Mal

Mal


ആശയവിനിമയത്തിനു വേണ്ടത് നല്ലഭാഷ

പ്രൊഫ.വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള

ആശയവിനിമയമാണ് ഭാഷയുടെ ലക്ഷ്യം. അത് ശുദ്ധവും സൂക്ഷ്മവും ആയിരിക്കണം. "ഏകഃ ശബ്ദഃസമ്യഗ്ജ്ഞാതഃ സുഷ്ഠുപ്രയുക്തഃ സ്വർഗലോകേകാമധുക് ഭവതി" (ശരിയായി പഠിച്ച് ശരിയായി പ്രയോഗിക്കുന്ന പദം സ്വർഗത്തിൽ ആശിക്കുന്നതു തരും) എന്ന പതഞ്ജലി വാക്യം നല്ല ഭാഷയുടെ മഹത്വപ്രകീർത്തനമാണ്.

അജ്ഞത, അശ്രദ്ധ തുടങ്ങിയ പല കാരണങ്ങളാൽ ഭാഷയിൽ ഉറച്ചുപോയ നിരവധി പദങ്ങളും പ്രയോഗങ്ങളുമുണ്ട്. അവയെ സംരക്ഷിക്കാൻ

'പ്രായേണ വൈയാകരണഃ പിശാചഃ

പ്രയോഗ മന്ത്രേണ നിവാരണീയാ'

(വ്യാകരണപ്പിശാചിനെ പ്രയോഗമന്ത്രം കൊണ്ടു തടയാം) എന്നൊരു പ്രമാണവും പ്രചാരത്തിലുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ ഭാഷയിലേക്കു തള്ളിക്കയറിവരുന്ന അപശബ്ദങ്ങളെയും വികല പ്രയോഗങ്ങളെയും പ്രയോഗസാധുത്വത്തിന്റെ ബലത്തിൽ കുടിയിരുത്താൻ നല്ല ഭാഷയ്ക്ക് ഇടമില്ലാതാകും.

ഓരോ പദത്തിന്റെയും അർത്ഥവും ശരിയായ പ്രയോഗവും പ്രയോക്താവ് അറിഞ്ഞിരിക്കണം. അക്ഷരത്തെറ്റ്, ഉച്ചാരണ വൈകല്യം, അർത്ഥമറിയാതെയുള്ള പ്രയോഗം, ഉദ്ദിഷ്ടാർത്ഥത്തിനു വിപരീതമായ വാക്യഘടന തുടങ്ങിയ പല കാരണങ്ങളാലും ഭാഷ ദൂഷിതമാകും. ബോധപൂർവമായ പരിശ്രമം കൊണ്ടേ ഇത്തരം ദൂഷ്യങ്ങള്‍ ഒഴിവാക്കി നല്ല ഭാഷ സംരക്ഷിക്കാനൊക്കൂ.

ഉച്ചാരണത്തിലും എഴുത്തിലും വരുത്തുന്ന അശ്രദ്ധയും തെറ്റുകളും ഭാഷയെ ദുഷിപ്പിക്കും. 'തെറ്റായി ഉച്ചരിക്കുന്നവർ ശരിയായി എഴുതാറുമില്ല' എന്ന ചൈനീസ് പഴമൊഴിയിൽ പതിരില്ല. ഭാര്യ, ഭാഗ്യം, ഭാരതം, ഭീമൻ, ദ്രൗപദി, രാഘവൻ, വിചാരം എന്നീ പദങ്ങള്‍ ചിലരുടെ നാവിൻതുമ്പിലൂടെ പുറത്തുവരുന്നത് യഥാക്രമം, ബാര്യ, ബാഗ്യം, ബാരതം, ബീമൻ, ദ്രൗപതി, രാഗവൻ, വിജാരം എന്നിങ്ങനെയാണ്. വിദ്യാഭ്യാസത്തെ, വിധ്യാഭ്യാസം, വിദ്യഭ്യാസം എന്നിങ്ങനെ ഉച്ചരിക്കുന്നവരുടെ എണ്ണവും കുറവല്ല. പലരുടെയും വാമൊഴിയിലും വരമൊഴിയിലും ഗരുഡൻ, ഗരുഢനും പീഡനം പീഢനവും, പീഡ പീഢയും, നിബിഡം നിബിഢവും, മൂഢൻ മൂഡനും, മടയൻ മഠയനും, തീക്ഷ്ണം തീഷ്ണവും ആയി മാറാറുണ്ട്.

