അവൾ സരിഗ

അവൾ സരിഗ

#LovE


VipinPkd


അവൾ സരിഗ 

******************


രചന = മുഹൈമിൻ 

      **************


രാവിലത്തെ കറക്കം കഴിഞ്ഞു വീട്ടിലേക്കു വന്നപ്പോൾ പതിവില്ലാതെ മ്മടെ പെങ്ങള് ദേ മുറ്റത്തെ പടിയിൽ കട്ടക്കലിപ്പിൽ നിൽക്കുന്നു.. 


എന്താടി എന്ത് പറ്റി? എന്ന് ചോദിച്ചപ്പോൾ കലിപ്പിച്ചൊരു നോട്ടം ഭദ്ര കാളി.. ഓ വന്നല്ലോ എന്നൊരാക്കി പറച്ചിലും.. സാധാരണ ഇത് പതിവില്ലാത്തതാണ്... അടുത്തേക്ക് ചെന്ന് കവിളിൽ നുള്ളാൻ പോയപ്പോൾ കണ്ണ് നിറച്ചുകൊണ്ടവൾ എന്നെ തൊട്ടുപോകരുതെന്നു പറഞ്ഞു .. 


ഇതിനുമാത്രം ഇപ്പൊ എന്തുണ്ടായി? 


ന്താടി അമ്മയോട് വല്ലതും നീ പിണങ്ങിയോ? എന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ നിന്നു വിതുമ്പുന്നുണ്ടായിരുന്നു.. 


ഏട്ടാ ഞാനും ഒരു പെണ്ണാണ് എന്ന് മാത്രമേ അവൾ പറഞ്ഞുള്ളൂ.. ഒന്നും മനസിലാകാതെ ഞാൻ അകത്തേക്ക് കയറി... പോരാത്തതിന് നല്ല ദേഷ്യവും..


അകത്തേക്ക് കയറി അമ്മേ എന്ന് നീട്ടി വിളിച്ചു .. വീണ്ടും അമ്മേ എന്ന് വിളിച്ചപ്പോഴാണ് 

ചത്തിട്ടില്ലെടാ ഇവിടെയുണ്ട് എന്ന് പറഞ്ഞു അമ്മ അടുക്കളയിൽ നിന്നും ഇറങ്ങി വന്നത്... ഹോ വന്നോ എന്നൊരു ചോദ്യം? 


അമ്മയും കട്ടക്കലിപ്പിൽ ആണ്... അമ്മ അടുത്തേക്ക് വന്നു... ആ കണ്ണുകളും നിറഞ്ഞിട്ടുണ്ട്.. 


അമ്മേ എന്ന് വിളിച്ചപ്പോൾ ഇനി എന്നെ അങ്ങനെ വിളിച്ചു പോകരുതെന്ന് പറഞ്ഞു അമ്മയും കരച്ചിൽ തുടങ്ങി... 


ഞാൻ ശപിക്കുന്നില്ല അത്രക്കുണ്ട് ഈ അമ്മക്കിപ്പോൾ നിന്നോട് ദേഷ്യം എന്ന് പറഞ്ഞു അമ്മ തിരിച്ചു നടന്നു

ഒന്നും മനസിലാകാതെ മുറിയിലേക്ക് നടന്നു.. മുറിയിൽ കയറിയ ഞാൻ ഞെട്ടി.... കട്ടിലിൽ അവൾ ഇരിക്കുന്നു... അതെ അവൾ തന്നെ.. സരിഗ.. 


അടുത്തേക്ക് ചെന്നപ്പോൾ കരഞ്ഞു ചുവന്ന കണ്ണുകളോടെ എന്നെ അവൾ രൂക്ഷമായൊന്നു നോക്കി... 


എന്റെ ഉള്ളമൊന്നു പിടഞ്ഞു.. കഴിച്ച ബിരിയാണിയും, കുടിച്ച ജൂസും ആവിയായി.. ഞാൻ നിന്നു വിയർക്കുവാൻ തുടങ്ങി.

അപ്പൊ അതാണ്‌ അമ്മയും അവളും ദേഷ്യപ്പെട്ടതിന്റെ കാര്യം... ഞാൻ കട്ടിലിലേക്കിരുന്നു... 


