Public

Public

Source

22 ഫീമെയിൽ കോട്ടയത്തിന്റെ ക്ലൈമാക്സ് ഓർക്കുന്നുണ്ടാവും. ലിംഗഛേദം നടത്തിയിട്ടു പോലും ഫഹദ് അവതരിപ്പിച്ച സിറിൽ വല്ലാത്തൊരു ക്രൂരതയോടെ റിമയുടെ ടെസ്സയെ നോക്കി കിടക്കുന്നു. തീക്ഷ്ണമായ വെറുപ്പും മറ്റെന്തൊക്കെയോ ആ നോട്ടത്തിലുണ്ട്. അതെന്തു കൊണ്ടായിരിക്കും എന്നതിന് പടം കാണുന്ന സമയത്ത് പ്രതികാരം എന്നതാണ് എനിക്കുത്തരം കിട്ടിയത്. പക്ഷേ, പിന്നീട് Germaine Greer നെ വായിച്ചപ്പോൾ കുറച്ചു കൂടി വ്യക്തമായ ഒരുത്തരത്തിലേക്ക് ഞാനെത്തി.
On Rape എന്ന പുസ്തകത്തിൽ ഒരു ലേഖനം Greer അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് :

" Just as it is not the penis that commits rape, and not testosterone that drives it and not overwhelming sexual desire either, castration whether surgical or chemical will not eliminate men’s hatred of women. Rape is not a sex crime, but a hate crime."

ലിംഗം കൊണ്ട് ചിന്തിക്കുന്നവർ എന്നൊക്കെ പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ടെങ്കിലും , Greer പറഞ്ഞു വെക്കുന്നത് അന്തർലീനമായ വെറുപ്പ് മറ്റേതൊരു ക്രൈമിലുമുള്ളത് പോലെ റേപ്പിലുമുണ്ടെന്നതാണ്. ശരിയാണ് താനും. ഇഷ്ടം കൊണ്ടല്ലല്ലോ റേപ്പ് സംഭവിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളിൽ പലതിലും ഇരയെന്ന വാക്ക് പരാമർശിക്കാറില്ല , derogatory ആണ്. പതിയെ നമ്മളും Victim എന്നതിന് പകരം survivor എന്ന വാക്ക് റേപിനിരയായ വ്യക്തിയെ സൂചിപ്പിക്കാനായി ഉപയോഗിക്കാൻ പഠിച്ചു വരുന്നുണ്ടെങ്കിൽ പോലും , തീർത്തും അസ്തിത്വമില്ലാതായി പോകുന്ന ആ വ്യക്തി ഇന്ത്യ പോലൊരു മഹാരാജ്യത്ത് എങ്ങനെയാണ് അതിജീവിക്കുകയെന്നത് വലിയ ചോദ്യമാണ്.
നമുക്കിപ്പോഴും സൂര്യനെല്ലി പെൺകുട്ടിയും വിതുര പെൺകുട്ടിയും കിളിരൂർ പെൺകുട്ടിയുമാണ്.

ബലാത്സംഗത്തിനിരയായ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്നത് നിയമപരമായ പ്രശ്നമാണ്. പക്ഷേ , കുറ്റം ചെയ്തയാൾ സമൂഹത്തിൽ നിഷ്കാസിതനാവുന്നുണ്ടോ ? അയാൾക്ക് എത്ര കാലം മറഞ്ഞിരിക്കേണ്ടി വരുന്നുണ്ട് ? സമൂഹം എത്ര പെട്ടെന്ന് വേട്ടക്കാരന് മാപ്പു കൊടുക്കുന്നു എന്നത് ശ്രദ്ധേയമാണ്. അതേ സമയം ആ പെൺകുട്ടിയുടെ അസ്തിത്വം കൃത്യമായി ഒരു കള്ളിയിലേക്ക് ചുരുങ്ങുകയും അത് എക്കാലവും ഒരു ലേബലിനോട് ചേർന്ന് മാത്രം വായിക്കപ്പെടുകയും ചെയ്യും.
ബലാത്സംഗം ചെയ്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്ന മലയാള സിനിമാ കഥാപാത്രങ്ങൾ ഒരു കാലത്ത് സ്ഥിരം ടെംപ്ലേറ്റായിരുന്നു. ഒരിക്കൽ പാത്രം കഴുകിയാൽ ഉത്തമനായ ആണാവുന്നത് പോലെ ഉദാത്തനായകനായി അത്തരം കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്നു.

