Mad

Mad

137

ദാദാതെരുവിലെ ആ ഇരുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അരണ്ട വെളിച്ചമുള്ള ആ മുറി. രാത്രിയുടെ നിശബ്ദതയിൽ മാത്രം പരന്ന ആ വെളിച്ചത്തിന് പുറം യാത്രക്കാരെ ആകർഷിക്കുന്നതിന് ഇത്രമേൽ എന്തു വശ്യതയാണുള്ളത്? രാത്രിയാത്രകൾ ഇന്നുവരെ സ്വപ്നം മാത്രമായിരുന്ന എനിക്ക് ഏതു പുതിയ ലോകത്തിലെത്തിയ തോന്നൽ. തുറിച്ചുനോക്കുന്ന കണ്ണുകളിൽ അസ്വഭാവികതയുടെ ചോദ്യചിഹ്നങ്ങൾ ഉയർന്നിരുന്നു. അതൊന്നും ശ്രദ്ധിക്കാത്തവണ്ണം ഞാൻ ആ രണ്ടാം നിലയിലേക്ക് ഗോവണിപ്പടികൾ കയറി. കയറും തോറും നേർത്ത സംഗീതം കേൾക്കാം. അപരിചിതമായി തോന്നിയെങ്കിലും ധൈര്യം സംഭരിച്ച് ഞാൻ ആ മുറിയിലേക്ക് കയറി. കുറച്ചു മനുഷ്യർ മദ്യലഹരിയിൽ സ്വയം മറന്ന് നൃത്തം ചെയ്യുന്നവരും അൽപ്പവസ്ത്രം അണിഞ്ഞിരുന്ന സ്ത്രീകളിൽ സ്വയം മറന്ന് മദോന്മത്തരായി ആനന്ദിക്കുന്നവരും. എന്റെ വരവുകണ്ടവർ തെല്ലൊരതിശയത്തോടെ നോക്കിയിരുന്നു. പിറകിൽ നിന്ന് എൻറെ നേർക്ക് കടന്ന് വന്ന കൈ തടഞ്ഞ് കൊണ്ട് ശിവാനി ഭീദി എന്നെ അവരിലേയ്ക്ക് ചേർത്തു.

         ശിവാനി ദീദി; എന്നെ മറ്റാരെക്കാളും മനസ്സിലാക്കിയിരുന്നു അവർ. പുതിയതെങ്കിലും ഇവിടുത്തെ കാഴ്ചകൾ എന്നെ അത്ഭുതപ്പെടുത്തി യിരുന്നില്ല. ദീദി പറഞ്ഞിരുന്ന കഥകളൊക്കെയും ഇതു തന്നെയായിരുന്നു. പതിനാലാം വയസ്സിൽ സ്വന്തം അച്ഛൻറെ മദ്യലഹരിക്ക് ഇരയാകേണ്ടി വന്നിരുന്ന അവർക്ക് അഭയം തേടാൻ ഈ വേശ്യാലയമല്ലാതെ സുരക്ഷിതമായ മറ്റൊരിടമില്ലായിരുന്നു. എപ്പോഴോ നിർജ്ജീവമായിരുന്ന അവരുടെ മരവിച്ച ശരീരത്തെ മനുഷ്യമൃഗങ്ങളുടെ വന്യമായ ചെയ്തികൾക്കു മുന്നിൽ കീഴടങ്ങിയപ്പോഴും അവരുടെ മനസ്സ് മരിച്ചിരുന്നില്ല. ഓരോ ദുഃഖത്തിലും എനിക്ക് കൈത്താങ്ങായിരുന്ന അവർ ഒരിക്കൽ പോലും അവർ താമസിച്ചിരുന്നയിടത്തേക്ക് എന്നെ ക്ഷണിച്ചിരുന്നില്ല.