അതിർത്തി, എതിർപ്പ് എന്നിവ അതൃത്തിയും എതൃപ്പും ആക്കരുത്. മൂന്നു മൂർത്തികള്‍ എന്ന അർത്ഥത്തിൽ ത്രിമൂർത്തിയാണ് ശുദ്ധ രൂപം, തൃമൂർത്തിയല്ല. മൂന്നു മുനയുള്ള ശൂലം ത്രിശൂലമാണ് തൃശൂലമല്ല എന്നും ഓർക്കുക. നിവൃത്തി, ആവൃത്തി, പരിവൃത്തി, പ്രവൃത്തി എന്നിവ നാമങ്ങളും നിവർത്തിക്കുക, ആവർത്തിക്കുക, പരിവർത്തിക്കുക, പ്രവർത്തിക്കുക എന്നിവ ക്രിയകളുമാണ്. ഇതറിയാവുന്ന ആള്‍ "പല ആവർത്തി എന്നോ, ഒരു നിവർത്തിയും" എന്നോ എഴുതുകയോ പറയുകയോ ഇല്ല.

ചാരിത്രത്തെ ചാരിത്ര്യമാക്കുന്നവർ ഭാഷയുടെ ചാരിത്രം നഷ്ടപ്പെടുത്തുന്നവരാണ്. പ്രതിജ്ഞാബദ്ധതയെ പ്രതിബദ്ധതയാക്കുന്നതും നല്ല ഭാഷയല്ല. അന്തശ്ഛിദ്രം അന്തച്ഛിദ്രവും ജീവച്ഛവം ജീവശ്ശവവും, ഐച്ഛികം ഐശ്ചികവും,യാദൃച്ഛികം യാദൃശ്ചികവും, ഝടിതി ഝടുതിയും, കാരാഗൃഹം കാരാഗ്രഹവും, ശുശ്രൂഷ ശിശ്രൂഷയും ആക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചെല്ലുന്നതു ചെലവും വരുന്നതു വരവുമാണെന്നറിയാവുന്നവർ ചെലവിനെ ചിലവാക്കുകയില്ല. കുടിശ്ശിഖയ്ക്ക് ശിഖയില്ല. അതിനാൽ കുടിശ്ശിഖയല്ല കുടിശ്ശികയാണ് ശരി. ജ്യേഷ്ഠനെ ജേഷ്ഠനും, ജ്യോത്സനെ ജോത്സ്യനും, ജ്യോതിയെ ജോതിയും, ജ്യോത്സ്നയെ ജോത്സ്നയും ആക്കി ഭാഷ ദുഷിപ്പിക്കരുത്. നിഖണ്ടു, നിഘണ്ഢു, നിഖണ്ഢു എന്നിവ അപശബ്ദങ്ങളാണ്. നിഘണ്ടുവാണ് ശുദ്ധരൂപം. പരദേവതയെ ഭരദേവതയും, ലുബ്ധനെ ലുബ്ദനും ആക്കാതിരിക്കുക. പതിതന്റെ അവസ്ഥ പാതിത്യമോ പതിതത്വമോ ആണ്. പതിയുടെ ഭാവം പതിത്വവും. അറിയാനുള്ള ജിജ്ഞാസ വേണ്ട, ജിജ്ഞാസയുടെ അർത്ഥം അറിയാനുള്ള ആഗ്രഹം എന്നാണ്. അതിനാൽ അറിയാനുള്ള ആഗ്രഹമോ ജിജ്ഞാസയോ ആയാൽ നല്ല ഭാഷയായി.

