Part 2

Part 2

Juni

രാത്രി മഴ 


Part 2

*******


"ഒരു തെറ്റും ചെയ്തിട്ടില്ല ദേവേട്ടാ ഞാൻ.. "


 കണ്ണീരിന്റെ അകമ്പടിയോടെ വിതുമ്പി കൊണ്ടവൾ പറഞ്ഞു നിർത്തിയ വാക്കുകളിൽ നിന്ന് അവനൊരു യാത്ര തുടങ്ങുകയായിരുന്നു,,, തന്റെ ജീവിതം മാറ്റി മറിച്ച ആ നശിച്ച മഴയുള്ള രാത്രിയിലേക്ക്.... 


അപ്പോഴും അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചിരുന്നു... നിനക്ക് സംരക്ഷണം നൽകാൻ ഞാൻ കൂട്ടിനുണ്ടെന്ന് പറയാതെ പറഞ്ഞു കൊണ്ട്.... 


പതിവ് പോലെ രാവിന്റെ നിശബ്ദതയിൽ അലിഞ്ഞു ചേർന്ന് കാതോരം തന്റെ പെണ്ണിന്റെ ആർദ്രമാം സ്വരത്തോട് കൂട്ട് കൂടി നിമിഷങ്ങൾ തള്ളി നീക്കവെയാണ് അഞ്ജുവിന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങിയത്... 


"ജിത്തു,, എന്താന്നറീല്ല.. ഇന്ന് നല്ല ഉറക്കം വരുന്നുണ്ട് ... നമുക്ക് നാളെ സംസാരിക്കാം ട്ടോ.. "


അടയാൻ തുടങ്ങിയ മിഴികളെ ബദ്ധപ്പെട്ട് തുറന്ന് പിടിച്ചു കൊണ്ട് അവൾ കുഴഞ്ഞു സംസാരിക്കുന്നത് കണ്ടപ്പോൾ ദേവ്ജിത്തിനു ചിരിയാണ് വന്നത്... 


"അല്ലെങ്കിലും നിനക്ക് എന്നോട് സംസാരിക്കുമ്പോൾ പെട്ടന്ന് ഉറക്കം വരൂന്ന് എനിക്കറിയാം... എന്തായാലും ഈ ഒരു മാസമല്ലേ മോള് ഉറങ്ങൂ... അത് കഴിഞ്ഞു നീ ഉറങ്ങണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം.. "


ഒരു കള്ളച്ചിരിയോടെ ദേവ് പറഞ്ഞു നിർത്തിയതും അവൾ ആയാസപ്പെട്ട് തന്റെ കണ്ണുകൾ വലിച്ചു തുറന്നു .. 


"ജിത്തു എന്താ ഇപ്പോ അങ്ങനെ പറഞ്ഞെ?? "


"ഒന്നുല്ലന്റെ പെണ്ണെ,, നീ പോയ്‌ ഉറങ്ങിക്കോ..."


കള്ള പരിഭവം നടിച്ചു അവൻ കോൾ കട്ട്‌ ചെയ്യാനൊരുങ്ങുമ്പോഴാണ് അനു മോളെ പറ്റി ഇന്ന് ചോദിച്ചില്ലല്ലോ എന്നോർത്തത്... 


"അനു മോള് എവിടെ അഞ്ജു,,, ഇന്ന് നിന്റെ കൂടെയല്ലേ ഉറങ്ങുന്നത്?? അല്ലെങ്കിൽ സയാമീസ് ഇരട്ടകളെ പോലെ കൂടെ തന്നെ കാണുമല്ലോ.. "


"അവളുടെ കാര്യം പറയാതിരിക്കുന്നതാ ഭേദം,, പെണ്ണിന് നാളെ എക്സാം ആണ്.. എന്നിട്ടും പുറത്ത് മഴ പെയ്യുന്നത് കണ്ടോണ്ട് നിൽക്കുവാ.. ദേ ജനാല തുറന്നിട്ട്‌ രാത്രി മഴ ആസ്വദിക്കുന്നത് കണ്ടോ?? "


ഫോണിന്റെ ദിശ ഒന്ന് മാറ്റി പിടിച്ചു അഞ്ജു അനുവിനെ അവന് കാണിച്ചു കൊടുത്തതും ഒരു ചിരിയോടെ അവൻ അത് നോക്കി നിന്നു... 


