Mal

Mal


ഭാഷാദോഷങ്ങൾ

മനോജ് കെ. പുതിയവിള

സമൂഹത്തിന്റെ നിലനില്പ് ആശയവിനിമയത്തിലാണ്. ഭാഷയാണ് ആശയവിനിമയത്തിന്റെ അടിത്തറ. അതിൽ തെറ്റുവന്നാൽ ആശയം തെറ്റും. കുഴപ്പങ്ങൾ ഉണ്ടാകും. എങ്കിലും മലയാളത്തിൽ പല പദങ്ങളും പലരും തെറ്റായി പ്രയോഗിക്കാറുണ്ട്. സാധാരണമായ ചില തെറ്റുകൾ ചുവടെച്ചേർക്കുന്നു.

പൊലീസിന്റെ സഹായത്താൽ ഗർഭിണിയായ സ്ത്രീയെ ബന്ദുദിവസം ആശുപത്രിയിൽ എത്തിച്ചു

എന്തു മനസിലായി? ഇത് ഇങ്ങനെ ആകുമ്പോഴോ? നോക്കൂ:


ഗർഭിണിയെ ബന്ദുദിവസം പൊലീസിന്റെ സഹായത്താൽ ആശുപത്രിയിൽ എത്തിച്ചു


ദൂരാന്വയദോഷം എന്നാണ് ഇത്തരം പിശകിനു പേര്. ഒരു പദത്തെ വിശേഷിപ്പിക്കുന്ന പദം തൊട്ടുമുമ്പിൽ എഴുതണം. ദൂരേക്കു മാറി മറ്റേതെങ്കിലും പദത്തിനു മുമ്പിലായാൽ വിശേഷണം ആ പദത്തിനാകും. ‘ആശുപത്രിയിൽ എത്തിച്ചു’ എന്ന പ്രവൃത്തിയുടെ വിശേഷണമാണ് ‘പൊലീസിന്റെ സഹായത്താൽ’ എന്നത്.


അവിചാരിതമായുണ്ടായ കുഞ്ഞിന്റെ അസുഖം കാരണം ഓഫീസിൽ ഹാജരാകാൻ കഴിഞ്ഞില്ല.


കുഞ്ഞു വേണ്ടെന്നു വിചാരിച്ചിട്ടും അറിയാതെ ഉണ്ടായ കുഞ്ഞാണെന്നു തോന്നും. ‘കുഞ്ഞിന് അവിചാരിതമായി ഉണ്ടായ അസുഖം കാരണം ഓഫീസിൽ ഹാജരാകാൻ കഴിഞ്ഞില്ല’ എന്നതാണ് ശരി.


വണ്ടിയിടിച്ചു മരിച്ച ഗോപാലന്റെ മകൻ രവി

എന്ന് എഴുതിയാൽ മരിച്ചത് ഗോപാലനോ രവിയോ? രവിയാണെങ്കിൽ

‘ഗോപാലന്റെ മകൻ വണ്ടിയിടിച്ചുമരിച്ച രവി’ എന്നു വേണം.


2. അകലവും അക്ഷരങ്ങളുടെ ഇരട്ടിപ്പും


ആന പുറത്തു കയറി

ആനപ്പുറത്തു കയറി


വാക്കുകൾക്കിടയിലെ ഒരു ചെറിയ ഇടം വരുത്തിയ അർത്ഥവ്യത്യാസം!

അതുപോലെതന്നെ പ ഇരട്ടിച്ച് പ്പ എന്ന് എഴുതുകയും വേണം.

ഇരട്ടിപ്പു വേണ്ടിടത്ത് ഇല്ലാതിരുന്നാൽ വലിയ അപകടമാണ്. ഇതു നോക്കൂ:

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. സ്ക്കൂൾക്കെട്ടിടത്തിൽനിന്നു വീണുമരിച്ചു

ഇതാ ഇതെല്ലാം എഴുതിയിരിക്കുന്നതുപോലെ ഉറക്കെ ഒന്നു പറഞ്ഞുനോക്കൂ:

തീക്കട്ട - തീകട്ട;

പേപ്പട്ടി - പേപട്ടി;

മലക്കറി - മലകറി;

പിടക്കോഴി - പിടകോഴി;

പുകക്കുഴൽ - പുകകുഴൽ;

തലക്കനം - തലകനം;

കിഴക്കേക്കോട്ട – കിഴക്കേകോട്ട.