പന്ഥാവിനു വഴിയെന്നർഥം. അത് സമസ്ത പദത്തിൽ 'പഥ' മെന്നു മാറും. ജീവിതം, താരം, ഗഗനം, കാവ്യം, ജനം എന്നിവയോട് പന്ഥാവു ചേരുമ്പോള്‍ ജീവിതപഥം, താരാപഥം, ഗഗനപഥം, കാവ്യപഥം, ജനപഥം എന്നിങ്ങനെ രൂപങ്ങള്‍ കിട്ടും. അതിനാൽ ജീവിതപന്ഥാവും കാവ്യപന്ഥാവും അപശബ്ദങ്ങളാണ്.

പല വർണം കലർന്നതാണ് ശബളം. അതിനാൽ വർണശബളമായ ഘോഷയാത്ര വേണ്ട. ശബളാഭമോ വർണാഭമോ ആയ ഘോഷയാത്രയാണ് നല്ല ഭാഷ. മഹാനായ വ്യക്തി മഹാവ്യക്തിയാണ്; മഹദ് വ്യക്തിയല്ല. മഹാന്റെ വ്യക്തിയെന്നാണ് മഹദ് വ്യക്തിയുടെ അർത്ഥം. പുനഃപ്രവേശനം പുനത്തിൽ പ്രവേശിക്കലും പുനഃപ്രവേശം വീണ്ടും പ്രവേശിക്കലുമാണെന്നു മറക്കരുത്. സ്വയം പ്രചരിക്കലാണ് പ്രചരണം. പ്രചരിപ്പിക്കൽ പ്രചാരണവും. ആശയത്തിനു സ്വയം പ്രചരിക്കാൻ കഴിയുകയില്ല. വായുവിനു കഴിയും. അതിനാൽ ആശയപ്രചാരണവും വായുവിന്റെ പ്രചരണവുമാണ് നല്ല ഭാഷ.

സമ്രാട്ടിനെ സാമ്രാട്ടാക്കരുത്. ദ്രുപദന്റെ മകള്‍ ദ്രൗപദിയാണ്. ദ്രൗപതിയല്ല. ലക്ഷവും ഉപലക്ഷവും ചേർന്നാൽ ലക്ഷോപലക്ഷമായി. അതിനെ ലക്ഷോപിലക്ഷമാക്കരുത്. മേധാവിയുടെ അർത്ഥം ബുദ്ധിയുള്ളവനെന്നാണ്. വകുപ്പിന്റെ ചുമതല വഹിക്കുന്ന ആള്‍ വകുപ്പുതലവനോ വകുപ്പധ്യക്ഷനോ ആവാം. വകുപ്പധ്യക്ഷൻ മേധാവിയായിരിക്കണമെന്നില്ല. ധാവികളല്ലാത്ത വകുപ്പധ്യക്ഷന്മാരുമുണ്ടല്ലോ.

ഹ്രസ്വത്തെ ഹൃസ്വവും വിമ്മിട്ടത്തെ വിമ്മിഷ്ടവും ഹാർദത്തെ ഹാർദവവും ഗീതഗോവിന്ദത്തെ ഗീതാഗോവിന്ദവും ആക്കരുത്. സുധീരത്തെ സധീരവും സുസൂക്ഷ്മത്തെ സസൂക്ഷ്മവും ആക്കിയാൽ ഭാഷ വികലമാകും.

സൃഷ്ടിക്കുന്നവൻ സൃഷ്ടാവല്ല, സ്രഷ്ടാവാണ്. അനുഗ്രഹിക്കപ്പെടുന്നവൻ അനുഗൃഹീതനും. അയാളെ അനുഗ്രഹീതനാക്കരുത്. പക്ഷേ, അത്രേ എന്നീ പദങ്ങള്‍ 'പക്ഷെ'യും 'അത്രെ'യുമാക്കിയാണ് പലരും പ്രയോഗിക്കുന്നത്. ഇത് ശരിയല്ല. ചുമതലാബോധം, കക്കാവാരൽ, വായനാശീലം എന്നിങ്ങനെ പ്രയോഗിക്കുന്നത് നല്ല ഭാഷയല്ല. മദ്യം പാനം ചെയ്യുന്നവൻ എന്ന അർത്ഥത്തിൽ മദ്യപനോ, മദ്യപായിയോ ആണ് നല്ല ഭാഷ. മദ്യപാനിയല്ല.

