Sex

Sex

http://t.me/arivuchannel

ഒരിക്കൽ കുറച്ച്‌ ദൂരെ ഒരു വിദ്യാലയത്തിൽ നിന്നൊരു ഫോൺകോൾ വന്നു. "സ്‌കൂളിൽ സ്വവർഗരതി വർദ്ധിക്കുന്നു, ഡോക്‌ടർ വന്നൊരു ക്ലാസെടുക്കണം" എന്നതായിരുന്നു കോളിന്റെ ഉള്ളടക്കം. കൃത്യമായ പോളിസികൾ ഉള്ളൊരു സംസ്‌ഥാനത്ത്‌ അതിനെതിരെ സംസാരിക്കുന്നത്‌ ശരിയല്ല എന്ന്‌ ഉറപ്പിച്ച് പറഞ്ഞ്‌ ഒഴിയാന്‍ ശ്രമിച്ചു. ഫോൺ വെക്കാന്‍ തുടങ്ങിയതും അവരുടെ കൗൺസിലർ വിളിക്കും, അദ്ദേഹത്തോട്‌ ഒന്ന് സംസാരിക്കാമോ എന്നായി അടുത്ത ചോദ്യം. സമ്മതിച്ചത് പ്രകാരം അവര്‍ വൈകിട്ട് വിളിച്ചു. വിശദമായ വിവരങ്ങളറിഞ്ഞപ്പോൾ ഉള്ളത്‌ പറഞ്ഞാൽ ഭയന്നുപോയി.
യുപി ക്ലാസിലെ കുട്ടികൾ തമ്മിലാണ്‌ സ്വവർഗരതിക്ക്‌ സമാനമായ ചേഷ്‌ടകൾ പതിവായിരിക്കുന്നത്‌. ഒളിച്ചുകളിക്കേണ്ട പ്രായത്തിൽ ഒളിച്ചിരുന്ന്‌ ശരീരസുഖം തേടുന്ന കുഞ്ഞുങ്ങൾ ! ഏറെ സ്വകാര്യതയോടെ കിട്ടുന്ന വൈഫൈ കണക്ഷനുള്ള മൊബൈലും ടാബും പഠിപ്പിക്കുന്ന പാഠങ്ങള്‍ അവര്‍ ചെയ്തു നോക്കുകയായിരുന്നു. വിഷയത്തിന്‍റെ ഗൗരവവും സാഹചര്യവും ഉൾക്കൊണ്ട്‌ ആ പ്രശ്നത്തെ സമഗ്രമായി സമീപിക്കാനായി ചെയ്യാനുള്ള നിർദേശങ്ങൾ നൽകി. ഇന്നത്തെ സമൂഹം അകപ്പെട്ടിരിക്കുന്ന ഭീകരാവസ്ഥയെ കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു ആ കോളുകള്‍.