ഹൈക്കമാൻഡ്, ഹൈക്കമ്മിഷൻ, ഹൈക്കോടതി, അന്വേഷണക്കമ്മിഷൻ, മത്സ്യത്തൊഴിലാളി, ഓണച്ചന്ത, കൈത്തൊഴിൽ തുടങ്ങിയവയും ഒറ്റവാക്കാണ്.

കുരങ്ങ് ഇറച്ചി വിൽക്കാൻ ശ്രമിച്ചു പിടിയിലായി

കുരങ്ങും കച്ചവടം തുടങ്ങിയോ? എന്നു തോന്നാം. പക്ഷേ, സംഗതി ഇതാണ്:

കുരങ്ങിറച്ചി വിൽക്കാൻ ശ്രമിച്ചു പിടിയിലായി

ചേർത്തെഴുതേണ്ടവ പിരിച്ചെഴുതിയാൽ ഉള്ള അർത്ഥവ്യത്യാസം! ഇവകൂടി കാണുക:

അജ്ഞാത വാഹനം ഇടിച്ചു മരിച്ചു അജ്ഞാതവാഹനം ഇടിച്ചു മരിച്ചു

മിനി ബസ്സ് ഇടിച്ചു മരിച്ചു മിനിബസ്സ് ഇടിച്ചു മരിച്ചു

3. 'യ'കാരം ചേർക്കൽ


നഗ്നത മറയ്ക്കാം; മറക്കാമോ?

രണ്ടും തമ്മിലുഉള്ള വ്യത്യാസം ഒരു 'യ്' -ൽ ഒതുങ്ങുന്നതല്ല

നാണം മറയ്ക്കണം; മറക്കണം. മാറു മറയ്ക്കണം; മറക്കണം. – രണ്ടും ആകാം, പക്ഷേ, അർത്ഥം രണ്ടാണ്, മറക്കരുത്.

‘യ്’ അത്ര നിസ്സാരനല്ല. ഇവ കാണൂ:

ശവം അടക്കുകയും കതക് അടയ്ക്കുകയുമാണ്.

വടക്ക് ഹിമാലയമാണ്; വടയ്ക്ക് എരിവില്ല.

ഏണി കയ്യാലയിൽ ഉടക്കും; തേങ്ങ ഉടയ്ക്കും.

വല്ലതും കിടയ്ക്കുമോ? തറയിൽ കിടക്കുമോ?

വിലക്ക് - വിലയ്ക്ക്;

വിളക്ക് - വിളയ്ക്ക്(കൃഷിവിള);

അരക്ക് - അരയ്ക്ക്;

അറക്ക് - അറയ്ക്ക്;

നടക്കൽ - നടയ്ക്കൽ;

പടിക്കൽ - പടിയ്ക്കൽ; ഇങ്ങനെ


4. ത്തം ത്വം

ത്തം ത്വം ഇവ എവിടൊക്കെ വരും എന്നത് പലർക്കും സംശയമാണ്. സംഗതി ലളിതം. മലയാളപദങ്ങളോടു ചേരുന്നത് ‘ത്തം’ സംസ്ക്കൃതപദങ്ങളോടു ചേരുന്നത് ‘ത്വം’

ഉദാ: (മലയാളപദങ്ങൾ) അടിമത്തം, മുതലാളിത്തം, ആണത്തം, പെണ്ണത്തം, കുട്ടിത്തം, കാട്ടാളത്തം, മുട്ടാളത്തം, വായാടിത്തം, കോമാളിത്തം തുടങ്ങിയവ

(സംസ്ക്കൃതപദങ്ങൾ) സ്ത്രീത്വം, പുരുഷത്വം, മൃഗത്വം, മനുഷ്യത്വം, ലഘുത്വം, ഗുരുത്വം, മൃദുത്വം തുടങ്ങിയവ.