നീ ഇവിടെ? എന്നുള്ള എന്റെ ചോദ്യത്തിന് പുച്ഛം നിറഞ്ഞൊരു ചിരി തന്നുകൊണ്ടവൾ പറഞ്ഞു വരേണ്ടി വന്നു. തീരെ പ്രതീക്ഷിച്ചു കാണില്ല അല്ലെ? എന്ന്.


സരിഗ അതെ പാട്ടിന്റെ മാധുര്യം പോലെ അതിന്റെ താളം പോലെ സുന്ദരി... സംഗീതത്തെ സ്നേഹിച്ച അച്ഛൻ അവൾക്കു നൽകിയ പേരാണ് സരിഗ..

 Psc ക്കു പഠിക്കാൻ പോകുന്ന സമയത്താണ് അവളെ ആദ്യമായ് കാണുന്നത്.. തുരുമ്പിച്ച പഴയൊരു സൈക്കിളിൽ എന്റെ മുന്നിലൂടെ പോകുന്നൊരു സുന്ദരി... ഒറ്റ നോട്ടത്തിൽ ആർക്കുo ഇഷ്ട്ടപ്പെടുന്നൊരു കുട്ടി. നീല ചുരിദാറുമിട്ടു നീല കുപ്പിവളകളും അണിഞ്ഞു കരയുന്ന സൈക്കിളിൽ പോകുന്ന അവളെ ഞാൻ കണ്ണ് നിറച്ചു നോക്കി നിന്നു

അവളെ കാണുന്ന പതിവ് തുടർന്നതുകൊണ്ടാണ് psc മടുപ്പായിരുന്നിട്ടും സ്ഥിരം ക്ലാസിനു പോകാൻ നിർബന്ധിതൻ ആയതു. 


അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഈ സുന്ദരി സൈക്കിളിൽ ഷാൾ കുടുങ്ങി എന്റെ മുന്നിൽ മറിഞ്ഞു വീഴുന്നത്.. അന്നാദ്യമായി അവളുടെ ഒരു നോട്ടം കിട്ടിയ ദിവസം. കൂടെ നിന്നവന്മാരെക്കാൾ മുന്നേ ഓടി അവളുടെ അടുത്തേക്ക് ചെന്ന് കുരുങ്ങിയ ഷാൾ എടുത്തു മാറ്റി. .. 


എന്തെങ്കിലും പറ്റിയോ എന്നുള്ള ചോദ്യത്തിന് അവളുടെ ചെഞ്ചുണ്ടിൽ നിന്നുമൊരു പുഞ്ചിരി നൽകി ഇല്ലെന്നവൾ പറഞ്ഞു... അതൊരു തുടക്കമായിരുന്നു.... 


സംഗീതത്തെ സ്നേഹിച്ചു പ്രാരാബ്ധങ്ങൾ മാത്രം സ്വന്തമാക്കി മരിച്ചൊരു അച്ഛന്റെ ഏക മകൾ... അമ്മ എന്തെങ്കിലും പണിക്കു പോകുന്നതുകൊണ്ടു മാത്രം കഴിയുന്നൊരു കുടുംബം...


സരിഗ അതാണ്‌ എന്റെ പേര്... അച്ഛന്റെ സംഗീത കമ്പം കൊണ്ടിട്ട പേര്... അതെ സംഗീതം പോലെ മധുരമുള്ള ശബ്ദം... 


അവിടെ അടുത്തൊരു കോളേജിൽ ഡിഗ്രി ആദ്യ വർഷ വിദ്യാർത്ഥിനി... പിന്നീടുള്ള ദിവസങ്ങളിൽ സൈക്കിൾ ഉരുട്ടിപ്പോകുന്ന അവളുടെ കൂടെ നടന്നു അവളുടെ ഇടനെഞ്ചിൽ എപ്പോഴോ ഞാനും കയറിപ്പറ്റി. 


 പാവമായൊരു പൊട്ടിപ്പെണ്ണ്.. പ്രാരാബ്ധങ്ങൾക്കിടയിൽ ജീവിക്കുന്നൊരു കുട്ടി... 


അവളെ സ്നേഹിക്കാനൊരമ്മയും അതിലേറെ അവരെ തിരിച്ചു സ്നേഹിക്കുന്നൊരു മോളും... 


