ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്. അല്ലാത്തവന് കുന്ത്രാണ്ടം.

ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്. അല്ലാത്തവന് കുന്ത്രാണ്ടം.


Biji

ഡോ. ബിജിൻ ജോസഫ് (Bijin Joseph) എഴുതിയ പോസ്റ്റിൽ നിന്നുമുള്ള ഭാഗങ്ങളാണ്. ജനഹൃദയങ്ങളിൽ എന്നും സ്ഥാനമുള്ള വിഎസ് അച്യുതാനന്ദന്റെ പ്രതികരണത്തെക്കുറിച്ച് അദ്ദേഹം എഴുതിയത് വായിക്കേണ്ടതാണ്.

"വ്യാജഡോക്ടർ ജേക്കബ് വടക്കൻചേരിയെ അനുകൂലിച്ച് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ രംഗത്തെത്തി. വലിയ മനുഷ്യാവകാശ ലംഘനവും അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റവുമാണ് വടക്കന്റെ അറസ്റ്റെന്ന് വി.എസ് പ്രസ്താവനയിറക്കിയിരിക്കുന്നു.

        

വലിയ മനുഷ്യാവകാശ പോരാളിയും നേതാവുമൊക്കെയായിട്ടും ജേക്കബെന്ന വ്യാജൻ സമൂഹത്തിന് വരുത്തി വെച്ച ദുരിതങ്ങൾ സഖാവ് അറിഞ്ഞില്ലേ? അതോ ഇയാളുടെ കുപ്രചാരണങ്ങൾ കേട്ട് വിശ്വസിച്ച് ജീവനും പണവും പോയവർ മനുഷ്യരല്ലെന്നാണോ? വടക്കഞ്ചേരിയുടെ പ്രധാന വിഹാര കേന്ദ്രങ്ങളായ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജോലി ചെയ്തതു കൊണ്ട് ഇദ്ദേഹം സമൂഹത്തിൽ വരുത്തിവെച്ച വിപത്തുകൾ ഞാൻ പലകുറി നേരിൽ കണ്ടിട്ടുണ്ട്.

      

ഒരിക്കൽ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് അന്ത്യശ്വാസം വലിക്കുന്ന എട്ട് വയസ്സുള്ള ഒരാൺകുട്ടിയെ കൊണ്ടു വന്നു. ചുട്ടുപൊള്ളുന്ന പനിയായിരുന്നു കുട്ടിക്ക്. കുട്ടിയെ കൊണ്ടുവന്ന പിതാവിന്റെ മുഖത്ത് വെപ്രാളമോ സങ്കടമോ ഒന്നുമില്ല. കുട്ടി മൂന്നാഴ്ചയായി പനിയും ചുമയുമായി വടക്കന്റെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടിയെ പട്ടിണിക്കിട്ട്, വിശന്നു കരയുമ്പോൾ കുമ്പളങ്ങാ നീരോ കാരറ്റ് ജ്യൂസോ, പച്ച വെള്ളമോ ഒക്കെ കൊടുത്തായിരുന്നു ചികിത്സ. കാഷ്വൽറ്റി ഡോക്ടർ കുട്ടിയുടെ നെഞ്ചിൽ സ്റ്റെതസ്കോപ്പ് വെച്ച് നോക്കിയപ്പോൾ ശ്വാസകോശത്തിൽ കടുത്ത അണുബാധയുടെ എല്ലാവിധ ലക്ഷണങ്ങളും അടയാളങ്ങളും. കടുത്ത ന്യൂമോണിയ ബാധിച്ച കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മനസ്സിലാക്കി കുട്ടികളുടെ ഡോക്ടറെ വിളിച്ചു വരുത്തി. കുട്ടിയെ എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിലെത്തിക്കണമെന്ന് ഡോക്ടർ പറഞ്ഞു. കുട്ടിയുടെ പിതാവിന് യാതൊരു കുലുക്കമില്ല. ഡോക്ടർമാരും നഴ്സുമാരും തങ്ങളാലാവുന്ന വിധം നോക്കിയിട്ടും മിനിട്ടുകൾക്കകം കുട്ടി മരണത്തിന് കീഴടങ്ങി. മൂന്നാഴ്ച പനിയും ചുമയുമായിട്ട് ഇത്ര ഗുരുതരമാകുന്നതു വരെ എന്താണ് ഡോക്ടർമാരെയൊന്നും കാണിക്കാതിരുന്നതെന്ന് പിതാവിനോട് ഡോക്ടർ ചോദിച്ചു. നീയൊക്കെ ചികിത്സിച്ചാലും രോഗികൾ മരിക്കാറില്ലേ. അതുകൊണ്ട് നീയൊന്നും എന്റെ കുട്ടിയുടെ കാര്യത്തിൽ വിഷമിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ് അയാൾ തട്ടിക്കയറി. മരിച്ച നിലയിൽ ഞാൻ കണ്ട ആ കുട്ടിയുടെ ദൈന്യതയാർന്ന മുഖം മാസങ്ങളോളം എന്റെ മനസ്സിൽ വേദനയായി തങ്ങി നിന്നു. ആ പിതാവിന്റെ മറ്റ് രണ്ടു കുട്ടികൾ കൂടി പനിയും ചുമയുമായി ചികിത്സയില്ലാതെ കഴിയുന്നുണ്ടെന്ന് മനസ്സിലായി. അന്നു തന്നെ ആ കുട്ടികളെ നിർബന്ധപൂർവ്വം അഡ്മിറ്റ് ചെയ്ത് ചികിത്സിച്ച് രക്ഷപെടുത്തി.

