മസാലദോശയും പുളിമാങ്ങയും

മസാലദോശയും പുളിമാങ്ങയും

VipinPkd

മസാലദോശയും പുളിമാങ്ങയും
*********************************

"രാത്രി 10 മണി

എന്റെ പ്രിയതമ ഉറക്കത്തിൽ നിന്നും
എണീറ്റു എന്നേ വിളിക്കുന്നു...

ഏട്ടാ, ഏട്ടാ, ഒന്ന് എണീക്കുമോ..

എന്താടി അമ്മു...

ഞാൻ എണീറ്റു..

"ഏട്ടാ നിക്ക് വിശക്കുന്നു...

"അതിനെന്താ അമ്മു അടുക്കളയിൽ പോയി ഞാൻ എന്തെങ്കിലും ഉണ്ടാക്കി കൊണ്ട് വരാം...

"അവൾക്കിതു മൂന്നാം മാസമായി... എപ്പോളും ക്ഷീണവും ഛർദിയും ആണ്.

എന്താ അമ്മു..

പിന്നേ എന്താണ് നിനക്ക് വേണ്ടത്

"പറഞ്ഞാൽ ദേഷ്യപ്പെടരുത് എനിയ്ക്ക് ഇപ്പോൾ ഒരു മസാലദോശയും ഉഴുന്ന്
വടയും വേണം...

ഇപ്പോളോ...

"അതേ നിക്ക് ഇപ്പോൾ വേണം.. വേണം...

"ദേഷ്യം വന്നാൽ തനി കൊച്ചു കുട്ടിയാണ് അവൾ പിന്നേ കുറേ നേരത്തേയ്ക്ക് മിണ്ടില്ല...

"നീ ഒന്ന് പോയേ അമ്മൂ ഇന്ന് വൈകുന്നേരം കൂടി നമ്മൾ ബീച്ചിൽ പോയിട്ട് വരുന്ന വഴി ഹോട്ടൽ ആര്യാസിൽ നിന്നും മസാലദോശ വാങ്ങി തന്നതല്ലേ...

"അത് കഴിച്ചിട്ട് ഇപ്പോൾ മൂന്ന് മണിക്കൂർ കഴിഞ്ഞില്ലേ ഏട്ടാ നിക്ക് ഇപ്പോൾ മസാലദോശ വേണം...

"ഇത് എന്തോരു വയറാടി അമ്മൂ ഇപ്പോൾ നിനക്ക് ഇത് മാത്രേ ഉള്ളൂ ചിന്ത...

മഹാ പാപം പറയാതെ ഏട്ടാ ഇത് നിക്ക് വേണ്ടി മാത്രല്ലല്ലോ മ്മടെ കുഞ്ഞിന് കൂടി വേണ്ടിയല്ലേ...

ഇപ്പോൾ രണ്ടു പേർക്കുള്ള ഭക്ഷണം കഴിയ്ക്കേണ്ടാ സമയം ആണ്...

"ഇപ്പോളോ ഈ രാത്രിയിലോ...

"കളിയാക്കണ്ടാ പോയി വാങ്ങിയിട്ട് വാ
നിക്ക് വിശക്കുന്നു... വിശപ്പിനു രാത്രിയും പകലുമൊന്നുമില്ല....

"എന്നിട്ട് കഴിച്ചിട്ട് അന്നത്തെ പോലെ എന്റെ ദേഹത്ത് തന്നേ ഛർദിച്ചു തരാൻ അല്ലേ...

"ആ ഭാര്യയോട് ഇഷ്ടമുള്ള ആണുങ്ങൾ ഇതൊക്കെ സഹിയ്ക്കണം...

"ആ എല്ലാ പെണ്ണുങ്ങളും ഇതാണ്‌
പറയുന്നത് ഞങ്ങൾ ആണുങ്ങളുടെ വിധി..

"അതിപ്പോൾ ആലോചിച്ചാൽ മതിയോ ഓരോന്നും ചെയ്തു വെച്ചിട്ട്....

