Public

Public

Source

ബി ജെ.പി കോടികൾ വാരിയെറിഞ്ഞും ED ,ആദായ നികുതി വകുപ്പ്, സി ബി ഐ, എൻഫോഴ്സ്മെന്റ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച്‌ വിരട്ടിയും പ്രതിപക്ഷ കക്ഷി നേതാക്കളെയും എം.എൽ.എ മാരെയും ചാക്കിലാക്കി നിരവധി സംസ്ഥാന മന്ത്രിസഭകളെ മറിച്ചിടുകയും തങ്ങളുടെ ഭരണം സ്ഥാപിക്കുകയുമാണ്.

ജനാധിപത്യ മര്യാദകളെയോ ജനഹിതത്തെയോ തരിമ്പും മാനിക്കാതെ ഇത്തരത്തിൽ ഭരണാധികാരമുപയോഗിച്ച് നേതാക്കളെ ചാക്കിലാക്കി സർവാധിപത്യം സ്ഥാപിക്കുക. മറുവശത്ത്, ഇതേ സർവാധിപത്യമുപയോഗിച്ച് നഗ്നമായ അഴിമതിയിലൂടെ പതിനായിരക്കണക്കിനു കോടികൾ സമ്പാദിക്കുകയും, ഭരണാധികാരവുമായും നീതിനിർവഹണവുമായും വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളുമായി ബന്ധപ്പെട്ട സകല താക്കോൽ സ്ഥാനങ്ങളിലും ദേശസ്നേഹികൾ എന്ന പേരിൽ ഹിന്ദുത്വ രാഷ്ട്രീയക്കാരെ കുത്തിനിറക്കുക. ഇതാണ് നടക്കുന്നത്.

ഇതൊക്കെ ടിപ്പിക്കൽ ഫാസിസ്റ്റു രീതികളാണെന്ന് ഫാസിസത്തെയും നാസിസത്തെയും കണ്ടു കടന്നു വന്ന ,എണ്ണമറ്റ മൂന്നാം ലോകരാജ്യ വലതുപക്ഷ സർവാധിപത്യങ്ങളെ കണ്ടു കടന്നു വന്ന, കേരളത്തിലെ ജനാധിപത്യശക്തികളോട് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതുണ്ടോ?

ഗ്രാംഷിയെ വായിച്ചു കഴിഞ്ഞ കേരളത്തിലെ ഫാസിസ്റ്റു വിരുദ്ധ ജൈവ ബുദ്ധിജീവികൾ ഈ തന്ത്രങ്ങളെക്കുറിച്ച് മൂന്നു മണിക്കൂർ വച്ച് അഞ്ചു ദിവസം പ്രഭാഷണം നടത്താൻ കഴിവില്ലാത്തവരാണോ? അല്ലേയല്ല...

എന്നിട്ടും പോണ്ടിച്ചേരിയിൽ കോൺഗ്രസ് എം.എൽ.എമാരെ ബി ജെ.പിചാക്കിട്ടു പിടിച്ചത് കോൺഗ്രസിന്റെ വലിയ നാണക്കേടും ബി.ജെ.പിയുടെ വലിയ കഴിവും ആയി കേരളീയ ബൗദ്ധിക ലോകത്ത് സ്ഥാനപ്പെടുത്തപ്പെടുന്നതെന്തുകൊണ്ടാണ്?

അതിനായി FB യിൽ കർസേവ നടത്തുന്ന "ഇടത് "എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രൊഫൈലുകൾ ഫാസിസ്റ്റ് പക്ഷം ചേർന്ന ഇറ്റാലിയൻ സോഷ്യലിസ്റ്റുകളിൽ നിന്നും റിപ്പബ്ളിക്കൻമാരിൽ നിന്നും വല്ലതും പഠിക്കുന്നുണ്ടോ?

