One flew over the cuckoo's nest

One flew over the cuckoo's nest

Sher1983
#view

🔹141. ONE FLEW OVER THE CUCKOO'S NEST (USA/English/1975/Comedy Drama/133 Min/Dir: Milos Forman/Stars: Jack Nicholson, Louise Fletcher, Will Sampson )


🔹 SYNOPSIS 🔹

 

▪ ലോക സിനിമയിലെ ഏറ്റവും മഹത്തായ ചിത്രങ്ങളുടെ നിരയിൽ പെടുത്താവുന്ന അഞ്ച് സുപ്രധാന ഓസ്കാർ അവാർഡുകൾ ( മികച്ച ചിത്രം ,സംവിധായകൻ, നടൻ, നടി, തിരക്കഥ ) നേടിയ One Flew Over The Cuckoo's Nest അതേ പേരിൽ തന്നെയുള്ള Ken Kesey എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് .1963 ൽ ഒറിഗോണിലെ ഒരു മനോരോഗാശുപത്രിയിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത് .തന്റേതായ മെത്തേഡുകളിലൂടെ രോഗികളെ താനുദ്ദേശിക്കുന്ന രീതിയിൽ കൺട്രോൾ ചെയ്യുന്ന റാച്ചഡ് എന്ന ഹെഡ് നഴ്സിനാണ് രോഗികളുടെ ചുമതല .പ്രത്യക്ഷത്തിൽ എല്ലാ സൗകര്യങ്ങളും രോഗികൾക്ക് നല്കുന്നു എന്ന് തോന്നിക്കുമെങ്കിലും റാച്ചഡ് അവരെ മനുഷ്യരായിപ്പോലും കാണുന്നില്ല എന്നതായിരുന്നു സത്യം .


▪ ആ ഹോസ്പിറ്റലിലേക്ക് ജോലിയൊന്നും ചെയ്യാതെ സുഖമായി കഴിയാനായി മനോരോഗം അഭിനയിച്ച് മക്മർഫി എന്ന പെറ്റി ക്രിമിനൽ കൂടി എത്തുന്നതോടെ കഥ മാറുന്നു . രോഗികളുടെ ചെറിയ ആവശ്യങ്ങൾ പോലും അംഗീകരിക്കാത്ത നഴ്സ് റാച്ചഡിന്റെ തീരുമാനങ്ങളെ മക്മർഫി വെല്ലുവിളിക്കുന്നു. പല തരത്തിലുള്ള മനോരോഗികൾക്കിടയിൽ ബധിരനും മൂകനുമായ എല്ലാവരും ചീഫ് എന്ന് വിളിക്കുന്ന ഒരാളുമായി മക്മർഫി ചങ്ങാത്തത്തിലാവുന്നു .റാച്ചഡിന്റെ കടുത്ത നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി രോഗികളെ സ്വാതന്ത്ര്യത്തിന്റെ ലോകം കാട്ടിക്കൊടുക്കുവാൻ മക്മർഫി ശ്രമിക്കുന്നു .എന്നാൽ ആ ശ്രമങ്ങൾ അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങൾക്ക് വഴിവയ്ക്കുന്നു .


🔹BEHIND THE SCENES🔹


▪ ശക്തമായ തിരക്കഥയും മികവുറ്റ സംവിധാനവും സൂക്ഷ്മമായ അഭിനയവും അടക്കം എല്ലാ മേഖലകളിലും ഒരേ പോലെ മികച്ച ഒരു ചലച്ചിത്രമാണിത് .നിരൂപകർ എല്ലാം ഒരേ പോലെ വാഴ്ത്തിയ 4.4 മില്യൺ ഡോളർ നിർമ്മാണച്ചെലവുള്ള ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 109 മില്യൺ ഡോളറായിരുന്നു . മക്മർഫി എന്ന കഥാപാത്രത്തിലൂടെ ജാക്ക് നിക്കോൾസൺ എന്ന നടൻ ലോകോത്തര നടൻമാരുടെ പട്ടികയിലേക്കുയർന്നു .തമാശയും ദു:ഖവും ദേഷ്യവും നിസ്സഹായതയും എല്ലാം ഒരേ പോലെ പ്രതിഫലിപ്പിച്ച മക്മർഫി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ എന്നും മായാതെ നില്ക്കും .കഥാപാത്രങ്ങളുമായി കൂടുതൽ അടുക്കാൻ അഭിനേതാക്കൾ ഷൂട്ടിങ്ങ് കഴിയുന്നത് വരെ ചിത്രീകരണം നടന്ന ഒറിഗോൺ സ്റ്റേറ്റ് ഹോസ്പിറ്റലിലെ സൈക്ക്യാട്രിക് വാർഡിൽ തന്നെ താമസിച്ചിരുന്നു. ചിത്രീകരണം നടന്നത് യഥാർത്ഥ മെന്റൽ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നതിനാൽ യഥാർത്ഥ രോഗികളും ഡോക്ടർമാരും പല രംഗങ്ങളിലും മിന്നിമറയുന്നുണ്ട് . 


▪ നഴ്സ് റാച്ചഡ് എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച ലൂയിസ് ഫ്ലെച്ചർ സമാനതകളില്ലാത്ത അഭിനയമാണ് കാഴ്ച വച്ചത്. ഒരു രംഗത്ത് പോലും സൗമ്യത കൈവിടാത്ത എപ്പോഴും പുഞ്ചിരിക്കുന്ന മുഖഭാവമുള്ള എന്നാൽ ഉള്ളിൽ ക്രൂരതയുടെ കടലിരമ്പുന്ന നഴ്സ് റാച്ചഡ് സത്യത്തിൽ ഒരല്ഭുതമാണ് .ലോക സിനിമയിലെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളുടെ ലിസ്റ്റിൽ നഴ്സ് റാച്ചഡ് ഉണ്ടാകുന്നതിന്റെ കാരണം ചിത്രം കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും. മറ്റൊരു പ്രധാന കഥാപാത്രമായ ചീഫ് എന്ന ആജാനബാഹുവിനെ മനോഹരമായി അവതരിപ്പിച്ച വിൽ സാംസൺ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് തീർച്ചയാണ് . ചിത്രത്തിൽ അഭിനയിച്ച നടൻമാരിൽ പലരും ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുകയായിരുന്നു എന്നത് ശ്രദ്ദേയമാണ് .


▪ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ പ്രിയദർശൻ സംവിധാനം ചെയ്ത താളവട്ടം എന്ന മലയാള ചലച്ചിത്രം ഈ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് .രണ്ട് ചിത്രങ്ങളുമായുള്ള ഒരു താരതമ്യം ഇവിടെ ഉദ്ദേശിക്കുന്നില്ലെങ്കിലും രണ്ട് ചിത്രങ്ങളും കണ്ട് അത് സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക. മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് താളവട്ടം എന്ന് അംഗീകരിക്കുന്നതിനൊപ്പം തന്നെ മറ്റൊന്ന് കൂടി പറയേണ്ടതുണ്ട്. One Flew Over The Cuckoo's Nest എന്ന ചിത്രം ഏതൊരു താരതമ്യങ്ങൾക്കും മുകളിലാണ് .ഈ ചിത്രം നല്കുന്ന അനുഭവം വാക്കുകൾക്കതീതമാണ് .അത് സ്വയം അനുഭവിച്ച് തന്നെ മനസ്സിലാക്കുക.


🔹VERDICT : EXCELLENT ( A Powerful And Touching Cinematic Masterpiece


©PRADEEP V K (AMAZING CINEMA)

@cinematicworld

Report Page