5. ചന്ദ്രക്കല

' ്', ' ു'എന്നീ ചിഹ്നങ്ങള്‍ഉപയോഗിക്കുന്ന കാര്യത്തിൽ പലർക്കും വലിയ ആശയക്കുഴപ്പമാണ്. ഇതു സംബന്ധിച്ച നിയമം ഇത്രയേ ഉള്ളൂ:

'ഉ'കാരത്തില്‍അവസാനിക്കുന്ന വാക്കിനു ശേഷം വരുന്ന വാക്കിന്റെ ആദ്യത്തെ അക്ഷരമാണ് ഇക്കാര്യം തീരുമാനിക്കുന്നത്.

ആ അക്ഷരം സ്വരം (അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ, ഒ, ഓ, ഔ തുടങ്ങിയവ) ആണെങ്കിൽ ' ്' ചിഹ്നവും

വ്യഞ്ജനം (ക, ഖ, ഗ, ഘ, ങ,... തുടങ്ങിയവ) ആണെങ്കില്‍' ു' ചിഹ്നവും ഇടണം.

ഉദാ: തെറ്റ് എഴുതരുത്, തെറ്റു പറയരുത്.

(പലരും ഇതു നേരെ മറിച്ചാണ് ഉപയോഗിക്കുന്നത്)

തെറ്റ്ശരിഅതിന് വേണ്ടിഅതിനുവേണ്ടി (ചേർത്തെഴുതണം)അന്ന് വരെഅന്നുവരെ (ചേർത്തെഴുതണം)വകുപ്പ് മന്ത്രിവകുപ്പുമന്ത്രി (ചേർത്തെഴുതണം)എന്ത് വേണംഎന്തു വേണം (പിരിച്ചെഴുതാം)അതിനു ഉള്ളഅതിന് ഉള്ള (അതിനുള്ള)ചവറു ഇടരുത്ചവറ് ഇടരുത്അതു എടുക്കരുത്അത് എടുക്കരുത്പട്ടി ഉണ്ടു, സൂക്ഷിക്കുകപട്ടി ഉണ്ട്, സൂക്ഷിക്കുക(‘ഉണ്ടു’ എന്നാൽ ‘ഊണു കഴിച്ചു’)


6. 'നിന്ന്' എന്നതിനു പകരം 'നിന്നും' എന്നു പ്രയോഗിക്കുന്നതു തെറ്റാണ്

'ഉം' എന്ന പ്രത്യയം രണ്ടു കാര്യങ്ങളെ കൂട്ടിച്ചേർക്കാൻ ഉള്ളതാണ്. 'തിരുവനന്തപുരത്തുനിന്നും കാസർഗോട്ടുനിന്നും പുറപ്പെട്ട ജാഥകൾ' എന്നു രണ്ടു ജാഥകളെപ്പറ്റി പറയുമ്പോൾ 'നിന്നും' ചേർക്കണം. ജാഥ കാസർഗോട്ടുനിന്നു മാത്രമേ ഉള്ളൂയെങ്കിൽ 'നിന്ന്' എന്നു മാത്രം മതി; 'നിന്നും' എന്നു വേണ്ട. കലത്തിൽനിന്ന് എടുത്ത വെള്ളം - ശരി. കലത്തിൽനിന്നും എടുത്ത വെള്ളം - തെറ്റ്.

‘ൽനിന്ന്’ ഒറ്റ പ്രത്യയമാണ്; ചേർത്തെഴുതണം.

 

7. ഇരട്ടിപ്പ് / പുനരുക്തിദോഷം

‘ഏകദേശം 467 ഓളം വരുന്ന’

എന്നു പ്രയോഗിച്ചുകാണാറില്ലേ? 467 എന്നതു കൃത്യമായ സംഖ്യയായതിനാൽ പിന്നെ എന്തിനീ വിശേഷണങ്ങൾ? കൃത്യമായ സംഖ്യ അറിയാത്തപ്പോഴാണ് ഏകദേശക്കണക്കു പറയാറ്. അവിടെയും ഏകദേശം, ഓളം, വരുന്ന ഇവയിൽ ഏതെങ്കിലും ഒന്നു മതി. അല്ലെങ്കിൽ, ചൂർണപ്പൊടിയും ഗേറ്റുവാതിലും പോസ്റ്റുതൂണും പോലെയാകും.



Report Page