         

മരണത്തെ പൂർണ്ണമായും ഇല്ലാതാക്കാനും എല്ലാത്തരം രോഗങ്ങളും ചികിത്സിച്ച് മാറ്റാനും ലോകത്ത് ഒരു വൈദ്യശാസ്ത്ര ശാഖക്കും കഴിയില്ല. പക്ഷെ ഒട്ടനവധി രോഗങ്ങൾ ഫലപ്രദമായി ചികിത്സിച്ച് മാറ്റാൻ ശരിയായി പഠിച്ച ഡോക്ടർമാർക്ക് സാധിക്കും. ഈ കുട്ടിയുടെ രോഗം ആദ്യഘട്ടത്തിൽ ഒരു ചെറിയ ശ്വാസകോശ അണുബാധയായിരുന്നു. തുടക്കത്തിൽ തന്നെ അതിനുള്ള ആന്റിബയോട്ടിക്ക് മരുന്ന് കൊടുത്തിരുന്നെങ്കിൽ ആ കുട്ടി ഇന്നും ജീവിച്ചിരുന്നേനെ. അഞ്ഞൂറ് രൂപ പോലും ആകെ ചിലവ് വരില്ലായിരുന്നു. ഹതഭാഗ്യനായ ആ കുഞ്ഞിന്റെ പിതാവ് വടക്കന്റെ വാചക കസർത്തിൽ വീണു പോയി. ആയിരത്തിലധികം രൂപയാണ് പ്രതിദിനം വടക്കന്റെ ആശുപത്രിലെ ചിലവ്. നിഷ്കളങ്കനായ ആ ബാലന്റെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കിയതാരാണ്?

   

വാക്സിനേഷനെടുക്കാതെ ടെറ്റനസ്, ഡിഫ്ത്തീരിയ എന്നിവയൊക്കെ വന്ന് അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളെയും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുമ്പോൾ ടെറ്റനസ്സ് ബാധിച്ച ഒരു പത്ത് വയസ്സുകാരൻ ICU-ൽ അഡ്മിറ്റുണ്ടായിരുന്നു. കുട്ടി വില്ലുപോലെ പുറകിലേക്ക് വളഞ്ഞ് കരയുകയാണ്. ഞാൻ മുൻഫ് മെഡിക്കൽ പുസ്തകങ്ങളിൽ മാത്രമേ ഇത്തരത്തിലൊന്ന് കണ്ടിരുന്നുള്ളു. മാതാപിതാക്കൾ വാക്സിൻ വിരുദ്ധരായതിനാൽ കുട്ടിക്ക് ഒറ്റ വാക്സിനേഷനും എടുത്തിരുന്നില്ല. ഞങ്ങൾ ആ കുട്ടിയുടെ പ്രദേശത്തുള്ള ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചു. വാക്സിനേഷന്റെ കാര്യം പറഞ്ഞ് ചെല്ലുന്ന ഡോക്ടറെയും നേഴ്സിനേയുമെല്ലാം തെറി പറഞ്ഞ് ഓടിക്കുമായിരുന്നു ഈ കുട്ടിയുടെ വീട്ടുകാർ. ഞങ്ങൾ ഏറെ പണിപ്പെട്ട് മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. കുട്ടിയെ വെന്റിലേറ്ററിലാക്കി. മൂന്നാഴ്ചയോളം ഡോക്ടർമാരും നേഴ്സുമാരും ഉറക്കമിളച്ചിരുന്ന് പരിചരിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയെടുത്തു. 

       

ഇയാളുടെ വിടുവായത്തരം കേട്ട് വിശ്വസിച്ച് പ്രമേഹത്തിന്റെയും പ്രഷറിന്റെയുമെല്ലാം മരുന്ന് നിറുത്തി കിഡ്നി കേടായി ഡയാലിസിസ് നടത്തി ജീവിച്ച് പോകുന്ന ഒരുപാട് പാവങ്ങളെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്.

