Story

Story

VipinPkd

എന്റെ കല്യാണത്തിന് രണ്ടാഴ്ച്ചയുള്ള ഒരു വൈകുന്നേരമാണ് അമ്മ തല ചുറ്റി വീണത്..


അച്ഛനും ഞാനും താങ്ങിയെടുത്ത് വണ്ടിയിലിട്ടു ഹോസ്പിറ്റലിൽ എത്തിച്ചു..


തൊട്ടടുത്തുള്ള ദീപാന്റിയുടെ ക്ലിനിക്കിലേക്കായിരുന്നു കൊണ്ടുവന്നത്..


അമ്മയെ പരിശോധിച്ചു ഒരു മണിക്കൂർ കഴിഞ്ഞ് നിറഞ്ഞ ചിരിയുമായാണ് ദീപാന്റി പുറത്തേക്ക് വന്നത്..


" എല്ലാം കൊണ്ടും സന്തോഷ വാർത്തയാണല്ലോ മീനു " 

ആന്റി പറഞ്ഞതിന്റെ അർത്ഥം എനിക്ക് പിടി കിട്ടിയില്ല..


അച്ഛനോട് മുറിയിലേക്ക് പോകാൻ പറഞ്ഞു ആന്റി എന്റെടുത്ത് വന്നിരുന്നു..


"മോൾക്ക് ഒരു കൂടെപിറപ്പ് വരാൻ പോകുന്നു, ഒരനിയനോ അനിയത്തിയോ "


ദീപാന്റിയുടെ വാക്കുകൾ മനസ്സിലാക്കാൻ എനിക്ക് ഒരു പാട് സമയം വേണ്ടി വന്നു..


സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ ഞാൻ മരവിച്ചു നിന്നു പോയി..


എന്റെ മനസ്സ് നിറയെ അപ്പോൾ വിഷ്ണുവേട്ടന്റെ മുഖമായിരുന്നു, വിഷ്ണുവേട്ടൻ ഇത് അസപ്റ്റ് ചെയ്യുമോ എന്ന ഭയം..


അവരുടെ വീട്ടുക്കാർ എന്തു കരുതും എന്ന പേടി..


നീണ്ട 20 വർഷങ്ങൾക്ക് ശേഷം അമ്മ ഗർഭിണിയായിരിക്കുന്നു!!!


അമ്മയുടെ ആദ്യ ഗർഭം..


പ്രത്യേകിച്ച് കുഴപ്പങ്ങളില്ലാത്ത അച്ഛനുമമ്മയും കുഞ്ഞുങ്ങളുണ്ടാകാൻ വൈകിയപ്പോൾ കിട്ടിയ ഭാഗ്യമാണ് തന്റെ ജീവിതം..


സ്വർഗ്ഗ തുല്യമായ ജീവിതം..


ഇപ്പോൾ അമ്മ ഗർഭിണിയാണന്ന്!!


അതും തന്റെ പ്രണയ സാഫല്യത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ..


എന്റെ മനസ് എനിക്ക് പിടിക്കിട്ടിയില്ല..

ആകെ മരവിച്ച അവസ്ഥ..


കല്യാണം തീരുമാനിച്ചില്ലങ്കിൽ ഒരു പക്ഷേ...

അല്ല,

തീർച്ചയായും ഞാൻ തുള്ളി ചാടിയേനേ..


അത്രമാത്രം ഒരു കൂടെ പിറപ്പില്ലാത്ത സങ്കടം എന്നും ഉണ്ടായിരുന്നു..


മിടിക്കുന്ന ഹൃദയവുമായാണ് അമ്മയുടെ മുറിയിലേക്ക് ഞാൻ കയറിയത്..


അപ്പോൾ അച്ഛൻ അമ്മയുടെ നെറുകയിൽ ചുംബിക്കുന്നുണ്ടായിരുന്നു..


അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..


അവർ സന്തോഷത്തിലാണന്ന് ആ നിമിഷം എനിക്ക് മനസിലായി..


ഞാൻ വന്നതറിഞ്ഞാവണം അച്ഛൻ എണിറ്റു എനിക്ക് മുഖം തരാതെ പുറത്തേക്ക് നടന്നു..


എന്റെ മുഖത്തേക്ക് നോക്കാനാവാതെ അമ്മ പുറത്തേക്ക് കണ്ണും നട്ട് കിടക്കുന്നു..


"അമ്മാ"

എന്റെ വിളി കേട്ടിട്ടും അമ്മ മുഖത്തേക്ക് നോക്കാൻ മടിച്ചു..


മുറിയിൽ നിശബ്ദത കളിയാടി..

