Story

Story

Posting: ~ കട്ടക്കലിപ്പൻ

" ഈ ടിക്ടോക്ക് ഒന്നുമല്ല മോളെ ജീവിതം . നീ ഒന്നു മിണ്ടാതെ കുടിക്കാൻ കുറച്ച് വെള്ളം കൊണ്ടു വാ "  ജോലിക്കിടയിൽ തന്റെ നേരെ മൊബൈൽ തിരിച്ചുപിടിച്ച ഭാര്യ അഭിരാമിയോട് മനു പറഞ്ഞു .

   " ഓ പിന്നെ എന്നിട്ട് എല്ലാരും ചെയ്യുന്നുണ്ടല്ലോ പിന്നെന്താ ?"

" എല്ലാരും ചെയ്തോട്ടെ എന്നെ അതിൽ പെടുത്തണ്ട "

   '' അതെന്താ . ഞാനെടുക്കും "

   " നീ പോയി വെള്ളം എടുക്ക് . എപ്പൊ നോക്കിയാലും മൊബൈലും കുത്തിക്കൊണ്ട് നിൽക്കാതെ "

   '' അയ്യട . അതിനിപ്പൊ എന്താ ? ഞാനെന്റെ പണി മുഴുവൻ തീർത്തിട്ടാ മൊബൈല് നോക്കുന്നേ "

     " ഹാ . മൊബൈലു നോട്ടം കുറച്ച് കൂടുന്നുണ്ട് "

   " ഓ പിന്നെ . ഞാൻ ഏതു സമയം നോക്കുബൊഴും മനു ഏട്ടനും ഉണ്ടാകുമല്ലോ ഓൺലൈനേൽ. എന്നാൽ ഞാനെന്തേലും മെസേജയച്ചാൽ കണ്ടഭാവം ഉണ്ടാവേം ഇല്ല . സത്യം പറ ഏതു പെണ്ണിനോടാ നിങ്ങളു ചാറ്റികൊണ്ടിരിക്കുന്നേ ?"

     " നിന്റെമ്മയോട് "

" ദേ എന്റെമ്മയെ പറഞ്ഞാലുണ്ടല്ലോ "

     " പറഞ്ഞാലെന്താ ഇനീം പറയും "

    " എന്നാ ഞാനും പറയും "

" ആരെ നിന്റെച്ചനെയോ ?"

    " ദേ മതീട്ടോ .എനിക്ക് ദേഷ്യം വരുന്നുണ്ട് "

     ''ദേഷ്യോ എവിടുന്നാ വരുന്നേ ? " കയ്യിലുള്ള കത്തി പ്ലാസ്റ്റിക്ക് കയർ ഇടതു കൈയിൽ പിടിച്ച് അവളുടെ മുക്കിൽ പിടിച്ചുവലിച്ചു . " ഇവിടുന്നാണോ ?"

     " ദേ . " കൈതട്ടിമാറ്റികൊണ്ട് അവൾ ചുറ്റും നോക്കി .

   '' അവിടെ വായ്നോക്കി നിൽക്കാതെ പോയിട്ട് ആ സ്റ്റൂൾ എടുക്ക് .അല്ലാതെ കയർ അവിടെ കെട്ടാൻ കൈ എത്തില്ല " 

      " തോട്ടിപോലെ നീളം ഉണ്ടല്ലോ എന്നിട്ടും എത്തുന്നില്ലേ ?"

   " തോട്ടി നിന്റെച്ചൻ രാഘവൻ "

  " ദേ മനുഷ്യാ കൊറേ നേരായി ഷമിക്കുന്നു . ഇന്നാ സ്റ്റൂൾ "  

      " അവിടെ വെച്ചിട്ട് പോകല്ല . സ്റ്റൂൾ പിടിക്കണം " കയർ കൈയിലെടുത്ത് മനു സ്റ്റൂളിലേക്ക് കേറി . വീടിന്റെ മൂലയ്ക്കുള്ള ഹൂക്കിൽ കയർ കെട്ടാൻ തുടങ്ങി .
      " അഭീ നീ മേലോട്ട് നോക്കിയേ " കുനിഞ്ഞു നിന്നും സ്കൂൾ പിടിക്കുന്ന അഭിയോട് മനു പറഞ്ഞു .