               " നീ എന്തിനാ ഇങ്ങോട്ട് വന്നത്?" ഇന്നുവരെ പ്രകടമാക്കാതിരുന്ന നീരസഭാവത്തോടെ ദീദി എന്നോട് ചോദിച്ചു. കൃത്യമായൊരു ഉത്തരം നൽകാൻ കഴിയാതെ ഞാൻ ദീദിയെ കെട്ടിപിടിച്ചു. പെട്ടെന്ന് അവിടെയാകെ അലയടിച്ചിരുന്ന സംഗീതം നിലച്ചിരുന്നു.എല്ലാവരും ഞങ്ങളെ കൗതുകത്തോടെ നോക്കുന്നു. 'എന്താ പറ്റിയത് നീ കാര്യം പറയു?' അവരുടെ വലംകൈ കൊണ്ട് എൻറെ ശിരസ്സിൽ തടവി ദീദി ചോദിച്ചു. "എനിക്ക് തിരിച്ചു പോവാൻ കഴിയില്ല ദീദി". കേട്ടമാത്രയിൽ എൻറെ കൈകൾ വിടുവിച്ച് അവർ എൻറെ മുഖത്തേക്ക് തെല്ലൊരു കൗതുകത്തോടെ നോക്കി. "ഇപ്പോൾ നീ ഇവിടെ നിന്ന് പോവു നമുക്ക് നാളെ സംസാരിക്കാം" പുറത്തേയ്ക്കുള്ള വഴിയിലേക്ക് വിരൽ ചൂണ്ടി അവർ പറഞ്ഞു. നിസ്സഹായമായ ഒരു നോട്ടം മാത്രം ഞാൻ അവർക്ക് നൽകി. ഓർമ്മകൾക്കിപ്പുറത്ത് എന്നോ നഷ്ടപ്പെട്ടിരുന്ന അമ്മയെ എനിക്ക് ലഭിച്ചത് അവരിൽ നിന്നാണ്. അവരും തന്നെ കൈവെടിഞ്ഞെന്ന തിരിച്ചറിവിൽ പുറത്തെ ഇരുട്ടിന് കടുപ്പമേറിയതുപോൽ. എൻറെ നേർക്ക് നിന്നിരുന്ന കണ്ണുകളെ അവഗണിച്ച് ഞാൻ തിരിഞ്ഞ്നടക്കാനൊരുങ്ങി. നിലച്ചിരുന്ന സംഗീതം വീണ്ടും കേട്ട് തുടങ്ങിയിരുന്നു. പല ശബ്ദങ്ങളും കേൾക്കാം. തിരിഞ്ഞു നോക്കണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല. മുന്നോട്ടു നടക്കുമ്പോൾ ചെവിയിൽ ഒരു ശബ്ദം മാത്രം. " എത്രയായാലും നീയൊരു പെണ്ണല്ലേ" എന്ന് അച്ഛൻറെ വാക്കുകൾ. ശിവാനി ദീദിയുടെ അതേ വിധി തനിക്കും വരുമെന്ന് ഒരിക്കൽപോലും ഓർത്തിരുന്നില്ല. അച്ഛനോടുള്ള അന്ധമായ സ്നേഹത്തിൽ തിരിച്ചറിയാതി രുന്നതാണോ?. സ്വന്തം അച്ഛനിൽ നിന്ന് പോലും ശരീരത്തെ സംരക്ഷിക്കെണ്ടി വരുമ്പോൾ മറ്റാരെയാണ് വിശ്വസിക്കേണ്ടത്?. മരവിച്ച മനസ്സുമായി എവിടേക്കെന്നില്ലാതെ അവിടെ നിന്നും ഇറങ്ങുമ്പോഴും മനസ്സിൽ മറ്റൊരു മുഖവും തെളിഞ്ഞിരുന്നില്ല, ശിവാനി ദീദിയുടേതല്ലാതെ.

                "മീരാ, താഴത്തെ മുറിയുടെ താക്കോൽ ആണ്. നീ മുകളിലേക്ക് വരേണ്ട കിടന്നോളൂ.. ഞാൻ വരാൻ താമസിക്കും". അസ്വഭാവികത ഒട്ടുമില്ലാതെ എൻറെ കയ്യിൽ താക്കോൽ ഏൽപ്പിച്ച ദീദി മുകളിലേക്ക് കയറി. ഹൃസ്വ നേരത്തേക്കെങ്കിലും ആശ്വാസത്തിന്റെ കണികകൾ എന്നിൽ വന്നിരുന്നു. ദീദി പറഞ്ഞിരുന്ന മുറിയെ ലക്ഷ്യമാക്കി ഞാൻ നടന്നു. ഇരുട്ടിന് മുമ്പത്തെ അത്ര കാഠിന്യം ഇല്ലായിരുന്നു. 

Report Page