"ശരിയാണ് അബദ്ധം പറ്റിപ്പോയി ഇത്രയും ആവേശം വേണ്ടിയിരുന്നില്ല ആഹ് പോയ ബുദ്ധി ഇനി ആന പിടിച്ചാൽ കിട്ടുമോ...

"ഒന്നും പറഞ്ഞിട്ട് കാര്യമില്ല നിക്ക് ഇപ്പോൾ മസാലദോശ വേണം..

"ശെടാ ആകേ പുലിവാല് ആയല്ലോ ഈ രാത്രിയിൽ ഇനി എവിടെ പോകാൻ ആണ് ഞാൻ ആര്യാസ് ഇപ്പോൾ അടച്ചിട്ടുണ്ടാവും..

"അത്രയും ദൂരേ ഒന്നും പോകണ്ടട്ടോ രാത്രിയിൽ നിക്ക് പേടിയാണ് പോയി
വരുന്ന വരേ .. ഞാൻ ഒറ്റയ്ക്കാവൂല്ലേ..

അതിന് ഇവിടേ അമ്മയും ഏടത്തിയും അച്ഛനും ഏട്ടനുമൊക്കെ ഇല്ലേ..

എന്നാലും നിക്ക് പേടിയാണ്..

"കഴിഞ്ഞ മാസം ഏട്ടൻ വണ്ടിയിൽ നിന്നും വീണ ശേഷം നിക്ക് പേടിയാണ് രാത്രിയിൽ വണ്ടി ഓടിയ്ക്കുന്നതു...

"ശെടാ ഇതിപ്പോൾ അവൾക്ക് മസാലദോശ വേണം താനും ഞാൻ രാത്രിയിൽ വണ്ടി ഓടിയ്ക്കാനും സമ്മതിയ്ക്കൂല്ല...

"അതേ ഏട്ടാ ജംഗ്‌ഷനിൽ മ്മടെ
രാഘവേട്ടന്റെ തട്ടു കടയിൽ
മസാല ദോശ ഉണ്ടല്ലോ
ഒരെണ്ണം വാങ്ങി താ...

"അപ്പോൾ അതാണ് കാര്യം ഞാൻ ഇനി രാഘവേട്ടന്റെ കട വരേ നടക്കണം...

അല്ലേ...

"ആ വേണം വേഗം പോയിട്ട് വാ നിക്ക് വിശക്കുന്നു ...

"ഈ പെണ്ണ് എന്നേ കിടത്തില്ലല്ലോ ദൈവമേ...

"കിടന്നു അലറണ്ടാ ഞാൻ പോയിട്ട് വരാം...

"പിന്നേ നിനക്ക് എന്തേലും വിഷമം
ഉണ്ടായാൽ അമ്മേ വിളിക്കാൻ മറക്കേണ്ടാ...

"ഞാൻ പതിയേ മുറ്റത്തേയ്ക്ക്
ഇറങ്ങുമ്പോൾ ചേട്ടൻ സിറ്റ് ഔട്ടിൽ
ഇരുന്നു പത്രം വായിക്കുന്നു..

"എന്നേ നോക്കി ഒന്ന് ചിരിച്ചിട്ട് ചേട്ടൻ ചോദിച്ചു..

നീ എങ്ങോട്ടാ ഈ രാത്രിയിൽ..

"ആകേ ചമ്മൽ ആയെങ്കിലും
ഞാൻ ഒളിച്ചു വെച്ചില്ല കാര്യം...

ഞാൻ രാഘവേട്ടന്റെ കട വരേ പോയി
വരാം ഏട്ടാ.

"ആഹാ നിനക്ക് പണി കിട്ടി തുടങ്ങി അല്ലേ ...



ഞാൻ ഇത് കുറേ അനുഭവിച്ചതാണ് മോനേ എത്ര രാത്രിയിൽ ഞാൻ ഇത് പോലെ ഓടിയിട്ടുണ്ടെന്നോ...

"നിന്റെ ചേട്ടത്തിയ്ക്ക് വേണ്ടി അർദ്ധ രാത്രിയിൽ അടുക്കളയിലും മാവിലും വരേ ഞാൻ കയറിയിട്ടുണ്ട്.

അനുഭവിച്ചോ ഇതൊരു തുടക്കം മാത്രമാണ്...