തീർച്ചയായും, ഇതിൽ സ്വാതന്ത്ര്യ സമര മൂല്യങ്ങളോടോ ,മതേതരത്വം -ജനാധിപത്യം തുടങ്ങിയ ഭരണഘടനാ കാഴ്ചപ്പാടുകളോടോ, എന്തെങ്കിലും പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത പുലർത്താത്ത ഒരു വിഭാഗത്തെ ജാതി-മത-ധന -നാട്ടുപ്രമാണിത്ത സ്വാധീനത്തിന്റെ പേരിൽ നേതൃത്വതലങ്ങളിലേക്ക് ഉയർത്തുന്നതിന്റെ പ്രശ്നമുണ്ട്. അക്കാര്യത്തിൽ ഏറ്റവും മുന്നിൽ നില്ക്കുന്നത് കോൺഗ്രസ് തന്നെയാണ്. മുമ്പുതന്നെ തകർന്നു പോയ സോഷ്യലിസ്റ്റ്, സ്വതന്ത്രാപാർട്ടികളും ഇപ്പോഴത്തെ മണ്ഡൽപ്പാർട്ടികളും പ്രാദേശിക പാർട്ടികളും അക്കാര്യത്തിൽ പിന്നിലായിരുന്നില്ല. അവരുടെ ആ നിലപാട് വിമർശന വിധേയമാകുകയും വേണം. പക്ഷേ, അതൊരിക്കലും ഫാസിസ്റ്റ് തന്ത്രങ്ങൾക്ക് ന്യായീകരണം ചമക്കുന്നതിലെത്താൻ പാടില്ല.

പക്ഷേ ,ഇപ്പോൾ നടക്കുന്നത് ബി ജെ പിയുടെ ഫാസിസ്റ്റ് തന്ത്രങ്ങൾ അവരുടെ കഴിവ് എന്നവതരിപ്പിക്കലാണ്.അത് ചെയ്യുന്ന ചാനലുകളോ പത്രങ്ങളോ, ഓൺലൈൻ മീഡിയകളോ, വ്യക്തികളോ ഒക്കെ ആരെയാണ് സേവിക്കുന്നത്?

ഫാസിസ്റ്റുകളുടെ ഏറ്റവും കുടിലമായ, ഏറ്റവും അപലപിക്കപ്പെടേണ്ട ഒരു തന്ത്രത്തെ മഹത്വവൽക്കരിച്ചു കൊടുക്കുകയാണവർ.

ഇന്നത്തെ ഇന്ത്യനവസ്ഥയിലേക്കു വന്നാൽ ഈ ഓപ്പറേഷൻ ബി ജെ.പി ആദ്യമായി വൻതോതിൽ നടപ്പാക്കിയ വലിയ സംസ്ഥാനം യു പി ആയിരുന്നു. കോൺഗ്രസ് മുമ്പേ തകർന്നു കഴിഞ്ഞിരുന്ന അവിടെ S P, BSPപാർട്ടികളുടെയും അജിത് സിങ്ങിന്റെ പാർട്ടിയുടെയും അവശേഷിച്ച കോൺഗ്രസിന്റെയും ഒട്ടനവധി നേതാക്കളെ പണമെറിഞ്ഞ് ചാക്കിലാക്കിയതിനൊപ്പം ഒട്ടേറെ ചെറു ജാതികളെക്കൊണ്ട് ജാതി സംഘടനകളുണ്ടാക്കിച്ച് അവരെ സ്ഥാനാർത്ഥികളാക്കിക്കൊണ്ടാണ് ബി ജെ പി അധികാരം പിടിച്ച് യോഗിയെ മുഖ്യമന്ത്രിയാക്കിയത്. പിന്നെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സൈനിക ഭരണത്തിന്റെ സാഹചര്യമുപയോഗിച്ച് മന്ത്രി സഭകൾ സ്ഥാപിച്ചു. പിന്നെ ത്രിപുര വന്നു. മറ്റൊരു തന്ത്രത്തിൽ മണിക് സർക്കാർ ഭരണത്തെ വീഴ്ത്തി.