   " എന്താ ?"

" അല്ല എന്തേലും കാണുന്നുണ്ടോ എന്നു "

    " പോ ജന്തൂ . നാണമില്ലല്ലോ . "

    " ശെടാ നാണിക്കാൻ എന്താ ഞാൻ എല്ലാം ഇട്ടിട്ടുണ്ടല്ലോ. സംശയം ഉണ്ടെ നോക്കിക്കോ ''
    " എനിക്കൊരു സംശയോം ഇല്ല പൊന്നേ . കെട്ടി കഴിഞ്ഞെങ്കിൽ വേഗം ഇറങ്ങ് "

     ലക്ഷ്യം മുറ്റത്ത് പേഷൻഫ്രൂട്ടിന്റെ വള്ളി പടർത്തലാണ് . വളർന്നു വരുന്നേ ഉള്ളു. അതിനു പടർന്നു കയറാൻ മുറ്റത്ത് കയർ കെട്ടി ഒരു പന്തൽ ആക്കണം . അതിനുള്ള തത്രപാടാണ് . കൂലിപണിയും കഴിഞ്ഞ് വന്ന് കുറച്ച് നേരം മുറ്റത്തും ചുറ്റുപാടും ഉള്ള കൃഷിയിടത്തിൽ കുറച്ച് നേരം അതു കഴിഞ്ഞ് കുറച്ച് നേരം ക്ലബിൽ പോകും . ചിലപ്പോൾ പോകാതെയും ഇരിക്കും . കൃഷി എന്നു പറഞ്ഞാൽ അത്രയ്ക്കൊന്നും ഇല്ല . സ്ഥലപരിമിതിയിൽ കുറച്ച് പയറും വഴുതനയും പച്ച മുളകും കാന്താരിയും തക്കാളിയും അങ്ങനെ വീട്ടാവിശ്യത്തിനുള്ളത് .

   '' മനു ഏട്ടാ ഈ സൈഡിൽ വേണ്ടേ ?"

    '' ആദ്യം ഈ സൈഡ് കെട്ടാം എന്നിട്ട് പിന്നെ അങ്ങോട്ടേക്ക് നീട്ടി കൊണ്ടു പോകാം . പടരുന്നതിനനുസരിച്ച് "

    " ആ . ഞാൻ ചായ വെക്കട്ടെ . പിള്ളേരു വരാറായി വെള്ളം വെച്ചിട്ട് ഇപ്പൊ വരാം "

   '' ഓ ആയിക്കോട്ടെ മേഡം "

'' മേഡം അല്ല മിഥുനം " അകത്തേക്ക് കേറിപോകുന്നതിനിടയിൽ അവൾ പറഞ്ഞു .
   മനു ഓരോ കയർ നീളം അനുസരിച്ച് മുറിചെടുക്കാൻ തുടങ്ങി . അപ്പൊൾ പിന്നെ ഒരുമിച്ച് കെട്ടിയാൽ മതിയല്ലോ .
     " ഓയ് . മനൂ എന്താ പരിപാടി ?"    വേലിക്കപ്പുറത്ത് നിന്നുമാണ് . അടുത്തവീട്ടിലെ ഫാത്തിമയാണ് .

     " ഏയ് ഒന്നൂല്ല . ഞാൻ ഈ പാഷൻ ഫ്രൂട്ടിന് പടരാനുള്ള പന്തൽ കെട്ടുവാ.

    " ഓ . അഭി എവിടെ ?"

" അകത്തുണ്ട് . ഇത്ര നേരം ഇവിടേണ്ടാരുന്നു . വിളിക്കണോ?''

      " ഓ വേണ്ട . ചുമ്മാ ചോദിച്ചതാ ''

   " ഹസ് വിളിച്ചോ . ഇപ്പൊ എങ്ങാനും വരുന്നുണ്ടോ ?"