ഈ സംഭവത്തിനും മാസങ്ങൾക്ക്‌ മുൻപ്‌ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക്‌ ലൈംഗിക വിദ്യാഭ്യാസ ക്ലാസുകൾ എടുത്ത്‌ തുടങ്ങിയിരുന്നു. മലപ്പുറത്തും കോഴിക്കോടുമുള്ള കുറേയേറെ സ്‌കൂളുകളിൽ ക്ലാസെടുത്തിട്ടുണ്ട്‌. അര മണിക്കൂർ കൊണ്ട്‌ ഏതാണ്ട്‌ അടിസ്ഥാന ജീവശാസ്‌ത്രമൊക്കെ പറഞ്ഞൊപ്പിച്ച്‌ കഴിഞ്ഞാൽ പിന്നെ കുട്ടികളുടെ സംശയങ്ങളുടെ പെരുമഴയാണ്‌. സയന്‍സ് ഗ്രൂപ്പ് പഠിക്കുന്നവര്‍ ആയാല്‍ പോലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ അന്ധവിശ്വാസങ്ങൾക്കും അശാസ്‌ത്രീയധാരണകൾക്കും ഒരു പഞ്ഞവുമില്ല. 'കാലിൻമേൽ കാൽ കയറ്റി വെച്ചാൽ ഗർഭപാത്രം താഴുമോ?'എന്ന്‌ തുടങ്ങി 'കഞ്ചാവ്‌ വലിച്ചാൽ ലൈംഗികശേഷി ഇല്ലാതാകുമോ?' എന്ന ചോദ്യം വരെ കൃത്യമായി വിശദീകരിച്ചു കൊടുത്തിട്ടുണ്ട്‌. പല ചോദ്യങ്ങളും നല്‍കുന്ന ദുസ്സൂചനകള്‍ സ്കൂളിനടുത്ത് ഉള്ള ലഹരിക്കച്ചവടങ്ങള്‍, ഗൃഹാന്തരീക്ഷത്തിലെ അരക്ഷിതാവസ്ഥകള്‍ എന്നിവയിലേക്ക് വിരല്‍ ചൂണ്ടുന്നത് കൊണ്ട് അവയെല്ലാം തന്നെ സ്കൂള്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മിക്കയിടത്തു നിന്നും മടങ്ങിയിട്ടുള്ളതും.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും, വികലധാരണകളുടെ വിളനിലമായ യുവതലമുറയുടെ ലൈംഗികവീക്ഷണത്തെ കുറിച്ച് നല്ല ധാരണ ഉണ്ടെന്ന എന്‍റെ അഹങ്കാരത്തെ പൊളിച്ചടുക്കി കൊണ്ടാണ് കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത‍ ശ്രദ്ധയില്‍ പെട്ടത്. വാർത്ത ഇതാണ്‌ - കത്വയില്‍ ക്രൂരപീഡനം ഏറ്റുവാങ്ങിയ കുഞ്ഞിന്റെ പേരായിരുന്നു ഒരു പ്രമുഖ അശ്ലീല വെബ്‌സൈറ്റില്‍ 'ട്രെന്‍ഡിംഗായ' വാക്ക്. അത് പോലൊരു വെബ്സൈറ്റിന്‍റെ ഇന്ത്യൻ സെഗ്മെന്റില്‍ ആ വാക്ക് സേര്‍ച്ച്‌ ഹിസ്റ്ററിയില്‍ ഒന്നാമത് എത്തണം എന്നുണ്ടെങ്കില്‍, ആ രംഗം കൺനിറയെ കാണാൻ ആയിരക്കണക്കിന്‌ ആളുകള്‍ തിരഞ്ഞിട്ടുണ്ട്‌ എന്നർത്‌ഥം. എട്ടു വയസ്സുകാരിയെ മനസ്സ് കൊണ്ട് ക്രൂരമായി പീഡിപ്പിച്ചവർ വസിക്കുന്ന ഭാരതം ! നമ്മൾ എത്ര മാത്രം അനാരോഗ്യകരമായ വികാരവിചാരങ്ങളുടെ കുത്തൊഴുക്കിലാണെന്ന്‌ നോക്കൂ... മൂക്കാതെ പഴുത്ത മനസ്സുകളും അനാരോഗ്യകരമായ സാഹചര്യങ്ങളും, കൃത്യമായ ലൈംഗികവിദ്യാഭ്യാസം ഇല്ലാത്തതുമാണ് ഇത്രയേറെ പ്രശ്‌നങ്ങൾ വഷളാക്കുന്നത്‌.