ഭൗതികം, ലൗകികം, ദൈവികം, മൗലികം തുടങ്ങിയ പദങ്ങളിലെ ഇകാരം ഹ്രസ്വമാണ്; ദീർഘമല്ല. അതിനാൽ ഭൗതീകം, ലൗകീകം, ദൈവീകം, മൗലീകം എന്നിവ അപശബ്ദങ്ങളാണ്. ജാള്യത, വേഗത, ദൈന്യത, പ്രാധാന്യത, പാകത, മാന്ദ്യത,ഐക്യത, സാമ്യത എന്നിവയിലെ 'ത' അനവശ്യമാണ്. ജാള്യം, വേഗം, ദൈന്യം, പ്രാധാന്യം, പാകം എന്നിവയാണ് ശുദ്ധരൂപങ്ങള്‍.

സമൂഹത്തെ സംബന്ധിച്ചത് സാമൂഹികം; (രാഷ്ട്രം-രാഷ്ട്രീയം, സമ്പത്ത് (സമ്പദ്) - സാമ്പത്തികം, സാമ്പദികം, ധർമം-ധാർമികം, സംസ്കാരം-സാംസ്കാരികം). സാമൂഹികം തുടങ്ങിയ പദങ്ങളോട് പരം കൂടി ചേർത്ത് സാമൂഹികപരം, രാഷ്ട്രീയപരം, സാമ്പത്തിക (ദിക)പരം, ധാർമികപരം, സാംസ്കാരികപരം എന്നിങ്ങനെ ഭാഷ വികലമാക്കരുത്.