    " രാവിലെ വിളിച്ചിരുന്നു . ഇപ്പൊ ഒന്നും വരില്ലെടാ . ഇനീം കൊറേ പണി ഇല്ലേ വീടിന്റെ . അതൊക്കെ തീർക്കാൻ പൈസവേണ്ടേ ?''

    " ഇതെന്തിനാ ഇത്രേം വല്ല്യ വീടെടുത്തേ . ഒതുങ്ങുന്ന വീട് എടുത്താൽ പോരാരുന്നോ ?"

   " ഇനി പറഞ്ഞിട്ടെന്താ കാര്യം ."

    " വീടിന്റെ പണി കഴിയുംബൊഴേക്കും പിള്ളേരു വലുതാകും .പിന്നെ അവരുടെ കല്യാണം ആകും ചുരുക്കി പറഞ്ഞാൽ ഹസ് നാട്ടിലേക്ക് വരില്ല . വിളിക്കുംബൊ ഞാൻ ചോദിച്ചു എന്നു പറ "

    '' ഓ പറയാം "

" എന്റെ ബലമായ സംശയം പുള്ളിക്കാരൻ അവിടെ അറബിപ്പെണ്ണിനെ കല്ല്യാണം കഴിച്ചിട്ടുണ്ടെന്നാ "

    " പോടാ അവിടുന്ന് " കൈയ്യിൽ കിട്ടിയ കല്ലെടുത്ത് എറിയാൻ തുനിഞ്ഞു .

    " അല്ല പറയാൻ പറ്റില്ലേ. ചിലപ്പൊ അങ്ങനൊക്കെ ഉണ്ടാകും . എന്റെ ഫ്രണ്ട്സൊക്കെ പറയുന്നത് കേൾക്കാം ഇവിടുള്ളവർക്ക് അവിടെ ഭാര്യയും മക്കളുമൊക്കെ ഉള്ള കാര്യം "

   " ഡാ മനൂ നീ എന്റെ കൈയ്യീന്ന് വാങ്ങിക്കും കെട്ടോ "    അവൾ ചിരിച്ചു .   " ഡീ അഭീ നിന്റെ കെട്ട്യോന് ചവിട്ടു കിട്ടാത്തതിന്റെ കേടുണ്ട് കെട്ടോ "  അകത്തു നിന്നും 2 ഗ്ലാസിൽ കട്ടൻ ചായയുമായി അഭി മുറ്റത്തേക്കിറങ്ങി . ഒരു ഗ്ലാസ് മനുവിനും കൊടുത്ത് അടുത്ത ഗ്ലാസ് വേലിക്കരികിൽ പോയി ഫാത്തിമയ്ക്ക് നേരെ നീട്ടി .

     " എനിക്ക് അരഗ്ലാസ് മതി "

" അതു പറ്റില്ല . വെച്ചിട്ടില്ലെന്നു കരുതിയാണോ? അകത്ത് ഉണ്ട് " ചായ ഗ്ലാസ് കൊടുത്ത്  അകത്ത് പോയി അവൾക്കുള്ള ചായയും ഒരു കൈയിൽ ഷർട്ടും എടുത്ത് വന്നു .

   " ദാ ഷർട്ട് . വെറുതെ മേല് പുഴു തട്ടും " 

    " ഓ ഇനീപ്പൊ കുളിക്കാൻ നോക്കുംബൊ ഷർട്ട് വേണ്ട "

   " എന്നാ ഈ തോർത്ത് ചുമലിലിട്ടേക്ക് "

    " നിനക്കിപ്പൊ എന്താ വേണ്ടത് . അടുക്കളേൽ പോകും വഴി നിന്റെ തല വല്ലടത്തും മുട്ടിയോ ?"

   " ഒലക്ക " അവൾ ചെറിയ ദേഷ്യത്തോടെ അതു പറയുംബോൾ '' ഇതെന്തു പറ്റി ഈ പെണ്ണിന് " എന്ന ചിന്തയായിരുന്നു .

    " അഭീ ഈ ഗ്ലാസ് അങ്ങോട്ടെടുത്തേ . എന്റെ കറി അടുപ്പത്ത് കരിഞ്ഞു എന്നാ തോന്നുന്നേ "    ഫാത്തിമ പോയപ്പോഴാണ് അഭി മുഖം കൂർപ്പിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങിയത് .

