ബൈക്ക് ട്രെയിനില്‍ കൊണ്ട് പോകാന്‍

ബൈക്ക് ട്രെയിനില്‍ കൊണ്ട് പോകാന്‍



ജോലി സ്ഥലത്തേയ്ക്കോ നാട്ടിലേയ്ക്കോ ബൈക്ക് ട്രെയിനില്‍ കൊണ്ടുവരേണ്ട സാഹചര്യങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. അതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുകയാണിവിടെ.


ആവശ്യമായ രേഖകള്‍ 



1. യഥാര്‍ഥ ആര്‍സി ബുക്ക്‌ ( പരിശോധനയ്ക്കായി മാത്രം )


2. ആര്‍സി ബുക്കിന്റെ കോപ്പി. 


3. ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ( പാസ്പോര്‍ട്ട്‌, അധാര്‍ , ഡ്രൈവിങ് ലൈസന്‍സ് മുതലായവ ). ഇതും പരിശോധനയ്ക്കായി മാത്രം മതി


4. തിരിച്ചറിയല്‍ രേഖയുടെ കോപ്പി. 


ചെയ്യേണ്ട കാര്യങ്ങള്‍



ആദ്യം ബൈക്കിന്റെ മുഴുവന്‍ പെട്രോളും നീക്കം ചെയ്യണം. സ്റ്റാര്‍ട്ട്‌ ചെയ്യാനാവരുത്. പാര്‍സല്‍ ബുക്കിങ് ഓഫീസര്‍ വണ്ടി ചെക്ക്‌ ചെയ്യും. രേഖകള്‍ പരിശോധിക്കും. വണ്ടി സ്റ്റാര്‍ട്ട്‌ ആവുന്നുണ്ടോ എന്നും നോക്കും. അടുത്ത ഘട്ടം പായ്ക്കിങ് ആണ്. പോര്‍ട്ടര്‍മാര്‍ പായ്ക്ക് ചെയ്യാന്‍ സഹായിക്കും ( പായ്ക്കിങ് കൂലി ഏകദേശം 300 രൂപ ). പായ്ക്കിങ് അറിയാമെങ്കില്‍ സ്വന്തമായി ചെയ്യാം. റിയര്‍വ്യൂ മിററുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഊരിമാറ്റുന്നത് നന്ന്. കാരണം അശ്രദ്ധമായി ബൈക്ക് കയറ്റുകയും ഇറക്കുകയും ചെയ്താല്‍ അവ പൊട്ടിപ്പോകാനിടയുണ്ട്.


ബൈക്ക് പായ്ക്ക് ചെയ്തതിനു ശേഷം ഒരു ഫോം പൂരിപ്പിക്കാനുണ്ട്. എവിടേക്കാണ് അയ്ക്കുന്നത്, അയയ്ക്കുന്ന ആളുടെ വിലാസം‌, സ്വീകരിക്കുന്ന ആളുടെ വിലാസം‌, വണ്ടി നമ്പര്‍ , ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ നല്‍കണം. സ്വന്തം പേരിലുള്ള വണ്ടി അല്ലെങ്കില്‍ ആര്‍സി ബുക്കിലെ ഉടമ നല്‍കിയ സമ്മതപത്രവും സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും വേണം. സ്വീകരിക്കുന്ന ആളായി നമ്മുടെ തന്നെ പേരും വിലാസവും വയ്ക്കാവുന്നതാണ്. ഫോം പൂരിപ്പിച്ചു ചാര്‍ജും അടച്ചാല്‍ ഒരു രസീത് ലഭിക്കും. അതില്‍ ഒരു നമ്പര്‍ ഉണ്ടാകും. അത് വണ്ടിയുടെ പായ്ക്കിങ്ങിന് മുകളില്‍ വ്യക്തമായി എഴുതണം. ഇതുകൂടാതെ അയയ്ക്കുന്ന ആളിന്റെയും ലഭിയ്ക്കേണ്ട ആളിന്റെയും പൂര്‍ണ്ണമായ വിലാസം ടിന്‍ഷീറ്റില്‍ എഴുതി ബൈക്കില്‍ കെട്ടിവയ്ക്കണം. സ്ലീപ്പര്‍ ക്ലാസ്സ്‌ ടിക്കറ്റിന്റെ മൂന്ന് ഇരട്ടിയോളം ആവും ചാര്‍ജ്. കിലോമീറ്ററിനും വാഹനത്തിന്റെ ഭാരത്തിനും അനുസരിച്ചാണ് നിരക്ക്.


കഴിവതും പ്രധാന സ്റ്റേഷനുകളില്‍ നിന്നും ബൈക്ക് അയയ്ക്കുക. കാരണം ബൈക്ക് ട്രെയിനില്‍ കയറ്റാന്‍ കൂടുതല്‍ സമയം വേണം. നമ്മള്‍ അയയ്ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് ബുക്ക്‌ ചെയ്യുന്ന സ്ഥലത്തു നിന്നു നേരിട്ട് ട്രെയിന്‍ ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ബുക്കിങ് സ്വീകരിക്കൂ.


ബൈക്ക് എത്തേണ്ട സ്റ്റേഷനില്‍ എത്തിയാല്‍ നമ്മള്‍ നല്‍കിയ ഫോണ്‍ നമ്പരിലേയ്ക്ക് വിളി വരും. ആദ്യത്തെ ആറ് മണിക്കൂര്‍ വരെ ബൈക്ക് സ്റ്റേഷനില്‍ സൗജന്യമായി സൂക്ഷിക്കും.‍ പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപ വച്ച് കൊടുക്കണം. ബൈക്ക് ആരുടെ പേരിലാണോ അയച്ചിരിക്കുന്നത്, ആ വ്യക്തി തിരിച്ചറിയല്‍ രേഖയുമായി നേരിട്ട് ഹാജരായി ബൈക്ക് സ്വീകരിക്കാം


Report Page