ആണുങ്ങളെ സൂക്ഷിക്കണം, അവർ ഉപദ്രവിക്കും' എന്ന്‌ പെൺകുട്ടിയെ ആവർത്തിച്ച്‌ പഠിപ്പിക്കാൻ വെമ്പുമ്പോൾ തന്നെയും, 'പെണ്ണിനെ ബഹുമാനിക്കണം' എന്ന്‌ എത്ര അമ്മമാർ/അച്‌ഛൻമാർ അവരുടെ ആൺകുട്ടികളെ പറഞ്ഞ്‌ പഠിപ്പിക്കുന്നുണ്ട്‌? സ്വന്തം കുഞ്ഞുപെങ്ങൾക്ക്‌ ആദ്യാർത്തവം ഉണ്ടാകുമ്പോൾ അത്‌ ചേട്ടൻമാരെ അറിയിക്കാൻ എത്ര അമ്മമാർ തയ്യാറാകുന്നുണ്ട്‌? മെൻസസ്‌ സമയത്തെ ദുസ്സഹനീയമായ വയറ്‌ വേദനയുമായി കിടക്കയിൽ കമിഴ്‌ന്ന്‌ വീണ്‌ കിടന്നിടത്ത്‌ നിന്നും എഴുന്നേറ്റ്‌ പോയി ആറടി ഉയരമുള്ള മകന്റെ ജീൻസ്‌ അലക്കേണ്ട ഗതികേട്‌ എന്തേ ഉണ്ടാകുന്നു? തുറന്ന്‌ പറഞ്ഞാലെന്താണ്‌? അവനറിയേണ്ടതല്ലേ അമ്മയുടെ കഷ്‌ടപ്പാട്‌? എന്തേ മാതാപിതാക്കൾ ആൺമക്കളെ ഒന്നുമറിയാത്തവരായി വളർത്തുന്നത്‌? അമ്മയേക്കാൾ പെണ്ണിന്റെ ശരീരത്തിന്റെ പ്രത്യേകതകളും വിലയും പറഞ്ഞു കൊടുക്കാനർഹതയുള്ള മറ്റേത്‌ സ്‌ത്രീയാണുള്ളത്‌? മുതിർന്ന ശേഷം പറഞ്ഞു കൊടുക്കുമ്പോഴാണ്‌ ജാള്യത വിഷയമാകുന്നത്‌. മുളയിലേ ചൊല്ലി കൊടുത്തു തുടങ്ങുന്ന പാഠങ്ങൾ മരണം വരെയും കൈപ്പിടിയിലുണ്ടാകും.
പെങ്ങൾ ഗൾഫിൽ നിന്ന്‌ വരുമ്പോൾ കൈയിൽ കണ്ട കൈക്കുഞ്ഞ്‌ ഏതാണെന്ന്‌ ചോദിച്ചപ്പോൾ മാത്രം അവൾ ഗർഭിണിയായിരുന്നു എന്നറിഞ്ഞ ആങ്ങളയെ നേരിട്ടറിയാം. ഗർഭിണിയാണെന്ന്‌ തുറന്ന്‌ പറയുന്നതിൽ പോലും ലജ്ജ കണക്കാക്കുന്ന കുടുംബത്തിലെ അംഗത്തിന്‌ നേരെ ശാരീരിക അതിക്രമം നടന്നാൽ, അത്‌ വീട്ടിൽ വന്ന്‌ പറയുമെന്ന്‌ വിശ്വസിക്കുന്നത്‌ അതിമോഹമായിരിക്കും. കുടുംബം എന്നത്‌ ഉപരിപ്ലവമായ കാര്യങ്ങൾ മാത്രം പറഞ്ഞ്‌ കുളത്തിൽ വീണ ഇല കണക്ക് ഒഴുകി നടക്കുന്ന ഒരു സംരംഭമാണെന്നാണ്‌ നമ്മളിൽ മിക്കവരുടേയും ധാരണ. മക്കളെ ആണിനെയും പെണ്ണിനേയും അറിയിച്ച്‌ വളർത്തണം. അവരെ 'കാര്യങ്ങൾ' പഠിപ്പിക്കേണ്ടത്‌ നീലച്ചിത്രങ്ങളും കൊച്ചുപുസ്‌തകങ്ങളും കുപ്പി പൊട്ടിക്കാൻ കൂട്ടിരിക്കുന്ന വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവനുമല്ല.