അധികം സംസാരിക്കാൻ താല്പര്യമില്ലാത്ത ഒരു പാവം പെണ്ണ്... അഞ്ജു വളരെ ബോൾഡ് ആണെങ്കിൽ ഇവൾ നേരെ തിരിച്ചാണ്... എല്ലാരും തന്നെ ജിത്തു എന്ന് വിളിക്കുമ്പോൾ അവൾ മാത്രം ദേവേട്ടാ എന്ന് വിളിക്കും...അതും വളരെ പതിയെ.. 


അവൾ അച്ഛയുടെ ചെല്ലക്കുട്ടിയാണ് എന്ന് അഞ്ജു പലപ്പോഴും പറയാറുണ്ട്... അച്ഛയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അവളെയാണെന്ന്... അത് എനിക്കും തോന്നിയിട്ടുണ്ട്... 


അവൾക്കും അങ്ങനെ തന്നെയാണ്.. അച്ഛയോടുള്ള അത്രയും അടുപ്പം അവളുടെ അമ്മയോടില്ല.. പക്ഷെ അനു അമ്മയുടെ തനി പകർപ്പാണ്.. അല്ലേലും അഞ്ജുവിന്റെ അമ്മയെ കണ്ടാൽ അവളുടെ ചേച്ചിയാണെന്നേ ആരും പറയൂ.. അത്രയും പ്രായം തോന്നിക്കാറില്ല... 


എഞ്ചിനീയറിംഗ് കോളേജിൽ വെച്ചുള്ള പരിചയമാണ് അഞ്ജുവിനെ.. അത് വളർന്നു പ്രണയത്തിലേക്ക് പരിണമിച്ചതും വിവാഹത്തിലേക്ക് എത്തിച്ചേർന്നതും പെട്ടെന്നായിരുന്നു.... 


എൻജിനീയറിങ് കഴിഞ്ഞയുടനെ ശ്രീലയം ഗ്രൂപ്പ്‌ ഓഫ് കമ്പനീസിൽ തനിക്ക് ജോലി ശരിയായത് കൊണ്ട് ജീവിതത്തിൽ വലിയ ബുദ്ധിമുട്ട് ഒന്നും അറിഞ്ഞില്ല...അല്ലെങ്കിലും അച്ഛൻ ഒരു പ്രതാപിയായിരുന്നത് കൊണ്ട് ജീവിതം സുഖസുന്ദരമായിരുന്നു.. മൂത്ത മകൻ എന്ന നിലയിൽ എനിക്കേറ്റവും കൂടുതൽ പരിഗണനയും കിട്ടിയിരുന്നു... രണ്ട് അനുജന്മാരുടെ ഏട്ടനായപ്പോൾ അഞ്ജുവിലൂടെ ഒരു അനിയത്തികുട്ടിയുടെ ഏട്ടൻ സ്ഥാനവും സ്വയം ഏറ്റെടുത്തു.. 


അഞ്ജുവുമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ചു ദേവ്ജിത്തും ഉറങ്ങാൻ ഒരുങ്ങുമ്പോഴാണ് വീണ്ടും ഫോൺ കോൾ വന്നത്... 


അത് പക്ഷെ വീഡിയോ കോൾ ആയിരുന്നില്ല... 


"ജിത്തു,, പിണക്കമൊന്നുല്ലല്ലോ?? "


അഞ്ജുവിന്റെ ദയനീയതയോടെയുള്ള ചോദ്യം കേട്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾക്ക് മറുപടി നൽകി.. 


"ഇല്ല അഞ്ജു,, എനിക്ക് എന്റെ പെണ്ണിനോട് പിണങ്ങാൻ പറ്റുമോ?? നീ ഉറങ്ങിക്കോ... എനിക്കും നല്ല ക്ഷീണമുണ്ട്.. "


അത്രയും പറഞ്ഞവസാനിപ്പിച്ചു ആ ഫോൺ കോൾ ഡിസ്‌കണക്റ്റ് ചെയ്തയുടൻ ദേവും ഉറക്കിനെ പുൽകി... 