അന്നാദ്യമായൊരു ഫോൺ വാങ്ങി അവളുടെ കയ്യിൽ കൊടുത്തു അവളുടെ ചുണ്ടിൽ ചുംബിച്ചപ്പോൾ കണ്ണടച്ച് നിന്നുകൊണ്ടവൾ അതേറ്റു വാങ്ങി.... അതൊരു ആദ്യ പടിയായിരുന്നു പ്രണയമെന്ന വികാരത്തെ കൂട്ടുപിടിച്ചു കാമമെന്ന വികാരത്തിലേക്കെത്താനുള്ള എന്റെ വഴി..


കേവലം പ്രണയത്തിലൂടെ കാര്യം സാധിക്കാനുള്ള എന്റെ ആദ്യത്തെ ഇരയായിരുന്നു സരിഗ എന്ന സുന്ദരി.. അവൾക്കെല്ലാം ഞാനായിരുന്നു... അവളുടെ ജീവനും ജീവിതവും ശ്വാസവും...

Psc കോച്ചിങ് നിർത്തി അടുത്തൊരു ഷോറൂമിൽ കയറിയ ഞാൻ ആദ്യത്തെ ശമ്പളം കൊണ്ടൊരു ചെറിയ സ്വർണ്ണ മോതിരം വാങ്ങിയപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നതവളുടെ മുഖമായിരുന്നില്ല മറിച്ചു ആരെയും കൊതിപ്പിക്കുന്ന അവളുടെ മേനിയഴകായിരുന്നു

അന്നൊരു ദിവസം അവളുടെ വിരൽ തുമ്പിൽ ഇട്ടുകൊടുത്തൊരു മോതിരത്തിനു പകരമായി അവൾ നൽകിയത് അവളെത്തന്നെ ആയിരുന്നു.. അവളുടെ മേനിയുടെ ചൂട് ആദ്യമായി അറിഞ്ഞ ദിവസം... അവളുടെ മുടിയിഴകളിൽ തഴുകി കിടക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു എന്റെ ജീവിതത്തിൽ ഉടനീളം നീ എന്റെ കൂടെ ഇങ്ങനെ ഉണ്ടായിരിക്കണം എന്ന്... 

മറുപടി ഒരു പുഞ്ചിരിയിക്കൊതുക്കി അവിടുന്ന് ഇറങ്ങുമ്പോൾ കൂട്ടുകാർക്കിടയിൽ പറഞ്ഞുനടക്കാനൊരു മാൻപേടപ്പെണ്ണിന്റെ മേനിയഴകിന്റെ കഥ കിട്ടിയതിന്റെ നിർവൃതിയിലാണ് അന്നവളുടെ വീട്ടിൽ നിന്നും ഞാൻ തിരിച്ചു പോരുന്നത്


പിന്നീടോരോ സമ്മാനങ്ങൾ നല്കിയവളുടെ മേനിയുടെ ചൂടറിയുമ്പോൾ അവൾ പറയാറുള്ളതാ സ്ഥിരം ഡയലോഗ് തന്നെ ആയിരുന്നു... കണ്ണ് നിറച്ചു മുന്നിൽ നിൽക്കുന്ന അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് എന്റെ വീട്ടിലേക്കൊരുപെണ്ണു വിളക്ക് പിടിച്ചു വരുന്നുണ്ടെങ്കിൽ അത് നീയായിരിക്കും എന്ന് മറ്റേതോ ലോകത്ത് നിന്നുകൊണ്ട് നുണ പറയുമ്പോൾ അവളുടെ മുഖത്ത് കണ്ടൊരു സന്തോഷം....


അന്ന് കൂട്ടുകാരന്റെ കസിന്റെ കല്യാണത്തിന് വെച്ച് കണ്ടൊരു കുട്ടിയോട് അവന്റെ സഹായം വഴി അവളെ പരിചയപ്പെട്ടു... എന്റെ ഇഷ്ട്ടം വാട്സപ്പിൽ ഒരു യെസിലൂടെ അറിയിച്ചപ്പോൾ ഇവിടെയും എന്റെ ലക്ഷ്യം മറ്റൊന്നും ആയിരുന്നില്ല. കാരണം അത്രത്തോളം പെണ്ണൊരു ലഹരിയായി എന്നിൽ പടർന്നു കയറിയിരുന്നു ... 


