Story

Story

Thufail M

എട്ടാം ക്ലാസിൽ നിന്ന് ഒൻപതിലേക്കുള്ള വെക്കേഷൻ സമയം ആമിന കുറച്ചു ദൂരെയുള്ള മാമന്റെ വീട്ടിൽ നിൽക്കാൻ പോയി. അത് പതിവുള്ളതാണ് എല്ലാ സ്കൂൾ പൂട്ടിനും അവൾ അവിടെ ഹാജറുണ്ടാവും. രണ്ടു മാസം പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നുള്ള ദിവസങ്ങളിൽ അടുത്തുള്ള പാടവും തോടും, കൊച്ചുവരമ്പുകളും അവളുടെ കളിസ്ഥലങ്ങളാണ്. എന്നാൽ ഈ പ്രാവശ്യം അതിനൊരു പ്രത്യേകതയുണ്ട് കാരണം എല്ലാവർഷവും പോയിരുന്നപ്പോൾ അവൾ കുട്ടിയായിരുന്നു. ഇന്നവൾ വളർന്നു ,പ്രായപൂർത്തിയായി കൂട്ടുകാരോടൊപ്പം കളിച്ചു നടക്കാൻ കഴിയില്ല. എങ്കിലും അവൾ ഒരുപാട് സന്തോഷത്തിലാണ്, കാരണം മാമാടെ മോൻ ഷഫീഖാണ്. അവനെ കുഞ്ഞുനാളിലേ അവൾക്കിഷ്ടമാണ്. ഒത്തിരി കുറുമ്പനാണ്. അവളുടെ കയ്യിൽ എന്ത് കണ്ടാലും തട്ടിപ്പറിക്കും. നീളത്തിൽ പിന്നിയിട്ട അവളുടെ മുടിയിഴകളെ പിടിച്ച് വലിക്കും. ഏറെ വേദനിപ്പിക്കുമെങ്കിലും അവന്റെ കുറുമ്പുകളെയാണ് അവൾ ആദ്യം ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ആ ഇഷ്ടം വേറെ എന്തൊക്കെയോ ആയി പോകുന്നു. മാമാടെ വീട്ടിൽ എത്തിയ പാടെ അമ്മായിയുടെ ചോദ്യം.


“ ആമീ നീ വല്ല്യ പെണ്ണായല്ലോ..!!ഒന്നൂടെ സുന്ദരിയായിട്ടുണ്ട്.”


പെട്ടന്ന് നാണം കൊണ്ട് അവളുടെ മുഖം ചുവന്നു. നേരെ നോക്കിയത് ഷഫീഖിന്റെ മുഖത്താണ് . ആമിന അകത്തേക്ക് ഓടി.അവൾ ജനലഴിയിലൂടെ അവനെ നോക്കി അവളുടെ കണ്ണിൽ അവനോടുള്ള പ്രണയത്തിൻ തിരയിളക്കമായിരുന്നു. ആദ്യമായി തോന്നിയ പ്രണയം തനിക്കവനെ ഇഷ്ടമാണെന്ന് അറിയിക്കണം. എങ്ങനെ പറയണമെന്നവൾക്കറിയില്ല.മനസ്സുകൊണ്ടവൾ കാത്തിരുന്നു .