രാത്രിയുടെ ഏതോ യാമത്തിൽ തന്റെ ഉറക്കിനെ അലോസരപ്പെടുത്തി കൊണ്ട് ഫോൺ ശബ്ദിച്ചു തുടങ്ങിയപ്പോഴാണ് ദേവ് ഉറക്കിൽ നിന്ന് ഞെട്ടിയുണർന്നത്... 


അഞ്ജു കോളിങ്... 


അവളുടെ പേര് കണ്ടപ്പോൾ ഒരാവേശത്തോടെ ഫോൺ കാതോരത്ത്‌ വെച്ചതും മറു തലയ്ക്കൽ നിന്ന് അനു മോളുടെ ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു.. 


"ദേവേട്ടാ,,, എന്നെ രക്ഷിക്കണേ.. പ്ലീസ്... എനിക്ക്,, അച്ഛൻ ഇവിടെ... "


അവളുടെ വാക്കുകൾ മുറിഞ്ഞു പോയതും ഫോൺ അവളുടെ കയ്യിൽ നിന്ന് നിലം പതിച്ച ശബ്ദവും ഇവിടെയിരുന്നു തനിക്ക് കേൾക്കാൻ പറ്റി... 


"ഒരുത്തനും വരില്ലെടി നിന്നെ രക്ഷിക്കാൻ.... ഇനി വന്നാൽ,, അവനും എന്റെ കൈ കൊണ്ട് ചാവും... "


ഡിസ്കണക്റ്റ് ആകാതെ പോയ ഫോണിൽ നിന്ന് വീണ്ടും കേട്ട അവ്യക്ത ശബ്ദം ഒരു പുരുഷന്റേതായിരുന്നു... പക്ഷെ അതാരാണെന്ന് മാത്രം അറിയില്ല... എവിടെയോ കേട്ട് പരിചയമുണ്ട്.. ആരാണത്... എന്താണ് അനുവിന് പറ്റിയത്?? ... അച്ഛൻ എന്നവൾ പറഞ്ഞത്,,, അയ്യോ അച്ഛനും അനു മോളും അപകടത്തിലാണല്ലോ... 


കൂടുതൽ ആലോചിച്ചു നിൽക്കുന്നത് പന്തിയല്ലെന്ന് തോന്നിയത് കൊണ്ടാണ് കോൾ കട്ട്‌ ചെയ്യാതെ തന്നെ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയോടിയത്... 


ഇട്ടിരുന്ന ത്രീ ഫോർത്തും ടി ഷർട്ടും മാറ്റാൻ പോലും നിന്നില്ല... സമയം വൈകുന്തോറും അനു മോളും അച്ഛനും അപകടത്തിൽ ആകുമെന്ന് ഉറപ്പാണ്.. 


എന്നാലും അഞ്ജു ഇതെവിടെ പോയ്‌?? 


അവളുടെ ഫോണിൽ നിന്നാണ് തനിക്ക് കോൾ വന്നത്... അത്കൊണ്ട് തന്നെ അവളെ കോൺടാക്ട് ചെയ്യാൻ മറ്റൊരു വഴിയുമില്ല... 


ബൈക്ക് എടുത്ത് വിടാമെന്ന് കരുതുമ്പോഴാണ് നശിച്ച മഴ... ഓടി വന്നു കാറിൽ കയറിയതും കോൾ ബ്ലൂ ടൂത് സ്പീക്കറുമായി കണക്ട് ചെയ്തതും ഒരുമിച്ചായിരുന്നു... 


"എന്നെ ഒന്നും ചെയ്യല്ലേ "


എന്നുള്ള അനു മോളുടെ കരച്ചിൽ ഏതോ ഗുഹയ്ക്കുള്ളിൽ എന്ന പോലെ കേൾക്കുന്നുണ്ട്.... 