ലൈംഗികത എന്നത്‌ സംസാരിക്കാൻ നാണിക്കേണ്ട കാര്യമില്ല. ഈ നാണക്കേടാണ്‌ വലിയൊരു പരിധി വരെ നമ്മുടെ കുഞ്ഞുങ്ങളെ നശിപ്പിക്കുന്നത്‌. ചൈൽഡ്‌ലൈൻ പ്രചരിപ്പിക്കുന്ന 'കോമൾ' എന്ന വീഡിയോ കണ്ടിട്ടുണ്ടോ? ചെറിയ കുട്ടികളോട്‌ ചുണ്ടിലും, കൈകൾക്കിടയിലും, കാലുകൾക്കിടയിലും മാതാപിതാക്കളും, ഡോക്‌ടറുമല്ലാത്തൊരാൾ തൊട്ടുകൂട എന്ന്‌ വ്യക്‌തമായി പറയാൻ നമുക്കെന്താണ്‌ ബുദ്ധിമുട്ട്‌? ഇതിനപ്പുറമൊരു സ്‌പർശമുണ്ടായാൽ അതിനോട്‌ 'നോ' പറയണമെന്നും തുടർന്ന്‌ വീട്ടിൽ വന്ന്‌ അമ്മയോട്‌ പറയണമെന്നും പറഞ്ഞ്‌ കൊടുത്താലെന്താണ്‌ നമുക്ക്‌? പ്രസവിക്കുന്നത്‌ എങ്ങനെയെന്ന്‌ ഏഴ്‌ വയസ്സുകാരനോട്‌ ഒരു സാഹചര്യത്തിൽ പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടുണ്ട്‌. അവനോടത്‌ രഹസ്യമാക്കാൻ ബഹുമാനത്തോടെ പറഞ്ഞാൽ അവനത്‌ പാലിക്കുകയും ചെയ്യും. ആ അടുപ്പമാണ്‌ നമ്മളിൽ പലർക്കും കുട്ടികളോട്‌ ഇല്ലാതെ പോകുന്നത്‌.

കുട്ടികളോടുള്ള ലൈംഗികതാൽപര്യം ഏറ്റവും വലിയ കുറ്റകൃത്യമായ ഈ നാട്ടിൽ തീരേ ചെറിയ കുട്ടികളുടെ നഗ്‌നചിത്രങ്ങൾ ഷെയർ ചെയ്‌ത്‌ ആസ്വദിക്കാൻ മാത്രമുള്ള ഫെയിസ്‌ബുക്ക്‌ ഗ്രൂപ്പ്‌ നിലനിന്ന വാർത്ത കണ്ടിട്ട് അധികമായില്ല. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഉള്ളവരും അല്ലാത്തവരുമായ സ്‌ത്രീകളുടെ ഫോട്ടോ രഹസ്യഗ്രൂപ്പിലിട്ട്‌ അസഭ്യകമന്റുകളെഴുതി മനസ്സിലെ വൈകൃതം പുറത്ത്‌ കളയുന്ന രഹസ്യഗ്രൂപ്പുകൾ ഉള്ളതായി സ്‌ക്രീൻഷോട്ടുകൾ ഉൾപ്പെടുന്ന വേറൊരു വാർത്തയും കണ്ടിരുന്നു. ടീച്ചറും ബന്ധുവും സുഹൃത്തുമെല്ലാം സൈബർസ്‌പേസിൽ ലൈംഗിക ഉപകരണങ്ങളാകുന്ന മാനസികസ്‌ഥിതിയിലേക്ക്‌ നമ്മുടെ യുവതലമുറ അധ:പതിക്കുന്നുണ്ടെങ്കിൽ അതിനുള്ള കാരണം സ്‌ത്രീയെക്കുറിച്ചുള്ള അജ്‌ഞത, കൃത്യമായ അറിവിന്റെ ലഭ്യതക്കുറവ്‌, അറിയാനുള്ള ജിജ്‌ഞാസ, അനന്തമായ സാധ്യതകളുള്ള വിർച്വൽ ലോകം, അപക്വമായ മനസ്സുകളിൽ വിഷം കലക്കാൻ കെൽപ്പുള്ള പ്രത്യയശാസ്‌ത്രങ്ങളുടെ അനുഭാവികളുമായുള്ള സംസർഗത്തിനുള്ള അവസരങ്ങൾ എന്നിവയാണ്‌.