"വേഗം പോയിട്ട് വാ ഈ സമയം പെണ്ണുങ്ങൾക്ക്‌ ഭർത്താവിനേക്കാൾ
പ്രിയം ഭക്ഷണത്തിനോടാണ്...

ഏട്ടൻ എന്നേ നോക്കി ചിരിച്ചു...

"ഈ കാര്യത്തിൽ ഏട്ടനുള്ള
മുൻപരിചയം എനിയ്ക്കില്ലല്ലോ ഈ
ഉപദേശം ഉപകരിയ്ക്കും...

ഞാൻ വേഗം കടയിലേക്ക് നടന്നു...

ഭാഗ്യം കടയിൽ തിരക്കില്ല...

അമ്മിണിയേട്ടത്തി സവാള അരിഞ്ഞു കൊണ്ടിരിക്കുന്നു...

"രാഘവേട്ടൻ നല്ല ചൂട് ദോശ ചുടുന്നു
ആ മണം മൂക്കിലടിച്ചപ്പോൾ നാലെണ്ണം തട്ടിയാലോ എന്ന് കരുതിയതാണ്...

"പിന്നേ ഓർത്തു വേണ്ടാ വിശന്നു കിടന്നു കരയുന്ന ഒരു സാധനം വീട്ടിൽ ഉണ്ടല്ലോ
ഇനി മസാലദോശ സമയത്തു കിട്ടിയില്ല
എന്ന് വെച്ച് ദേഷ്യം പിടിപ്പിക്കണ്ടാ...

"പിന്നേ അത് മതി എന്റെ ഉറക്കം പോകാൻ...

രാഘവേട്ടാ...

എന്താ കുഞ്ഞേ ഈ രാത്രിയിൽ...

ഒന്നും പറയണ്ടാ ഏട്ടാ അവൾക്കിപ്പോൾ മസാലദോശയും വടയും വേണമെന്ന്...

എനിക്ക് തോന്നി അല്ലാതെ കുഞ്ഞു ഈ സമയത്തു ഈ വഴി വരില്ല...

അമ്മിണിയേട്ടത്തിയാണ് പറഞ്ഞത്...

ഇതിപ്പോൾ എത്രാമത്തെ മാസമാണ് കുഞ്ഞേ..

മൂന്നാമത്തെ മാസം .

"ആ ഈ മാസത്തിൽ ഇങ്ങനെ ഓരോ ആഗ്രഹങ്ങൾ കാണും കുഞ്ഞേ അത് പിടിവാശി ആയി കാണരുത്...

നമ്മൾ വേണ്ടേ എല്ലാം സാധിച്ചു കൊടുക്കുവാൻ ..

"നാല് പ്രസവിച്ച അമ്മിണിയേട്ടത്തി രാഘവേട്ടനേ നോക്കി ഒന്ന് പറഞ്ഞു...

"അതേ അതേ കുഞ്ഞേ ഞങ്ങളുടെ
കാലത്ത് ഈ ഇരിയ്ക്കുന്നവൾ, രാത്രിയിൽ എന്നേ പുളിമരത്തിന്റെ മുകളിൽ വരേ കയറ്റിയിട്ടുണ്ട്...

"ഒന്ന് പോ മനുഷ്യാ അമ്മിണിയേട്ടത്തി നാണിച്ചു ചിരിച്ചു ...

രാഘവേട്ടൻ മസാലദോശയും ചായയും എടുക്കുന്നതിനിടയിൽ ഞാൻ ഒരു ഓംലൈറ്റും ഒരു കടും ചായയും കഴിച്ചു...

പൊതിയും വാങ്ങി തിരികേ വീട്ടിൽ എത്തിയപ്പോളും ഏട്ടൻ അതേ പോലെ ഇരിപ്പുണ്ട് അവിടേ...

ഈ ഏട്ടനെന്താ ഉറങ്ങണ്ടേ...

അല്ലെങ്കിൽ തന്നേ ഏട്ടന്റെയും കുറേ
ഉറക്കം പോയതല്ലേ...
അതായിരിക്കും ഇപ്പോൾ ഉറങ്ങാൻ മടി...