"ആമീ....." അവൾ വന്നതറിഞ്ഞ് കളിക്കാൻ വിളിക്കുകയാണ് അടുത്ത വീട്ടിലെ റംല. പുറത്തേക്ക് വന്ന ആമിയേയും വലിച്ചുകൊണ്ട് പറമ്പിലേക്കോടി. അവിടെ വലിയ ഊഞ്ഞാലുണ്ട്, അതിൽ ആടി കളിക്കാൻ നല്ല രസമാണ്. കൂട്ടത്തിൽ ഷഫീഖും അങ്ങോട്ടു വന്നു. റംലയും ഷഫീഖും ഒരുമിച്ചാണ് ഓത്തിന് പോകുന്നത്. ഓരോ കളികൾക്കിടയിലും ഷഫീഖിന്റെ റംലയോടുള്ള നോട്ടവും സംസാരവും ആമിക്ക് പിടിച്ചില്ല. അവൾ ഓരോ കാരണങ്ങൾ ഉണ്ടാക്കി അവരോട് വഴക്കിട്ടു, പിണങ്ങി പോയി. അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത സങ്കടം കൂട് കൂട്ടി. വരുമ്പോഴുള്ള ഉൽസാഹമെല്ലാം കെട്ടു ഇത്രനാളും മനസ്സിൽ കരുതിയത് ഷഫിക്കിന് തന്നെ ഇഷ്ടമാണെന്നായിരുന്നു. അവൻ മറ്റൊരു പെണ്ണിനെ നോക്കുന്നതു പോലും ആമിക്കു സഹിക്കില്ല. ഷഫീഖ് തന്റേതാണ്. അവനെ ആർക്കും വിട്ട് കൊടുക്കില്ല; അതിന് തനിക്കാവില്ല.. അത്രക്ക് ഇഷ്ടമാണ് അവനെ. പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘമാണ് അവളുടെ ഉള്ളിൽ നിറയെ . സങ്കടത്തോടെ ഇരിക്കുന്ന അവളെ കണ്ട ഷഫീഖ് അടുത്ത് വന്നു.


" ആമീ, എന്താ ഇവിടെ പിണങ്ങി ഇരിക്കാണോ..?"


അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു സങ്കടത്തോടെ അവനെ നോക്കി. പെയ്തു തുടങ്ങിയ കണ്ണുകളിൽ നിന്നും തുള്ളികൾ കവിളിലേക്കൊഴുകി.


"ഷഫീഖേ... ഒരു കാര്യം ചോദിക്കട്ടെ...നിനക്ക് റംലാനെ ഇഷ്ടാണോ .?"


"അതെ, എനിക്ക് ഇഷ്ടമാണ്, എന്തേ നീ ചോദിച്ചെ ?"


" ഒന്നുമില്ല.." അവൾ മനസ്സിലുള്ളത് മറച്ചുവെച്ചു. എങ്കിലും ഷഫിക്ക് കാര്യം ഊഹിക്കാമായിരുന്നു. അവൾക്ക് തന്നോടുള്ള സമീപനം അവൻ ഓർത്തു. ഭക്ഷണം കഴിക്കാനിരുന്നാൽ അവന്റെ അടുത്തിരിക്കും. അവൾക്കായി കിട്ടിയ മീൻ വറുത്തത് അവനായി മാറ്റിവെക്കും. ആരും അറിയാതെ മേശയ്ക്കു അടിയിലൂടെ കാലുകൾ കോർത്തുവെക്കും. ആമിക്ക് തന്നെ ഇഷ്ടമാണ്. എന്നാൽ അതിനെക്കുറിച്ച് അവനും ഒന്നും ചോദിച്ചില്ല. കാരണം അപ്പോൾ അവന്റെ മനസ്സിൽ റംലയായിരുന്നു. പിന്നെ അധിക ദിവസം അവിടെ നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല തിരിച്ച് വീട്ടിലേക്ക് പോന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴും അവളുടെ മനസ്സ് ഷഫീഖിൽ തന്നെയായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന റഷീദ് അവളോട് പ്രണയം അറിയിച്ചു വന്നെങ്കിലും അവൾ അതിനൊന്നും ചെവികൊടുത്തില്ല. അവളുടെ മനസ്സിൽ ഷഫീഖിനല്ലാതെ മറ്റൊരാൾക്ക് സ്ഥാനമില്ല. ആ വർഷം പത്താം ക്ലാസിലേക്കുള്ള വെക്കേഷൻ സമയം, അവൾ മാമാടെ വീട്ടിലേക്ക് പോയില്ല. പഠിക്കാൻ പുസ്തകം തുറന്നാൽ അവന്റെ മുഖമാണ്. എല്ലാ നോട്ടുബുക്കിലും ഷഫീഖ് എന്ന് എഴുതിക്കൊണ്ടിരുന്നു. ഒരക്ഷരം പോലും പഠിക്കാൻ കഴിയുന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പുസ്തകത്തിലെ വരികളെല്ലാം മഷി പടർന്നു. നെഞ്ചു കുത്തി വിങ്ങി അവൾ പ്രാർത്ഥിച്ചു.