വൈരുധ്യം എന്ന അർത്ഥത്തിൽ പ്രചാരം നേടിയ ഒരു പദമാണ് വിരോധാഭാസം. പ്രഥമ ശ്രവണത്തിൽ വൈരുധ്യം തോന്നുന്നതും പുനരാലോചനയിൽ ആ വൈരുധ്യം നീങ്ങുന്നതുമാണ് വിരോധാഭാസം. അതിനാൽ വൈരുധ്യം എന്ന അർത്ഥത്തിൽ വിരോധാഭാസം പ്രയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭീമം, ഭയങ്കരം എന്നീ രണ്ടു പദങ്ങളുടെയും അർഥം ഭയജനകം എന്നാണ്. ഭയങ്കരയുദ്ധം, ഭയങ്കര അപകടം, ഭയങ്കര മൃഗം എന്നിവയെല്ലാം ശരിതന്നെ. എന്നാൽ ഭയങ്കരവിജയവും, ഭയങ്കര സൗന്ദര്യവും 'ഭയങ്കര'മാണ്. വമ്പിച്ച വിജയം, അസാധാരണ സൗന്ദര്യം എന്നൊക്കെയായാൽ നല്ല ഭാഷയായി. അദ്ഭുതം, ആശ്ചര്യം എന്നീ അർത്ഥങ്ങളിൽ പ്രചരിച്ചു പോയ മറ്റൊരു പദമാണ് അതിശയം. ആധിക്യത്തെ സൂചിപ്പിക്കുന്നതാണ് അതിശയം. അതിനാൽ അതിശയകരമായ കാഴ്ചയും അതിശയകരമായ സംഭവവും അദ്ഭുതകരമായ (ആശ്ചര്യകരമായ) കാഴ്ചയും അദ്ഭുതകരമായ സംഭവവുമാക്കിയാൽ നന്ന്. ഞങ്ങള്‍ സംസ്കൃതമല്ല മലയാളമാണുപയോഗിക്കുന്നത് എന്നുപറഞ്ഞ് ഈ പ്രയോഗങ്ങള്‍ സാധൂകരിക്കുന്നവരുണ്ട്. അവർക്കു കുട്ടികൃഷ്ണമാരാർ നല്കുന്ന മറുപടി നോക്കുക: “മലയാളിയുടെ ജീവിതത്തിലും അതുവഴി സാഹിത്യത്തിലും സുസ്ഥിര പ്രതിഷ്ഠ ലഭിച്ച ഇത്തരം ഭ്രഷ്ടപദങ്ങള്‍ പത്തോ ഐമ്പതോ ഒന്നുമല്ല ഉള്ളുതാനും. ഞങ്ങള്‍ മലയാളമാണ് എഴുതുന്നത്" എന്ന വാദം തൊണ്ണൂറ്റൊമ്പതു ശതമാനവും ശരിയാണ്. അവയിൽത്തന്നെ വല്ലൊരക്ഷരവും ലഘുവായൊന്നു തിരുത്തിയാൽ വാക്കു ശുദ്ധമാകുമെങ്കിൽ (ഉദാ: മനോസാക്ഷി) അങ്ങനെ ചെയ്താൽ നന്നെന്നേ പറഞ്ഞുകൂടൂ. എന്നാൽ ചില പത്രലേഖകരോ പത്രമാസികകളോ പത്തോ നൂറോ പ്രാവശ്യം പ്രയോഗിച്ചുകഴിഞ്ഞു എന്നതുകൊണ്ട് ഏതു ഭ്രഷ്ടപദത്തെയും മലയാളികള്‍ സ്വീകരിച്ചുകൊള്ളണമെന്നു പറയുന്നത് അനഭിജ്ഞതയുടെ ദുശ്ശാഠ്യമാണ്; അവയെല്ലാം കുറഞ്ഞൊന്നു ശ്രദ്ധിച്ചാൽ തിരുത്താവുന്നതും തിരുത്തേണ്ടതുമാണ്. എന്തുകൊണ്ടെന്നാൽ ഭ്രഷ്ടപദങ്ങളുപയോഗിക്കുന്നതു കൊണ്ട് നമുക്കൊരു മെച്ചവും കിട്ടാനില്ല. മറിച്ച് ഇപ്പോഴെന്നപോലെ മേലിലും പല ആവശ്യത്തിനും വ്യസ്തമായും സമസ്തമായും ഉപയോഗിക്കേണ്ടി വരുന്ന അസംഖ്യം വിലപ്പെട്ട വാക്കുകള്‍ ആ സംഭരണശാലയെ - സംസ്കൃതത്തെ - സ്വാർഥം വിചാരിച്ചു തന്നെ, അടക്കവും ഒതുക്കവുമില്ലാതെ നാനാവിധമാക്കിയിടരുതുതാനും. ഈ അർത്ഥത്തിലാണ് കഴിയുന്നതും സംസ്കൃത വാക്കുകളെ അവയ്ക്കുള്ള അർത്ഥത്തിൽ തന്നെ ഉപയോഗിക്കണമെന്നു പറയുന്നത്" (മലയാളശൈലി).

നല്ല മലയാളപദങ്ങളുള്ളപ്പോള്‍ അവയെ ഉപേക്ഷിച്ച് സംസ്കൃത പദങ്ങള്‍ സ്വീകരിക്കേണ്ടതില്ല. മത്സ്യബന്ധനം, മീൻപിടിത്തവും ചെമ്മീൻകൃഷി, ചെമ്മീൻ വളർത്തലുമാക്കിയാൽ നല്ല മലയാളമായി. മത്സ്യക്കറിയെക്കാള്‍ മീൻകറിയാണ് മലയാളിക്ക് രുചികരം.

