Story

Story

VipinPkd

ടി , ഇത്രയും സ്നേഹമുണ്ടായിട്ടും നീ എന്തെ അന്ന് എന്നെ കെട്ടിപ്പിടിക്കാഞ്ഞതെന്ന ചോദ്യത്തിനു അവളുടെ മുഖം ഉരുണ്ട് കയറുന്നത് കണ്ടിട്ടാണു എന്റെ ഓർമ്മകൾ ആ കോളേജ് ലൈഫിലേക്ക് ഒന്നുടെ പോയത്...


അളിയ, ആദ്യം നിന്റെ തടിയൊന്ന് കുറക്ക്... എന്നിട്ട് നമ്മുക്ക് ആലോചിക്കാം അവളോട് ഇഷ്ടം പറയണോ വേണ്ടായോ എന്ന ഫർഹാന്റെ കളിയാക്കലിൽ ആദ്യം മനസ്സ് ഒന്ന് പിടഞ്ഞെങ്കിലും, കുഞ്ഞു നാൾ മുതലെ തടിയാ എന്ന് വിളി കേൾക്കുന്ന ഞാനിത് ചിരിച്ച് തള്ളി..


ആസിയ അതായിരുന്നു അവളുടെ പേര് , കോളേജിലെ സകല പൂവാലന്മാരും അവളുടെ പുറകെ നടക്കാൻ മാത്രമുള്ള സൗന്ദര്യമുള്ളവൾ,ആരോടും ദേഷ്യപ്പെടാത്ത , നുണക്കുഴി വിരിയുന്ന ചിരിയായിരുന്നു അവളിലേക്ക് പലപ്പോഴും എന്നെ അടുപ്പിച്ചത്...


ജീവിതത്തിൽ ആദ്യമായി തോന്നിയ ഇഷ്ടം തന്റെ തടി കാരണം നഷടമാകുമല്ലോ... ഓർത്തപ്പോൾ , ഇപ്പോഴും നേരിൽ കാണുമ്പോഴെല്ലാം എന്റെ മോൻ ക്ഷീണിച്ച് പോയല്ലോന്ന് പറഞ്ഞ് സങ്കടപ്പെടുന്ന ഉമ്മാനോട് ചെറിയൊരു ദേഷ്യം തോന്നി, ഇനി എന്ത് വന്നാലും ഇന്ന് മുതൽ തടി കുറച്ചിട്ടെ ബാക്കി കാര്യമുള്ളുന്ന് ചിന്തിച്ചിരുക്കുമ്പോഴാണു ഫർഹാൻ എന്റെ തോളിൽ പിടിച്ചത്...


അളിയ നീ വിഷമിക്കണ്ട , നാളെ മുതൽ നമ്മൾ രാവിലെ ഓടാനിറങ്ങും, ഒരു മാസം കൊണ്ട് നിന്റെ വണ്ണം ഞാൻ കുറപ്പിച്ചെടുക്കും എന്ന് അവൻ പറഞ്ഞത് തമാശയായിട്ടല്ല എന്ന് മനസ്സിലായത്, നേരം വെളുക്കും മുമ്പെ ട്രാക്ക് സ്യുട്ടും ഇട്ട് എന്റെ വീടിന്റെ മുന്നിൽ നിൽക്കുന്ന അവനെ കണ്ടപ്പോഴായിരുന്നു.. ഓടിയും നടന്നും ഞാൻ കുഴഞ്ഞതല്ലാതെ തടിയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

അപ്പോഴാണു ക്ലാസിലെ മൊഞ്ചന്റെ കണ്ണിൽ ആസിയ ഉടക്കിയെന്ന വാർത്ത ഞാനറിഞ്ഞത്, അവനു മുമ്പെ എങ്ങനെയെങ്കിലും അവളോട് പറയണമെന്നുള്ളത് കൊണ്ട് ക്ലാസ് കഴിഞ്ഞ് അവൾ വരുന്ന വഴിയിൽ കാത്ത് നിന്നെങ്കിലും അവളുടെ മുഖം കണ്ടപ്പോഴേക്കും നാക്ക് കുഴഞ്ഞത് കൊണ്ട് അത് നടന്നില്ല, എന്നെ മയക്കുന്ന ആ ചിരിയും നൽകി അവൾ അവിടെ നിന്ന് നടന്ന് നീങ്ങിയപ്പോൾ, എന്നെ പറഞ്ഞ് വിട്ടിട്ട് ക്ലാസ് റൂമിൽ ഒളിഞ്ഞ് നിന്ന് നോക്കിയ ചങ്കെന്റെ തന്തക്ക് വിളിക്കുന്നത് എനിക്ക് കേൾക്കമായിരുന്നു...