"പടച്ചവനേ എന്റെ ഷഫിയെ എനിക്കായി കിട്ടണേ ...."


ഒരു ദിവസം ഷഫീഖ് വീട്ടിൽ വന്നു അവനെ കണ്ടതും അവളുടെ നെഞ്ച് പിടച്ചു.


"എന്താ ആമീ നീ അങ്ങോട്ട് വരാത്തത്..?"


ഒന്നുമില്ലെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞുമാറി. അവളുടെ മുഖം സങ്കടം കൊണ്ട് വാടിയിരുന്നു . എങ്കിലും അവൾ അവന്റെ അടുത്ത് ചെന്നു ചോദിച്ചു.


"ഷഫീഖേ നീ റംലായെ കാണാറുണ്ടോ..? എന്താണ് അവളുടെ വിശേഷം..?"


അവൻ വിഷമത്തോടെ അതിലേറെ ദേഷ്യത്തോടെ

പറഞ്ഞു.


"അവൾ പോയി; അവൾക്ക് മറ്റൊരാളോടായിരുന്നു ഇഷ്ടം. എന്നെ അവൾ പറ്റിക്കുകയായിരുന്നു. അവളോടുള്ള ഇഷ്ടം കൊണ്ട്, നിന്റെ സ്നേഹം ഞാൻ കണ്ടില്ലെന്ന് നടിച്ചു."


അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.


" ആമീ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ.. നിനക്ക് ഇപ്പോഴും എന്നെ ഇഷ്ടാണോ.?"


അവളറിയാതെ ഇടനെഞ്ച് തുടിച്ചു. മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. എന്റെ ഷഫീഖ് എന്നിലെ സ്നേഹം തിരിച്ചറിയുന്നു ഇതിൽ കൂടുതൽ തനിക്കെന്താ വേണ്ടത്.. സന്തോഷം കൊണ്ട് അവളുടെ മനസ്സ് വിങ്ങി, കണ്ണുകൾ നിറഞ്ഞു. വിതുമ്പുന്ന ചുണ്ടുകളോടെ അവൾ പറഞ്ഞു.


"ഷഫീ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ്. എന്റെ സ്വന്തം, എന്റെ ജീവൻ... എല്ലാമാണ് നീ. ഞാൻ എന്താ പറയാ നിന്റെ വായിൽ നിന്നും ഇതൊന്നു കേൾക്കാൻ ഞാൻ എത്ര കൊതിച്ചിരുന്നു."


അവൾ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു ആ നിമിഷം അവനും എല്ലാം മറന്നു.


"ആമീ ഞാൻ നിന്റെ മാത്രം ഷഫിയാണ്. നീയല്ലാതെ എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടാവില്ല. ഇത് നിനക്ക് ഞാൻ തരുന്ന വാക്കാണ്."


അവൻ അവളുടെ മുഖം കൈകളിൽ ചേർത്തെടുത്തു നെറുകയിൽ ചുംബിച്ചു. ഒരു കുളിർ തെന്നൽ അവരെ തലോടി കടന്നു പോയി.

അന്ന് വീട്ടിലെത്തിയ ഷഫീഖ് ഗൾഫിലായിരുന്ന ബാപ്പായ്ക്ക് കത്തെഴുതി.


"ബാപ്പാ.. അമ്മായീന്റെ മോൾ ആമിനയെ എനിക്കിഷ്ടമാണ്. അവളെ എനിക്ക് സ്വന്തമാക്കിതരണം."