മിനുറ്റുകൾക്ക് മണിക്കൂറിന്റെ ദൈർഘ്യം അനുഭവപ്പെട്ടു..


"മീനു " 

ഒടുവിൽ അമ്മ തന്നെ എന്നെ വിളിച്ചു അടുത്തിരുത്തി..


എന്നോട് എന്തു പറയണമെന്നറിയാതെ അമ്മ കുഴങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു..


ദീപാന്റിയും അച്ഛനും മുറിയിലേക്ക് വന്നപ്പോൾ അമ്മ പറഞ്ഞു:


"ഈ കുഞ്ഞ് വേണ്ട ദീപ, വൈകിയ സമയം ഒട്ടും ശരിയാവില്ല "


അതു പറഞ്ഞപ്പോൾ അമ്മയുടെ നെഞ്ചു പൊടിഞ്ഞത് ഞാൻ അറിയാഞ്ഞിട്ടല്ല, മനസ്സിൽ വിഷ്ണുവേട്ടനായിരുന്നു..


നാലു വർഷം പ്രണയിച്ചു സ്വന്തമക്കാൻ ആഗ്രഹിച്ച പുരുഷൻ..


പല എതിർപ്പുകളെയും അവഗണിച്ചാണ് ഈ ബന്ധം വിവാഹത്തിലെത്തി നിൽക്കുന്നത്..


അമ്മ ഗർഭിണിയാണന്ന് കേൾക്കുമ്പോഴേ പരിഹസിക്കുമായിരിക്കും..


ഓർക്കുമ്പോഴേ എനിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി..


ഒറ്റ മകളായത് കൊണ്ട് അച്ഛനും അമ്മയും എല്ലാം എന്റെ ഇഷ്ടത്തിനു വിട്ടു തന്നു..


ഈ കാരണം കൊണ്ട് വിവാഹമെങ്ങാനും മുടങ്ങിയാൽ..??


"എന്താ ചേച്ചി ഈ പറയുന്നത്, ശരിക്ക് ആലോചിച്ചിട്ട് തന്നെയാണോ "?


ദീപാന്റിക്ക് അമ്മയുടെ വാക്കുകളെ വിശ്വസിക്കാനായില്ല..


"അതെ ദീപ, ആരും അറിയണ്ട, വിഷ്ണുവും അവന്റെ വീട്ടുക്കാരും അറിഞ്ഞാൽ നാണക്കേടല്ലേ "


അമ്മയുടെ വാക്കുകളിൽ വേദന നിറഞ്ഞിരുന്നു..


ഒരു കുഞ്ഞു പിറക്കാൻ പോകുന്നതിന്റെ മുഴുവൻ സന്തോഷവും അച്ഛന്റെ മുഖത്തുണ്ടായിരുന്നു..


അമ്മയുടെ വാക്കുകൾ അച്ഛനേയും ഞെട്ടിച്ചു..


ദീപാന്റി ഞങ്ങൾ മൂന്ന് പേരെയും മാറി മാറി നോക്കി..


ഭ്രൂണഹത്യയുടെ ദൂഷ്യ ഫലങ്ങളെ കുറിച്ചും ഒരു കുഞ്ഞില്ലാതെ പ്രാർത്ഥനയും വഴിപാടുമായി കഴിയുന്ന നൂറു കണക്കിന് ആളുകളെ കുറിച്ചും വിശദീകരിച്ചു..


നന്നായി ചിന്തിച്ചു ഒരു ദിവസം വരൂ എന്ന് പറഞ്ഞു ആന്റി ഞങ്ങളെ യാത്രയാക്കി..


തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലുട നീളം എന്റെ മനസ്സിൽ ദീപാന്റിയുടെ വാക്കുകളായിരുന്നു..


എന്നെ കീറി മുറിച്ചോളൂ പക്ഷേ കുഞ്ഞിനെ,,,, 

പക്ഷേ കൊല്ലരുത്..

"ഭ്രൂണഹത്യ പാപമാണ് പോലും 


എന്ന കവിതാ വചനങ്ങളായിരുന്നു മനസ്സ് നിറയെ...


നാളെ ഞാനും വിവാഹിതയാകും എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന എന്തുറപ്പാണുള്ളത്??


അന്നു രാത്രി എനിക്ക് ഉറങ്ങാനേ സാധിച്ചില്ല..

തനിക്ക് വേണ്ടിയാണ് അമ്മ ഈ കുഞ്ഞിനെ കളയാമെന്ന് പറഞ്ഞ്..

തനിക്ക് മാത്രമേ അമ്മയെ തിരുത്താനാവൂ..