തടിയനായത് കൊണ്ട് ആൺ പെൺ വ്യത്യാസമില്ലാതെ എന്നെ കെട്ടിപ്പിടിക്കാൻ എല്ലാവർക്കും ഇഷ്ടമായിരുന്നത് കൊണ്ടാകണം ക്ലാസ് തീരുന്നതിന്റെ അന്ന് എല്ലാവരും കെട്ടിപ്പിടിച്ച് സന്തോഷത്തോടെയും സങ്കടത്തോടെയും വിടപറഞ്ഞപ്പോഴും അവൾ മാത്രം എന്റെ മുഖത്ത് നോക്കാതെ നടന്ന് അകന്നത് നിറകണ്ണുകളോടെ നോക്കി നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളു....


പോട്ടളിയ അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം ഇങ്ങനാ, നീ വന്നെ എന്ന് പറഞ്ഞ് എന്നെയും കൊണ്ട് ചങ്ക് പുറത്തെക്കിറങ്ങിയപ്പോഴേക്കും അവൾ അവിടെ കാത്ത് നിൽപ്പുണ്ടായിരുന്നു, ദേ തടിയ മര്യാദക്ക് വീട്ടിൽ വന്ന് പെണ്ണു ചോദിച്ചു എന്നെ കെട്ടിക്കൊണ്ട് പോയില്ലെങ്കിലുണ്ടല്ലോ എന്നവളുടെ വാക്കുകൾ സ്വപ്നമല്ലായിരുന്നുവെന്ന് മനസ്സിലാക്കൻ കവിളിൽ അവളൊന്നു അമർത്തി നുള്ളേണ്ടി വന്നു...


വർഷങ്ങൾക്ക് ശേഷം, പ്രണയ സാക്ഷാത്കാരത്തിന്റെയന്നു , ആദ്യരാത്രിയിൽ റൂമിലേക്ക് കയറി ചെന്ന ഞാൻ കണ്ടത് വണ്ണം കുറക്കാൻ വേണ്ടി ഞാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെല്ലാം കൂടി പറക്കി കെട്ടി മൂലക്കിട്ടിരുക്കുന്നത് കണ്ടിട്ട് അവളുടെ മുഖത്തേക്ക് നോക്കുന്നത് കണ്ടിട്ടാണു എനിക്ക് ഈ തടിയനെയാ ഇഷ്ടം, അല്ലാതെ ജിമ്മനെയല്ലാന്നുള്ള അവളുടെ വാക്കുകൾ കേട്ടിട്ടാണു.....


വീണ്ടും ഞാൻ എന്നിട്ടാണോടി ക്ലാസ് കഴിഞ്ഞതിന്റെ അന്ന് നീ ഒന്ന് തൊട്ട് പോലും നോക്കാതെ പോയതെന്ന ചോദ്യത്തിനു, കണ്ട പെണ്ണുങ്ങളെല്ലാം കെട്ടിപ്പിടിക്കാൻ നിന്ന് കൊടുത്തിട്ട് എനിക്ക് നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിട്ടാണ് ഞാൻ മുഖത്ത് നോക്കാതെ പോയതെന്ന് എന്റെ കുട വയറിൽ ഒന്ന് അമർത്തി നുള്ളിയിട്ട് അവൾ പറഞ്ഞപ്പോൾ എന്റെ രണ്ട് കൈകൾ കൊണ്ട് പഞ്ഞികെട്ടെന്ന് അവൾ കളിയാക്കുന്ന എന്റെ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചിരുന്നു ഞാൻ...

Report Page