ബാപ്പയും മോനും കൂട്ടുകാരെപ്പോലെയായിരുന്നു. അതുകൊണ്ടുതന്നെ അവനത് പറയാൻ മടിയില്ലായിരുന്നു. മകന്റെ താൽപര്യം ബാപ്പ ഉമ്മായ്ക്ക് എഴുതി. ഉമ്മ സമ്മതിച്ചില്ല. അതിനെ എതിർത്തു. അവർ അന്നു തന്നെ

ആമിയുടെ വീട്ടിലെത്തി. ആമിയെ അടുത്ത് വിളിച്ചു.


"മോളേ നിനക്ക് ഷഫിയോടുള്ള ഇഷ്ടം നീ മറക്കണം. ഈ ബന്ധം നടക്കില്ല. എനിക്ക് നീ മോളേപ്പോലെയാണ് നീ അവനോട് പറയണം നിനക്ക് ഇഷ്ടമില്ലെന്ന്. ഞാൻ പറഞ്ഞിട്ടാണെന്ന് ഒരിക്കലും അവൻ അറിയരുത്."


തകർന്ന മനസ്സോടെയാണെങ്കിലും അവൾ ആ ഉമ്മയുടെ വാക്കുകൾ സമ്മതിച്ചു .തന്നെ ഇഷ്ടമല്ലെന്ന് ഉമ്മയോട് പറഞ്ഞെന്നറിഞ്ഞ് ഭ്രാന്തു പിടിച്ച മനസ്സുമായി ഷഫീഖ് ആമിയുടെ അടുത്തെത്തി.


"ആമീ ... ഞാൻ കേട്ടത് സത്യമാണോ...?"

അവൾ ഉമ്മയ്ക്ക് കൊടുത്ത വാക്കുകൾ ഓർത്തു.


"പടച്ചവനേ ഞാൻ എന്ത് പറയും ആരെയാണോ താൻ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചത്, പ്രാർത്ഥിച്ചത് അവനെ ഇഷ്ടമില്ലെന്ന് എങ്ങിനെ പറയും.."


അവൾ ചങ്കുപറിയുന്ന വേദനയോടെ അവനോട് പറഞ്ഞു.


"എന്റെ ബാപ്പാടേയും ഉമ്മാടേയും ഇഷ്ടമേ നടക്കൂ... അവർ പറയുന്നതേ ഞാൻ അനുസരിക്കൂ. "


എങ്കിലും അവൾ മനസ്സിൽ പ്രാർത്ഥിച്ചു.


"പടച്ചവനേ എനിക്കെന്റ ഷഫിയെ സ്വന്തമാക്കി തരണേ ......"

അവളുടെ വാക്കുകൾ കേട്ടതോടെ ഷഫീഖിന്റെ മനസ്സ് തകർന്നു വീട്ടിലെത്തിയ അവൻ ആരോടും സംസാരിച്ചില്ല . റൂമിൽ നിന്നും പുറത്തിറങ്ങാതായി. ശരിക്ക് ഭക്ഷണം പോലും കഴിക്കാതെയായി. സമനില തെറ്റിയ അവസ്ഥ . മോന്റെ ആ അവസ്ഥ കണ്ട് മോനെ അത്രമേൽ സ്നേഹിച്ചിരുന്ന ഉമ്മായ്ക്ക് തന്റെ തീരുമാനം മാറ്റേണ്ടി വന്നു . ഉമ്മ ഷഫീഖിനെ സമാധാനിപ്പിച്ചു ആമിയുടെ വീട്ടിലെത്തി മകനു വേണ്ടി പെണ്ണു ചോദിച്ചു .... ഇന്നുമവൾ അവന്റെ സ്വന്തമാണ് അവന്റെ രണ്ടു മക്കളുടെ ഉമ്മയാണ് അവന്റെ എല്ലാമെല്ലാമാണ് ......... *#mazha*

Report Page