പലതും തട്ടി മറിയുന്ന ശബ്ദവും കാതുകളെ അലോസരപ്പെടുത്തിയപ്പോ സ്റ്റിയറിങ്ങിൽ പിടിച്ച കൈകൾക്ക് വേഗത കൂടുകയായിരുന്നു..... 


ഈശ്വരാ,, എന്റെ കുട്ടിക്ക് ആപത്തൊന്നും വരുത്തല്ലേ എന്ന് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് അതിവേഗം കുതിച്ചു പാഞ്ഞിരുന്ന ആ കാർ ലക്ഷ്യസ്ഥാനത്തു എത്തി... 


കാറിന്റെ ഡോർ പോലും അടയ്ക്കാതെ ദേവ് അഞ്ജുവിന്റെ വീട്ടിലേക്ക് കുതിച്ചു പാഞ്ഞെങ്കിലും അടഞ്ഞു കിടക്കുന്ന വീടിന്റെ മുന്നിൽ അവന് നിരാശനാകേണ്ടി വന്നു... 


മറുത്തൊന്നും ആലോചിക്കാതെ വീടിന്റെ ചുറ്റുമതിലിൽ കയറി മൂവാണ്ടൻ മാവിലേക്ക് അള്ളിപ്പിടിച്ചു നിന്നു കൊണ്ട് രണ്ടാം നിലയിലേക്ക് കാൽ എടുത്തു വെക്കുമ്പോൾ മഴ കാരണം പലവട്ടം കാൽ സ്ലിപ്പ് ആയി 

...


എന്നിട്ടും പരിശ്രമിച്ചു കൊണ്ടിരുന്നു.. ഒടുവിൽ തന്റെ ലക്ഷ്യം പൂർത്തിയായത് അവളുടെ വീടിന്റെ ടെറസിൽ എത്തി നിന്നപ്പോഴാണ്... 


"അനു മോളെ..... വാതിൽ തുറക്ക്... ദേവേട്ടനാ.... "


പലവട്ടം വീടിന്റെ അകത്തേക്കുള്ള വാതിലിൽ കൊട്ടി വിളിച്ചെങ്കിലും പ്രതികരണം ഒന്നുമുണ്ടായില്ല... 


എന്റെ ശബ്ദം ശക്തമായ മഴയുടെ കുത്തൊഴുക്കിൽ അലിഞ്ഞില്ലാതാകുന്നത് ഒരു നോവോടെ ഓർത്ത് പോവുകയായിരുന്നു ഞാൻ.... 


"അനു,,,,"


എന്നൊരലർച്ചയോടെ രണ്ടും കല്പ്പിച്ചു ഞാൻ ഡോർ ആഞ്ഞു ചവിട്ടിയതും വീടിനകത്തേക്ക് തെറിച്ചു വീണതും ഒരുമിച്ചായിരുന്നു... 


നിലത്ത് വീണ് കിടക്കുന്ന എന്റെ നെഞ്ചിലേക്ക് അവൾ ഓടി വന്നു ചാഞ്ഞതും ഒരിക്കൽ കൂടി ഞാൻ അവളെയും കൊണ്ട് നിലത്തേക്ക് ഉരുണ്ടതും ഒരുമിച്ചായിരുന്നു... 


എന്റെ വിളി കേട്ടത് കൊണ്ട് ഡോർ തുറക്കാൻ ഓടി വന്നതാകണം അവൾ.. അഴിഞ്ഞുലഞ്ഞ മുടിയും കീറി തുടങ്ങിയ വസ്ത്രവും കണ്ടപ്പഴേ ഞാൻ ഊഹിച്ചു,, അവളിലെ സ്ത്രീത്വത്തെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ ഏതോ കാട്ടാളന്റെ കരവിരുതാണ് ഇതെന്ന്... 


"ദേവേട്ടാ,,, ഞാൻ,,, അച്ഛൻ,,, അവിടെ... "


എന്നൊക്കെ പറഞ്ഞു കൊണ്ട് അവളെ വിക്കുന്നുണ്ട്... എന്നിലുള്ള പിടിത്തം മുറുക്കുന്നത് കാണുമ്പോൾ തന്നെ ഊഹിക്കാം അവളെ ഒരുപാട് ഭയന്നിട്ടുണ്ടെന്ന്... 