കാവ്യയോടുള്ള അടുപ്പത്തിന് സരിഗ ഒരു തടസ്സമായപ്പോഴാണ് ഒഴിവാക്കാൻ നോക്കിയത്

കാവ്യയുടെ വിളിയിലും കൂടിക്കാഴ്ചകളിലും ഞാൻ മനപ്പൂർവം സരിഗയെ ഒഴിവാക്കി തുടങ്ങിയിരുന്നു... അവളുടെ നിരന്തരമുള്ള വിളി എന്നിൽ ഒരു അരോചകമായി, കാവ്യയുടെ മേനിതുടുപ്പിൽ ഞാൻ സരിഗയെന്ന മാൻപേടയെ മറന്നു തുടങ്ങിയിരുന്നു... 

ഒടുവിൽ ഒരു യാത്ര പോലും പറയാതെ മറ്റൊരു ജോലിക്ക് വേണ്ടി ബാംഗ്ലൂരിൽ പോയി... കുറച്ചു മാസമേ അവിടെ നിന്നുള്ളൂ .. കാരണം അവിടെയായിരുന്നു കാവ്യ പഠിക്കുന്നത്. അവളുടെ മേനിയുടെ ചൂടറിഞ്ഞ നാളുകൾ.. 

ഒരു തരത്തിൽ അതൊരു മാറി നിൽക്കൽ ആയിരുന്നു. 

 പലരെയും മറന്നു തുടങ്ങാൻ... അതെന്നിൽ 100% വിജയിച്ചിരുന്നു.. അവളുടെ കാളുകൾ എടുക്കാതെ ഒരു കാരണവും പറയാതെ അവളെ എല്ലായിടത്തും ബ്ലോക്ക്‌ ചെയ്തു. എന്റെ ജീവിതത്തിൽ നിന്നും സരിഗയെ ഞാൻ പൂർണ്ണമായും ഒഴിവാക്കിയിരുന്നു.. 

പിന്നെ അങ്ങോട്ടോ ഇങ്ങോട്ടൊ ഒരു ബന്ധവും ഇല്ലാതെ കുറേ മാസങ്ങൾ.... 


. ഇന്ന് കാവ്യയോടൊപ്പം കറങ്ങിയിട്ടു വന്നപ്പോഴാണ് ഇവൾ ഇവിടെ വീട്ടിൽ....  


മനസിൽ കുറ്റബോധം തോന്നിയിരുന്നില്ല കാരണം സ്വന്തമാക്കാനായി പ്രണയിച്ചിരുന്നില്ല. പ്രണയങ്ങൾ മുഴുവനും ആഗ്രഹ സഫലീകരണത്തിനായിരുന്നു.. അ ആഗ്രഹങ്ങളൊക്കെ സഫലീകരിച്ചു കഴിഞ്ഞു. 


ഞാൻ നിന്നെ മറന്നിട്ടില്ല നന്ദൂ എന്നുള്ള അവളുടെ പറച്ചിലിലാണ് കണ്ണുകൾ തുറന്നത്... കാരണം മറക്കുവാനാകാത്ത ഓർമ്മകളായിരുന്നല്ലോ നീ എനിക്ക് സമ്മാനിച്ചത്... 


എനിക്ക് പരിഭവമില്ല കാരണം നിനക്ക് വേണ്ടിയിരുന്നത് എന്നെയല്ലായിരുന്നല്ലോ മറിച്ചു എന്റെ ശരീരം അല്ലായിരുന്നോ. നിന്നെ വിശ്വസിച്ചു പോയതിന്റെ പേരിൽ ഞാൻ മനസിലാക്കാതെ പോയ നിനക്ക് അതും ഞാൻ നൽകി ... ഒഴിവാക്കുമ്പോൾ പറഞ്ഞിട്ട് ഒഴിവാക്കണ്ടെ. വീണ്ടും കാത്തിരുന്ന ഞാൻ മണ്ടി....  


അന്നൊരിക്കൽ ഞാൻ ഇവിടെ വന്നിരുന്നു. നിനക്ക് എന്നെ വേണ്ടാ എങ്കിലും എനിക്ക് അത് കഴിഞ്ഞിരുന്നില്ല... പക്ഷെ നീ ബാംഗ്ലൂരിൽ ആയിരുന്നു... അന്ന് നിന്റെ അമ്മയോട് ഞാൻ പറഞ്ഞിട്ടാണ് പോയത് ഇനി വരുമ്പോൾ ഒന്ന് വിളിക്കണേ എന്ന്. കാര്യം ചോദിച്ചപ്പോൾ അവനുള്ളപ്പോൾ അമ്മയും അറിയേണ്ടത് തന്നെയാണ് എന്ന് പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ ആ അമ്മയുടെ മനസ്സിൽ ഒരുതരി കനൽ വാരിയിട്ടാണ് ഞാൻ ഈ പടികൾ ഇറങ്ങിയത്.... 


