്ല.

എന്നും അമ്മ പൂമുഖത്തു ഉണ്ടാകാറുണ്ട് ശാലുവിന്റെ കുറ്റങ്ങൾ നിരത്താൻ.

ഇന്ന് കാണുന്നില്ലാലോ. അമ്മ എവിടെ പോയി. ഹ താൻ ഇന്ന് നേരത്തെ ആണല്ലോ അതാണ്. ശ്രീനാഥ്‌ ഓർത്തു.

ശ്രീനാഥ്‌ നോക്കിയപ്പോൾ ഡോർ ലോക്ക് ചെയ്തിട്ടില്ല. അവൻ അകത്തേക്ക് കയറി അമ്മയെ കാണുന്നില്ല. കാറിന്റെ ശബ്ദം കേട്ടു നോക്കണ്ടിതാണല്ലോ എന്തുപറ്റിയോ.

ശ്രീനാഥ്‌ ചുറ്റിനും നോക്കിയപ്പോൾ വീൽചെയർ ഉരുട്ടിക്കൊണ്ടു ശാലുവന്നു.

നോക്കണ്ട ഏട്ടാ അമ്മ ഇവിടില്ല. അതുകൊണ്ടല്ലേ നേരത്തെ വരാൻ പറഞ്ഞത്. ശാലു പറഞ്ഞു.

ങേ അമ്മ എവിടെ പോയി. ശ്രീനാഥ്‌ ചോദിച്ചു.

അത് അമ്മായി വീണെന്ന്. ഹോസ്പിറ്റലിൽ ആണ്. അമ്മാവൻ വിളിച്ചു പറഞ്ഞു. അതുകൊണ്ട് പോയതാ. നാളെ വരികയുള്ളു.

അമ്മയില്ല പറഞ്ഞു കൂടുതൽ നെഗളം ഒന്നും വേണ്ടാ നാളെ തന്നെ ഞാനിങ്ങെത്തും എന്നു പറഞ്ഞ അമ്മ പോയത് ശാലു പറഞ്ഞു.

ആഹാ കൊള്ളാമല്ലോ എങ്കിൽ എന്റെ മോളു വേഗം റെഡി ആകു നമ്മൾ പുറത്തു പോകുന്നു. ഒരു മൂവി കണ്ടു പുറത്തൂന്നു ഭക്ഷണം കഴിച്ചു നമുക്കൊന്ന് കറങ്ങീട്ടൊക്കെ വരാമെടി.

നീ വിളിച്ചപ്പഴേ പറയണ്ടാരുന്നോ എങ്കിൽ ഞാൻ അന്നപ്പഴേ ഇങ്ങു പോന്നേനല്ലോ. ശ്രീനാഥ്‌ പറഞ്ഞു.

ഹേയ് അതൊന്നും സാരമില്ലന്നെ. ഏട്ടൻ നേരത്തെ വന്നല്ലോ എനിക്ക് അതുമതി. എങ്ങും പോകണ്ട ഏട്ടനെ എന്റെ കൂടെ കുറച്ചുനേരം സ്വസ്ഥമായി കിട്ടിയാൽ മതി.

രാത്രി ബെഡ്‌റൂമിൽ അല്ലാതെ എന്റേട്ടനെ എനിക്ക് കാണാൻ പോലും കിട്ടാറില്ലാലോ. അത് പറഞ്ഞപ്പഴേക്കും അവളുടെ കണ്ണു നിറഞ്ഞിരുന്നു.

ഒരിക്കൽ പോലും അവളെ കണ്ണു നിറഞ്ഞു താൻ കണ്ടിട്ടില്ല. പക്ഷേ അവൾ എല്ലാം ഉള്ളിൽ അടക്കുവാ രുന്നെന്നു ശ്രീനാഥിന് മനസ്സിലായി.

സോറി മോളേ ഏട്ടനോട് ക്ഷമിക്കു എല്ലാം നല്ലതായി വരും. നീ റെഡി ആക് അപ്പഴേക്കും ഞാൻ കുളിച്ചിട്ട് വരാം. നമ്മൾ ഞാൻ പറഞ്ഞത് പോലെ ഇന്നു പുറത്ത് പോകുന്നു. എന്നും പറഞ്ഞു കുളിക്കാൻ കയറി.

അവൻ ഇറങ്ങി വന്നപ്പഴേക്കു ശാലു റെഡി ആയിരുന്നു. കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാൻ പോയ സമയത്ത് ശ്രീനാഥിന് ഇഷ്ട്ടപ്പെട്ടെടുത്ത ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത്. അതൊന്നും അവൾ ഉപയോഗിച്ചിരുന്നില്ല.

അവന്റെ കണ്ണു നിറഞ്ഞു അവളെ കല്യാണ ശേഷം ഇങ്ങനെ കണ്ടിട്ടേ ഇല്ല. അവൻ പതിയെ അവളുടെ അടുത്തു ചെന്നു നെറുകയിൽ ഒരുമ്മ കൊടുത്തു. നെഞ്ചിലേ വിങ്ങൽ രണ്ടുപേരും മറച്ചു സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ എന്നു രണ്ടാൾക്കും അറിയില്ലായിരുന്നു.

വേഗം ശ്രീനാഥും റെഡി ആയി വന്നു.

വീൽചെയറിൽ നിന്നു അവളെ കോരിയെടുത്തു കാറിൽ കൊണ്ടിരുത്തി. തിരികെ പോയി ഡോർ ലോക്ക് ചെയ്തു വന്നു വണ്ടി സ്റ്റാർട്ടാക്കി ശാലുവിനെ നോക്കി.

ഇതുവരെ കാണാത്ത ഭാവത്തോടെ അവൾ അവനെയും നോക്കി. അവരുടെ നോട്ടം റോഡിലേക്കായി ഈ വൈകിയ സമയം തങ്ങളുടേതാക്കാനുള്ള തിടുക്കമായിരുന്നു രണ്ടാൾക്കും.

സിന്ധു ആർ നായർ

Report Page