ഇരിക്കട്ടെ എന്റെ വക ഒരു റിലീഫ് പാക്കേജ് 

ഇരിക്കട്ടെ എന്റെ വക ഒരു റിലീഫ് പാക്കേജ് 


പറമ്പിൽ പണി ചെയ്യുന്ന ശങ്കരൻ ഒരു 10000 രൂപ കടം വാങ്ങിയിട്ടുണ്ടായിരുന്നു. മാസം തോറും ആയിരം വെച്ച് തിരിച്ചു തരാം എന്ന വ്യവസ്ഥയിൽ 12000 തിരിച്ചു തരണം എന്നാണ് ഞങ്ങളുടെ ധാരണ. അങ്ങനെയല്ലേ നമ്മുക്ക് പാവങ്ങളെ സഹായിക്കാൻ പറ്റൂ. എന്നാൽ കഴിഞ്ഞ മാസം പണിയില്ലാതെ കഷ്ടപ്പെട്ട ശങ്കരൻ വായ്പയിൽ ഒരു ഇളവ് ചോദിച്ചു. വിവരം കുറവാണല്ലോ അതല്ലേ അങ്ങനെ ചോദിച്ചത്.

ഇങ്ങനെ ഒരു പരിതസ്ഥിയിൽ ശങ്കരനെ സഹായിക്കേണ്ടത് മുതലാളിയായ എന്റെ കടമയല്ലേ ? ഒരു സമഗ്രമായ പാക്കേജ് ഞാൻ ശങ്കരന് വേണ്ടിയുണ്ടാക്കി. ഞാളെ ചെറിയേ ബുദ്ധിയിൽ തോന്നിയതാണ്. ഇങ്ങനയൊക്കെ സഹായിക്കണേ എനിക്ക് പറ്റൂ. വേണ്ടെങ്കിൽ ശങ്കരൻ പണിയിട്ടിട്ടു പൊയ്ക്കോട്ടേ.

1. എനിക്ക് മാസം തോറും തരാനുള്ള ആയിരം രൂപ ഇപ്പോൾ തരേണ്ട. ഒരു പന്ത്രണ്ടു മാസം കഴിഞ്ഞു ഇടക്കാല പലിശയായ ആയിരം രൂപ ഉൾപ്പെടെ പതിമൂവായിരം രൂപ തന്നാൽ മതി.

2. ഇടക്കാലമായ രണ്ടു മാസം പണിചെയ്യാത്തതിന് കൂലി തന്നിട്ടുള്ളത് തിരിച്ചു തരേണ്ട. അടുത്ത പന്ത്രണ്ടു മാസം ദിവസം നാലു മണിക്കൂർ അധികം ജോലി ചെയ്താൽ ഈ രണ്ടു മാസത്തെ കൂലി വകയിരുത്തിക്കോളാം.

3. ശങ്കരന് വേണമെങ്കിൽ കൂടുതൽ വായ്പാ എടുക്കാൻ സ്ഥലത്തെ ബ്ലേഡിൽ ഞാൻ ഒരു നിക്ഷേപം നടത്തിയിട്ടുണ്ട്. അവർക്കു അതിനാൽ ആവശ്യത്തിന് ലിക്യുഡിറ്റി ഉണ്ട്. ശങ്കരന്റെ വീടും പറമ്പും എന്റെ കയ്യിൽ ഉള്ളതിനാൽ ആ വായ്പക്ക് ഗ്യാരന്റി കൊടുക്കാൻ ഞാൻ തയ്യാറാണ്.

4. ഈ പ്രത്യേക സാഹചര്യത്തിൽ പണിയില്ലാതെ നിൽക്കുന്ന ശങ്കരന്റെ മകനെയും മരുമകനെയും സഹായിക്കുവാനായി ശങ്കരനെ പിരിച്ചു വിട്ടു അവർക്കു രണ്ടു പേർക്കും പകുതി ശമ്പളത്തിൽ ജോലി കൊടുക്കുവാനുള്ള നയപരമായ തീരുമാനം എടുത്തിട്ടുണ്ട്.

5. അങ്ങനെ പിരിച്ചുവിടുന്ന പക്ഷം ശങ്കരന്റെ ടെർമിനൽ ബെനെഫിറ്റ്‌സ് വായ്പ തുക കഴിച്ചു ബാക്കിയുള്ളത് കൊടുക്കുന്നതായിരിക്കും. ആതുക ഒന്നിച്ചു വേണ്ടെകിൽ ശങ്കരന് അത് എന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിക്ഷേപിച്ചു മാസം തോറും ഒരു തുക ജീവിതച്ചിലവിനായി നൽകുന്നതാണ്. ശങ്കരന് എന്തെങ്കിലും സംഭവിച്ചാൽ തുക തിരിച്ചു കിട്ടുന്നതല്ല.

6. ഇത്രയും സഹായങ്ങൾ ചെയ്യുന്നതിനാൽ യാത്ര, ചികിത്സ, ശമ്പള തുടങ്ങിയ അധിക ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല. കൂടാതെ ഈ പ്രത്യേക സാഹചര്യത്തിൽ ശമ്പള വർധന, ബോണസ്, ദിന ബത്ത ഒന്നും ഉണ്ടായിരിക്കുന്നതല്ല.

7. ഒരു ഇടക്കാലാശ്വാസമായി പത്തായത്തിൽ നിന്നും രണ്ടു പറ നെല്ല് കൊടുക്കുന്നതാണ്. ചെള്ള് പെറുക്കി കളഞ്ഞു പുഴുങ്ങി കുത്തിയെടുത്താൽ പട്ടിണി കിട‌ക്കേണ്ടി വരില്ല.

ബാക്കിയുള്ള സഹായം വരും ദിവസങ്ങളിൽ ഞാനോ ഭാര്യയോ പറയുന്നതായിരിക്കും. മൊത്തത്തിൽ ശങ്കരന്റെയും കുടുംബത്തിന്റെയും ക്ഷേമമാണ് എന്റെ ലക്ഷ്യം.


Report Page