  " ഒരു ദിവസം പോലും പറഞ്ഞാൽ കേൾക്കൂലല്ലോ എപ്പൊ നോക്കിയാലും ഷർട്ടിടാതെ മുറ്റത്ത് നിന്നോളും നാണമില്ലാതെ "

    " ശ്ശെടാ അതിനിപ്പൊ ഇവിടെന്താ ഉണ്ടായെ ?"

    " ഒന്നും ഉണ്ടായില്ല . പെണ്ണുങ്ങളെ കാണിക്കാൻ നടക്കുവാണല്ലോ . മതി മുറ്റത്തൂന്നു ഷോ കാണിച്ചത് പോയി കുളിക്ക് . പിള്ളേരു വരാൻ ആയി . ഞാൻ റോഡിലേക്ക് പോകട്ടെ "

      " ഇതൂടെ കഴിഞ്ഞ് കുളിക്കാം . നീ പോയി കുട്ടികളെ ഒങ്ങോട്ടേക്ക് വിളി . വണ്ടി ഇപ്പൊ വരും .നിന്നെയും കാത്ത് ഡൈവർ നിൽക്കുന്നുണ്ടാകും. നിന്നെ ഒക്കെ കാത്തിരിക്കാൻ ഡ്രൈവറെങ്കിലും ഉണ്ടല്ലോ . പാവം ഞാൻ . "
       
    " ദേ വൃത്തികേടു പറഞ്ഞാലുണ്ടല്ലോ . ഒറ്റക്കുത്തുവെച്ചു തരും പറഞ്ഞേക്കാം "
      
       " നിനക്ക് എന്നെ നാട്ടിലുള്ള മുഴുവൻ പെണ്ണുങ്ങളേം ചേർത്ത് പറയാം .ഞാനെന്തേലും പറഞ്ഞാൽ എന്നെ ചാടി കടിക്കും "

    " ആ അതൊക്കെ അങ്ങനെയാ . ഞാൻ അങ്ങനൊക്കെ പറയും എന്നു വെച്ച് എന്നെ പറഞ്ഞാലുണ്ടല്ലോ "

     " അയ്യs എന്താ ചിരി. നടക്ക് ഞാനും വരുന്നു പിള്ളേരെ കൂട്ടാനും പിന്നെ ''

   " പിന്നെ ?"

"പിന്നെ നമ്മുടെ ഡ്രൈവറെ കാണാനും "
      പറഞ്ഞു തീരും മുൻപ് കൈ നുള്ളിയെടുത്തിരുന്നു അവൾ.
    " ആഹ് . എന്റെ കൈ . ''

" ആ വേണം . നാവ് നന്നായില്ലെങ്കിൽ ഇനീം കിട്ടും . ബാക്കി ഞാൻ രാത്രി തരാം" 
     
     അച്ചനേം അമ്മയേം ഒന്നിച്ച് കണ്ടതിലാവണം കുട്ടികൾ ഇറങ്ങി ഓടുവാരുന്നു . ഒരാൾ 2 ലും മോൾ LKG യും പഠിക്കുന്നു . ബേഗ് വേഗം അമ്മയ്ക്ക് കൊടുത്ത് അച്ചന്റെ കൈയിൽ തൂങ്ങി വീട്ടിലേക്ക് നടന്നു .
   '' അമ്മേ ഇതാരാ മുറ്റത്ത് പന്തലിട്ടേ " മോൻ അപ്പുവിന്റെയാണ് ചോദ്യം

   " അച്ചനും ഞാനും . "

" എന്തിനാ ?" അവന്റെ കണ്ണിൽ അപ്പൊഴും സംശയം .