"അച്ഛൻ എവിടെ മോളെ,, "


എന്റെയാ ചോദ്യത്തിന് അവൾ മറുപടി നൽകാതെ എന്റെ നെഞ്ചിൽ മുഖം അമർത്തി കരയുക മാത്രമാണ് ചെയ്തത്... 


"ആരാ,,, നിന്നോട് ഈ ചതി ചെയ്തത്... "


അവളെ തന്നിൽ നിന്നടർത്തി മാറ്റി ഞാൻ എഴുന്നേറ്റ് നിന്നതും എനിക്ക് മുന്നിലേക്ക് നടന്നടുത്ത ആ ആൾരൂപം കണ്ടതും ഞാൻ ഞെട്ടിത്തരിച്ചു പോയ്‌..... 


"ദേവേട്ടാ,, എഴുന്നേൽക്ക്.. നമുക്ക് നാട്ടിലേക്ക് മടങ്ങേണ്ടേ?? സിദ്ധുവേട്ടൻ നമ്മെ കാണാത്തത് കൊണ്ട് ഇപ്പോ വിളിച്ചു വെച്ചതേയുള്ളു.. "


അനുവിന്റെ ശബ്ദമാണ് ദേവ്ജിത്തിനെ വർത്തമാന കാലത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്... ഇപ്പോഴും താൻ അവൾക്കരികിൽ പിറകിലെ സീറ്റിലാണെന്ന് ഓർത്തതും അവൻ ഒന്ന് ദീർഘമായി നിശ്വസിച്ചു... 


"ഞാൻ വണ്ടി നിർത്തിയത്,, നമുക്ക് ഓരോ ചായ കുടിച്ചിട്ട് യാത്ര തുടരാമെന്ന് കരുതിയാണ്... നീ വാ.. "


അവളുടെ മറുപടി എന്താണെന്ന് കേൾക്കാൻ നിൽക്കാതെ അവൻ ഓട്ടോയിൽ നിന്ന് പുറത്തേക്കിറങ്ങി.. അവന്റെ ആവശ്യകതയെ നിഷേധിക്കാനുള്ള സമയം കിട്ടാത്തത് കൊണ്ടാകണം അനുവും അവനെ അനുഗമിച്ചു കൊണ്ട് മുന്നോട്ട് നടന്നു... 


കഴിക്കാനുള്ള ഭക്ഷണത്തിന് ഓർഡർ കൊടുത്ത ശേഷം ദേവ് തനിക്ക് മുന്നിലിരിക്കുന്ന അനുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി... 


ഇപ്പോഴും അവൾ തല കുനിച്ചു ഇരിക്കുകയാണ്... തന്റെ നേർക്കൊന്ന് നോക്കുന്നു കൂടിയില്ല... 


അവളുടെ ഇടത് കൈ ടേബിളിനു മുകളിലും വലതു കൈ അവളുടെ മടിയിലുമാണ് സ്ഥാനം പിടിച്ചിട്ടുള്ളത്... 


പതിയെ അവളുടെ ഇടതു കയ്യിനു മുകളിലായി തന്റെ വലതു കരം ചേർത്ത് വെച്ചതും അവളൊന്ന് തല ഉയർത്തി നോക്കി... 


അത് കണ്ടതും രണ്ടു കണ്ണുകളും അവൾക്ക് നേരെ ചിമ്മി ഞാൻ അവൾ കേൾക്കാൻ പാകത്തിൽ പറഞ്ഞു തുടങ്ങി 


"നിനക്കൊരു കാര്യം അറിയുമോ അനു?? ഇടതുകയ്യിലെ മോതിര വിരലില്‍ ഉള്ള രക്തധമനി നേരിട്ട് ഹൃദയവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു, അതുകൊണ്ടാണ് ഞാനീ വിവാഹ മോതിരം നിന്റെ ഈ വിരലില്‍ തന്നെ അണിയിച്ചു തന്നത്.. "


ദേവിന്റെ വാക്കുകൾ അത്ഭുദത്തോടെ കേട്ട് കൊണ്ടിരുന്ന അവൾ അവനെ ഉറ്റു നോക്കുന്നതോടൊപ്പം തന്റെ കയ്യിനെ അവനിൽ നിന്ന് മോചിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്.  