ലിപിഭേദത്താൽ അർത്ഥഭേദം വരുന്ന വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ നല്ലവണ്ണം ശ്രദ്ധിക്കണം. ഉന്മാദം ഭ്രാന്തും ഉന്മാഥം വധവുമാണ്. അതിഥി വിരുന്നുകാരനും അദിതി ദേവമാതാവുമാണ്. അതിഥിയെ സത്കരിക്കുന്ന ആളാണ് ആതിഥേയൻ; ആദിതേയൻ ദേവനാണ്. പ്രേഷണം അയയ്ക്കലും പ്രേക്ഷണം നോട്ടവുമാണ്. കദനം ദുഃഖവും കഥനം പറച്ചിലുമാണ്. ഗോഷ്ഠി- സഭ; ഗോഷ്ടി വികൃതിയും, സ്വരാജ്യം സ്വന്തം രാജ്യവുമാണ്. സ്വാരാജ്യം സ്വർഗവും. ഇതുപോലെ ധാരാളം പദങ്ങളുണ്ട്. നല്ല ഭാഷ കൈകാര്യം ചെയ്യാൻ ഈ പദങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് കൂടിയേ തീരൂ.

മലയാളി വിശ്രമിച്ചാൽ മതി; ഇംഗ്ലീഷുകാരൻ വിശ്രമം എടുക്കട്ടെ. പ്രസംഗവേദികളിൽ കേള്‍ക്കാറാള്ള ചില പ്രയോഗങ്ങളുണ്ട്. ഹാർദ്ദവമായ സ്വാഗതം, അധ്യക്ഷം വഹിക്കൽ, കൃതജ്ഞത രേഖപ്പെടുത്തൽ, പ്രസംഗം കാഴ്ചവയ്ക്കൽ തുടങ്ങിയവ. ഹാർദ്ദമായ സ്വാഗതമാണ് ശുദ്ധരൂപം. അധ്യക്ഷം വഹിക്കലിന്റെ അർത്ഥം അധ്യക്ഷനെ വഹിക്കൽ എന്നാണ്. അധ്യക്ഷത വഹിക്കലോ ആധ്യക്ഷ്യം വഹിക്കലോ ആണ് ശരി. കൃതജ്ഞത എഴുതിക്കൊടുത്താൽ രേഖപ്പെടുത്തലായി. കൃതജ്ഞത പറയുകയോ പ്രകാശിപ്പിക്കുകയോ ചെയ്ത് രേഖപ്പെടുത്തൽ ഒഴിവാക്കണം. പ്രസംഗം ചെയ്യുകയോ നടത്തുകയോ ആവാം. കാഴ്ചവയ്ക്കേണ്ട. പ്രസംഗകനും പ്രാസംഗകനും പകരം പ്രഭാഷകനായാൽ നല്ലഭാഷയായി.

മലയാള ഭാഷയിൽ കുടിയേറിയിട്ടുള്ള വളരെക്കുറച്ച് അപശബ്ദങ്ങളെക്കുറിച്ചേ ഇവിടെ ചർച്ച ചെയ്തിട്ടുള്ളൂ. ഇവയിൽ ചിലതൊക്കെ പ്രയോഗസാധുത്വത്തിന്റെ പേരിൽ അംഗീകാരം നേടിയവയാണ്. എങ്കിലും അവയുടെ ശുദ്ധരൂപം മനസ്സിലാക്കിയിരിക്കുന്നതു നല്ലതാണ്. മലയാളം സ്വന്തം ഭാഷയാണ്, അവ എങ്ങനെയും എഴുതാം. ആശയം മനസ്സിലായാൽ മതി എന്ന ധാരണയാണ് അപശബ്ദങ്ങളുടെ തള്ളിക്കയറ്റത്തിനു കാരണം. നമ്മുടെ മാധ്യമങ്ങളും അധ്യാപകരും മനസ്സുവച്ചാൽ അപശബ്ദങ്ങളിൽ പലതും ഒഴിവാക്കി നല്ല ഭാഷ പ്രചരിപ്പിക്കാം. ഭാഷാദൂഷണം സാംസ്കാരദൂഷണം കൂടിയാണെന്ന കാര്യം നാം മറക്കരുത്.

മാവേലിക്കര ബിഷപ് മൂർ കോളേജിലെ മുൻ മലയാളം പ്രൊഫസറാണ് ലേഖകൻ)


Report Page