Solo

Solo

Sher1983

ജലം , മുറിഞ്ഞു മുറിഞ്ഞു വീഴുന്ന ശബ്ദവുമായി അത് വീഴുന്നു. കാഴ്ച മറഞ്ഞാലും കണ്ണിലിരുട്ടു കയറിയാലും തൊട്ട് അറിയാനൊതുകുന്നതാണത്. അവന്റെ വിക്കിവിക്കിയുള്ള ശബ്ദമറിഞ്ഞു അവനെ അവൾ തിരിച്ചറിയുന്നു. അറിഞൊ അറിയാതെയോ അവനവളുടെ നീലയണിഞ്ഞു വരുന്നു.


ജലം, ഓരോ സ്പര്ശത്തിലും അത് അവനെ തണുപ്പിക്കുന്നു. അവന്റെ തിളപ്പുകൾ സ്വീകരിച്ചുകൊണ്ട് തന്നെ. അവനെങ്ങനെയാണിത്ര തണുത്തുപോയതെന്നു അവനത്ഭുതപ്പെടുന്നു. അവളുടെ പ്രണയസ്പർശം അവനിൽ മറ്റെന്തോ ഉളവാക്കുന്നു. 


ജലം, ഒരു ചെറിയ ഉറവ ആയി തുടങ്ങി അന്ത്യത്തിൽ ഒരു വലിയ കടലായി അവൾ മാറുന്നു. നൃത്തചുവടുകളെ നനയ്ക്കുന്ന നനുത്ത സ്പര്ശത്തിൽ നിന്ന് കണ്ണെത്താത്ത ചക്രവാളങ്ങളത്തോളം നീളുന്ന ഒരു വലിയ കടലോളം അവൾ.


ജലം, അവളുടെ ഭാവം സ്ത്രൈണമാണ്. അവളെ പാനം ചെയ്തു അവൻ അവളായി തീരുകയാണ്. അവൾ ജീവൻ നൽകുവോളാണ്, കാക്കുവോളാണ്, അതിനെ പരിപോഷിപ്പിക്കുവോളാണ്. അവളില്ലാതെയാകുന്നുവെന്നു നമുക്കു തോന്നുമ്പോഴും യഥാർത്ഥത്തിൽ ഇല്ലാതെ ആകുന്നതു അവനാണ്. അവൻ അവളാകുന്നു, ജലമാകുന്നു. അവരുടെ ജീവനായതിനുവേണ്ടി, അവൻ ഇല്ലാതെയായി അവൾ മാത്രം ബാക്കിയാകുന്നു!


***

വായു, അവനെ നീ കാണുന്നില്ല, പക്ഷെ അവൻ നിന്നെ കാണുന്നു. നിന്റെ നെഞ്ചിടിപ്പ് നീളേണ്ടത് എപ്പോൾ വരെ എന്ന് അവൻ തീരുമാനിക്കുന്നു. അവനെ കാണാൻ നീ അശക്തനാണ്. അതു നിനക്കറിയാം. 


വായു, നിന്റെ മുന്നിൽ വെളിപ്പെടാൻ തീരുമാനിക്കുന്നത് വരെ അവനെ നീ അറിയുന്നില്ല. ത്രിലോകങ്ങളും പ്രകമ്പനം കൊള്ളുന്ന അവന്റെ ക്രോധം നിറഞ്ഞ ശബ്ദം മാത്രം നീ കേൾക്കുന്നു. അത് കേട്ട് നീ ഭയക്കുന്നു. 


വായു, ആരുമറിയുന്നില്ലന്ന് കരുതി നീ നിന്റെ ചുറ്റുമുള്ള അവനിലേക്ക് തൊടുത്തുവിട്ട പാഴ്വാക്കുകളെറ്റ് മുറിഞ്ഞ അവൻ നിനക്കായി വരുന്നു. നിനക്കു വിധിച്ചത് തന്ന് അവൻ എവിടേക്കോ പോകുന്നു.എവിടെ നിന്ന് വന്നുവെന്നോ എവിടെക്കിനി പോകുന്നുവെന്നു അവൻ പറയുന്നില്ല. അവൻ നിന്നിൽ നിന്ന് ശ്വാസം പിൻവലിക്കുന്നു. നീ ചോര തുപ്പി മരിക്കുന്നു. 


വായു, പുരുഷഭാവമാണ് അവന്. നിന്റ ശ്വാസത്തെ ഇത്ര നീളാൻ അനുവദിച്ചത് അവന്റെ ഔദാര്യം മാത്രമായിരുന്നെന് ഓർക്കാതെ കാലനായി മാത്രം അവൻ നിനക്ക് മാറുന്നു. കാലത്തിനപ്പുറത്തേക് ഒരല്പം പോലും സമയം തരാതെ നിന്നെ സംഹരിച്ചവൻ മടങ്ങുന്നു.

***

അഗ്നി, അവൻ ഒരക്ഷരം പറയുന്നില്ല. പക്ഷെ, നിശബ്ദമായി അവൻ എരിക്കുന്നു. അവനോടു ചേർന്നു നിൽക്കുന്നവയിലെല്ലാം അവൻ പടരുന്നു. അണഞ്ഞു ചാരമായെന്നു തോന്നുമ്പോഴും അവൻ അവനെ അവശേഷിപ്പിക്കുന്നു. 


അഗ്നി, ചെറുതെന്നു തോന്നുന്ന അവന്റെ ആ ഒരു നാളത്തെ നീ അവഗണിക്കുന്നോ. നിന്നെ കത്തിയെരിക്കാൻ പോന്ന ഒന്നായി മാറാൻ അവനധികം സമയം വേണ്ട. 