ഇന്ത്യ പോലൊരു രാജ്യത്തിന്റെ നിയമ വ്യവസ്ഥ പലപ്പോഴും റേപ്പ് ഒരു വിഷയമാവുന്നിടത്ത് ഫലപ്രദമല്ല എന്നതും , വളരെ ചുരുങ്ങിയ നിർവചനം കൊണ്ട് മാത്രമാണ് റേപ്പിനെ പരാമർശിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഉദാഹരണമായി , സ്വീഡൻ പോലുള്ള വികസിത രാജ്യങ്ങളിൽ പലതിലും condom പോലുള്ള സുരക്ഷിതമാർഗങ്ങൾ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പങ്കാളിയെ പ്രേരിപ്പിക്കുന്നത് പോലും റേപ്പിന്റെ പരിധിയിൽ വരാറുണ്ട്.
(ജൂലിയൻ അസാഞ്ചിനെതിരെ നിലനിൽക്കുന്ന ആരോപണങ്ങൾ ഇത്തരത്തിലുള്ളതാണ് ).
Marital rape എന്നതിന്റെ സാധ്യതയെപ്പറ്റിപ്പോലും ബോധ്യമില്ലാത്ത ഒരു സമൂഹത്തിനോടാണ് നമ്മളിത് പറയുന്നതെന്നോർക്കണം !

മറ്റു ക്രൈമിനെ നിസ്സാരവത്കരിക്കുന്നത്ര എളുപ്പമല്ല റേപ്പിനെപ്പറ്റി സംസാരിക്കുന്നത്. അതുണ്ടാക്കുന്ന മുറിവുകൾ ആ വ്യക്തിക്ക് മാത്രം മനസിലാവുന്ന ഒന്നാണ്. വിദേശിയായ ഒരു survivor നോട് സംസാരിച്ചിട്ടുണ്ട്. ആ കുട്ടി രാത്രി ചാടിയെഴുന്നേറ്റ് കരയുമായിരുന്നു. ആത്മഹത്യാശ്രമങ്ങളിലേക്ക് വഴുതിപ്പോവുന്നിടത്ത് നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടിട്ടുള്ളത്. രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം ആ പെൺകുട്ടി ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും അയാൾ കടന്ന് പോയത് അതിഭീകരമായ അവസ്ഥയിലൂടെയായിരുന്നു.
ഇത്രയൊക്കെ സങ്കീർണ്ണമായ വിഷയങ്ങളെ ലളിതവത്കരിച്ചു കൊണ്ടാണ് നമ്മൾ ഇന്ത്യയിൽ കൺസന്റിനെപ്പറ്റി സംസാരിച്ച് എവിടെയുമെത്താത്തത്.

നമ്മളെത്രയോ പിന്നിൽ നിന്നാണ് സംസാരിച്ചു തുടങ്ങുന്നത് എന്നോർത്തു കൊണ്ട് മാത്രമേ സ്ത്രീ പീഡനങ്ങളെ വിശകലനം ചെയ്യാനാവൂ. അതുമായി ബന്ധപ്പെട്ട എല്ലാത്തിനെയും. അതല്ലാത്ത പക്ഷം , നമ്മൾ സ്ത്രീവിരോധികളായ ഒരു കൂട്ടമായി തന്നെ അവശേഷിക്കും.

Report Page