"എന്നേ ഒന്ന് നോക്കി ചിരിക്കുക മാത്രം ചെയ്തു ഏട്ടൻ പത്ര വായനയിൽ മുഴുകി..

അകത്തേയ്ക്ക് കടന്നപ്പോൾ
കുട്ടൂസിനെയും തോളിലിട്ട് ഏട്ടത്തി മുന്നിൽ..


ഇതെന്താ ഏട്ടത്തി കുട്ടൂസ് ഉറങ്ങിയില്ലേ

എന്താടാ പറയുക ഇവൻ ഇന്ന് വഴക്കാണ് കണ്ടില്ലേ...

"അല്ല നീ എന്താണ് പരുങ്ങുന്നെ ഒരുപാട് പരുങ്ങണ്ടാ അനിയാ വേഗം ചെല്ലൂ പാവം നിന്റെ പെണ്ണ് വിശന്നിരിയ്ക്കുകയാണ്....

ഏട്ട ത്തിയും ഒന്ന് ചിരിച്ചു...

"ഇനിയും ഇങ്ങനെ ഒരുപാട് ഓടണം കുട്ട്യേ..

"ഞാൻ മുറിയിൽ ചെന്നപ്പോൾ
എന്റെ പ്രിയതമ ടേബിളിൽ തല ചായ്ച്ചു കിടന്നുറങ്ങുന്നു.. .

അമ്മു...

ആ ഏട്ടൻ വന്നോ...

നീ എന്താണ് ഇവിടേ കിടന്നുറങ്ങുന്നത്..

ബെഡിൽ കയറി കിടന്നൂ ടായിരുന്നോ...

ഞാൻ ഏട്ടൻ പോയ ശേഷം ഉറങ്ങിയില്ല..

ഇവിടെ ഇങ്ങനെ ഇരുന്നു അറിയാതെ
കണ്ണ് അടഞ്ഞു പോയതാണ്..

"അപ്പോൾ നിനക്ക് ഇനി മസാലദോശ വേണ്ടല്ലോ അല്ലേ..

ഞാൻ കഴിച്ചോളാം...

"അയ്യടാ മോനേ മര്യാദയ്ക്ക് അതിങ്ങു താ.

"ഞാൻ പൊതി അവളുടേ നേരെ നീട്ടി ..

അതേ ഏട്ടാ നിക്ക്
ഒരു ആഗ്രഹം കൂടിയുണ്ട് ...

എന്റെ അമ്മു വല്ല മാവിലും, പുളിയിലും കയറാൻ ആണെങ്കിൽ ഈ രാത്രിയിൽ പറ്റൂല്ല...

നാളെ രാവിലേ ആകട്ടെ കയറാം...

അതൊന്നും അല്ല...

പിന്നേ..

എനിയ്ക്ക് ഈ മസാലദോശ വായിൽ വെച്ച് തരുമോ..

"ഒരു ഗർഭിണിയുടെ ആഗ്രഹം ആണ്
സാധിച്ചു തന്നില്ലേ പാപം കിട്ടൂട്ടോ..

പാപം കിട്ടണ്ടാ സാധിച്ചു തരാം ഇനി
അതിന്റെ പേരിൽ ഉറക്കം കളയണ്ടാ...

"ഞാൻ ആ മസാലദോശ കുറേശ്ശേ
അവളുടെ വായിൽ വെച്ച് കൊടുത്തു .

"അത് മുഴുവനും അവളേ കൊണ്ട്
തന്നേ തീറ്റിച്ചു....

അയ്യോ ഏട്ടാ വയ്യാ എനിക്ക് കിടക്കണം...

എന്നേ ഒന്ന് പിടിച്ചോ..

ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ അമ്മു...

മിണ്ടാതിരുന്നോ എനിയ്ക്ക് ദേഷ്യം വരും...

ഗർഭാലസ്യമല്ലേ ഏട്ടാ...

ഹ്മം ആയിക്കോട്ടെ... നിനക്ക് ഗർഭാലസ്യം..

എനിക്ക് ഉറക്കത്തിന്റെ ആലസ്യം..

ഒന്ന് പിടിച്ചേ ഏട്ടാ ...