അഗ്നി, ചുവപ്പുകൊണ്ട് അവൻ അവന്റെ ചുറ്റുമുള്ള ലോകത്തെ അലങ്കരിക്കുന്നു. പക്ഷെ ഉള്ളിൽ അവൻ കറുപ്പാണ്. എരിഞ്ഞടങ്ങുമ്പോൾ മാത്രം വെളിപ്പെടുന്ന അവന്റെ കറുപ്പ്!


അഗ്നി, അവന്റെ ഭാവം പുരുഷമാണ്. നിയന്ത്രിക്കാൻ ശക്തിയുള്ളവൾ ഉള്ളപ്പോൾ അവനടങ്ങി അവളുടെ മടിയിൽ കിടക്കുന്നു. എന്നാൽ അവൾ മാറി കഴിയുമ്പോ അവൻ ഇര തേടി പായുന്നു. കാരണങ്ങൾ ഏതും തേടാതെ ചുട്ടെരിക്കുന്നു.

***

മണ്ണ്, പൂവിനും വണ്ടിനും ജനനിയാകുന്നത് അവളാണ്. പച്ചയണിഞ്ഞു നിൽക്കുന്നവർക്ക് ഉറച്ചുനില്ക്കാൻ അവൾ നിലമൊരുക്കുന്നു. പൂവ് പൊഴിഞ്ഞു പോയെന്നു തോന്നിയ ശേഷവും വണ്ട് അവളെ തിരഞ്ഞു പറക്കുന്നത് അവനിലാ പച്ചപ്പ് നിലനിൽക്കുന്നതുകൊണ്ടാണ്!


മണ്ണ്, എത്ര കട്ടിയായി മെനഞ്ഞെടുക്കുന്നോ, അത്രയ്ക്ക് ഉറപ്പോടെ അത് നിൽക്കുന്നു. ശക്തിയിൽ ഉറപ്പുകാട്ടുവോൻ നിലനിൽക്കുന്നു, അല്ലാതെയുള്ളവൻ വീഴുന്നു. വീണടിഞ്ഞു അവളെ പുതച്ചുകിടക്കേണ്ടി വരുന്നു, അല്ലെങ്കിൽ സ്വയം കുഴിച്ചുമൂടേണ്ടി വരുന്നു. 


മണ്ണ്, അവളുടെ ഭാവം സ്ത്രൈണമാണ്. വേദനയും കണ്ണീരുമാണവളിൽ അവശേഷിക്കുക. അവളിലുണ്ടായത് അവളിൽ തന്നെ ഒടുങ്ങുന്നു.


***                                 

കുറിപ്പ്: സോളോ എന്ന ചിത്രം ഒരു വിസ്മയം ഒന്നുമാണെന്ന് അഭിപ്രായമില്ല. 

ഒരു ദൃശ്യവിരുന്നൊരുക്കുമ്പോൾ തന്നെ പ്രേക്ഷകനിലേക്കു എത്താതെ പോകുന്ന ചില ഭൂതങ്ങളുണ്ട് സിനിമയിൽ ഉടെനീളം. നല്ല വിഷ്വലുകളുള്ളപ്പോൾതന്നെ നാടകാവതരണത്തിൽ പോലും ഉപയോഗിക്കാതെ സംഭാഷണങ്ങളും, വിരസതയുടെ വായ്കോട്ട ചില സമയമെങ്കിലും പ്രേക്ഷകനെകൊണ്ട് അടുപ്പിക്കുന്ന ആഖ്യാനവും, അനാവശ്യ ഭാവപ്രകടനങ്ങളുള്ള ചില ചില മന്ദാരചപ്പുണ്ടോ-മേനോൻമാരും ഒക്കെയായി ആകെപ്പാടെ ഒരു ദുരന്തമാണ് ആദ്യ പകുതി എന്നാണ് ഈയുള്ളോന് തോന്നിയത്. ആക്സിഡന്റിൽ പെടുന്ന വണ്ടിയിൽ നടന് പകരം കെട്ടി വെച്ചിരിക്കുന്ന ബൊമ്മ കാണുന്നതു ഉൾപ്പെടെ ഉള്ള ചില നോട്ടപിശകുകൾ തെളിഞ്ഞു കാണുന്നുമുണ്ട്.


എന്നാൽ രണ്ടാം പകുതിയിൽ തീ പിടിച്ചു. ശിവയുടെ നിശബ്ദതയിൽ സംവിധായകന്റെ ക്രാഫ്റ്റ് അയാൾ ഒളിപ്പിച്ചിരിക്കുന്നതു കണ്ടു. എല്ലാം വായിലുരുട്ടി തരാതേ ഒരല്പം ചിന്തയ്ക്കു വകയുണ്ടെന്നു പറഞ്ഞാണ് അതവസാനിച്ചതു. 

എന്നാൽ ആലോചിച്ചു വന്നപ്പോൾ വിരസമെന്നു തോന്നിയ ആദ്യ പകുതിയിലാണ് അയാൾ കൂടുതൽ സംഗതികൾ ഒളിപ്പിച്ചിരിക്കുന്നതു.

 എന്നാൽ അങ്ങനെ വലിയ ചിലതൊക്കെ ഒളിപ്പിക്കാൻ പോയപ്പോൾ ചെറുതെന്നു തോന്നിയ ചിലതിനെ അവഗണിച്ചതാകാം ഈ പടത്തെ കേരളത്തിലെ പ്രേക്ഷകർ സ്വീകരിക്കാതെ പോകുന്നുണ്ടെങ്കിൽ, അതിനു കാരണം!


©നിർമൽ

@cinematicworld

Report Page