Public

Public

Source

രാഹുൽഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോകുന്നതിന്റെ യൂട്യൂബ് വീഡിയോ കണ്ടു. ആദ്യമായി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോകുമ്പോൾ സമൂഹത്തിനു പുറത്തു നിന്നുള്ള ഒരാൾക്ക് സാധാരണയുണ്ടാകുന്ന ബേസിക് സംശയങ്ങൾ അയ്യാൾ മത്സ്യത്തൊഴിലാളികളോടു തന്നെ ചോദിച്ചറിയുന്നുണ്ട്. അവരെ പഠിപ്പിക്കാനല്ല, അവരുടെ ഭാഗം കേട്ടുകൊണ്ട് അവരോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ അയ്യാൾ ശ്രമിക്കുന്നുണ്ട്.

സീ, ഇതിനൊക്കെ വേണ്ടി ഒരു രാഷ്ട്രീയ ‌നേതാവ് മത്സ്യത്തൊഴിലാളികളോടൊപ്പം അവരുടെ തൊഴിലിടത്തിൽ അല്പനേരം ചെലവിടുന്നത് ഒരു ചെറിയ കാര്യമായിട്ടോ ഭൂലോക കോമാളിത്തരമായിട്ടോ എനിക്ക് തോന്നുന്നില്ല. കാരണം ഞങ്ങൾ കടലോര മനുഷ്യർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന വസ്തുതയാണ് മത്സ്യത്തൊഴിലാളികൾക്കെന്ന പേരിൽ നയരൂപീകരണം ‌നടത്തുന്നവർ കടലുമായോ കടൽജീവിതവുമായോ യാതൊരു തരത്തിലും പരിചയിച്ചിട്ടില്ലാത്തവരാണ് എന്നത്. അതുകൊണ്ടുതന്നെ ഇത്തരം ആൾക്കാരുടെ, പോളിസി മേക്കർമാരുടെ അജ്ഞതകളും മുൻവിധികളുമെല്ലാം ഒരു താഴേത്തട്ടുജനതയെ അടിസ്ഥാനമാക്കിയുണ്ടാക്കുന്ന സർക്കാർ പോളിസികളെ നെഗറ്റീവ് ആയി സ്വാധീനിക്കാറുണ്ട്. കടലിൽ നീന്താൻ പോലുമറിയാത്ത കടൽ ശാസ്ത്രജ്ഞർ ഉണ്ട് എന്നതും വിമർശനാത്മകമായി ഇന്ന് ഞങ്ങൾ ചർച്ച ചെയ്യുന്ന‌ കാര്യമാണ്.

കോവിഡിന്റെ സമയത്താണ്, സമ്പൂർണ്ണ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനം നിരോധിക്കപ്പെട്ടിരുന്നതിനാൽ അത് എങ്ങനെയാണ് മത്സ്യത്തൊഴിലാളി സമൂഹത്തെ ബാധിക്കുന്നതെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ എങ്ങനെ മത്സ്യബന്ധനം അനുവദിക്കാം എന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കാൻ തീരദേശ വിദ്യാർത്ഥി കൂട്ടായ്മയുടെ ചുമതലക്കാരൻ എന്ന നിലയിൽ കേരളത്തിന്റെ ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്തു ധാർഷ്ട്യമായിരുന്നു അയ്യാൾക്ക്! 'നിങ്ങൾ പറയുന്നതുപോലെയൊന്നുമല്ല കാര്യങ്ങൾ, മത്സ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്കറിയാം ഒന്നും ഇങ്ങോട്ട് പഠിപ്പിക്കേണ്ടതില്ല' എന്നൊക്കെ സഖാവ് ഇങ്ങോട്ട് തട്ടിക്കേറുകയാണുണ്ടായത്. എന്റെ അപ്പൻ കടൽപ്പണിക്കാരനാണ്, അപ്പൻ അടക്കമുള്ള സമൂഹാംഗങ്ങൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചാണ് കടപ്പുറത്തു നിന്നുകൊണ്ട് ഞാൻ പറയുന്നത്, എല്ലാം അറിയാമെന്നു പറയുന്ന സഖാവിന് ഈ അറിവ് എവിടുന്നാണ് കിട്ടുന്നത്, സഖാവ് ഏതെങ്കിലുമൊരു മത്സ്യത്തൊഴിലാളിയുമായി സംസാരിച്ചിരുന്നോ എന്നു ചോദിച്ചപ്പോൾ മന്ത്രി പറയുകയാണ് ട്രേഡ് യൂണിയൻ നേതാക്കൾ എല്ലാം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്, നിങ്ങൾക്ക് അവരേക്കാൾ അറിവുണ്ടോ എന്ന്!!
ചിരി വന്നു കേട്ടപ്പോൾ, മന്ത്രി ഉദ്ധേശിക്കുന്ന മത്സ്യത്തൊഴിലാളി മേഖലയിലെ‌ ട്രേഡ് യൂണിയൻ നേതാവിനെ മനസ്സിലായി ഉടനെ തന്നെ. മത്സ്യത്തൊഴിലാളികൾക്കിടയിൽ കാണാനേ ഇല്ല എന്ന് പാർട്ടി സഖാക്കളുടെ തന്നെ പള്ളുവിളി നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളിയല്ലാത്ത ഒരു രാഷ്ട്രീയ പ്രവർത്തകനാണ് പുള്ളി.! മന്ത്രി തന്നെ പേര് പറയുകയും ചെയ്തു.