"ഞാൻ ഇപ്പോ പറഞ്ഞ കാര്യം യാഥാർഥ്യം ഒന്നുമല്ല ട്ടോ, ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞു വന്ന മിത്ത്‌ ആണ്... ഇനി അതാലോചിച്ചു ഈ കുഞ്ഞു തല പുകയ്ക്കണ്ട "


അവളുടെ കയ്യിനു മുകളിലുള്ള തന്റെ കയ്യിനെ പതിയെ എടുത്തു മാറ്റി തള്ള വിരലും ചൂണ്ടു വിരലും ഉപയോഗിച്ച് ആ മോതിരത്തെ പതിയെ അങ്ങോട്ടുമിട്ടും ചെരിച്ചു കൊണ്ടിരിക്കുന്നതിനിടയിലും അവന്റെ നോട്ടം മുഴുവൻ അവളിൽ ആയിരുന്നു... 


"ഈ മോതിരം ചേച്ചിയുടെ കൈവിരലിൽ നിന്ന് ചേച്ചി തന്നെ അഴിച്ചെടുക്കുമ്പോൾ ആ രക്തധമനിയിൽ നിന്നുള്ള രക്തയോട്ടം നിലച്ചു കാണില്ലേ,, അത് ഹൃദയത്തിലേക്ക് പമ്പ് ചെയ്യാതെ പാതി വഴിയിൽ വെച്ച് പണി മുടക്കി കാണില്ലേ..?? അപ്പോ എന്റെ ചേച്ചി എന്ത് മാത്രം വേദനിച്ചു കാണും... "


വളരെ പതിഞ്ഞ ശബ്ദത്തിലാണ് അവൾ സംസാരിച്ചതെങ്കിലും ആ വാക്കുകളിലെ മൂർച്ച അവന്റെ ഹൃദയത്തെ കീറി മുറിക്കാൻ പാകത്തിലുള്ളതായിരുന്നു.. അത് കൊണ്ടാകണം അവളുടെ കൈ വിരലിൽ നിന്ന് അവൻ സ്വന്തം കയ്യിനെ പിൻവലിച്ചത്... 


"എന്ത് പറഞ്ഞാലും ഒരു ചേച്ചി,, അവൾ ആരാ നിന്റെ?? ആരുമല്ലന്ന് അവൾ തന്നെ പറഞ്ഞു... പിന്നെ നിനക്ക് മാത്രം എന്താടി ഇത്ര സ്നേഹം.. 


ഒരു വർഷത്തോളമായി നിന്റെ മൂക്കിൻ തുമ്പത്ത്‌ ജീവിക്കുന്ന മനുഷ്യനാണ് ഞാൻ.. ആ എന്റെ വികാര വിചാരങ്ങളെ മനസ്സിലാക്കാൻ നിനക്ക് പറ്റിയിട്ടില്ല ഇതുവരെ... അല്ലെങ്കിലും ഞാൻ നിന്റെ ആരാ അല്ലെ?? നിന്റെ ഗതികേട് കൊണ്ട് കഴുത്ത് നീട്ടി തന്നതല്ലേ... 


പക്ഷെ,, ഞാൻ.... 


ഞാൻ ഒരു വിഡ്ഢി.... ദൈവം എനിക്ക് എന്റെ പ്രണയത്തെ തിരിച്ചു തരാതിരുന്നിട്ടും അതിനെ പറ്റി പരാതി പറയാതെ എനിക്കായി വിധിച്ച ജീവിതത്തെ പ്രണയിച്ച പമ്പരവിഡ്ഢി.... 