എന്റെ മനസാക്ഷി എന്നോടു പറഞ്ഞു..


ഓരോന്നും ചിന്തിച്ചുറങ്ങിയ അന്നു രാത്രി മോണകാട്ടി ചിരിക്കുന്ന ഒരു കുഞ്ഞുവാവയെ സ്വപ്നം കണ്ടു..


തന്റെ നേരെക്ക് കൈകൾ ഉയർത്തി ഓടി വരുന്ന ഒരു കുഞ്ഞു മാലഖ..


താനതിനെ വാരിയെടുക്കാൻ ഓടിയടുത്തതും കാൽ തെന്നി താഴേക്ക് വീണു..

കണങ്കാലിലൂടെ രക്തമൊഴുകി..

തറ നിറയെ രക്തം തളം കെട്ടി നിൽക്കുന്നു!!


" അമ്മാ" എന്ന ഒരാർത്തനാദത്തോടെയാണ് അന്ന് ഞെട്ടി ഉണർന്നത്..

ഹാളിൽ ഉറങ്ങാതിരുന്ന അച്ഛനത് കേട്ടു ഓടി വന്നു..


" മീനു, എന്തു പറ്റി മോളേ "

തന്റെ മുടിയിൽ തലോടി അച്ച്ചൻ ചോദിച്ചപ്പോൾ കണ്ണു നിറഞ്ഞു പോയി.. 


ഇരുപത് വർഷങ്ങൾക്കിപ്പുറവും താനവർക്ക് കുഞ്ഞുതന്നെയാണ്..


ഒരിക്കൽ പോലും ഒരു ദത്ത് പുത്രിയാണന്ന് തനിക്ക് തോന്നിയില്ല..


അവരത് അറിയിച്ചില്ലന്ന് പറയുന്നതാവും ശരി..


പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് താൻ ആ സത്യം ബന്ധുക്കളിൽ നിന്നും മനസ്സിലാക്കിയത്..


ദേഷ്യമോ വെറുപ്പോ ഒന്നും അവരോട് തോന്നിയില്ല, പകരം താനിതുവരെ ജീവിച്ച വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി..


അച്ഛനുമമ്മക്കും താൻ രാജകുമാരിയാണ്..


" മീനൂ " 

അച്ഛന്റെ സ്നേഹത്തോടെയുള്ള വിളിയാണ് ചിന്തകളിൽ നിന്നുണർത്തിയത്..


''ഒരു സ്വപ്നം കണ്ടതാ അച്ഛാ "

അച്ഛനെ നോക്കി ഒന്നു പുഞ്ചിരിച്ചു..


തന്നെ പുതപ്പിച്ചു, നെറുകയിൽ ഒന്ന് ചുംബിച്ചു പുറത്തേക്ക് പോകാനൊരുങ്ങിയ അച്ഛന്റെ കൈകളിൽ താൻ പിടിച്ചു..


"അച്ഛാ നമ്മുടെ വാവ മോനോ മോളോ?"

അതു കേട്ടതും അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..


വീണ്ടും നെറ്റിയിൽ ഒന്നമ്മർത്തി ചുംബിച്ചു..


"ആരായാലും വേണ്ടില്യ ദൈവം എനിക്ക് തന്ന സമ്മാനമാണ് ആ വാവ, അതിനെ എനിക്ക് വേണം"


കളിപ്പാട്ടത്തിന് വാശി പിടിക്കുന്ന പിടിവാശി കുട്ടിയെ പോലെ താൻ ചിണുങ്ങിയപ്പോൾ അച്ഛന്റെ ഹൃദയം നിറഞ്ഞത് താൻ അറിഞ്ഞു..


മനസ്സും കണ്ണുകളും വീണ്ടും ഉറക്കത്തിലേക്ക് ആഴും മുന്നേ ഒന്നു തീരുമാനിച്ചിരുന്നു..


വിഷ്ണുവേട്ടൻ തന്റെ ഒപ്പം ഉണ്ടങ്കിലും ഇല്ലങ്കിലും ഈ കുഞ്ഞ് തന്റെ വിരൽ തുമ്പ് പിടിച്ചു ഇവിടെ വളരും..


തനിക്ക് ജന്മം തന്നില്ലങ്കിലും ജീവിതം ഉഴിഞ്ഞു വെച്ച അച്ഛന്റെയും അമ്മയുടേയും സന്തോഷം താൻ നശിപ്പിക്കില്ല..


നശിപ്പിക്കാൻ ആരേയും അനുവദിക്കില്ല..


ഉറച്ച തീരുമാനവുമായി മീനു നിദ്രയിലേക്കാണ്ടു...

Report Page