വീഴ്ത്തിയ ശേഷം ഭീകരമായ അടിച്ചമർത്തൽ നടത്തി ഒന്നു രണ്ടു വർഷം കൊണ്ട് സി പി ഐ എം വോട്ട് ഒരു ശതമാനത്തിൽത്താഴെയാക്കി. 36 വർഷം ഭരിച്ച പശ്ചിമ ബംഗാളിലെ മുഖ്യപ്രതിപക്ഷമെന്ന നിലയിൽ നിന്ന് മറ്റൊരു കുടിലതന്ത്രം പയറ്റി cpim വോട്ട് വെറും ഏഴ് ശതമാനമാക്കി.


ചുരുക്കിപ്പറഞ്ഞാൽ 2014ൽ മോഡി അധികാരത്തിലെത്തുമ്പോൾ ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷ അഖിലേന്ത്യാ പാർട്ടികളിലെ ഒന്നാം കക്ഷി കോൺഗ്രസും രണ്ടാം കക്ഷി
CPIM ഉം ആയിരുന്നു. ഏഴ് വർഷം കഴിയുമ്പോൾ ഒട്ടനവധി കോൺഗ്രസ് മന്ത്രിസഭകളെ തകർത്തും നേതാക്കളെ വിലക്കെടുത്തും അവർ കോൺഗ്രസിനെ ക്ഷീണിപ്പിച്ചു. അപ്പോഴും പല സംസ്ഥാനങ്ങളിലും കോൺഗ്രസ് തിരിച്ചു വന്നു. എന്നാൽ മൂന്നു സംസ്ഥാനങ്ങളിൽ പ്രബല സ്വാധീനമുണ്ടായിരുന്ന CPIM ഇന്ന് കേരളത്തിലേക്ക് ചുരുങ്ങി. ഇന്നതിന് ത്രിപുരയിലോ പശ്ചിമ ബംഗാളിലോ ഒരു തിരിച്ചുവരവ് സാധ്യതയുമില്ല.

എന്നിട്ടും മന്ത്രി തോമസ് ഐസക്കടക്കം പോണ്ടിച്ചേരി സംഭവങ്ങളിൽ നടത്തുന്ന ആഹ്ളാദപ്രഹർഷത്തിന് അർത്ഥമെന്താണ്?

CPIM അടക്കമുള്ള അഖിലേന്ത്യാ സ്വഭാവമുള്ള പ്രതിപക്ഷ പാർട്ടികളെ തകർക്കുന്ന ബിജെപി തന്ത്രം പ്രാദേശിക പാർട്ടികൾ ഒരിക്കലും തങ്ങളുടെ ഹിന്ദു രാഷ്ട്ര പദ്ധതികൾക്ക് തടസ്സമാകില്ല എന്നറിയുന്നതു കൊണ്ടു മാത്രമാണ്.

അത് കാണാതെ ബി ജെ പിയുടെ വിലക്കെടുക്കൽ തന്ത്രം ആഘോഷിക്കുകയും അതിനെ അവരുടെ കഴിവും കോൺഗ്രസിന്റെ കഴിവുകേടും മാത്രമായി അവതരിപ്പിച്ചു സന്തോഷിക്കുകയും ചെയ്യുന്നവർ അറിഞ്ഞോ അറിയാതെയോഫാസിസത്തിന്റെ വിളക്കുപിടികൾ മാത്രമാകുകയാണ്.

ഈ വൃത്തികെട്ട കളികൾക്കെതിതിരെ ജനങ്ങളിൽ പരമാവധി പ്രതിഷേധം വളർത്താനാണ് ജനാധിപത്യ ശക്തികൾ ശ്രമിക്കേണ്ടത് .

സ്വാതന്ത്ര്യ സമര കാലത്ത് സവർക്കറടക്കം ബ്രിട്ടീഷ് പക്ഷത്ത് ഒട്ടേറെ പ്രമാണികൾ കാലുമാറിയെത്തി.അതിനെ ജനങ്ങളാരും ബ്രിട്ടീഷുകാരുടെ കഴിവോ മഹത്വമോ ആയിക്കണ്ടില്ല. കാലുമാറ്റക്കാർ പുഴുത്ത പട്ടികളെപ്പോലെ അവമതിക്കിരയായി..
ആ മഹത്തായ പാഠം ആരും മറന്നു കൂട....

Report Page