  " അത് അമ്മ പറഞ്ഞു അപ്പൂന്റെ ക്ലാസിലെ അശ്വതിക്കുട്ടിയെ അപ്പൂനെ കൊണ്ട് കല്ല്യാണം കഴിപ്പിക്കണം എന്ന് . അതിനു കെട്ടിയതാ. അമ്മ പറഞ്ഞിട്ട്  "
   ചോദ്യം അവളോടായിരുന്നെങ്കിലും മറുപടി പറഞ്ഞത് മനു ആയിരുന്നു . അതിന്റെ പ്രത്യാഘാതം അവൾക്ക് കിട്ടുകയും ചെയ്തും .
  അപ്പു ഓടിച്ചെന്ന്  നൈറ്റിയിൽ പിടിച്ച് അവളുടെ കൈത്തണ്ടയിൽ കടിച്ചു .
    " അമ്മേ എന്റെ കൈ . നിന്റെച്ചനെ പോയിക്കടാ. അച്ചനാ അങ്ങനെ പറഞ്ഞെ " അവൾ കൈ വലിച്ച് എന്നെ നോക്കി . " അല്ലേലും നിങ്ങളെ എന്റെ നാശത്തിനേ എത്തിക്കൂ . ചിരിച്ചോ അവിടുന്ന് "  മനുവിന്റെ ചിരി കണ്ടിട്ട് അവൾക്ക് പിന്നേം അരിശം കേറി.
   " മുഖം കഴുകി ചായ കുടിക്ക് . അമ്മ ബിസ്കറ്റ് എടുക്കട്ടെ കെട്ടോ " അവൾ അകത്തേക്ക് നടന്നു .കുട്ടികൾക്ക് ചായകൊടുത്തു .
" മനു ഏട്ടൻ കുളിക്കുന്നില്ലേ ?"

    " ആ വരുന്നു ." മനു തോർത്ത് എടുത്ത് ചുമലിലിട്ടുകൊണ്ട് അടുക്കളയിലേക്ക് നടന്നു .

   " ദേ കണ്ടോ . ആ ചെക്കൻ നല്ലകടിയാ തന്നത് ."  മനുവിന്റെ നേരെ കൈ നീട്ടി . പാവം നല്ലോണം വേദനിച്ചുന്നുതോന്നുന്നു . ആ മുഖഭാവം കണ്ടപ്പോൾ തോന്നി. " നിങ്ങളു വെറുതേ ആ ചെക്കനെ ദേഷ്യം പിടിപ്പിച്ചിട്ട് എന്റെ കൈ വേദനിക്കുന്നുണ്ട് "

     " ആ സാരമില്ല . നിന്റെ മോനല്ലെ "

   " ഹൊ . പല്ലിന് എന്ത് മൂർച്ചയാ "

   '' ഹാ കൊടുത്താൽ കൊല്ലത്തും കിട്ടും " അതും പറഞ്ഞ് കുളിമുറിയിൽ കേറി വാതിലടയ്ക്കും മുൻപ് അഭിയുടെ പല്ല് അവന്റെ ഷോൾഡറിൽ അമർന്നിരുന്നു .

     '' ഇപ്പൊ കിട്ടീലെ ?" അവൾ പിൻതിരിഞ്ഞ് റൂമിലേക്ക് ഓടി കതകടച്ചു . പിന്നാലെ ഓടിയെങ്കിലും കതകടച്ചതുകാരണം ഹാളിൽ നിൽക്കേണ്ടി വന്നു .

   " അച്ചാ ഇവളെന്നെ പേരു മാറ്റി വിളിക്കുന്നു " അപ്പു പരാതിപ്പെട്ടു .

   " എന്താ വിളിച്ചെ ?"

" അത് അശ്വതീന്ന് " അവന് അത് പറയാൻ ഒരു മടി . ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല . മനു വേഗം കുളിമുറീൽ കേറി വാതിലടച്ചു .

    " അപ്പൂ മോനൊരു പഴംഞ്ചൊല്ലു കേൾക്കണോ ?..... കൊടുത്താൽ കൊല്ലത്തും കിട്ടും "

     " നിന്റെച്ചനോട് പോയിട്ട് പറ . " മനു കുളിമുറിയിൽ നിന്നും വിളിച്ചു പറഞ്ഞു .
    ആ കതകിനും ഇപ്പുറം അഭി വാപൊത്തി ചിരിക്കുന്നുണ്ടായിരുന്നു .

anu Knr
Kl58

Report Page