         

വൈദ്യശാസ്ത്ര രംഗത്തെ ചൂഷണവും തെറ്റായ പ്രവണതകളുമൊക്കെയാണ് വ്യാജൻമാരെ വാഴ്ത്തിപ്പാടാനുള്ള ന്യായീകരണമായി പലരും പറയുന്നത്. അമിത ഫീസും കൈക്കൂലിയുമൊക്കെ വാങ്ങുന്ന ഡോക്ടർമാരെ ഒതുക്കാനുള്ള മാർഗം അത്തരം ആളുകളുടെ അടുത്ത് പോകാതിരിക്കുകയെന്നതും നല്ലവരായ ഡോക്ടർമാരെ പ്രോത്സാഹിപ്പിക്കലുമാണ്. നിങ്ങൾക്ക് പല്ല് തേക്കാൻ കോൾഗേറ്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ലോസപ്പോ നമ്പൂതിരി പൊടിയോ ചിരട്ടക്കരിയോ ഒക്കെ ഉപയോഗിക്കാം. പല്ല് തേക്കാതിരിക്കലുമാകാം. എന്നാലും എലിവിഷം കൊണ്ട് പല്ല് തേക്കരുത്. ഒരു ഡോക്ടറോ ആശുപത്രിയോ നല്ലതല്ലെങ്കിൽ വേറെ ഡോക്ടറെ കാണണം. അല്ലാതെ വ്യാജനെ കാണാൻ പോകരുത്. കപ്പയ്ക്ക് കൈയ്പാണെന്ന് പറഞ്ഞ് ആരെങ്കിലും കാഞ്ഞിരം പുഴുങ്ങി തിന്നുമോ?

      

വി.എസിനേപ്പോലെ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട ആളുകൾ ഇത്തരത്തിലുള്ള വ്യാജൻമാരുടെ വക്താവായി രംഗത്തു വരുന്നത് അത്യന്തം അപലപനീയമാണ്. ഇല്ലാത്ത യോഗ്യതയുണ്ടെന്ന് പറഞ്ഞ് ചികിത്സ നടത്തുന്നതും അപവാദ പ്രചാരണങ്ങൾ നടത്തുന്നതും അഭിപ്രായ സ്വാതന്ത്ര്യമല്ല, തെമ്മാടിത്തരമാണ്. 


വി.എസ്സിന്റെ കൊട്ടാരം വൈദ്യനാണെന്ന് പറഞ്ഞ് നേരാംവണ്ണം സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു സാമൂഹ്യദ്രോഹി ജനങ്ങളെയും ഭരണകൂടത്തെയും വെല്ലുവിളിച്ച് ഞെളിഞ്ഞ് നടക്കുന്നത് അംഗീകരിക്കാനാകില്ല. കഷ്ടപ്പെട്ട് പഠിച്ച് ഡോക്ടർമാരായവരെയും ആശുപത്രികളെയും കുറ്റം പറഞ്ഞ് നടന്ന് സാധാരണക്കാരെ പറ്റിച്ചും കൊലക്കുകൊടുത്തും സമ്പാദിച്ച് കൂട്ടിയവനാണ് വടക്കൻചേരി. അതുകൊണ്ട്‌ അറസ്റ്റ് ചെയ്യണോ കേസെടുക്കണോയെന്നൊക്കെ സർക്കാർ തീരുമാനിക്കും. 


നിയമവിരുദ്ധമായി നടത്തുന്ന ഇദ്ദേഹത്തിന്റെ ചികിത്സാ കേന്ദ്രങ്ങൾ പൂട്ടിക്കണം. മുൻകാല രാഷ്ട്രീയ പ്രവർത്തനങ്ങൾ കൊണ്ട് ജനഹൃദയങ്ങളിൽ ഉണ്ടാക്കിയെടുത്ത സ്ഥാനം വിഎസ് അച്യുതാനന്ദനെ പോലൊരാൾ ഒരു വ്യാജ വൈദ്യര് പിന്തുണ പറഞ്ഞ് ഇല്ലാതാക്കരുത്.

      

ഇനി വി.എസ്സിന്റെ വാക്കു കേട്ട് വ്യാജനെ പിന്തുണക്കുന്നവരോട്... വി.എസ്സിന് അസുഖങ്ങൾ വന്നപ്പോഴൊക്കെ മോഡേൺ മെഡിസിനിലേയും ആയുർവേദത്തിലേയുമൊക്കെ മുന്തിയ ചികിത്സകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. തൈമോമ സർജറി ചെയ്ത് മാറ്റിയത് ലണ്ടനിൽ പോയി സർജറി ചെയ്താണ്. അല്ലാതെ കുമ്പളങ്ങാ നീരു കുടിച്ചിട്ടല്ല. 


ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്. അല്ലാത്തവന് കുന്ത്രാണ്ടം.


കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രി ഷൈലജ ടീച്ചർക്കും ധീരമായ നിലപാടെടുത്ത ഗവൺമെന്റിനും എന്റെ ഹൃദയാഭിവാദ്യങ്ങൾ..."

Report Page