ഇന്നത്തോടെ എനിക്ക് ഒരു കാര്യം മനസ്സിലായി,, ഇനിയൊരിക്കലും നിനക്ക് എന്നെയോ എന്റെ സ്നേഹത്തെയോ അംഗീകരിക്കാൻ പറ്റില്ലെന്ന്.. ഇതുവരെ ബുദ്ധിമുട്ടിച്ചതിൽ മാപ്പ് ചോദിക്കുന്നു... മാപ്പ് ചോദിക്കാൻ മാത്രമേ ഇപ്പോ ഈ ജിത്തുവിന് കഴിയൂ..."


അത്രയും പറഞ്ഞു കൊണ്ട് അവൻ കസേരയിൽ നിന്ന് എഴുന്നേറ്റതും മുന്നിലെ ടേബിളിൽ ഭക്ഷണം നിരന്നതും ഒന്നിച്ചായിരുന്നു... 


"വേണ്ടത് എന്താന്ന് വെച്ചാൽ കഴിച്ചിട്ട് ഇറങ്ങാൻ നോക്ക്... ഞാൻ വെളിയിൽ ഉണ്ടാകും... "


അത്രയും പറഞ്ഞു കൊണ്ട് അവൾക്ക് മുഖം കൊടുക്കാതെ ദേവ് അവിടെ നിന്നും നടന്നു തുടങ്ങി... 


"ദേവേട്ടാ... "


പിന്നിൽ നിന്നുള്ള ദയനീയമായ വിളി കേട്ടിട്ടും അവൻ അത് ഗൗനിക്കാതെ മുന്നോട്ട് നടന്നു... 


"ദേവേട്ടാ പ്ലീസ്,, ഭക്ഷണത്തിനു മുന്നിൽ നിന്ന് എഴുന്നേറ്റു പോകല്ലേ,, അതിനോളം പാപം വേറൊന്നുമില്ല.. 


നമുക്ക് വീട്ടിൽ പോയ്‌ സംസാരിക്കാം.. ദേവേട്ടൻ കഴിക്കാതെ എനിക്ക് കഴിക്കാൻ പറ്റുവോ?? പ്ലീസ് ദേവേട്ടാ... ഒന്ന് വരുവോ?? "


 ദേവിന്റെ കൈത്തണ്ടയിൽ പിടിച്ചു നിർത്തി അവൾ യാചനയോടെ സംസാരിച്ചതും അവന്റെ ഉള്ളമൊന്ന് പിടഞ്ഞു...


 എത്രയൊക്കെ താൻ അകന്ന് നിൽക്കാൻ കൊതിച്ചാലും അവളെന്നെ നിഷ്കളങ്കതയ്ക്ക് മുന്നിൽ അടിയറവു പറയാനേ എനിക്ക് കഴിയൂ... പക്ഷെ ഇപ്പോ ഞാൻ അവൾക്ക് മുന്നിൽ താഴ്ന്നു കൊടുത്താൽ അവൾ വീണ്ടും പഴയ പടിയാകും... 


"ഞാൻ കഴിച്ചില്ലെങ്കിൽ തന്നെ നിനക്കെന്താ?? എനിക്ക് വേണ്ടി ആരും പട്ടിണി കിടക്കേണ്ട... അതിന് മാത്രമുള്ള ബന്ധമൊന്നും നിനക്ക് എന്നോടില്ലല്ലോ.. "


അവളുടെ കയ്യിനെ തന്റെ കൈത്തണ്ടയിൽ നിന്നടർത്തി മാറ്റി സംസാരിച്ചു തുടങ്ങുമ്പോൾ മറു കൈ കൊണ്ടവൾ വീണ്ടും എന്റെ കൈത്തണ്ടയിൽ പിടി മുറുക്കിയിരുന്നു... 


"ഞാൻ പറഞ്ഞ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ മാപ്പ്... "


അതും പറഞ്ഞു കൊണ്ടവൾ എനിക്കഭിമുഖമായി വന്നു നിന്ന് ഇരു കയ്യും കൂപ്പി എന്റെ കാൽക്കലേക്ക് വീഴാൻ ഒരുങ്ങിയതും ഞാൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചിരുന്നു... 