അന്ന് ഞാൻ ഒന്നും പറഞ്ഞില്ലായിരുന്നു കാരണം നീ എന്നെ മറന്നിട്ടില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. നിന്റെ കൂട്ടുകാരിൽ ഒരാൾ അയച്ചു തന്നെ പുതിയ കുട്ടിയുടെയും നിന്റെയും ഫോട്ടോ കണ്ടപ്പോൾ...  


എന്നെപ്പോലെ തന്നെയാകും ആ കുട്ടി നിനക്കും അല്ലെ? ഞാൻ വല്ല അവിവേകവും കാട്ടിയാൽ പിന്നെ എന്റെ അമ്മക്ക് ആരും ഇല്ലാതെയായിപ്പോകും. അതുകൊണ്ട് മാത്രമാണ് ആത്മഹത്യ ചെയ്യാതിരുന്നത്.. 


പിന്നെ നിന്റെ അമ്മയോടും പെങ്ങളോടും എല്ലാം പറഞ്ഞിട്ടുണ്ട്. മകന്റെ ഗുണം അവരും അറിയട്ടെ എന്ന് കരുതി... നീ കാരണം ഞാൻ ഉരുകിയപ്പോൾ ഇപ്പൊ നീ കാരണം അവരും ഉരുകുന്നുണ്ടായിരിക്കും.. 


ഈ ഫോണും മോതിരവും, ദേ ഈ ചെയിനും ഇതാ നിന്നെ തിരിച്ചു ഏൽപ്പിക്കുകയാണ്. എന്റെ മാനത്തിനു നീയിട്ട വില... 


പുതിയ കാമുകിയുടെ മാനത്തിനു പകരമായി നൽകാം.. എന്ന് പറഞ്ഞവൾ തിരികെ നടന്നപ്പോൾ ഞാൻ ഉരുകി ഇല്ലാതാവുകയായിരുന്നു..

എന്റെ മൗനത്തിലൂടെ അമ്മ അവൾ പറഞ്ഞതൊക്കെയും സത്യമായിരുന്നു എന്ന് ഊട്ടിയൂട്ടി ഉറപ്പിക്കുകയായിരുന്നു... 

 ഒരു ക്ഷമ ചോദിക്കാൻ പോലും സമയം തരാതെ

അവൾ ഇറങ്ങിയിട്ടു മുറിക്കു വെളിയിൽ എല്ലാം കേട്ടുകൊണ്ടിരുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു അത്രയും വിശ്വസിച്ചു പോയി അമ്മേ അമ്മയുടെ ഈ മകനെ എന്ന്... അത്രയും സ്നേഹിച്ചു പോയി എന്ന്... അപ്പോഴും കരഞ്ഞു കലങ്ങിയ കണ്ണുമായ് ദേഷ്യത്തിലൂന്നിയ വെറുപ്പിന്റെ മുഖവുമായി നിൽക്കുന്ന അമ്മയുടെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ.. 


എന്തോ നേടിയ ഒരു വിജയീഭാവത്തിൽ നടന്നകലുന്ന ആ മാൻപേടപെണ്ണിനെ നോക്കി ഇരുന്നപ്പോഴാൾ എന്റെ മിഴികൾ നിറഞ്ഞിരുന്നു.. അപ്പോഴാണ് അകത്തു നിന്നും പെങ്ങളുടെ അയ്യോ അമ്മേ എന്നുള്ള നിലവിളി കേട്ടു ഞാൻ അങ്ങോട്ട്‌ ഓടിയത്... 


 (നിങ്ങൾ വായിച്ചു തഴമ്പിച്ച കഥ ആയിരിക്കാം. പ്രണയമെന്ന വികാരം കാമമെന്ന വികാരത്തിലേക്കു വഴിമാറിപ്പോകുമ്പോൾ ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കാം. എല്ലാവരെയും പോലെ വീണ്ടും ഒരു ഉപദേശം... )


   ശുഭം ❤

Report Page