എല്ലാത്തിലുമുപരി വൈകുന്നേരം വീട്ടിൽ കയറി ചെല്ലുമ്പോൾ കാണുന്ന അമ്മയെ ചോറ്‌ വിളമ്പുന്ന മെഷീൻ എന്നതിലുപരി ഒരു ആത്മാവുള്ള ശരീരമായി പരിഗണിക്കാനാകണം, സഹോദരിയോട്‌ ബന്ധം വേണം, ഭാര്യ സുഹൃത്താകണം, മകൾ പ്രാണനാകണം. 'വെറും പെണ്ണ്‌' എന്ന അടിസ്‌ഥാനരഹിതമായ പാഠം നെഞ്ചിലേറ്റിയ ആണിന്‌ എത്രത്തോളം ഇതിനാകും? എവിടെയാണ്‌ നമ്മൾ തിരുത്തേണ്ടത്‌?
തിരുത്തേണ്ടത്‌ വീടുകളുടെ അകത്തളങ്ങളിലാണ്‌. സൽസ്വഭാവം പഠിപ്പിക്കാൻ തിരക്ക്‌ കൂട്ടുന്നതിനിടക്ക്‌ സ്വയം സൂക്ഷിക്കാൻ ചെറുപ്രായത്തിലേ ആണിനേയും പെണ്ണിനേയും പഠിപ്പിക്കുക. ആൺമക്കളും സുരക്ഷിതരല്ലെന്നറിയുക. കൈക്കുഞ്ഞുങ്ങളെ മുതൽ കരുതലോടെ ചേർത്ത്‌ പിടിക്കുക. അസ്വാഭാവികമായ സ്‌പർശമുണ്ടായാൽ വീട്ടിൽ അറിയിക്കാൻ കുഞ്ഞിനെ പ്രാപ്‌തരാക്കുക. വല്ലതും സംഭവിച്ച്‌ പോയാൽ പോലും കുഞ്ഞിന്‌ നിങ്ങളുണ്ടെന്ന്‌ ഉറപ്പ്‌ കൊടുക്കുക. ആൺമക്കളെ പെണ്ണിനെ ബഹുമാനിക്കേണ്ടതിന്റെ വില പഠിപ്പിക്കുക. കുഞ്ഞുങ്ങളെ ലോകം കാണിച്ച്‌ കൊടുത്ത്‌ വളർത്തുക. ഇലക്‌ട്രോണിക്‌ മീഡിയക്ക്‌ അപ്പുറത്തുള്ള വെയിലും മഴയും കൊള്ളണമവർ. ചിറകിനടിയിൽ വെച്ച്‌ വളർത്തുമ്പോളും കൊത്തിയകറ്റാനുള്ള പ്രായമെത്തുമ്പോൾ ശരിയായ ദിശ തേടി പറക്കാൻ പ്രാപ്‌തരാക്കുക. തെറ്റായ ദിശ പഠിപ്പിക്കാൻ വരുന്നവരെ ഒഴിവാക്കാനുള്ള വിവേകവും അവർക്ക്‌ പകരുക. ശരീരം കൊണ്ട്‌ എന്നും നമ്മളുണ്ടാകില്ല അവർക്കൊപ്പം. വിശാലമായ ലോകത്ത്‌ അവർക്ക്‌ വഴി തെറ്റിക്കൂടാ... വഴി തെറ്റാൻ നമ്മുടെ അലംഭാവം കാരണമായിക്കൂടാ...
- Dr. Shimna Azeez

http://t.me/arivuchannel

Report Page