"തോൽപ്പിച്ചു കളയല്ലേ അനു നീ എന്നെ?? ഹൃദയം മുഴുവൻ നീ നിറഞ്ഞു നിന്നിട്ടും എന്റെ സ്നേഹം നീ കാണാതെ പോകുന്നല്ലോ എന്നോർത്തപ്പോ വേദനിച്ചു പോയെടി ഒരുപാട്.....


പോട്ടെ സാരമില്ല,, ദൈവത്തിനു എന്നെ വേദനിപ്പിക്കുന്നതാ ഒത്തിരി ഇഷ്ടം.. ഒടുവിൽ അങ്ങേർക്കു തന്നെ മടുപ്പ് വരും... അന്ന് ചിലപ്പോൾ എനിക്ക് എന്തെങ്കിലും സന്തോഷം നൽകുമായിരിക്കും... 


നീ വാ,, നമുക്ക് ഭക്ഷണം കഴിച്ചു പെട്ടെന്ന് മടങ്ങാം... ഇപ്പോ തന്നെ നമ്മളെ പലരും ശ്രദ്ധിച്ചു തുടങ്ങി... "


എന്ത്കൊണ്ടോ അവൾക്ക് മുഖം കൊടുക്കാൻ അവന് കഴിഞ്ഞില്ല... അത് കൊണ്ടാകണം അവളെ മറികടന്നു അവൻ മുന്നോട്ട് നടന്നത്... 


ദേവിന്റെ പിന്നിലായി നടന്നു തുടങ്ങിയ അവളുടെ മനസ്സിൽ അപ്പോഴും ഒരു വടംവലി നടക്കുകയായിരുന്നു... 


അവളുടെ ദേവേട്ടനെ കുറിച്ച്... 


ഇന്നീ കാണുന്ന അനുവിന്റെ ഉടലിൽ ഉയിര് ബാക്കി വെച്ചതും ഒരു പോറലുമേൽക്കാതെ എന്നിലെ സ്ത്രീത്വത്തെ സംരക്ഷിക്കുകയും ചെയ്ത ആ മനുഷ്യൻ എനിക്ക് ആരാണ്... ദൈവം അല്ലെ... 


ആ ദൈവത്തെ എനിക്ക് പ്രണയിക്കാൻ പറ്റുമോ???  


അത് എന്റെ ചേച്ചിയോട് ചെയ്യുന്ന ചതിയല്ലേ... 


പക്ഷെ,, എന്റെ ദേവേട്ടന് വേദനിച്ചപ്പോൾ എനിക്കും വേദനിച്ചില്ലേ.... 


അന്നത്തെ രാത്രിയിൽ എന്റെ മാനം കാത്തു സൂക്ഷിച്ച ആ ദേവന്റെ കണ്ണുകളിലേക്ക് അവൾ ആഴ്ന്നിറങ്ങിയപ്പോൾ ഓർമകളുടെ തിരയിളക്കം അവളുടെ മനസ്സിലും മാറ്റങ്ങൾ സൃഷ്ടിക്കുകയായിരുന്നു... 


പ്രകൃതിയുടെ പ്രണയമായിട്ടായിരുന്നില്ല അന്ന് കാലം തെറ്റി മഴ പെയ്തത്... ആരോടോ ഉള്ള പ്രതിഷേധം.... 


ജനാലയ്ക്കരികിൽ നിന്ന് അവൾ ആ മഴയെ പ്രണയപൂർവം നോക്കുമ്പോൾ അവളറിഞ്ഞില്ല അവൾക്ക് പിന്നിലായി ഒളിഞ്ഞു നിൽക്കുന്ന രണ്ടു കണ്ണുകളെ... തന്റെ പ്രതികാരം തീർക്കാൻ കൊയ്തു വെച്ച ആ പെൺശരീരത്തെ കാമ കണ്ണുകളാൽ കൊത്തിവലിക്കുന്ന വില്ലന് തന്റെ അച്ഛന്റെ ഛായ ഉണ്ടെന്ന് അവളറിയാതെ പോയ്‌... 


(തുടരും )


By Ramsi faiz

Report Page