"ഞാൻ അവളേ പിടിച്ചു കൊണ്ട് പോയി

കിടത്തി...

ഏട്ടാ ഏട്ടനും എന്റെ അടുത്ത് തന്നേ കിടക്കണേ...

എന്തിനാണ് എന്റെ ദേഹത്ത് തന്നേ പണി തരാൻ അല്ലേ...

ഒന്ന് പോകുന്നുണ്ടോ മനുഷ്യന് ഒന്ന് അനങ്ങാൻ കൂടി വയ്യാ ...

"കുഴപ്പമില്ല എന്റെ മോള് ഉറങ്ങിക്കോളൂ
ഈ ഏട്ടൻ കൂടെയില്ലേ..

ഏട്ടാ തീർന്നില്ല എന്റെ ആഗ്രഹങ്ങൾ...

ഇനിയുമുണ്ടോ...

ഉണ്ട് എന്താണ് അത് പറ കേൾക്കട്ടെ..

"നാളെ നമ്മുടെ മുറ്റത്തെ പുളിയൻ മാവിൽ നിന്നും മാങ്ങാ പൊട്ടിച്ചു തരണേ.

അയ്യോ അത് ഞാൻ തമാശയ്ക്ക്
പറഞ്ഞതാ നീ അത് കാര്യമായി എടുത്തോ.

നിക്ക് മാങ്ങാ വേണം. നാളെ തന്നേ..

"അതേ മാവിൽ കയറണം എന്ന് നിർബന്ധമാണോ താഴെ നിന്നു
എറിഞ്ഞാൽ പോരേ. അതിൽ മുഴുവനും പുളിയനുറുമ്പാണ്..

വേണം നിക്ക്...

" ഞെട്ടോടെ മാങ്ങാ വേണം...

"ദൈവമേ ഇവളെ പ്രേമിച്ചു നടന്നപ്പോൾ പോലും ഇത്രയും പാടു പെട്ടില്ലായിരുന്നു..

ഇതിപ്പോൾ എന്താ കഥ...

ഏട്ടൻ എന്തേലും പറഞ്ഞോ...

ഏയ്യ് ഒന്നുമില്ല നീ ഉറങ്ങിക്കോ..

നാളെ പൊട്ടിച്ചു തരാം മാങ്ങാ...

അങ്ങനെ എന്റെ ഉറക്കവും പോയി തുടങ്ങി...

"ദൈവമേ ഏട്ടൻ പറഞ്ഞത് ഫലിച്ചു തുടങ്ങിയോ...

"ഇനിയും എന്തൊക്കെ ആഗ്രഹങ്ങൾ ബാക്കിയുണ്ടോ എന്തോ അമ്മിണിയേട്ടത്തി പറഞ്ഞത് പോലെ ഗർഭിണി അല്ലേ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കേണ്ടേ...

ആഗ്രഹങ്ങൾക്ക് പഞ്ഞമില്ലല്ലോ...

സാധിച്ചു കൊടുക്കാം...

"എന്നാലും ഇപ്പോൾ എനിയ്ക്ക് ഒരു വീണ്ടു വിചാരം തോന്നുന്നു ഇത്രയും പെട്ടെന്ന് വേണ്ടിയിരുന്നോ..

"അല്പം തിടുക്കം കൂടിയില്ലേ ആ ഇനിയും പറഞ്ഞിട്ട് ഒരു കാര്യമില്ല ...

പാവം എന്റെ അമ്മു... എന്തൊക്കെ ആലസ്യം അനുഭവിയ്ക്കുന്നു...

കൂടേ ഞാനും...

"എന്തായാലും കിടന്നു ഉറങ്ങാം രാവിലേ മാവിൽ കയറേണ്ടതല്ലേ...

മാവിലും തെങ്ങിലും കയറാനായി എന്റെ ജീവിതം ബാക്കി...

"ബാക്കി മാവിൽ നിന്നും ഇറങ്ങിയിട്ട് പറയാട്ടോ..

.. ........ ശുഭം

... ......... രചന

വിജയ് കുമാർ ഉണ്ണികൃഷ്ണൻ

Report Page