അതവിടെ നിൽക്കട്ടെ, താഴേത്തട്ടിലെ മത്സ്യത്തൊഴിലാളികളെ കേൾക്കാൻ ഇത്തരത്തിൽ ഇന്റർമീഡിയറിമാരെ ഉപയോഗിക്കുന്ന തൊഴിലാളി പാർട്ടി ഭരിക്കുന്ന ഇടത്തു നിന്നാണ് മത്സ്യത്തൊഴിലാളികളെ കേൾക്കാൻ നേരിട്ടിറങ്ങിയ ഒരു രാഷ്ട്രീയ നേതാവിനെതിരെ ട്രോളിറക്കപ്പെടുന്നത് എന്നത് അത്യന്തം അപഹാസ്യമായി തോന്നുന്നു. ഓഖി സമയത്ത് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളും ജീവൻ നഷ്ടങ്ങളുമുണ്ടായി തകർന്നു നിൽക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ കാണാൻ നാലു‌ദിനം കഴിഞ്ഞാണ് സംസ്ഥാന മുഖ്യൻ എത്തിയത് എന്നതും , കടലിൽ താണുപോയ ഉറ്റവരെക്കുറിച്ചുള്ള ആവലാതി കരഞ്ഞു പറഞ്ഞ പെണ്ണുങ്ങളെക്കുറിച്ച് കടപ്പുറത്തെ പെണ്ണുങ്ങൾക്ക് ഇങ്ങനെ വലിയ വായിൽ കരയാനേ അറിയൂ എന്ന് ഫിഷറീസ് മന്ത്രി അഭിപ്രായപ്പെട്ടതും കൂടി ഇതിനോടൊപ്പം ചേർത്തുവായിക്കപ്പെടുമ്പോഴേ രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവിന്റെ കടലിൽ പോക്കിനെതിരെ സൈബറിടങ്ങളിലെ ഇടതു പ്രൊപ്പഗണ്ടയുടെ പൊള്ളത്തരം മനസ്സിലാകൂ.

രാഹുൽഗാന്ധി കടലിൽ പോയത് ഇലക്ഷൻ പ്രമാണിച്ചോ എന്തോ ആകട്ടെ, കേരള രാഷ്ട്രീയത്തിൽ ഇന്നേവരെ ഉണ്ടാകാത്ത ഒരു കാര്യമാണ് അയ്യാൾ ചെയ്തത്. ഫിഷറീസ് മന്ത്രി കൃതൃമപ്പാര് ഉദ്ഘാടനം ചെയ്യാൻ അല്ലെങ്കിൽ തുറമുഖ നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ സർവ്വ സന്നാഹങ്ങളുമായി കടലിൽ പോകുന്നതു പോലെ അല്ലിത്. ഒരാളുടെ ലൈവ്ലി ഹുഡിൽ നേരിട്ട് പങ്കാളിയായി അയ്യാളെ കേൾക്കുക എന്നത് ചില്ലറ കാര്യമല്ല. ആ രാഷ്ട്രീയ പ്രവർത്തനത്തിന് ഗംഭീര ഫലമുണ്ടാക്കാൻ കഴിയും എന്നതിൽ യാതൊരു സംശയവുമില്ല.

(നബി : 38 മീറ്റർ കടൽ ആഴത്തിലേക്ക് ഡൈവിംഗ് പറ്റുന്ന സ്കൂബാ ഡൈവിംഗ് ഇൻസ്ട്രക്ടർ കൂടിയാണ് പുള്ളി എന്നത് പുതിയ അറിവായിരുന്നു.!)

Report Page